ശാസ്ത്രം തോറ്റു ബോണ്ട ജയിച്ചു
മുരളി തുമ്മാരുകുടി വര:മദനന്‍
Posted on: 06 Sep 2011

ഈയിടെ ഫേസ് ബുക്കില്‍ വന്ന ഒരു തമാശയാണ്.
''1990 കളില്‍ ഒരു ബോണ്ടയുടെ വില 50 പൈസ, മൊബൈല്‍ കോളിന് 5 രൂപ, 2010 ല്‍ ബോണ്ടയുടെ വില 5 രൂപ, മൊബൈല്‍ കോളിന് 50 പൈസ''
ശാസ്ത്രം തോറ്റു. ബോണ്ട ജയിച്ചു.
വാസ്ത്‌വത്തില്‍ മൊബൈല്‍ ഫോണിന്റെ ചിലവ് കുറഞ്ഞത് ശാസ്ത്രത്തിന്റെ വിജയം ആണ്. പക്ഷെ പുതിയ തലമുറ ഫേസ്ബുക്കിലൂടെ ശാസ്ത്രത്തെ പിന്നെയും തോല്പിച്ചു.
ശാസ്ത്രത്തിന്റെ ഈ തോല്‍വി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ശാസ്ത്രജ്ഞന്‍മാരെ വിചാരണ ചെയ്തു, ശാസ്ത്രഗ്രന്ഥങ്ങളെ ചുട്ടുകരിച്ചും കപട വിശ്വാസങ്ങസെ ശാസ്ത്രമാക്കി അംഗീകരിച്ചും അന്ധവിശ്വാസങ്ങളെ ശാസ്ത്രം കൊണ്ടുപൊതിഞ്ഞു. പലരും പലവട്ടം ശാസ്ത്രത്തെ തോല്പിച്ചിട്ടുണ്ട്.
പിന്നെ മറ്റേ എം.ടിയുടെ (ഒരു എം.ടി ഞാന്‍) ചന്തു പറഞ്ഞപോലെ
''തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ശാസ്ത്രത്തിന്റെ ജീവിതം പിന്നെയും ബാക്കി''
നമ്മള്‍ എല്ലാവരും ശാസ്ത്രത്തിന്റെ ഗുണഭോക്താക്കളും ഭൂരിഭാഗം സമയത്തും ശാസ്ത്രവീക്ഷണത്തോടെ ജീവിക്കുന്നവരും ആണ്. ജീവിതത്തിന്റെ എല്ലാ വശത്തും പ്രത്യേകിച്ചും ആരോഗ്യരംഗത്ത് ശാസ്ത്രം മനുഷ്യ ജീവിതത്തെ സഹായിക്കുകയും വലിച്ചു നീട്ടുകയും ചെയ്തുവല്ലോ. ശാസ്ത്രത്തിന്റെ (കറണ്ടിന്റേയും) സഹായത്തില്‍ നമ്മള്‍ നാടുനീളെ നമ്പൂരിമാരെ പിടിച്ച് പനയുടെ മുകളില്‍ കയറ്റിയ യക്ഷിമാരെ അവിടെ നിന്നോടിച്ച് ടി.വി.സെറ്റില്‍ കയറ്റിയതും ശരിയാണ്. എന്നാലും നമ്മുടെ ശാസ്ത്രീയ വീക്ഷണം ഇപ്പോഴും പലപ്പോഴും ''സാമാന്യബോധത്തിന്റെ'' പിറകില്‍ ആണ്. ഇതിന്റെ പ്രധാനകാരണം പൊതുജനാഭിപ്രായവും സാമാന്യബോധവും പറയുന്നതിനെതിരെ ശാസ്ത്രം നില്ക്കുമ്പോള്‍ ശാസ്ത്രത്തിനു വേണ്ടി വാദിക്കാന്‍ ശാസ്ത്രജ്ഞന്‍മാര്‍ മടി കാണിക്കുന്നതാണ്. ഇതിന് കേരളത്തില്‍ പല ഉദാഹണങ്ങള്‍ ഉണ്ട്.
പക്ഷെ ഏറ്റവും എളുപ്പമുള്ളത് പറയാം.
''മദ്യം ആരോഗ്യത്തിന് ഹാനികരം ആണോ?.'' കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളുടേയും, ആത്മഹത്യകളുടേയും, പെണ്‍വാണിഭത്തിന്റേയും, കൊട്ടേഷന്‍ സംഘങ്ങളുടെയും പുറകില്‍ ഒക്കെ മദ്യത്തിന് പങ്കുള്ളതിനാല്‍ സാമന്യ ബുദ്ധിയും പൊതുജനാഭിപ്രായവും മദ്യത്തിന് എതിരാണ്.
ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായമോ?.
ഞാന്‍ കേരളത്തിലെ പല ഡോക്ടര്‍മാരോടും ഈ കാര്യം ചര്‍ച്ചചെയ്തിട്ടുണ്ട്. അവരെല്ലാം തന്നെ മദ്യപാനം കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ദിവസവും കാണുന്നവരാണ്. അതുകൊണ്ട് അവരുടേയും അഭിപ്രായം ഇതുതന്നെ ആണ്.
എന്നാല്‍ ശാസ്ത്രത്തിന്റെ അഭിപ്രായം എന്താണ്?.
നാല്പതുവയസിനു മുകളിലുള്ള ആളുകള്‍ സ്ഥിരമായും മിതമായും മദ്യപിക്കുന്നത് അവരില്‍ ഹൃദ്രോഗത്തിന്റേയും സട്രോക്കിന്റെയും സാധ്യത കുറക്കുമെന്നാണ് എല്ലാ പഠനങ്ങളും തെളിയിക്കുന്നത്. മിതമെന്നാല്‍ ഒരു പെഗ് വിസ്‌ക്കി, ഒരു ഗ്ലാസ് വൈന്‍ അല്ലെങ്കില്‍ ഒരു ബിയര്‍ . ഇതില്‍ തന്നെ ഒരു ഗ്ലാസ് ചുവന്ന വൈന്‍ കൂടിക്കുന്നതിന് പ്രത്യേക ഗുണവും ഉണ്ടത്രെ.
ശാസ്ത്രം ഇതായിട്ടും എന്തുകൊണ്ടാണ് നമ്മുടെ ശാസ്ത്രജ്ഞന്‍മാര്‍ പൊതു ചര്‍ച്ചകളിലോ, ലേഖനങ്ങളിലോ ഇക്കാര്യം ജനങ്ങളോടു പറയാത്തത്?.
-അതിന് ആരെങ്കിലും മിതമായി മദ്യപിച്ചിട്ടു വേണ്ടേ?.
-അങ്ങനെ മിതമാണെന്നു പറഞ്ഞു തുടങ്ങും പിന്നെ അതൊരു ശീലമാകും. അങ്ങനെ വെളുക്കാന്‍ തേച്ചതു പാണ്ടാകം..
ഇതു രണ്ടും സത്യമാണ്. എന്നാലും ശാസ്ത്രം മാറുന്നില്ലല്ലോ?.
ആളുകള്‍ അധികം മദ്യം കഴിക്കുന്നതിന്റേയും മദ്യപാനികള്‍ ആയിപ്പോകുന്നതിന്റേയും കാരണം മദ്യമാണോ? ചുരുങ്ങിയത് മദ്യം മാത്രം ആണോ?
എല്ലാ കുറ്റവും മദ്യത്തിന്റെ മേല്‍ വച്ചുകെട്ടുമ്പോള്‍ നമ്മള്‍ മൂന്ന് തെറ്റുകളാണ്് ചെയ്യുന്നത്.
1. മലയാളികളെ മദ്യത്തിലേക്കു നയിക്കുന്ന സാമൂഹ്യസാമ്പത്തിക കാരണങ്ങളെക്കുറിച്ച് ശരിയായി പഠിക്കാന്‍ നാം ശ്രമിക്കുന്നില്ല. കാരണം പ്രശ്‌നം മദ്യമാണല്ലോ. ഷാപ്പ് പൂട്ടിയാല്‍ പ്രശ്‌നം തീരും. അതുകൊണ്ടാണല്ലോ ഘട്ടം ഘട്ടമായി മദ്യം നിരോധിക്കാന്‍ സര്‍ക്കാരും ശ്രമിക്കുന്നുത്.
2. മദ്യത്തിന്റെ ഗുണ വശങ്ങളെപ്പറ്റി അറിയാനോ ലോകത്ത് പല സ്ഥലത്തും ചെയ്യുന്നതുപോലെ മാന്യമായി മദ്യപിക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് പോലും സാധിക്കുന്നില്ല.
3. ശാസ്ത്രത്തെ നമ്മുടെ ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്നതിലൂടെ ശാസ്ത്രീയ വീക്ഷണം ഉള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ നമ്മള്‍ പങ്കാളികള്‍ ആകുന്നില്ല.
ഈ കാര്യം ഒന്നും നമ്മുടെ ഡോക്ടര്‍മാര്‍ക്ക് അറിയാഞ്ഞിട്ടല്ല. എന്നാല്‍ പൊതുജനാഭിപ്രായത്തിന് എതിരായുള്ള ഒരു പക്ഷം അവരെടുത്താല്‍ അവര്‍ ആക്രമിക്കപ്പെടും. വിജയ്മല്യയുടേയോ മറ്റു മദ്യ രാജാക്കന്‍മാരുടേയോ ആളുകളായി അവര്‍ അവതരിപ്പിക്കപ്പെടും. അതുകൊണ്ടാണ് ഉത്തേജക വസ്തുക്കള്‍ മുതല്‍ മുടി നീളാനുള്ള എണ്ണക്കുരു വരെ പരസ്യം ചെയ്യാന്‍ ആയുര്‍വേദവും അലോപ്പതിയും പഠിച്ച ഡോക്ടര്‍മാരെകിട്ടുന്ന രാജ്യത്ത് 'Healthy drink'' പ്രമോട്ട് ചെയ്യാന്‍ ഒരു ആളെ പോലും കാണാത്തത്.
പ്രശ്‌നം മദ്യത്തില്‍ മാത്രം അല്ല. വെളിച്ചെണ്ണയുടെ കാര്യം എടുക്കാം ശാസ്ത്രീയമായി പറഞ്ഞാല്‍ വെളിച്ചെണ്ണയുടെ അമിതമായ ഉപയോഗം മനുഷ്യനു നല്ലതതല്ല. എന്നാല്‍ ഈ കാര്യം കേരളത്തിലെ ഏതെങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രഭാഷണത്തിലോ, പ്രബന്ധത്തിലോ പറഞ്ഞാല്‍ അയാള്‍ ഉത്തരേന്ത്യന്‍ ലോബി ആയി. വെളിച്ചെണ്ണയുടെ ഉപയോഗം ആരോഗ്യത്തിനു നല്ലതാണെന്നു വരെ പ്രബന്ധങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെ ആണ്.
''വാസ്തവത്തില്‍ ഈ വെള്ളിച്ചെണ്ണ ബുദ്ധിയുണ്ടാകാന്‍ വളരെ നല്ലതാണ്, അതു സ്ഥിരമായി ഉപയോഗിക്കുന്നത് കൊണ്ടാണ് മലയാളികള്‍ക്ക് ഇത്രബുദ്ധി''
ഇത് പറഞ്ഞത് ഒരു ഡോക്ടര്‍ അല്ല. ആസാമില്‍ നിന്നും ഐ.ഐ.ടിയില്‍ പഠിക്കാന്‍ വന്ന അരൂപ്കുമാര്‍ മിശ്ര ആണ്. ഞങ്ങള്‍ 8-10 പേര്‍ പതിവു പോലെ രാത്രി ഒരു മണിക്ക് ലാബ് ജോലി കഴിഞ്ഞ് ഐ.ഐ.ടിയിലെ അഞ്ചാം നമ്പര്‍ ഹോസ്റ്റലിന്റെ പുല്‍ത്തകടിയില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞ് ഇരിക്കുകയാണ്. അരൂപിനെ കൂടാതെ ബംഗാളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരും ഉണ്ട്. അവരോടാണ് അരൂപിന്റെ ഈ പ്രസ്ഥാവന.
എനിക്കത് ഇഷ്ടപ്പെട്ടു. നമ്മള്‍ മലയാളികള്‍ക്ക് മറ്റു നാട്ടുകാരേക്കാള്‍ ബുദ്ധിയുണ്ടന്ന് ചെറുപ്പം തൊട്ടുകേള്‍ക്കുന്നതിനാല്‍ നമുക്കറിയാം. എന്നാലും അതൊരു ആസാംകാരന്‍ മറ്റു പല നാട്ടുകാരുടേയും മുന്‍പില്‍ വച്ച് സമ്മതിച്ചുതരുന്നതിന്റെ ഗമ ഒന്നു വേറെ തന്നെ അല്ലേ.
പണി എപ്പോള്‍ നിര്‍ത്തണം എന്നറിയാവുന്നവനാണ് ഒരു ഉത്തമകലാകാരന്‍ എന്ന് ഷെര്‍ലോക്ക് ഹോംസ് പറഞ്ഞത് ഞാന്‍ പലവട്ടം വായിച്ചതാണ്. എന്നാലും എന്നിലെ ശാസ്ത്രബോധം കൊണ്ട് ഞാന്‍ പറഞ്ഞുപോയി.
''അതിന് മലയാളികള്‍ക്ക് മറ്റുള്ളവരേക്കാള്‍ പ്രത്യേക ബുദ്ധിയുണ്ടെന്നതിന് ശാസ്ത്രീയമായ തെളിവൊന്നും ഇല്ല''.
''അതെനിക്കറിയാം മുരളി പക്ഷേ നിങ്ങള്‍ ഈ വെളിച്ചെണ്ണ കൂടി ഉപയോഗിച്ചിരുന്നില്ലെങ്കില്‍ എന്തായേനേ സ്ഥിതി''
കൂട്ടച്ചിരികളുടെ ഇടയില്‍ ചമ്മി ഞാന്‍ സ്ഥലം വിട്ടു.
തുമ്മാരുകുടി കഥകള്‍
(55%) (4 Votes)
Explore Mathrubhumi
Other News in this Section





