LATEST NEWS

Loading...

Custom Search
+ -

വ്യത്യസ്തനായ ഒരു ബാര്‍ബറെ തേടി

മുരളി തുമ്മാരുകുടി വര: മദനന്‍

Posted on: 11 Nov 2011

 

''ഞാന്‍ എന്നെങ്കിലും ലണ്ടനില്‍ പോയാല്‍ ആദ്യം സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണിലെ ഷേക്ക്പിയര്‍ മെമ്മോറിയലില്‍ പോകും.''

ഇതെന്നോട് പറഞ്ഞത് ഇംഗ്ലീഷ് ഭാഷാ പണ്ഡിതനും കേരളത്തിലെ പല എന്‍.എസ്.എസ്. കോളേജിലും ഇംഗ്ലീഷ് അധ്യാപകനും ആയിരുന്ന ഡോക്ടര്‍ സോമശേഖരന്‍ ആണ്. ബ്രൂണൈയില്‍ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. കുറച്ചുകാലത്തേക്കാണ് അദ്ദേഹം വന്നതെങ്കിലും ബ്രൂണൈയിലെ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനായ അദ്ദേഹം ഒരു പതിറ്റാണ്ടോളമ ആയിക്കാണും അവിടെ ആയിട്ട്. ഇനി അവര്‍ സാറിനെ വിടുമെന്നും തോന്നുന്നില്ല. സാറ് അതിനിടക്ക് ലണ്ടനില്‍ പോയോ എന്നെനിക്ക് അറിയില്ല.

ഞാന്‍ 1997 ല്‍ ആണ് ആദ്യമായി ലണ്ടനില്‍ പോയത്. എനിക്കും ഉണ്ടായിരുന്നു ഒരു ഫേവറിറ്റ് സ്ഥലം-221ബി ബേക്കര്‍ സ്ട്രീറ്റ്.

എന്റെ (ലോകത്തെ കോടിക്കണക്കിന് ആളുകളുടെയും) ആരാധ്യപുരുഷനായ ഷെര്‍ലോക്ക് ഹോംസിന്റെ വീടിന്റെ അഡ്രസാണിത്. അദ്ദേഹവും സന്തതസഹചാരി ആയ ഡോക്ടര്‍ വാട്‌സണും താമസിച്ചിരുന്ന സ്ഥലം. ആ തെരുവും വീട്ടിലെ ഓരോ മുറികളും അലമാരയും മേശയും എന്തിന് തൊപ്പിവെക്കാനുള്ള ആണിപോലും ഹോംസിന്റെ ആരാധകര്‍ക്ക് പരിചിതം ആണ്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകള്‍ എല്ലാ വര്‍ഷവും ഇത് സന്ദര്‍ശിക്കുകയും ചെയ്യുന്നു.

അതിന് ഈ ഹോംസ് ഒരു സാങ്കല്പിക കഥാപാത്രം അല്ലേ? അയാള്‍ക്ക് വീടും കുടിയും ഒക്കെ ഉണ്ടായിരുന്നോ?

ഹോംസ് സാങ്കല്പിക കഥാപാത്രം ആണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കൂടുതലും പേര്‍ക്ക് അറിയാത്ത കാര്യം 221 ബി എന്ന അഡ്രസ് പോലും സാങ്കല്പികം ആയിരുന്നു. ഹോംസിന്റെ കഥ എഴുതിയിരുന്ന കാലഘട്ടത്തില്‍ ബേക്കര്‍ സ്ട്രീറ്റില്‍ 221 ബി ഇല്ല. പക്ഷേ ആയിരക്കണക്കിന് ആരാധകര്‍ ബേക്കര്‍ സ്ട്രീറ്റില്‍ വന്ന് 221 ബി തപ്പി നടക്കാന്‍ തുടങ്ങിയപ്പോള്‍ അവിടുത്തെ മേയര്‍ക്ക് ഒരു ഐഡിയ. സ്ട്രീറ്റിലെ നമ്പര്‍ എല്ലാം മാറ്റി ഒരു 221 ബി ഉണ്ടാക്കി ഒരു മ്യൂസിയം ആക്കിയാല്‍ കാശുകിട്ടുമല്ലോ. അങ്ങനെ ആണ് 1990-ല്‍ ബേക്കര്‍ സ്ട്രീറ്റില്‍ ഒരു ഷെര്‍ലക്ക് ഹോംസ് മ്യൂസിയം ഉണ്ടാവുന്നതും അതിന് 221 ബി എന്ന നമ്പര്‍ പതിച്ചുകിട്ടുന്നതും.

വായനക്കാരില്‍ ഷെര്‍ലക്ക് ഹോംസ് ഫാന്‍സ് ഉണ്ടെങ്കില്‍ അവര്‍ ഈ മ്യൂസിയത്തെപ്പറ്റി കേട്ടിട്ടുണ്ടാകണം. ഏതാണെങ്കിലും പോയി കണ്ട സ്ഥിതിക്ക് ഒരു കാര്യം പറയാം. കേട്ടിട്ടുള്ളതിലും നന്നായിട്ടാണ് ഇത് നടത്തിക്കൊണ്ടുപോകുന്നത്. തീരെ ചെറിയ ഒരു സ്ഥലത്ത് ഒരു നൂറുചതുരശ്രമീറ്റര്‍ പോലും വരില്ല ഈ മ്യൂസിയം. എങ്ങനെ വായനക്കാരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രസ്ഥാനം നടത്തിക്കൊണ്ടുപോകാം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇത്. ലണ്ടനില്‍ പോകുന്നവര്‍ക്ക് ഞാന്‍ ഈ സ്ഥലം റെക്കമന്റ് ചെയ്യാറുണ്ട്.

ലണ്ടനില്‍ ഇപ്പോള്‍ ജോലിചെയ്യുന്ന എന്റെ മരുമകന്‍ ശ്രീകാന്തിന്റെ ആദ്യത്തെ ആഗ്രഹം ഗ്രീന്‍വിച്ചില്‍ പോയി ഗ്രീന്‍വിച്ച് മെറിഡിയന്‍ കാണണം എന്നതായിരുന്നു. പൂജ്യം ഡിഗ്രി രേഖാംശം കടന്നുപോകുന്നു എന്നു പറയുന്ന സ്ഥലമാണല്ലോ അത്.

ഒരു കണക്കിന് പറഞ്ഞാല്‍ ഹോംസ് മ്യൂസിയത്തിലും കൃത്രിമമാണല്ലോ ഇത്. ഒന്നാമത് പൂജ്യം ഡിഗ്രി ഗ്രീന്‍വിച്ചിലാണെന്നത് ഒരു സൗകര്യത്തിന്റെ പ്രശ്‌നം മാത്രമാണ്. സാങ്കല്പികമായ ഒരു രേഖയാണല്ലോ ഇത്. അപ്പോള്‍ നിലത്തോ അന്തരീക്ഷത്തിലോ നോക്കിയാല്‍ പ്രത്യേകിച്ച് ഒന്നും കാണാനും ഇല്ല.

പക്ഷേ പൂജ്യം ഡിഗ്രി കാണാന്‍ ചെല്ലുന്ന പൂജ്യന്‍മാരുടെ ശല്യം സഹിക്കവയ്യാതെ ഗ്രീന്‍വിച്ചുകാര്‍ അതവിടെ റോഡിലും കെട്ടിടത്തിലും ഒക്കെ വരച്ചുവെച്ചിട്ടുണ്ട്. അതിന്റെ മുകളിലോ മുമ്പിലോ രണ്ടുവശത്തും കാലിട്ടോ ഒക്കെ ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇടാമല്ലോ. വെങ്ങോലയില്‍ ഇതുപോലെ ഒരു അക്ഷാംശവും രേഖാംശവും കൊത്തിവെച്ചാലോ എന്നെനിക്ക് ഒരു ഐഡിയ ഉണ്ട്.

ഇന്ത്യയുടെ ചരിത്രവും ആയി ഇണപിരിഞ്ഞു കിടക്കുന്നതിനാല്‍ ഓരോ ഇന്ത്യക്കാരനും ലണ്ടനില്‍ ഇതുപോലെ ഒരു ഇഷ്ടസ്ഥലം കാണും. പാര്‍ലമെന്റ് ഹൗസ്, ബിഗ്‌ബെന്‍, ബക്കിംഗ്ഹാം പാലസ്, തെംസ് നദി എന്നിങ്ങനെ പലതും.

ലണ്ടനില്‍ പോയി മണ്ടനായത് എന്റെ ഒരു സിവില്‍ എഞ്ചിനീയര്‍ സുഹൃത്ത് ആണ്. പ്രസിദ്ധമായ ലണ്ടന്‍ ബ്രിഡ്ജ് കാണാനായിരുന്നു അദ്ദേഹത്തിനു ധൃതി. ഹോട്ടലില്‍ നിന്നും ടാക്‌സി എടുത്ത് 'ലണ്ടന്‍ ബ്രിഡ്്ജ് ഈസ് ഫാളിംഗ് ഡൗണ്‍' എന്ന പാട്ടുംപാടി അദ്ദേഹം പാലം കാണാന്‍ പോയി.

ലണ്ടനില്‍ തന്നെ തെംസ് നദിക്കു കുറുകെ പല പാലങ്ങള്‍ ഉണ്ടെങ്കിലും സെന്‍ട്രല്‍ ലണ്ടനെ സൗത്ത് പാര്‍ക്കും ആയി ബന്ധിപ്പിക്കുന്ന പാലം ആണ് ലണ്ടന്‍ ബ്രിഡ്ജ് എന്ന് അറിയപ്പെടുന്നത്. ഇവിടെ റോമക്കാരുടെ കാലം മുതലേ ഒരു പാലം ഉണ്ടായിരുന്നു എന്നാണ് ചരിത്രം. 1729 ല്‍ പുട്ട്ണി പാലം ഉണ്ടാകുന്നതുവരെ ഈ ലണ്ടന്‍ ബ്രിഡ്ജ് ആയിരുന്നു ഇരുകരകളെയും ബന്ധിപ്പിച്ചിട്ടുള്ള ഏകപാലം.

പക്ഷേ ലണ്ടനില്‍ തെംസ് നദിക്കു കുറുകെ ഉള്ളതില്‍ ഏറ്റവും പഴയതോ മനോഹരമോ വലുതോ അല്ല ഇപ്പോഴത്തെ ലണ്ടന്‍ ബ്രിഡ്ജ്. ഇത് ടാക്‌സിക്കാര്‍ ലണ്ടനില്‍ വരുന്ന മണ്ടന്‍മാരോട് പറഞ്ഞു കൊടുക്കാറില്ല. ലണ്ടന്‍ ബ്രിഡ്ജ് എന്ന പേരുകേട്ട പഴയപാലം 1968-ല്‍ ഒരു അമേരിക്കക്കാരന്‍ ആക്രി വിലക്ക് വാങ്ങിക്കൊണ്ടുപോയി അമേരിക്കയില്‍ ഒരു തീം പാര്‍ക്കിന്റെ നടുക്കു കൊണ്ടുചെന്നുവെച്ചു. പാലത്തിലെ ഓരോ ഇഷ്ടികയും അതുപോലെ തന്നെ മാര്‍ക്ക് ചെയ്ത് പൂര്‍ണമായും പുനര്‍നിര്‍മിക്കുകയാണ് ചെയ്തത്. അമേരിക്കയിലെ കെട്ടിടങ്ങളാണെങ്കിലോ അവര്‍ ഡൈനമിറ്റ് വെച്ചാണല്ലോ തകര്‍ക്കാറ്. ഈ അമേരിക്കക്കാരുടെ ഒരു കാര്യം. നമ്മുടെ മുല്ലപ്പെരിയാര്‍ പഴയ ഡാം പൊളിക്കാന്‍ സമയമാകുമ്പോള്‍ അമേരിക്കയില്‍ ഒരു പരസ്യം കൊടുത്തു നോക്കണം. കാശുള്ള ആരെങ്കിലും വന്ന് വാങ്ങിയാല്‍ പൊളിക്കുന്ന കാശ് ലാഭിക്കാമല്ലോ.

ലണ്ടനില്‍ പോയി സ്ഥലങ്ങള്‍ കണ്ടുപിടിച്ചവരുടെ കൂട്ടത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ കൂടെ പഠിച്ച അവറാച്ചന്റെ ആഗ്രഹം ആണ്. ഞങ്ങള്‍ ഗുസ്തി എന്നു വിളിച്ചിരുന്ന ഇദ്ദേഹം ഇപ്പോള്‍ ശാസ്ത്രലോകത്തെ അറിയപ്പെടുന്ന ഗവേഷകന്‍ ആണ്. അതുകൊണ്ട് മുഴുവന്‍ പേരുപറയുന്നില്ല.

''എന്റെ വേസ്റ്റേ (ഐ.ഐ.ടി.യിലെ എന്റെ ഇരട്ടപ്പേര്) ലണ്ടനില്‍ എനിക്ക് അകപ്പാടെ ഒരു ദിവസമേ ഉള്ളൂ. പക്ഷേ എനിക്കവിടെ പോയി ഒന്നു ഷേവ് ചെയ്യിക്കണം. അതും ഒരു സായിപ്പിനെക്കൊണ്ട്''

ഇതായിരുന്നു അവറാച്ചന്റെ ലണ്ടന്‍ മോഹം. കൊളോണിയല്‍ കാലത്ത് നമ്മള്‍ ഇന്ത്യക്കാരെ രണ്ടാം തരക്കാരായി കാണുകയും പങ്കവീശാന്‍ തുടങ്ങി ഷൂ പോളിഷ് ചെയ്യാന്‍ വരെ ഉപയോഗിക്കുകയും ചെയ്ത സാഹിബുമാരുടെ പുതിയ തലമുറയോട് വിദ്യാഭ്യാസത്തിന്റെയും പണത്തിന്റെയും ആത്മവിശ്വാസമുള്ള ഒരു പുതിയ തലമുറയുടെ മധുരപ്രതികാരം ആയി കണ്ടാല്‍ മതി.

ഗ്രീന്‍ലാന്റില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാീന്‍ പോയിട്ടു വരുന്നതിന് ഇടയ്ക്ക് ഒരു ദിവസം ആണ് അവറാച്ചന്‍ ലണ്ടനില്‍ ഇറങ്ങുന്നത്. പോകുന്നതിന് ഒരാഴ്്ച മുമ്പേ ആശാന്‍ ഷേവിംഗ് നിര്‍ത്തി. സായിപ്പിന് ഒരു പണി കൊടുക്കുമ്പോള്‍ കാശു മുതലാക്കാണമല്ലോ.

ഗ്രീന്‍ലാന്റില്‍ നിന്നും മടങ്ങിയെത്തിയ അവറാച്ചന്റെ താടി പക്ഷേ പഴയതിലും നീണ്ടിരുന്നു.
''എന്തുപറ്റി ഗുസ്തീ'' ഞാന്‍ ചോദിച്ചു.
''ഓ ഒന്നും പറയണ്ട വേസ്റ്റേ, ഈ ലണ്ടനിലെ ബാര്‍ബര്‍മാര്‍ എല്ലാം ബംഗ്ലാദേശുകാരാ. അവരുടെ അടുത്ത് ചെരക്കാന്‍ പോവാന്‍ എനിക്കെന്നാ വട്ടുണ്ടോ?''
''ഞാന്‍ പിന്നെ സായിപ്പിനെ അന്വേഷിച്ച് ലണ്ടന്‍ മുഴുവന്‍ നടന്നു. ഇതു പിന്നെ ആരെങ്കിലോടും പറയാനും പറ്റുമോ. അവസാനം ഒരു ബ്യൂട്ടി പാര്‍ലറില്‍ കേറി ഒരു മദാമ്മയെക്കൊണ്ട് മുടി മുഴുവന്‍ വെട്ടിയിട്ട് പോന്നു''.

തുമ്മാരുകുടി കഥകള്‍
 


(48%) (5 Votes)

 

 

Other News in this Section