അഗ്നിപര്‍വതത്തിന്റെ കാവല്‍ക്കാരന്‍
മുരളി തുമ്മാരുകുടി
Posted on: 23 Nov 2011

മേരാപ്പി- വൊള്‍ക്കാനോ
യുദ്ധവും കൊടുങ്കാറ്റും പ്രളയവും ഭൂകമ്പവും മൂലമുണ്ടായിട്ടുള്ള ദുരന്തങ്ങള്‍ പലകുറി പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഞാന്‍ ഒരു അഗ്നിപര്‍വതം കാണുന്നത് കഴിഞ്ഞമാസം ആണ്,ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്തയ്ക്കു സമീപമുള്ള മേരാപ്പിയില്‍. 2010-ല്‍ മേരാപ്പി പുകഞ്ഞ് പൊട്ടിത്തെറിച്ച് അതിന്റെ കിലോമീറ്ററുകളോളം ചുറ്റും കല്ലുമഴ പെയ്യിച്ചു. നാലുവശത്തേക്കും ലാവ ഒഴുകി പൊടിപടലങ്ങള്‍ 30 കിലോമീറ്റര്‍ ദൂരെയുള്ള എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. ആയിരക്കണക്കിന് ആളുകള്‍ വീടുവിട്ടുപോകേണ്ടിവന്നു. ഏതാണ്ട് അഞ്ഞൂറോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു.
ഇന്തോനേഷ്യയുടെ ചരിത്രം ഉള്ളിടത്തോളം കാലം മേരാപ്പി അവിടെ ഉണ്ടായിരുന്നു. കിഴക്കന്‍ ജാവയിലെ സംസ്‌കാരങ്ങളുടെ വളര്‍ച്ചയേയും തകര്‍ച്ചയേയും നിര്‍ണ്ണയിച്ചത് മേരാപ്പിയുടെ പൊട്ടിത്തെറിക്കലുകളാണ്. എ.സി.എഴുന്നൂറിനും ആയിരത്തിനും ഇടക്ക് യോഗ്യകര്‍ത്തപ്രദേശത്തുണ്ടായിരുന്ന ഹിന്ദുബുദ്ധസാമ്രാജ്യങ്ങള്‍ നശിച്ചതും ജനങ്ങള്‍ സ്ഥലം വിട്ടുപോയതും മേരാപ്പിയുടെ ശല്യം സഹിക്കവയ്യാതെയായിട്ടാണ് എന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്.
മേരാപ്പി പക്ഷെ ഇപ്പോള്‍ ശാന്തമാണ്. ലാവയെല്ലാം തണുത്തുറഞ്ഞിരിക്കുന്നു. കല്ലിന്റെ നദി കിലോമീറ്ററുകളോളം കാണാം. അത് വണ്ടികളില്‍ നിറച്ച് മെറ്റലും മണലും കരിങ്കല്ലുമായി വില്‍ക്കുന്ന ഒരു വ്യാപാരം തന്നെ അവിടെ ഇപ്പോള്‍ ഉണ്ട്. കരിഞ്ഞുപോയ വന്‍മരങ്ങള്‍ക്കുചുറ്റും പുതിയ പുല്ലും മുളയും വളര്‍ന്നു തുടങ്ങി. തകര്‍ന്നുപോയ വീടുകള്‍ മാറ്റി, ആളുകള്‍ പുതിയത് നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാത്തിനുമുപരി മേരാപ്പി ഇപ്പോള്‍ ഒരു സന്ദര്‍ശനസ്ഥലമാണ്, ശാസ്ത്രജ്ഞന്‍മാരുടെ, ടൂറിസ്റ്റുകളുടെ, നാട്ടുകാരായ തീര്‍ത്ഥാടകരുടെ.

മാരീചന്റെ വാഹനം
അഗ്നിപര്‍വതത്തിലേക്ക് എന്ത് തീര്‍ത്ഥാടനം എന്ന് വേണമെങ്കില്‍ തോന്നാം. ഇതിന് രണ്ടുകാരണങ്ങള്‍ ഉണ്ട്. മേരാപ്പിയുടെ ചുറ്റും താമസിക്കുന്നവര്‍ക്ക് മേരാപ്പി ഒരു ശാസ്ത്രപ്രതിഭാസമോ ദുരന്തപ്രതീകമോ അല്ല. മുക്കുവര്‍ക്ക് കടലമ്മ പോലെ വടക്കേ ഇന്ത്യക്കാര്‍ക്ക് ഗംഗാമാത പോലെ ഈ നാട്ടുകാര്‍ക്ക് ഒരു വല്യപ്പനാണ് മേരാപ്പി. നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിന് മുമ്പും നല്ലത് നടക്കാന്‍ വേണ്ടിയും ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയ്ക്കായും നാട്ടുകാര്‍ അരിയും മറ്റുദ്രവ്യങ്ങളും മേരാപ്പിക്ക് കാഴ്ചവെച്ച് വണങ്ങുന്നു. പേടിപ്പിക്കുകയും പിടികിട്ടാത്തതുമായ പ്രപഞ്ചശക്തികളെ ആരാധിക്കുകയും പ്രീണിപ്പിക്കാന്‍ നോക്കുകയും ചെയ്യുന്നത് അപൂര്‍വ്വമല്ലല്ലോ.
ഇന്തോനേഷ്യ ഒരു ജനാധിപത്യരാജ്യം ആണെങ്കിലും യോഗ്യകര്‍ത്ത ഭരിക്കുന്നത് പാരമ്പര്യമായി ഒരു സുല്‍ത്താനാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ (പ്രദേശത്തിന്റെ) നില നില്പിനെ ബാധിക്കുന്ന മേരാപ്പിയെ വേണ്ടപോലെ നോക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണല്ലോ അതിനുവേണ്ടി അദ്ദേഹം ഒരു കുടുംബത്തെ കാലാകാലമായി മേരാപ്പിയുടെ കാവല്‍ക്കാരനായി നിയമിച്ചിട്ടുണ്ട്. മേരാപ്പിക്ക് പൂജചെയ്യാന്‍ വരുന്നവരെ സഹായിക്കുക, മേരാപ്പിയുടെ മൂഡ് നാട്ടുകാരെ അറിയിക്കുക, നല്ല മൂഡിനുവേണ്ടി പ്രാര്‍ത്ഥിക്കുക ഇതെല്ലാം ആണ് ഈ കാവല്‍ക്കാരന്റെ ജോലി. സുല്‍ത്താന്റെ ദര്‍ബാറില്‍ ഉയര്‍ന്ന സ്ഥാനമുള്ള ഇദ്ദേഹത്തിന്റെ മാസശമ്പളം മൂവായിരം റുപ്പിയആണ് (ഇന്ത്യയിലെ പതിനഞ്ചുരൂപവരും ഇത്.)
1982 മുതല്‍ ഈ സ്ഥാനം വഹിച്ചിരുന്നത് മാരീചന്‍ എന്ന ആളാണ് (ആപേരിന് ഒരു ഇന്ത്യന്‍ ടച്ച് ഇല്ലേ?). 2006-ല്‍ മേരാപ്പി പുകഞ്ഞപ്പോള്‍ ഇതിനു ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ഒക്കെ സ്ഥലംവിട്ടു. പക്ഷേ മേരാപ്പിയുടെ താഴ്‌വാരത്ത് നിന്നും പോകാന്‍ മാരീചന്‍ തയ്യാറായില്ല. ഒരു യുദ്ധം വരുമ്പോള്‍ ഭടന്‍ ഓടിപ്പോകാറില്ലല്ലോ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അഗ്നിപര്‍വതത്തില്‍ നിന്നും പ്രവഹിച്ച ലാവയില്‍നിന്നുള്ള ചൂടേറ്റ് അദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റു. അഞ്ചുമാസം ആശുപത്രിയില്‍ കിടന്നു. വിരലുകള്‍ തമ്മില്‍ കൂടിപ്പോയി എന്നിട്ടും കാവല്‍പണി ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഇന്തോനേഷ്യ ഇപ്പോള്‍ സുല്‍ത്താന്‍മാരുടേയും വിശ്വാസങ്ങളുടേയും മാത്രം നാടല്ല. എല്ലാത്തരം പ്രകൃതിദുരന്തരങ്ങളുടെയും ഒരു ലബോറട്ടറി തന്നെയാണ് ഇവിടം. ഭൂകമ്പം, സുനാമി, കാട്ടുതീ എന്നിങ്ങനെ ഇന്തോനേഷ്യയില്‍ നിന്ന് എല്ലാകാലത്തും ദുരന്തവാര്‍ത്തകള്‍ വരാറുണ്ടല്ലോ. അതുകൊണ്ടുതന്നെ ആധുനികമായ മുന്നറിയിപ്പുസംവിധാനങ്ങളും ഗവേഷണവും എല്ലാം എല്ലാ ദുരന്തങ്ങള്‍ക്കുവേണ്ടിയും അവിടെ ഉണ്ട്.

ലാവ
2010 ഒക്ടോബറില്‍ മേരാപ്പി വീണ്ടും പുകയാന്‍ പോകുന്നുവെന്നും ആളുകള്‍ മാറി താമസിക്കണമെന്നും ഗവണ്‍മെന്റ് മുന്നറിയിപ്പു നല്‍കി. ആയിരക്കണക്കിന് ആളുകളെ മാറ്റി താമസിപ്പിച്ചു. പക്ഷെ ഗവണ്‍മെന്റിന്റെയും ശാസ്ത്രജ്ഞന്‍മാരുടേയും വാക്കുകേള്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. 'എന്റെ സമയം ഏതാണ്ട് തീരാറായി. ഞാന്‍ എന്റെ ജോലി ചെയ്യുകതന്നെ ചെയ്യും' എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. മേരാപ്പിയുടെ താഴ്‌വാരം വിട്ട് പോകണമെന്ന് യോഗ്യകര്‍ത്തയിലെ സുല്‍ത്താനും അദ്ദേഹത്തോട് അപേക്ഷിച്ചു. പക്ഷെ പ്രാര്‍ത്ഥനയോടെ ഇവിടെത്തന്നെ ഇരിക്കാമെന്നായിരുന്നു മാരീചന്റെ തീരുമാനം.
2010 ഒക്ടോബര്‍ 25 ന് മേരാപ്പി ശക്തമായിപൊട്ടിത്തെറിച്ചു. 200 വര്‍ഷത്തിനുള്ളിലുണ്ടായിട്ടുള്ള ഏറ്റവും രൂക്ഷമായ വൊള്‍ക്കാനിക്ക് ആക്ടിവിറ്റിയാണ് മേരാപ്പിയില്‍ നടക്കുന്നതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പു നല്‍കി. മാരീചനെ ഏതെങ്കിലും വിധത്തില്‍ അവിടെ നിന്നും ദൂരത്തേക്ക് കൊണ്ടുവരാന്‍ റെഡ്‌ക്രോസും മാധ്യമങ്ങളും ഉള്‍പ്പെടെ ഒരുസംഘം ആളുകള്‍ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് പോയി.
മാരീചന്‍ പക്ഷെ മനസ്സുമാറ്റിയില്ല. ഒക്ടോബര്‍ 26 ന് മേരാപ്പിയില്‍നിന്നുയര്‍ന്ന ഉഷ്ണമേഖം ആ പ്രദേശത്തിലൂടെ പാഞ്ഞു പോയി. 1000 ഡിഗ്രി വരെ ചൂടുണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഊഹിക്കുന്നത്. പിറ്റേന്ന് സ്ഥലം സന്ദര്‍ശിക്കാന്‍ ചെന്ന രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് മാരീചനും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ചെന്നവരും എല്ലാംകരിഞ്ഞ് ഉണങ്ങിയിരിക്കുന്നതാണ്. കുമ്പിട്ട് പ്രാര്‍ത്ഥിക്കുന്ന രീതിയില്‍ ആയിരുന്നുവത്രെ മാരീചന്‍ ഇരുന്നത്. മാരീചനെകൊണ്ടുപോകാന്‍ വന്ന വാഹനങ്ങളില്‍ ലോഹം ഒഴിച്ച് മറ്റെല്ലാം ഉരുകിപ്പോയിരുന്നു.
മാരീചന്‍ പ്രാര്‍ത്ഥനാനിരതനായി മരിച്ചു വീണസ്ഥലം ഇപ്പോള്‍ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. അനവധി ടൂറിസ്റ്റുകളും അവിടെ എത്തുന്നു. യോഗ്യകര്‍ത്തയില്‍നിന്നും കാറിലോ ജീപ്പിലോ അടിവാരത്ത് എത്താം. അവിടെനിന്ന് നടന്നോ മോട്ടോര്‍ സൈക്കിള്‍ ടാക്‌സിയിലോ വേണം മാരീചന്റെ ശവകുടീരത്തിന് അടുത്തെത്താന്‍. അവിടെനിന്നും നോക്കിയാല്‍ തൊട്ടടുത്ത് മേരാപ്പി ശാന്തം സുന്ദരം.
സ്വന്തം ജീവിതം ഹോമിച്ചതിലൂടെ മാരീചന്‍ മേരാപ്പിയെ ശാന്തമാക്കിയെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. 'മാരീചനെ മേരാപ്പിയെടുക്കുമെന്ന് കുറച്ചു നാളായി ഞങ്ങള്‍ക്ക് അറിയാമായിരുന്നു.' എന്നാണ് സുല്‍ത്താന്റെ അറിയിപ്പുണ്ടായത്. പുതിയ കാവല്‍ക്കാരനെ ഇനിയും തീരുമാനിച്ചിട്ടില്ല.
ഒരു പ്രൊഫഷണല്‍ ദുരന്തനിവാരണപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രകൃതിശക്തികളെ പൂജിച്ചും പ്രാര്‍ത്ഥിച്ചും പ്രീണിപ്പിക്കാന്‍ നോക്കുന്നതും നിര്‍ബന്ധബുദ്ധിമൂലം സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതും എനിക്ക് പിന്തുണക്കാന്‍ ആവില്ല. പക്ഷെ പ്രകൃതിയോട് ഒത്തുള്ള ജീവിതം, പ്രകൃതിയോടുള്ള ബഹുമാനം, സ്വന്തം വിശ്വാസങ്ങള്‍ക്കും ഉത്തരവാദിത്ത നിര്‍വഹണത്തിനും വേണ്ടി ജീവന്‍ വരെ ത്യജിക്കുന്ന ആത്മസമര്‍പ്പണം ഇവയെല്ലാം ഇല്ലെങ്കില്‍ എന്താണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഞാനും മാരീചന്റെ ശവകുടീരത്തിനു മുമ്പില്‍ തൊഴുതു.
തുമ്മാരുകുടി കഥകള്‍
(60%) (4 Votes)
Explore Mathrubhumi
Other News in this Section





