LATEST NEWS

Loading...

Custom Search
+ -

കുനിച്ചുനിര്‍ത്തി ഇടിക്കുന്നവര്‍

മുരളി തുമ്മാരുകുടി

Posted on: 11 Oct 2011

 

മാത്യു ഹസന്‍ കുക്ക എന്ന അപൂര്‍വമായ പേര് മലയാളികള്‍ കേട്ടിരിക്കാന്‍ ഇടയില്ല. നൈജീരിയയിലെ കടുന്ന എന്ന ചെറിയ സംസ്ഥാനത്തെ പള്ളി വികാരി ആയിരുന്ന അദ്ദേഹത്തെ ഈ വര്‍ഷം സപ്തംബറില്‍ സൊക്കോട്ടോയിലെ ബിഷപ്പ് ആയി നിയമിച്ചു.



നൈജീരിയയില്‍ എല്ലാവരും അറിയുന്ന പേരാണ് അദ്ദേഹത്തിന്റേത്. എന്നാല്‍ ഇതു അദ്ദേഹത്തിന്റെ മതപരമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അല്ല. ഉജ്വലനായ വാഗ്മിയും എഴുത്തുകാരനുമായ അദ്ദേഹം നൈജീരിയയിലെ പട്ടാള ഭരണത്തിന്റെ ഭീകരതകള്‍ക്കെതിരെ നിര്‍ഭയം വാക്കുകള്‍കൊണ്ടും പേനകൊണ്ടും പോരാടി. ഈ വിട്ടുവീഴ്ചയില്ലാത്ത എഴുത്തും പ്രസംഗവും പട്ടാള ഭരണകാലത്തെ ഇരുട്ടില്‍ നൈജീരിയന്‍ ജനതക്ക് ഒരു ആശ്രയവും പ്രതീക്ഷയും നല്‍കി. പട്ടാളഭരണം അവസാനിച്ച് ജനാധിപത്യം തിരിച്ചുവന്നപ്പോള്‍ നൈജീരിയയില്‍ സ്ഥാപിക്കപ്പെട്ട മനുഷ്യാവകാശലംഘനത്തെപ്പറ്റിയുള്ള അന്വേഷണ കമ്മീഷനില്‍ (ഒബുട്ടപാനല്‍) അദ്ദേഹം അംഗമായി. പട്ടാളഭരണകാലത്തും ജനാധിപത്യകാലത്തും ഉള്ള അദ്ദേഹത്തിന്റെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ ആണ് നൈജീരിയയില്‍ അദ്ദേഹത്തിന് പേരും പിന്തുണയും നേടിക്കൊടുത്തത്.

2006 ല്‍ ഒഗോണിലാന്റ് പ്രദേശത്തെ പരിസ്ഥിതി പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ ആയിട്ടാണ് ഞാന്‍ ആദ്യം നൈജീരിയയില്‍ പോകുന്നത്. പട്ടാളഭരണത്തില്‍ ഏറ്റവും പീഡനങ്ങള്‍ അനുഭവിച്ച ജനതയാണ് ഒഗോണിലാന്റിലേത്. അവിടെ സമാധാനം പുനസ്ഥാപിക്കാനും വികസനം തിരിച്ചുകൊണ്ടുവരാനും ഉള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രസിഡന്റ് ഒബാസാഞ്ചോ ഫാദര്‍ കുക്കയെ മധ്യസ്ഥനായി നിയമിച്ചു. അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം പല ദിവസങ്ങള്‍ ചിലവിടാനും അദ്ദേഹത്തിന്റെ അതിവിശാലമായ കര്‍മമണ്ഡലത്തെപ്പറ്റി സംസാരിക്കാനും സാധിച്ചത് എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവം ആണ്.

ഈ ആഗസ്തില്‍ ഒഗോണിലാന്റ് റിപ്പോര്‍ട്ട് പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാത്തന് സമര്‍പ്പിക്കാന്‍ ഞാന്‍ വീണ്ടും നൈജീരിയന്‍ തലസ്ഥാനമായ അബൂജയില്‍ എത്തി. അവിടുത്തെ യു.എന്‍. ആസ്ഥാനത്തുവെച്ച് വീണ്ടും അദ്ദേഹത്തെ കണ്ടു (കൂട്ടത്തില്‍ പറയട്ടെ ഈ യു.എന്‍. ആസ്ഥാനം രണ്ടാഴ്ചയക്കുശേഷം തീവ്രവാദികള്‍ ബോംബിട്ടു തകര്‍ത്തു) അദ്ദേഹം ഒപുട്ട പാനലിലെ അനുഭവങ്ങള്‍ വിവരിച്ച് 'നീതിക്കു സാക്ഷി' എന്ന പുസ്തകം പ്രസാധനം ചെയതിരുന്നു. അതിന്റെ ഒരു കോപ്പി എനിക്ക് സ്‌നേഹപൂര്‍വ്വം സമ്മാനിച്ചു.

കഴിഞ്ഞ ഒരു മാസം ആയി ഞാന്‍ ഈ പുസ്തകം വായിക്കുകയാണ്. സാധാരണ ആയിരം പേജ് വായിക്കാന്‍ എനിക്ക് മൂന്നു ദിവസം മതി. പക്ഷേ, ഈ പുസ്തകം ഒറ്റയടിക്ക് വായിക്കുക എളുപ്പമല്ല. കോടിക്കണക്കിന് വരുന്ന ഒരു ജനതയെ ഒരു ദശാബ്ദം മുഴുവന്‍ ഭരണത്തിന്റെ മര്‍ദ്ദന സംവിധാനങ്ങള്‍ ഉപയോഗിച്ച് അടിച്ചൊതുക്കിയ കഥ നിര്‍വികാരമായി വായിച്ചുപോകാന്‍ പറ്റില്ലല്ലോ.

ഭരണകൂടങ്ങള്‍ ഭരിക്കപ്പെടുന്നവരുടെ മേല്‍ മര്‍ദ്ദനം ഒരു ഉപകരണം ആയി ഉപയോഗിക്കുന്നത് പുതുമ അല്ല. ചരിത്രം ഉണ്ടായകാലം മുതല്‍ മര്‍ദ്ദനത്തിന്റെ വിവിധ രൂപങ്ങള്‍ ലോകമെമ്പാടും ഭരണകൂടങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. നൈജീരിയയില്‍ പട്ടാളഭരണത്തിന്റെ കാലത്ത് പലസ്ഥലത്തും മര്‍ദ്ദനത്തിനു വേണ്ടിയുള്ള അറകള്‍ (Torture Chamber) ഉണ്ടായിരുന്നു. പുസ്തകത്തില്‍ ഈ അറകളെപ്പറ്റി, അവിടുത്തെ മര്‍ദ്ദനമുറകളെപ്പറ്റി, അതു നടപ്പാക്കിയവരെപ്പറ്റി എല്ലാം മര്‍ദ്ദനം അനുഭവിച്ചവരുടെ വാക്കുകളിലൂടെയുള്ള സങ്കടക്കടല്‍ തീര്‍ക്കുന്ന വര്‍ണന ഉണ്ട്. ഇതുകൂടാതെ പുസ്തകത്തിന്റെ ഒരധ്യായം ലോക്കപ്പ് മര്‍ദ്ദനത്തിന്റെ തത്വശാസ്ത്രത്തെപ്പറ്റി പറയാന്‍ മാറ്റിവെച്ചിരിക്കുന്നു.

പോലീസ് മര്‍ദ്ദനം മലയാളികള്‍ക്ക് പുത്തരിയോ വാര്‍ത്തയോ അല്ലല്ലോ. തൃശ്ശൂരുനിന്നും പെരുമ്പാവൂരിലേക്ക് ഒരു കെട്ട് പുകയിലയും ആയി വന്ന പോക്കര്‍ മാപ്പിളയെ തിരുവിതാംകൂര്‍ പോലീസ് പിടിച്ച് ഇരുപതു നഖവും ചതച്ചു പുറത്തെടുത്തു എന്ന് അമ്മാവന്‍ പറഞ്ഞുതന്നിട്ടുണ്ട്. രാജന്‍ മുതല്‍ സമ്പത്തുവരെ പല ആളുകളും നമ്മുടെ ലോക്കപ്പില്‍ മരിച്ചിട്ടുണ്ട്. കൊന്നില്ലെങ്കിലും അത് ക്രൂരമായ പീഡനങ്ങള്‍ നമ്മുടെ ലോക്കപ്പുകളിലെ രീതിയാണ്.

കുറ്റകൃത്യങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠിക്കുന്നവരുടെ അഭിപ്രായത്തില്‍ മര്‍ദ്ദനം വാസ്തവത്തില്‍ സത്യം കണ്ടുപിടിക്കാനോ ആളുകളുടെ സ്വഭാവം മാറ്റാനോ ഉള്ള ഒരു നല്ല ഉപായം അല്ല. അതുകൊണ്ടാണ് വികസിത രാജ്യങ്ങളില്‍ പോലീസുകാര്‍ ലോക്കപ്പില്‍ പ്രതിയെ ഇട്ട് ഇടിച്ച് കേസ് തെളിയിക്കാത്തത്. 2002-ല്‍ ജര്‍മനിയിലെ പ്രമാദമായ ഒരു കിഡ്‌നാപ്പിംഗ് കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ആളെ മര്‍ദ്ദിക്കും എന്ന് ഭീഷണിപ്പെടുത്തിയ ഓഫീസറുടെ പണിപോയി. ഈ നിയമം ഏങ്ങാന്‍ നമ്മുടെ നാട്ടില്‍ വന്നാല്‍ എന്താകും സ്ഥിതി?



2001 ലെ സംഭവങ്ങള്‍ക്കുശേഷം അമേരിക്ക പക്ഷേ ലോക്കപ്പ് മര്‍ദ്ദനത്തെപ്പറ്റിയുള്ള ചിന്താഗതി അല്പം മാറ്റി. ഒരു ദുരന്തത്തില്‍ നിന്നും മറ്റുള്ളവരെ രക്ഷിക്കാന്‍ സാധിക്കും എന്നു തോന്നുന്ന അവസരങ്ങളില്‍ കുറ്റവാളി എന്നു സംശയിക്കുന്നവര്‍ക്ക് നീണ്ടുനില്‍ക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാത്ത മര്‍ദ്ദനമുറകള്‍ ഉപയോഗിക്കാം എന്നായിരുന്നു കുറച്ചുകാലത്തേക്ക് അവിടുത്തെ തത്വശാസ്ത്രം. വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ പോകുകയാണെന്ന പ്രതീതി ഉണ്ടാക്കുന്ന 'ണമലേൃ യീമൃറശിഴ' ഇത്തരം ഒരു രീതി ആണ്. ഇതിലും വീഴാത്ത ചിലരെ ആളുകളെ കുനിച്ചു നിര്‍ത്തി ഇടിക്കാന്‍ വല്ല്യ ബുദ്ധിമുട്ടൊന്നും ഇല്ലാത്ത രാജ്യങ്ങളിലേക്ക് കൊടുത്തുവിടുന്ന Extraordinary rendition എന്ന രീതിയും ഇടക്കാലത്ത് അമേരിക്കക്കാര്‍ നടപ്പാക്കിയത്രെ. അബുഗാരിബില്‍ അവരുടെ പെരുമാറ്റം ലോകം കണ്ടതും ആണല്ലോ.

ലോക്കപ്പ് മര്‍ദ്ദനം ലോകത്ത് പല ഭാഗങ്ങളിലും ഒരു സ്ഥിരം പരിപാടി ആണ്. ഓരോ കാലത്തും ദേശങ്ങള്‍ അവരുടെ സ്‌പെഷ്യല്‍ ആയ മര്‍ദ്ദനമുറ കാണും. കുനിച്ചുനിര്‍ത്തി ഇടിക്കല്‍ മുതല്‍ ജനനേന്ദ്രിയത്തില്‍ തീപ്പെട്ടിക്കോല്‍ കയറ്റുന്നതുവരെ ഉള്ള പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ തനതു രൂപം ഉരുട്ടല്‍ തന്നെ. അടിയന്തരാവസ്ഥകാലത്തോ അതിനു മുമ്പോ വാങ്ങിയ ഉരുളന്‍ തടി ഒന്നും കളഞ്ഞട്ടില്ല എന്നാണല്ലോ ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

നൈജീരിയയില്‍ പലമുറകള്‍ ഉണ്ടായിരുന്നു എങ്കിലും വ്യത്യസ്ഥമായി തോന്നിയത് രണ്ടെണ്ണം ആണ്. ഒന്ന്, പ്രതിയെ ടാറിട്ട റോഡില്‍ ചെരുപ്പിടാതെ രാവിലെ തൊട്ട് വൈകീട്ട് വരെ നിര്‍ത്തുക. ഒന്നോ രണ്ടോ ദിവസം കൊണ്ട് കാല്‍പാദം ചുട്ടുപൊള്ളി നടക്കാന്‍ കഴിയാതാകും. രണ്ടാമത് ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് മൂക്കിനകത്ത് വെക്കുക. എങ്ങനെ ഇരിക്കുമെന്ന് ആലോചിക്കാമല്ലോ.

തായ്‌ലാന്റിലെ മര്‍ദ്ദനമുറകളെപ്പറ്റി 'നരകത്തിലേക്ക് സ്വാഗതം' എന്ന പുസ്തകത്തില്‍ കോളിന്‍ മാര്‍ട്ടിന്‍ വിവരിച്ചിട്ടുണ്ട്. ബാങ്കോക്ക് ഹില്‍ട്ടണ്‍ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ജയിലിലെ തടവുകാരന്‍ ആയിരുന്നു അദ്ദേഹം. ടെലഫോണ്‍ ഡയറക്ടറി പോലെ വലിയ പുസ്തകം വെച്ച് തലയോട്ടിക്ക് അടിക്കുക എന്നതാണത്രെ അവിടുത്തെ സ്‌പെഷ്യാലിറ്റി. ഇതിന്റെ പ്രത്യേകത മര്‍ദ്ദനത്തിന്റെ പാടുകള്‍ ദേഹത്ത് അവശേഷിക്കുകയേ ഇല്ല എന്നതാണ്. ആളുകള്‍ ഡയറക്ടറി ഉപയോഗിക്കാതെ ആയിട്ടും രാജ്യത്ത് ഡയറക്ടറി ഇറക്കുന്നത് ഇതിനുവേണ്ടിയാണെന്ന് പലരും തമാശ പറയാറുണ്ട്.

മധ്യേഷ്യയില്‍ ലോക്കപ്പ് മര്‍ദ്ദനത്തിനു പേരുകേട്ട സ്ഥലം ആയിരുന്നു ഈജിപ്ത്. ജനനേന്ദ്രിയങ്ങളില്‍ ഇലക്ട്രിക് ഷോക്ക് അടിപ്പിക്കുക എന്നതായിരുന്നു ഇവിടുത്തെ സ്‌പെഷ്യല്‍ ഐറ്റം. അമേരിക്കക്കാര്‍ക്ക് മെരുക്കി എടുക്കേണ്ട കുറ്റവാളികളെ അയച്ചുകൊടുക്കുന്ന ഒരു സ്ഥലമായിരുന്നു ഇതെന്നും പറയപ്പെടുന്നു. ജനാധിപത്യം വരുന്നതോടെ കുറച്ചെങ്കിലും മാറ്റം വരുമെന്ന് വിശ്വസിക്കാം. നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആ വിശ്വാസത്തിനു വലിയ ന്യായീകരണം ഒന്നും ഇല്ലെങ്കിലും.

ലോക്കപ്പ് മര്‍ദ്ദനത്തെ മൂന്നാംമുറ എന്നാണ് പറയുന്നത്. എന്താണ് ഒന്നാമത്തെയും രണ്ടാമത്തെയും മുറ എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. മൂന്നാംമുറ അവസാനിപ്പിക്കും എന്ന് ഞാന്‍ ഓര്‍മ്മവെച്ച കാലം മുതല്‍ കേള്‍ക്കുന്നതും ആണ്. എന്നിട്ടും എന്താണ് അതിന് സാധിക്കാത്തത്?

ഈ ചോദ്യത്തിനുള്ള ഉത്തരവും ഫാദര്‍ കുക്കയുടെ പുസ്തകത്തില്‍ ഉണ്ട്. പട്ടാളഭരണം ഒക്കെ കഴിഞ്ഞ് കമ്മീഷനും അന്വേഷണവും ആയപ്പോള്‍ ഇടിവീരന്‍മാര്‍ ആയ പോലീസുകാര്‍ എല്ലാം 'ഞങ്ങള്‍ ഞങ്ങളുടെ ഓഫീസര്‍മാര്‍ പറഞ്ഞതേ ചെയ്തുള്ളൂ' എന്നും ഓഫീസര്‍മാര്‍ 'ഞാന്‍ അവരോട് പിടിക്കാനോ പറഞ്ഞുള്ളൂ, ഇടിക്കാന്‍ പറഞ്ഞില്ല' എന്നും പറഞ്ഞ് പരസ്പരം പഴിചാരി. ഇതും ലോകത്തെമ്പാടും കാലാകാലമായി നടക്കുന്ന പരിപാടി ആണല്ലോ. ഇതിനെപ്പറ്റി ആധികാരികമായ അഭിപ്രായം ഒരിക്കല്‍ നൈജീരിയയുടെ പട്ടാളഭരണമേധാവിയും പക്ഷേ 90-കളിലെ പട്ടാളഭരണത്തിന്‍ കീഴില്‍ പീഡനം അനുഭവിക്കുകയും ചെയ്ത പ്രസിഡന്റ് ഒബാസാഞ്ചോ തന്നെ കമ്മീഷനോട് പറഞ്ഞു.

''ഉയര്‍ന്ന ഓഫീസര്‍മാര്‍ സാധാരണ തടവുകാരെ മര്‍ദ്ദിക്കാറില്ല. പക്ഷേ മര്‍ദ്ദനം നടക്കാനുള്ള സാഹചര്യവും മര്‍ദ്ദനം നടക്കുന്ന അന്തരീക്ഷവും സൃഷ്ടിക്കുന്നതിന് അവരാണ് ഉത്തരവാദികള്‍. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ക്ക് മര്‍ദ്ദനത്തോട് അനുഭാവം ഉള്ള മനോഭാവം അല്ലെങ്കില്‍ ഒരു തടവുകാരന്റെയും ദേഹത്ത് കൈവെക്കാന്‍ സാദാ പോലീസുകാരോ പട്ടാളക്കാരോ ധൈര്യപ്പെടില്ല''

എന്റെ വ്യക്തിപരമായ വിശ്വാസം പക്ഷേ പ്രശ്‌നം ഇതിലും ആഴത്തില്‍ ഉള്ളതാണ് എന്നതാണ്. മര്‍ദ്ദനം എന്നത് ഒരു ശിക്ഷാമുറയോ തിരുത്തല്‍ രീതി ആയോ ഒരു സമൂഹം എന്ന നിലയില്‍ നാം ഇപ്പോഴും വിശ്വസിക്കുന്നു. അതുകൊണ്ടാണ് തെറ്റുചെയ്യുന്ന കുട്ടികളെ വീട്ടിലും സ്‌കൂളിലും ഒക്കെ നാം അടിക്കുന്നത്. അതുകൊണ്ടാണ് ഒരു കള്ളനെയോ സ്ത്രീപീഡനക്കാരനെയോ പൊതുജന മധ്യത്തില്‍ കിട്ടിയാല്‍ നാം ഒന്നു 'പെരുമാറുന്നത്.'

അതുപോലെ ലോക്കപ്പില്‍ വെച്ച് ആളുകളെ കൊല്ലുന്നത് പിന്തുണക്കുന്നില്ലെങ്കിലും കുറ്റവാളികള്‍ക്ക് പോലീസിന്റെ കയ്യില്‍ നിന്നും ശിക്ഷ കിട്ടുന്നത് അന്യായമായി നാം കരുതുന്നും ഇല്ല. കുറ്റവാളികള്‍ പലപ്പോഴും കോടതികളില്‍ ശിക്ഷിക്കപ്പെടാത്തതും ഇതിനൊരു കാരണം ആണ്.

കുറ്റവാളികളെ ലോക്കപ്പില്‍ കുനിച്ചുനിര്‍ത്തി ഇടിക്കുകയോ അതിലപ്പുറം ചെയ്യുകയോ ചെയ്യുന്നവര്‍ ചന്ദ്രനില്‍ നിന്നും വന്നവരല്ല എന്ന പ്രസ്താവനയോടെയാണ് ബിഷപ്പ് കുക്ക അധ്യായം അവസാനിപ്പിക്കുന്നത്. കുറ്റം തെളിയിക്കാനോ കുറ്റവാളികളെ തിരുത്താനോ മര്‍ദ്ദനം ഉപകരിക്കുമെന്നതിന് ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാതിരിക്കെ ഇതു തുടരുന്നത് ഒരു സമൂഹം എന്ന നിലയില്‍ നമ്മുടെ പരാജയം ആണ്. ഇതിന്റെ പ്രതിവിധി സമൂഹത്തിലെ എല്ലാ തലത്തിലും എല്ലാ സാഹചര്യത്തിലും ആളുകളെ അടിച്ചൊതുക്കുന്ന രീതി അവസാനിപ്പിക്കലാണ്. വീടുകളില്‍നിന്നും, സ്‌കൂളുകളില്‍നിന്നും പൊതുസ്ഥലങ്ങളില്‍നിന്നും ശാരീരികപീഡനം വഴിമാറുമ്പോള്‍ അങ്ങനെ ഉള്ള ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന പോലീസ് സ്റ്റേഷനിലും മൂന്നാംമുറ ഇല്ലാതാകും.

തുമ്മാരുകുടി കഥകള്‍
 

(55%) (4 Votes)

 

 

Other News in this Section