കക്കാന്‍ പഠിച്ചാല്‍ പോരേ..?
മുരളി തുമ്മാരുകുടി വര:മദനന്‍
Posted on: 22 Sep 2011

''ചേട്ടന്റെ പുളു കുറേ കൂടുന്നുണ്ട്. വായിക്കുന്നവരും ലോകം കണ്ടവരും സാമാന്യബുദ്ധി ഉള്ളവരും ആണെന്ന് ഓര്‍മ്മിക്കുന്നത് നന്ന്..''
വേലക്കാരന്റെ കഥ എന്ന എന്റെ ലേഖനം വായിച്ചിട്ട് ഒരു സുഹൃത്ത് സ്വകാര്യമായി എഴുതിയതാണ്.
എനിക്ക് സന്തോഷവും വിഷമവും ഒരുമിച്ച് വന്നു. കാരണം വേലക്കാരന്റെ കഥ പോലെ ഒന്നു ഭാവനയില്‍ ചമക്കാനുള്ള കഴിവ് എനിക്കുണ്ടെന്ന് ഒരാള്‍ക്കെങ്കിലും തോന്നിയല്ലോ ആ കഴിവ് ഇല്ല എന്ന് അറിയാവുന്നതിനാലാണ് വിഷമം വന്നത്.
ഏതാണെങ്കിലും ഒന്നു ഞാന്‍ തീരുമാനിച്ചു ഇനി കഥ പറയുമ്പോള്‍ സത്യമോ ഭാവനയോ എന്ന് മുന്‍ കൂട്ടി പറയില്ല. ആളുകള്‍ ഇഷ്ടം പോലെ എടുക്കട്ടെ. അതിന് ഒരു ഗുണം ഉണ്ട്. പില്‍ക്കാലത്ത് ഇതിലെ നല്ല കൂറേ കഥകള്‍ എടുത്ത് ഒരു ചെറുകഥാ സമാഹാരം ഇറക്കാം. എന്നിട്ടത് അവാര്‍ഡിന് അയച്ചുകൊടുക്കാം. വല്ലതും തടഞ്ഞാലോ?. എന്റെ ഇപ്പോഴത്തെ ഫ്രീസ്‌റ്റൈല്‍ പുളുവിന് കേരളത്തിലോ, കേന്ദ്രത്തിലോ അവാര്‍ഡ് ഇല്ല. അടുത്തൊന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല.
വാസ്തവം പറഞ്ഞാല്‍ ഒരു അവാര്‍ഡ് കിട്ടണം എന്ന ആഗ്രഹം എനിക്കുണ്ട്. അതിന്റെ കാരണം കേരളത്തില്‍ എഴുത്തുകാരന്‍മാര്‍ക്ക് സാമ്പത്തിക ലാഭം കുറവാണ്. 200 പേജിന്റെ പുസ്തകം എഴുതിയാലേ നൂറുരൂപയ്ക്ക് വില്‍ക്കാന്‍ പറ്റു. നൂറുരൂപയ്ക്ക് പുസ്തകം വിറ്റാല്‍ നൂറുരൂപയ്ക്ക് 12 രൂപയാണ് എഴുത്തുകാരന് കിട്ടുന്നത്. അതും ഒരു വര്‍ഷം കഴിഞ്ഞ്. മലയാളത്തിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരുടെ പുസ്തകം പോലും ഒരു ലക്ഷത്തില്‍ താഴെയാണ് വിറ്റിട്ടുള്ളത്. ശരാശരി ആയിരങ്ങളില്‍ ഒതുങ്ങും. പബ്ലിക്കേഷന് മുന്‍പ് അഡ്വാന്‍സും ''മില്യന്‍ കോപ്പീസ് സോള്‍ഡ്''ഒന്നും നമുക്ക് ഉള്ളതല്ല. തൊഴിലുറപ്പ് പദ്ധതിപ്രകാരം കുളം കുഴിക്കാന്‍ പോകുന്ന അത്രപോലും വരുമാനമോ ഗാരന്റിയോ ഇല്ല എഴുത്തുപണിക്ക്.
പിന്നെ ഏക ആശ്വാസം ഒരു അവാര്‍ഡ് ആണ് റൊക്കമായി കുറച്ചു പൈസ കിട്ടും. ഒരു യാത്ര. യാത്രപ്പടി. കുറച്ചുപബ്ലിസിറ്റി. ഭാഗ്യം ഉണ്ടെങ്കില്‍ വല്ല സിനിമാക്കാരും കഥ കാണും. വായിക്കും. എന്നാല്‍ അതും ആയി.
പക്ഷെ ഒരു അവാര്‍ഡ് സംഘടിപ്പിച്ചെടുക്കുക അത്ര എളുപ്പം അല്ല. നമ്മള്‍ മലയാളികള്‍ ഒരുകണക്കിന് അവാര്‍ഡിന്റെ കാര്യത്തില്‍ ധാരാളികളും മറുവശത്ത് പിശുക്കരും ആണ്. പൊതുവെ നോക്കിയാല്‍ നമ്മള്‍ രണ്ടുതരം ആളുകള്‍ക്ക് ആണ് അവാര്‍ഡ് കൊടുക്കുന്നത്.
1. അവാര്‍ഡിന്റെ ആവശ്യം തീരെ ഇല്ലാത്തവര്‍. ഉദാഹരണം മമ്മൂട്ടി, മോഹന്‍ലാല്‍, എം.ടി, ഒ.എന്‍.വി, യേശുദാസ് എന്നിവര്‍ . ഇവര്‍ക്ക് വര്‍ഷാവര്‍ഷം എന്തിന്റെയെങ്കിലും ഒക്കെ പേരില്‍ എവിടെയെങ്കിലും വച്ച് അവാര്‍ഡ് കൊടുക്കാന്‍ ലോകം എമ്പാടും ഉള്ള മലയാളികള്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി മത്സരിക്കുകയാണ്. ഇവരെ മറുനാട്ടില്‍ എത്തിക്കാന്‍ മാത്രം അവാര്‍ഡ് ഉണ്ടാക്കുന്ന വരെ എനിക്കറിയാം.
ഇവര്‍ എല്ലാം അനുമോദനാര്‍ഹര്‍ എങ്കിലും മുപ്പതുവര്‍ഷം (അതിലും കൂടുതലും) കൊടുത്തതു പോരെ. അടുത്ത തലമുറക്കല്ലേ അവാര്‍ഡിന്റെ ആവശ്യം കൂടുതല്‍ . 2040 - ല്‍ നമ്മുടെ സംസ്‌കാരികരംഗത്തെ നയിക്കുന്നവരെ നമ്മള്‍ ഇപ്പോഴും കണ്ടെത്താത്തത് എന്താണ്?
2. അവാര്‍ഡ് മാത്രം കിട്ടുന്നവര്‍ . പേര് പറയുന്നില്ല. എങ്കിലും ജനപ്രിയം അല്ലാത്ത കലാരൂപത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവര്‍ ആയിരിക്കും ഇവര്‍. ഇവരുടെ കലയില്‍ നമ്മള്‍ താല്പര്യം എടുക്കില്ല. പക്ഷെ മനസ്സാക്ഷിക്കുത്ത് മാറ്റാന്‍ ആശാന് ഒരു അവാര്‍ഡും പുടവയും കൊടുക്കും.
രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും ഇടക്കെങ്കിലും നമ്മള്‍ ഒരു അവാര്‍ഡ് കൊടുക്കാറുണ്ട്. എന്നാല്‍ നമ്മുടെ സമൂഹം തീരെ അവാര്‍ഡ് കൊടുക്കാത്ത വര്‍ഗം ആണ് എഞ്ചിനീയര്‍മാര്‍ . പൊതുജനങ്ങള്‍ക്ക് വേണ്ടി ഏറ്റവും ഗുണകരം ആയ കാര്യങ്ങള്‍ ചെയ്യുന്നവരായിട്ടും കേരളത്തില്‍ ഇന്നുവരെ കാണാത്ത അത്ര നന്നായി എം.സി. റോഡ് പുതുക്കി പണിത എഞ്ചിനീയര്‍ക്കോ, കോഴിക്കോട് വിമാനതാവളം സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയ എഞ്ചിനിയര്‍ക്കോ വേണ്ടി നമുക്ക് ഒരു അവാര്‍ഡുമില്ല മണ്ണാങ്കട്ടയും ഇല്ല.
''അവര്‍ പണിതിട്ടുണ്ടെങ്കില്‍ ശമ്പളവും മേടിച്ചിട്ടുണ്ട്''
സിനിമാതാരങ്ങള്‍ക്കും മറ്റും എന്താകൂലി കുറവാണോ?. ഏതാണെങ്കിലും ഒരു അവാര്‍ഡിനുള്ള പണി ഞാന്‍ തുടങ്ങിവച്ചിട്ടുണ്ട്. ഗള്‍ഫിലുള്ള സുഹൃത്തുക്കളോട് പറഞ്ഞ് ഏല്പിച്ചു. ഇനി എല്ലാം സമയം പോലെ നടക്കട്ടെ കിട്ടിയാല്‍ പറയാം.
അതവിടെ നില്കട്ടെ. ഇന്നത്തെ കഥ പറയാം ഇതു സത്യമോ ഭാവനയോ ആകാം.
കഥ നടക്കുന്നത് ഒരു സ്‌ക്കൂളില്‍ ആണ് പ്രായം പതിനാല്, ക്ലാസ് ഒമ്പത്.
ഒമ്പതാം ക്ലാസില്‍ വച്ചാണ് കെമിസട്രിലാബ് ആദ്യമായി കാണുന്നത്. അമ്ലങ്ങള്‍, ക്ഷരങ്ങള്‍, ടെസ്റ്റ് ട്യൂബ്, പിപ്പറ്റ് എല്ലാം പുതുമതന്നെ.
ഹൈഡ്രജന്‍ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് പഠിപ്പിച്ചത് മത്തായി സാറാണ്.
''സള്‍ഫ്യൂരിക്ക് ആസിഡും നാകവും തമ്മില്‍ സംയോജിപ്പിച്ചാല്‍ ഹൈഡ്രജന്‍ ഉണ്ടാകും'' സാര്‍ അത് ക്ലാസില്‍ കാണിച്ചുതരികയും ചെയ്തു. ഹൈഡ്രജന്‍ ഉണ്ടാക്കിയിട്ട് എന്തുകാര്യം എന്നു സാര്‍ പറഞ്ഞു തന്നില്ല. പാറ്റ ശ്വസിക്കുന്നത് പാര്‍ശ്വഭാഗത്തു കൂടെ ആണെന്നോ മറ്റോ ബയോളജി സാറും പറഞ്ഞു. ഇതൊക്കെ പഠിച്ചിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ?
ഹൈഡ്രജന്റെ അറിവ് പക്ഷെ യൂസ്‌ലെസ്സ് അല്ല. പള്ളി പെരുന്നാളിന് വരുന്ന ബലൂണ്‍ കച്ചവടക്കാരന്റെ ബലൂണ്‍ മുകളിലേക്ക് പോകുന്നത് ഹൈഡ്രജനാണെന്ന് ആരോ പറഞ്ഞ അറിവ് ഞങ്ങള്‍ക്ക് ഉണ്ട്.
കുറച്ച് ആസിഡു കിട്ടിയിരുന്നെങ്കില്‍..... ഒരു ബലൂണ്‍ വിടാമായിരുന്നു എന്ന് ജയനേപ്പോലെ ഞങ്ങളും ഓര്‍ത്തു. (അത്ര നീട്ടി ഓര്‍ത്തില്ല, കാരണം അന്ന് ജയന്‍ രംഗത്തില്ല) നാകം ഉണ്ടാക്കുന്നത് ബുദ്ധിമുട്ടല്ല. പഴയ എവറെഡി ബാറ്ററി തുറന്നാല്‍ മതി. അപ്പോള്‍ ടെക്‌നോളജി റെഡി. നാകം ശരിയാക്കാം, വേണ്ടത് ആസിഡ് ആണ്. അത് കെമിസ്ട്രിലിബിലും എങ്ങനെ സാറിന്റെ കണ്ണുവെട്ടിച്ച് ആസിഡ് കടത്തു?
കമ്മിറ്റി കൂടി. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തീരുമാനം ആയി.
ലാബില്‍ നിന്നും ഒരു ടെസ്റ്റ് ട്യൂബില്‍ ആസിഡ് എടുക്കുക. അത് അരയില്‍ വച്ച് മുണ്ട് മുറുക്കി ഉടുക്കുക (അന്ന് യൂണിഫോം ഇല്ല) പിന്നെ ക്ലാസിലേക്ക് നടക്കുക.
ആരു ചെയ്യും ഈ വീരകൃത്യം?
നറുക്കു വീണത് അന്ത്രുവിനാണ്. കാളവണ്ടിക്കാരന്‍ ഹംസയുടെ മകന്‍ പല ക്ലാസില്‍ തോറ്റാണ് ഞങ്ങളോട് ഒപ്പം എത്തിയത്. കൂട്ടത്തില്‍ വലുതാണ്. ഞങ്ങളുടെ ഹീറോ ആണ്.
അടുത്തയാഴ്ച ലാബ് കഴിഞ്ഞ് ക്ലാസിലേക്കു നടക്കവേ അന്ത്രു കണ്ണിറുക്കി.
''മിഷന്‍ അക്കംപ്ലീഷ്ഡ്''
ലാബ് കഴിഞ്ഞ് അവസാന പിരീഡ് മേരി സാറിന്റെ മലയാളം ആണ്. കഷ്ടകാലത്തിന് സാറു വന്നിട്ടില്ല. ഒരുമണിക്കൂര്‍ ചുമ്മാതിരുന്നേ പറ്റു. ഞങ്ങള്‍ക്ക് ആണെങ്കില്‍ ആവേശം അടക്കാന്‍ വയ്യ.
സാറമ്മാര്‍ ഇല്ലാത്ത ക്ലാസില്‍ കൂട്ടികളെ ചുമ്മാ ഇരുത്തി അവര്‍ കുസൃതികാണിച്ചാല്‍ അവരെ പിടിച്ച് അടിക്കുന്നത് അക്കാലത്തെ അദ്ധ്യാപകരുടെ ഒരു വിനോദം ആയിരുന്നു.
ക്ലാസ് വിട്ടാന്‍ പത്ത് മിനുട്ട് ഉള്ളപ്പോള്‍ താടിവേഷം ക്ലാസില്‍ എത്തി. ഞങ്ങള്‍ കുറച്ചുപേര്‍ കൂടിയിരുന്നു സംസാരിക്കുന്നത് താടി കണ്ടു. അടി ഉറപ്പ്.
മറ്റുള്ളവര്‍ കൈ വെള്ളയില്‍ ചൂരല്‍ വച്ച് അടിക്കുമ്പോള്‍ താടി ചന്തിക്കിട്ടാണ് അടിക്കുന്നത്. കാര്യങ്ങള്‍ കൈവിടുന്നതായി ഞങ്ങള്‍ക്ക് ബോധ്യമായി. കക്കാന്‍ പഠിച്ചാല്‍ പോരാ നില്ക്കാനും പഠിക്കണം എന്ന പഴഞ്ചൊല്ല് ഈ സീറ്റുവേഷന്‍ മുന്നില്‍കണ്ട് ഉണ്ടാക്കിയത് ആകണം.
ഓരോരുത്തരെയായി വിളിച്ചുനിര്‍ത്തിയിട്ടാണ് അടി. അന്ത്രുവിന്റെ ചന്തിയില്‍ അടിച്ചതും അവന്‍ ''ഉമ്മോ'' എന്നു പറഞ്ഞ് പുറത്തേക്ക് ഓടിയതും ഒരുമിച്ചുകഴീഞ്ഞു.
'അന്ത്രു അവന്റെ ബാപ്പയെ വിളിക്കാന്‍ പോയതാണ്' ആരോ പറഞ്ഞു.
അന്ത്രുവിന്റെ ബാപ്പ അല്പം പിശകാണ്. ഇത് നാട്ടില്‍ എല്ലാവര്‍ക്കും അറിയാം പേടിച്ചു പോയ താടി പുറത്തേക്ക് ഓടി.
കാര്യം അറിയാവുന്ന ഞങ്ങള്‍ പുറകേയും.
അന്ത്രുവിന്റെ ഓട്ടം അവസാനിച്ചത് സ്‌ക്കൂളിന്റെ പുറകിലുള്ള തോട്ടില്‍ ആണ്. ഉടുമുണ്ടൂരി തോട്ടില്‍ ഇരിക്കുന്ന അന്ത്രുവിനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
അന്ത്രു പിന്നെ സ്്ക്കൂളില്‍ വന്നില്ല. ഈ സംഭവത്തിലെ നാണക്കേടാവാം, അല്ലെങ്കില്‍ തന്നെ ആ കാലത്ത് ഒമ്പതാം ക്ലാസില്‍ പഠിത്തം നിര്‍ത്തുക എന്നത് പുതുമയോ അപൂര്‍വതയോ അല്ല.
ഈ കഥ ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ടെങ്കിലും അന്ത്രുവിനെ പിന്നെ കണ്ടില്ല. ഓര്‍ക്കൂട്ടും, ഫേസ്ബുക്കും ഒന്നും വെങ്ങോലയില്‍ ഇനിയും സാര്‍വത്രികം ആകാത്തതിനാല്‍ എന്റെ കൂടെ ഹൈസ്‌ക്കൂളില്‍ പഠിച്ച ജോളിയെ മാത്രമാണ് ഞാന്‍ ഫേസ് ബാക്കില്‍ കണ്ടിട്ടുള്ളത്.
ഈ കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് ഞാന്‍ ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ നില്ക്കുകയാണ് തൃക്കാക്കര മണ്ഡലത്തിലാണ് ഇടപ്പള്ളി. തൃക്കാക്കരയിലെ രണ്ടു സ്ഥാനാര്‍ത്ഥികളും വെങ്ങോലക്കാരും എന്റെ സ്‌ക്കൂളില്‍ പഠിച്ചവരും ആണ് അവരുടെ പ്രചാരണാര്‍ത്ഥം ധാരാളം വെങ്ങോളക്കാര്‍ സ്ഥലത്തുണ്ട്.
''ഇതു മുരളി അല്ലേ'' ഒരാള്‍ എന്റെ അടുത്തു വന്നു.
''അതെ, എനിക്ക് മനസ്സിലായില്ലല്ലോ''
''എടാ, ഞാന്‍ അന്ത്രു, അന്ന് ആസിഡും കൊണ്ട് ഓടിയില്ലേ?.''
നിനക്ക് എന്താടാ പണി?'' അന്ത്രുവിന്റെ ചോദ്യം, ഞാന്‍ ഉത്തരം പറഞ്ഞു.
''എനിക്ക് മണ്ണിന്റെ ബിസിനസ്സാ''
''നിന്റെ പിള്ളേരെല്ലാം എന്തോരം ആയി'' അന്ത്രുചോദിച്ചു
''അവര്‍ സ്‌ക്കൂളിലാണ്.''
''സ്‌ക്കൂളിലോ, എന്റെ ആണ്‍ പിള്ളേരെല്ലാം ഗള്‍ഫില്‍ ആണ്. പെണ്ണുങ്ങളുടെ കല്ല്യാണം കഴിഞ്ഞ് പിള്ളേരായി.''
തിലകന്‍ കിലുക്കത്തില്‍ പറഞ്ഞപോലെ ''മുപ്പത്തിമൂന്നുവര്‍ഷമായി ഞാന്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടി''
മടിക്കുത്തിലെ ആസിഡിനും ചന്തിയിലെ താടിയുടെ അക്രമത്തിനും ഇടയില്‍പെട്ട് മര്‍മ്മത്തിന് നാശനഷ്ടങ്ങള്‍ ഉണ്ടായോ എന്ന് ഞങ്ങള്‍ കൂട്ടുകാര്‍ അന്ന് പേടിച്ചിരുന്നു. ഈശ്വരന്‍ തുണച്ചു.
തുമ്മാരുകുടി കഥകള്‍
(68%) (5 Votes)
Explore Mathrubhumi
Other News in this Section





