LATEST NEWS

Loading...

Custom Search
+ -

പൃഥ്വിരാജ് ചൗഹാനും ഞാനും

മുരളി തുമ്മാരുകുടി

Posted on: 31 Oct 2011

 

പൃഥ്വിരാജും ഞാനും എന്നു തലേകെട്ട് കൊടുക്കാം എന്നാണ് ആദ്യം വിചാരിച്ചത് പക്ഷെ ഇന്റര്‍നെറ്റ് ലോകത്ത് പൃഥ്വിരാജിന്റെ മേല്‍കുതിര കേറാനാണ് അധികം പേര്‍ക്കും ഇഷ്ടം. അതുകൊണ്ട് അത് വേണ്ട എന്നു വച്ചു.



ഇന്നത്തെ ലേഖനം പേരുകളെകുറിച്ചാണ്. ലോകത്തില്‍ പലയിടങ്ങളിലും കാലാകാലങ്ങളില്‍ എങ്ങനെയാണ് ആളുകള്‍ക്ക് പേരുകൊടുക്കുന്നത്?. അതു മാറുന്നുണ്ടോ, അതിന്റെ എന്തെങ്കിലും സമാനതകള്‍ ഉണ്ടോ?.

എന്റെ ഇപ്പോഴത്തെ പേര് മുരളി തുമ്മരുകുടി എന്നാണ്, എന്നാല്‍ സമയം പോലെ മാതൃഭൂമി പോലും എന്നെ താമരക്കുടി, തമ്മാരക്കുടി എന്നിങ്ങനെ പലതും വിളിക്കാറുണ്ട്. ചില വായനക്കാര്‍ തെമ്മാരക്കുടി എന്നും (തെമ്മാടിക്കുഴിയോടുള്ള സാദൃശ്യം കൊണ്ടാവാം).

സത്യത്തില്‍ എന്റെ പേര് മുരളീധരന്‍ എന്നാണ്. കേരളത്തില്‍ 1950-നും 70-നും ഇടക്ക് ഏറ്റവും പോപ്പുലര്‍ ആയ ഒരു പേരായിരുന്നു ഇത് എന്ന് എനിക്ക് തോന്നാറുണ്ട്. തുമ്മാരുകുടി കുടുംബത്തില്‍ തന്നെ ഞങ്ങള്‍ മൂന്നു മുരളിമാര്‍ ഉണ്ട്. കല്ല്യാണം കഴിച്ചു വന്നവര്‍ മൂന്ന് വേറെയും. പണ്ടെല്ലാം കല്ല്യാണങ്ങള്‍ക്കും അടിയന്തിരങ്ങള്‍ക്കും ഞങ്ങള്‍ ഒത്തുചേരുമ്പോള്‍ ആരെങ്കിലും ''മുരളി''യെ അന്വേഷിച്ചാല്‍ ആകെ കണ്‍ഫ്യൂഷന്‍ ആയിരുന്നു. പക്ഷെ നല്ല പേരാണെങ്കിലും 1980-നു ശേഷമുള്ള പുതിയ തലമുറയില്‍ മുരളീധരന്‍മാര്‍ ഇല്ല. പകരം ബാലുമുരളിയും മുരളീകൃഷ്ണയും ഒക്കെയായി. ആദ്യത്തെ മുരളീധരന്‍മാര്‍ വയസ്സന്‍മാരും അപ്പൂപ്പന്‍മാരും ഒക്കെആയി തുടങ്ങി. പണ്ടൊക്കെ അപ്പൂപ്പന്‍മാരും വയസ്സന്‍മാരും ഒക്കെ രാമന്‍നായരും കൃഷ്ണപ്പിള്ളയും ഒക്കെ ആയിരുന്നു.

കേരളത്തില്‍ എന്തുകൊണ്ടോ ഓരോ തലമുറയിലും ആളുകളുടെ പേരുകള്‍ മൊത്തമായി മാറുന്ന ഒരു പ്രവണത ഉണ്ട്. എന്റെ മുത്തച്ഛന്റെ തലമുറ കോമക്കുറുപ്പും നാണുപ്പിള്ളയും ഒക്കെ ആയിരുന്നു. അച്ഛന്റെ കാലത്ത് രാമന്‍നായരും ശങ്കരപ്പിള്ളയും ഒക്കെ എന്റെ തലമുറയില്‍ മുരളിയും ശശിയും ഒക്കെയായിരുന്നു പോപ്പുലര്‍. എന്റെ മക്കളുടേയും മരുമക്കളുടെയും കാലത്താകട്ടെ ശ്രീകാന്തും, അനന്തുവും ഒക്കെ ആയി പേരുകള്‍ (പെണ്‍കുട്ടികളുടെ കാര്യത്തിലും മറ്റു മതങ്ങളിലും ഈ മാറ്റങ്ങള്‍ ഉണ്ട്).

ഇവിടെയാണ് പൃഥ്വിരാജ് ചൗഹാന്റെ പ്രസക്തി. 12-ാം നൂറ്റാണ്ടില്‍ ഡെല്‍ഹി ഭരിച്ചിരുന്ന രാജാവായിരുന്നല്ലോ പൃഥ്വിരാജ് ചൗഹാന്‍, വടക്കേ ഇന്ത്യയില്‍ നമ്മുടെ പോലെ തലമുറയില്‍ ഒരിക്കല്‍ പേരുകള്‍ മാറാത്തതുകൊണ്ട് അവിടെ ഇപ്പോഴും പൃഥ്വിരാജ് ചൗഹാന്‍മാര്‍ ഉണ്ട്. വാസ്തവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ മറാത്തി പേര് പൃഥ്വിരാജ് ചൗഹാന്‍ എന്നു തന്നെ ആണ്.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയുടെ പേര് പഴയതും പേരുകേട്ടതും ആണെങ്കിലും ആ നാട്ടിലെ എല്ലാവരുടേയും പേര് അങ്ങനെ അല്ല. ശിവാജിയുടെ ജന്മ സ്ഥലമായ സത്താറയില്‍ ഉള്ള കുട്ടികളുടെ പേരു് നകുസ് എന്നാണ്. ''വേണ്ടാത്തത് '' എന്നാണ് ഇതിന്റെ അര്‍ത്ഥം. ഒരു ആണ്‍ കുട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന കുടുംബത്തില്‍ പെണ്‍കുട്ടി ഉണ്ടാകുമ്പോഴാണത്രെ അവര്‍ക്ക് പേര് ഇടുന്നത്. പെണ്‍കുട്ടിയുടെ ഉന്നമനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഇവരുടെ പേരുകള്‍ മെത്താമായി മാറ്റുകയാണ്.

കുട്ടികള്‍ക്ക് പേരിടുന്നത് അച്ഛനമ്മമാരുടെ അവകാശം ആണല്ലോ. എന്തുപേരു കിട്ടിയാലും അതുകൊണ്ടു ജീവിക്കാനാണ് കുട്ടികളുടെ വിധി. സ്‌ക്കൂള്‍ ക്ലാസിലും മറ്റും കുട്ടികളുടെ കളിയാക്കല്‍ ഏറ്റുവാങ്ങാന്‍ ഇതിടയാക്കും. ഇതു ശ്രദ്ധിക്കാതെ സ്വന്തം താല്പര്യങ്ങളോ, ആശയങ്ങളോ, അറിവോ ഒക്കെ പ്രദര്‍ശിപ്പിക്കുവാന്‍ കുട്ടികള്‍ക്ക് അപൂര്‍വ്വവും വിശേഷവും ആയ പേര് ഇടുവാന്‍ നമ്മുടെ ഇടയില്‍ ആളുകള്‍ ഉണ്ടല്ലോ. ബ്രൂണൈയില്‍ എന്റെ ബയോളജി കണ്‍സള്‍ട്ടന്റായിരുന്ന ഒരു ബല്‍ജിയന്‍ സ്ത്രീ അവരുടെ കുട്ടികള്‍ക്ക് പേരിട്ടത് 'മരമാക്രി' എന്നര്‍ത്ഥം വരുന്ന മലയ് വാക്കാണ്. ക്ലാസില്‍ ''മരമാക്രി'' എന്നു ടീച്ചര്‍ ഹാജര്‍ വിളിക്കുമ്പോള്‍ 'പ്രസന്റ് സര്‍' എന്നു പറയേണ്ടിവരുന്ന കുട്ടിയെപ്പറ്റി അവര്‍ ആലോചിച്ചിട്ടുണ്ടാകുമോ.

കുട്ടികളുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി വികസിത രാജ്യങ്ങളില്‍ പലയിടത്തും കുട്ടികള്‍ക്ക് കൊടുക്കാവുന്ന പേരുകള്‍ക്ക് നിയന്ത്രണം വച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, ജര്‍മനി, പോര്‍ച്ചുഗല്‍ ഇവിടെയെല്ലാം ഗവര്‍മെന്റ് അംഗീകരിച്ച പേരുകളുടെ ഡയറക്ടറി ഉണ്ട്. അതില്‍ നിന്ന് മാതാപിതാക്കള്‍ക്ക് പേരുതിരഞ്ഞെടുക്കാം. അവിടെ മരമാക്രികള്‍ ഉണ്ടാവില്ല.

പക്ഷെ നമ്മുടെ നാട്ടില്‍ നല്ല പേര് കിട്ടിയതുകൊണ്ടു മാത്രം രക്ഷയില്ല. പലപ്പോഴും നമ്മള്‍ ചെല്ലുന്ന നാട്ടില്‍ നമ്മുടെ പേരിന് വേറെ ചീത്ത, അര്‍ത്ഥങ്ങള്‍ ഉണ്ടാകാം. അഫ്ഗാനിസ്ഥാനില്‍ ഞങ്ങളുട പ്രോജക്റ്റ് മാനേജരായിരുന്ന കൂണ്‍ടൂണന്റെ കാര്യം, ഏറെ കഷ്ടമായിരുന്നു. കൂണ്‍ എന്ന വാക്കിന് അവിടെ ''മലദ്വാരം'' എന്നാണ് അര്‍ത്ഥം. കൂണ്‍ ആകട്ടെ ഏറ്റവും ജനാധിപത്യവാദിയും അതുകൊണ്ട് അഫ്ഗാനിസ്ഥാന്‍ സഹപ്രവര്‍ത്തകര്‍ സര്‍ എന്നോ മിസ്റ്റര്‍ ടൂണന്‍ എന്നോ വിളിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല ''എന്നെ കൂണ്‍ എന്ന് വിളിക്കണം'' എന്ന് പലപ്പോഴും നിര്‍ബന്ധിച്ച് പറയും. ഇത് കൂടെ ജോലിചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ചും അഫ്ഗാന്‍ സ്ത്രീകള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി എന്ന് പ്രത്യേകം പറയേണ്ടല്ലോ.

മുരളീധരന്‍ ആയി ഇരുപത്തെട്ടുകെട്ടിയ ഞാന്‍ മുരളി തുമ്മാരുകുടി ആയതും വിദേശവാസം കൊണ്ടാണ്. പാശ്ചാത്യരാജ്യങ്ങളിലെ പതിവ് അനുസരിച്ച് ഒരാള്‍ക്ക് ഫസ്റ്റ് നെയിമും ഫാമിലി നെയിമും നിര്‍ബന്ധം ആണ്. നമ്മെ പരിചയം ഇല്ലാത്തവര്‍ നമ്മെ ഫാമിലി നെയിം വച്ചേ സംബോധന ചെയ്യൂ. ഔദോഗികമായ എഴുത്തുകുത്തുകള്‍ ഫാമിലിനെയിമില്‍ ആയിരിക്കുകയും ചെയ്യും.

മുരളീധരന്‍ ആയ എന്റെ മുഴുവന്‍ പേര് കേരളത്തില്‍ മുരളീധരന്‍.റ്റി.ആര്‍ ആണ് അതായത് മുരളീധരന്‍ തുമ്മാരുകുടിയില്‍ രാമന്‍ നായര്‍, ഇതും വച്ച് ബ്രൂണൈയില്‍ എത്തിയ എന്റെ ഐഡന്റിറ്റി കാര്‍ഡ് രാമന്‍ നായരുടെ പേരിലായിരുന്നു. ആളുകള്‍ എന്നെ രാമന്‍ നായര്‍ എന്നു വിളിച്ചു തുടങ്ങി. ആശുപത്രിയില്‍ ഊഴം കാത്തിരുന്ന് ഞാന്‍ ''രാമന്‍ നായര്‍'' എന്നു നഴ്‌സ് വിളിച്ചത് ശ്രദ്ധിച്ചതും പോലും ഇല്ല. ഇങ്ങനെ പലതരത്തില്‍ ബുദ്ധിമുട്ടിയ ഞാന്‍ പേര് മുരളി നായര്‍ '' എന്നു ചുരുക്കി. പക്ഷെ കുഴപ്പം അതുകൊണ്ടൊന്നും തീര്‍ന്നില്ല.ഞാന്‍ മുരളിനായര്‍ ആയതിന്റെ തൊട്ടുപുറകെ കേരളത്തില്‍ ഒരു മുരളി നായര്‍ പ്രത്യക്ഷപ്പെടുന്നു. സിനിമാഡയറക്ടര്‍ ആയി . എന്തൊക്കെയൊ അവാര്‍ഡായി, ഇന്റര്‍വ്യൂ ആയി. മുരളി നായര്‍ ഒരു താരം ആയി. പക്ഷെ ഞാന്‍ ഈ പേരുമാറ്റിയതില്‍പ്പിന്നെ മുരളിനായരേയോ പുള്ളിയുടെ സിനിമയേയോ പറ്റികേട്ടിട്ടുപോലും ഇല്ല. ആളെവിടെപ്പോയി?.

ബ്രൂണൈയില്‍ വച്ചാണ് എനിക്ക് ''ബിന്‍തുഗ്ലക്കിന്റെ'' ബിന്‍ എവിടെ നിന്നു വരുന്നു എന്നു മനസ്സിലായത്. കേരളത്തിലെ പത്രക്കാര്‍ക്ക് ഇതിപ്പോഴും മനസ്സിലായിട്ടില്ല. സൗദിയില്‍ നിന്നും ബില്‍ അബ്ദുള്ളയോ മലേഷ്യയില്‍ നിന്നും ബില്‍ മുഹമ്മദോ കേരളം സന്ദര്‍ശിക്കുന്ന വാര്‍ത്ത ഇപ്പോഴും ഞാന്‍ വായിക്കാറുണ്ട്. ആരെങ്കിലും ആരെങ്കിലുടെയും മകനാണെന്നു കാണിക്കാനാണ് ബിന്‍ ഉപയോഗിക്കുന്നത്. (റോസ്മാന്‍ ബീന്‍ അബ്ദുള്‍ റഹിമാന്‍ എന്നാല്‍ അബ്ദുള്‍ റഹിമാന്റെ മകന്‍ റോസ്മാന്‍ എന്നര്‍ത്ഥം) ഈ രീതി അറബ് രാജ്യങ്ങളിലും മലേഷ്യ, ബ്രൂണൈ ഇന്തോനേഷ്യ എന്നിവിടങ്ങളിലും മുസ്ലിംങ്ങളുടെ ഇടയില്‍ ഉപയോഗിക്കുന്നുണ്ട്. അറബ് രാജ്യങ്ങളില്‍ ഒരു പരിധി കൂടികടന്ന് അപ്പൂപ്പന്റെ പേരുകൂടി പറയാറുണ്ട്. മുഹമ്മദ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് എന്നിങ്ങനെ അതും പോരാഞ്ഞീട്ട് അവരുടെ ഗോത്രത്തിന്റെ യോഗസ്ഥലത്തിന്റേയോ പേരും കൂടെ ചേര്‍ക്കും. യാസിന്‍ ബിന്‍ മുഹമ്മദ് ബിന്‍ സയദ് അല്‍ഹാര്‍ത്തി എന്നതിലെ ഹാര്‍ത്തി ഗോത്രത്തിന്റെ പേരാണ്. ഒന്നാം ക്ലാസില്‍ മാര്‍ക്കു കുറഞ്ഞുപോയ എന്റെ അനിയന്‍ ഉണ്ണകൃഷ്ണന്‍.ടി.ആര്‍. അതിന്റെ കാരണം ആയി പറഞ്ഞത് ഞാന്‍ എന്റെ പേരെഴുതി തീരുമ്പോഴേക്കും മറ്റുള്ളവര്‍ പകുതി ചോദ്യത്തിന് ഉത്തരം എഴുതിക്കാണം എന്നാണ്. ഗള്‍ഫിലെ ഇന്‍ഡ്യന്‍സ്‌ക്കൂളില്‍ അശ്വിന്‍ നായരോടും മീരാകൃഷ്ണയോടും മത്സരിക്കേണ്ടിവരുന്ന സുലൈമാന്‍ ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്‍ റഹിമാന്‍ അല്‍ മസ്‌കറ്റിയുടെ കാര്യം ഒന്നു ഓര്‍ത്തു നോക്കു?.

ചൈനീസ് പേരുകള്‍ പൊതുവെ എളുപ്പമാണ്. ചിന്‍ വാന്‍ ചോങ്ങ് എന്നോ മറ്റോ വായില്‍ കൊള്ളുന്ന പേരുകള്‍. പേരുകള്‍ എല്ലാം വാങ്ങ് എന്നോ കോങ്ങ് എന്നോ ഒക്കെ ഉള്ളതുകൊണ്ട് ചൈനീസ് കുട്ടികള്‍ ഉണ്ടായിക്കഴിയുമ്പോള്‍ അവര്‍ ഒരു അമ്പലത്തില്‍ പോയി ഒരു മൊന്ത പൂജിച്ച് താഴേക്ക് ഇടുമെന്നും അതു വീഴുമ്പോള്‍ ആദ്യം കേള്‍ക്കുന്ന മൂന്ന് ശബ്ദങ്ങള്‍ ആണ് പേരാകുന്നതെന്നും ആരോ പറഞ്ഞത് ഞാന്‍ സത്യമായി എടുത്തു. പക്ഷെ സത്യം അതല്ല. വളരെ അര്‍ത്ഥമുള്ളതാണ് ചൈനീസ് പേരുകള്‍. ചൈനയിലെ സര്‍നൈയിമുകള്‍, അവരുടെ സ്ഥലം, ജോലി, അച്ഛന്റെ പേര്, ഗോത്രം എന്നിങ്ങനെ എന്തില്‍ നിന്നും വരാം. ചൈനയിലെ പത്തില്‍ ഒരാള്‍ക്ക് വാംഗ് എന്ന സര്‍നൈം ആണെന്ന് പറയപ്പെടുന്നു. (ഇംഗ്ലണ്ടിലെ പകുതി ആളുകള്‍ ഡേവിഡ് സ്്മിത്തോ നിക്ക് ബ്രൗണോ ആണെന്ന് ഞങ്ങള്‍ തമാശയായി പറയാറുണ്ട്). ചൈനയില്‍ മിഡില്‍ നൈം അത്ര സാധാരണ അല്ല മാത്രമല്ല പേര് എഴുതുന്നത് ആദ്യം ഫാമിലിനൈമും പിന്നെ ഫര്‍സ്റ്റ് നൈമും ആണ്. ഉവത് മാവോ സേദോംഗിന്റെ കുടുംബപ്പേര് മാവോ എന്നാണ്. സേദോംഗ് ആയിരിക്കും അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ കൊടുത്ത പേര്. ഈയിടെയായി ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള ചൈനക്കാര്‍ അവരുടെ ചൈനീസ് പേരുകൂടാതെ ഒരു ഇംഗ്ലീഷ് പേരുകൂടി എടുക്കാറുണ്ട്. ജനീവയില്‍ എന്റെ റിസര്‍ച്ച് അസിസ്റ്റന്റായ ഹിലാരി എന്ന ചൈനീസ് പെണ്‍കുട്ടിയുടെ ചൈനീസ് പേര് ചിംഗ് വേ (Xing Yue) എന്നാണ്. പേരുകളില്‍ എന്നെ ഏറ്റവും കുഴപ്പിക്കുന്നത് ഫ്രഞ്ച് പേരുകള്‍ ആണ്. അവിടെ എഴുതുന്നതും വായിക്കുന്നതും തമ്മില്‍ ഒരു ബന്ധവും ഇല്ല. പാവങ്ങള്‍ എന്ന പ്രസിദ്ധമായ പുസ്തകത്തിലെ ഹീറോ ആയ ജീന്‍ വാന്‍ ജീനിനെ ഫ്രഞ്ചുകാര്‍ കേട്ടിട്ടേ ഇല്ല. ഷോണ്‍ വാല്‍ഷോണ്‍ എന്നാണ് ഇതിന്റെ ഒരു ഏകദേശ പരിഭാഷ. അതുപോലെ ഹാസ്യഹീറോ ആയ ഡോണ്‍ക് കിക്‌സ്വോട്ടിനെ അന്വേഷിച്ച് സ്‌പെയിനില്‍ പോയാല്‍ നിരാശയായിരിക്കും ഫലം. അവിടുത്തെ പ്രയോഗം 'ഡോണ്‍ കി ഹോട്ടി'' എന്നാണ്. ഇവര്‍ക്കെല്ലാം നമ്പൂരി പറഞ്ഞപോലെ പൂച്ച എന്നെഴുതി പൂച്ച എന്നു വായിച്ച് പൂച്ച് എന്ന് അര്‍ത്ഥമാക്കിക്കൂടെ?.

പേരുകളുടെ കഥയില്‍ എനിക്ക് ഏറ്റവും ഇഷ്ടം പഴയ യുഗോസ്ലാവിയക്കാരുടെ (ഇപ്പോള്‍ പല രാജ്യങ്ങള്‍ ആയിതിരിഞ്ഞു) പേരാണ്. അവരുടെ അക്ഷരമാലയില്‍ ഉള്ള പല സ്വരങ്ങളും വ്യജ്ഞനങ്ങളും ഇംഗ്ലീഷില്‍ ഇല്ലാത്തതിനാല്‍ ഇംഗ്ലീഷില്‍ അവരുടെ പേരെഴുതുമ്പോള്‍ അടുത്തടുത്ത അക്ഷരങ്ങള്‍ പരസ്പരം ബന്ധിച്ചിട്ടുണ്ടാവില്ല. ഉദാഹരണത്തിന് റജഡാവിച്ച് എന്ന എന്റെ സുഹൃത്ത് RJDVIC എന്നാണ് പേര് എഴുതുന്നത്. അങ്ങനെ ഒരു പഴയ യുഗോസ്ലാവ്യക്കാരന്‍ ഇംഗ്ലണ്ടിലെ ഒരു ഒഫ്ത്താന്‍ മോളജിസ്റ്റീന്റെ അടുത്ത് കണ്ണ് ടെസ്റ്റ് ചെയ്യാന്‍ ചെന്നതാണ് കഥ. ഒരു കണ്ണടച്ച് ദൂരെ കുറേ അക്ഷരങ്ങള്‍ കാണിച്ച് അത് വായിക്കാന്‍ പറഞ്ഞ കണ്ണു രോഗവിദഗ്ദനോട് യൂഗ്ലോസ്ലാവിയക്കാരന്‍ പറഞ്ഞു വത്രെ ''ഡോക്ടര്‍ ആ മൂന്നാമത്തെ ലൈനിലുള്ള ആളെ ഞാന്‍ ശരിക്ക് അറിയും''

തുമ്മാരുകുടി കഥകള്‍
 


(52%) (5 Votes)

 

 

Other News in this Section