LATEST NEWS

Loading...

Custom Search
+ -

ഒരു പുണ്യമാസത്തിന്റെ ഓര്‍മ്മ

മുരളി തുമ്മാരുകുടി

Posted on: 31 Aug 2011

 


''സ്റ്റാന്‍ഡേര്‍ഡ് ഊണ്'' എന്ന വാക്ക് ഇപ്പോള്‍ മലയാളിയുടെ നിഘണ്ടുവില്‍ ഇല്ല. എന്നാല്‍ ഇതത്ര പഴയ ഒരു വാക്ക് അല്ല. 1970-കളില്‍ ഹോട്ടലുകളുടെ മുന്‍പില്‍ ''ഊണ് റെഡി'' എന്ന ബോര്‍ഡിനു താഴെ ''സ്്റ്റാന്‍ഡേര്‍ഡ് ഊണ് 80 പൈസ'' എന്നോ മറ്റോ എഴുതി വെക്കാറുണ്ട്.

ഈ ബോര്‍ഡിന്റെ അര്‍ത്ഥം ഊണിന് ഹൈ സ്റ്റാന്‍ഡേര്‍ഡ് ആണെന്നതല്ല മറിച്ച് ഇല വച്ചാല്‍ ചോറ് ഒരു തവണ മാത്രമേ വിളമ്പൂ എന്നതാണ്, രണ്ടാമത് വേണം എന്നുളളവര്‍ക്ക് വേറെ ഓപ്ഷന്‍ ഉണ്ട്. അതിന്റെ പേര് ''സ്‌പെഷ്യല്‍ ഊണ്'' എന്നായിരുന്നു.

ഞാന്‍ ഇപ്പോഴത്തെ പോലെ തന്നെ പണ്ടും ഒരു കുടവയറന്‍ ആയിരുന്നു. ചെറുപ്പത്തില്‍ ഞാന്‍ ഒറ്റയിരുപ്പിന് പതിനെട്ട് ഇഡ്ഡലി കഴിച്ചിട്ടുണ്ട് എന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ ദീപാവലിക്ക് മാത്രം വീട്ടില്‍ ഉണ്ടാകാറുള്ള വിശിഷ്ട ഭോജ്യം ആയിരുന്നു അന്ന് ഇഡ്ഡലി. രാവിലെയും വൈകീട്ടും കഞ്ഞിയും ഉച്ചയ്ക്ക് ചോറും കഴിച്ചിരുന്ന ഞങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ വരുന്ന ഈ ഇഡ്ഡലിദിവസത്തെ ഏറെ താല്പര്യത്തോടും പ്രതീക്ഷയോടെയും ആണ് നോക്കിയിരിക്കാറുള്ളത്. അതുകൊണ്ട് ഈ പതിനെട്ട് ഇഡ്ഡലി കഴിച്ചത് വിശപ്പുകൊണ്ടു മാത്രമല്ല ആര്‍ത്തികൊണ്ടും ആയിരുന്നിരിക്കണം.

അങ്ങനെ ഉള്ള ഒരു ആര്‍ത്തിപ്പണ്ടാരം ആയിരുന്ന എന്നെ പുറത്തുകൊണ്ട് പോകുന്നതിനു മുന്‍പേ തന്നെ അമ്മാവന്‍ സ്്റ്റാന്‍ഡേര്‍ഡ് ഊണിന്റെ കഥയും പരിമിതിയും എനിക്ക് പറഞ്ഞു തന്നിരുന്നു. പിന്നെ എന്റെ കാര്യത്തില്‍ സങ്കടം തോന്നിയിട്ടാകണം കടയില്‍ ചെന്നപ്പോള്‍ അമ്മാവന്‍ എനിക്കു മത്രം സ്‌പെഷ്യല്‍ ഊണാണ് ഓര്‍ഡര്‍ ചെയ്തത്.

ഇതെല്ലാം ഞാന്‍ ഓര്‍ക്കാന്‍ കാരണം കഴിഞ്ഞ മാസത്തെ നാട്ടിലെ സന്ദര്‍ശനമാണ്. കര്‍ക്കിടകത്തില്‍ ഞാന്‍ നാട്ടില്‍ വന്നിട്ട് വളരെ നാളുകള്‍ കഴിഞ്ഞിരുന്നു. ഇത്തവണയും ഞാന്‍ അത് അറിഞ്ഞില്ല. തൃപ്രയാര്‍ അമ്പലത്തിലേക്കുള്ള വഴിയില്‍ വലിയ തിരക്ക് കണ്ടപ്പോഴാണ് ഇതെല്ലാം നാലമ്പദര്‍ശനത്തിന്റെ തിരക്കാണെന്നും ഇപ്പോള്‍ പൂണ്യമാസവും നാലമ്പലദര്‍ശനത്തിന്റെ കാലവും ആണെന്ന് തികഞ്ഞ വിശ്വാസിയായ അമ്പിളി പൂര്‍ണഅവിശ്വാസി ആയ എനിക്ക് പറഞ്ഞു തന്നത്.

ഇപ്പോള്‍ കര്‍ക്കിടകം പുണ്യമാസത്തിന് പുറമേ രാമായണമാസവും ആണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള അമ്പലങ്ങളില്‍ രാമായണപാരായണം നടത്തുന്നു. വീടുകളില്‍ വായിക്കാന്‍ അറിയാവുന്നവര്‍ക്ക് ഉള്ളിടത്ത് വേറേയും വായിക്കാന്‍ അറിയാത്തവര്‍ക്ക് കാസറ്റ് വാങ്ങി വീട്ടിലോ വണ്ടിയിലോ ഇട്ടു കേള്‍ക്കുന്നു. തൃശ്ശൂരിനെ ചുറ്റിപ്പറ്റിയും പാലാ രാമപുരത്തെ ചുറ്റിപ്പറ്റിയും ശ്രീരാമ,ഭരത,ലക്ഷമണ,ശത്രുഘ്‌നന്‍മാരുടെയ അമ്പലങ്ങള്‍ ഒറ്റ ദിവസം കണ്ട് തൃപ്തി അടയാനും പുണ്യം നേടാനും കാറുകളിലും ടൂറിസ്റ്റ് ബസ്സുകളിലും ആളുകള്‍ കൂട്ടമായി പായുന്നു.

ഇതു മാത്രമല്ല. കര്‍ക്കിടകം ഇപ്പോള്‍ ചികിത്സകളുടെ കാലവും ആയിട്ടാണ് പറയുന്നത്. പണ്ടെല്ലാം മരുന്നുകഞ്ഞി, അതും ശരിക്കു കഞ്ഞി കുടിക്കാന്‍ ഇല്ലാത്തവര്‍ കഴിച്ചിരുന്നത് മാത്രമായിരുന്ന കര്‍ക്കിടകത്തില്‍ ഇപ്പോള്‍ സുഖചികിത്സ തൊട്ട് ഏതു ചികില്‍സയും നടത്താന്‍ പറ്റിയ സമയമാണെന്ന് ആളുകള്‍ വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കര്‍ക്കടകത്തെപ്പറ്റി ഇപ്പോള്‍ കേള്‍ക്കാത്ത ഒരു വാക്ക് അത് ''പഞ്ഞമാസം'' ആണെന്നതാണ്. വാസ്തവത്തില്‍ ''പഞ്ഞം'' എന്നവാക്കും നിഘണ്ടുവില്‍ നിന്നും മാറുകയാണ്. കാസറ്റ് കടക്കാര്‍ക്കും, ടൂറിസ്റ്റ് ബസ്സുകള്‍ക്കും, ആയുര്‍വേദാശുപത്രികള്‍ക്കും തുടങ്ങി എല്ലാ അനുബന്ധപ്രസ്ഥാനക്കാര്‍ക്കും ഇതിപ്പോള്‍ ഒരു കോളു മാസം ആണ്.

എന്റെ ചെറുപ്പകാലത്ത് കര്‍ക്കടകത്തെ പഞ്ഞമാസം എന്നാണ് പറഞ്ഞിരുന്നത്. പാടത്തെ പണിയെല്ലാം കഴിഞ്ഞ് വിളവെടുപ്പിനു മുന്‍പുള്ള സമയം ആണ്. ഞങ്ങളുടേതുള്‍പ്പടെ നാട്ടിലെ എല്ലാ വീടുകളിലേയും നെല്ലിന്റെ അളവ് താഴേക്ക് വരുന്നു. ഭക്ഷണം മൂന്നുനേരത്തില്‍ നിന്നു രണ്ടുനേരം ആയി ചുരുക്കുന്നു. ചുറ്റിലും അതും ഇല്ലാത്തവര്‍ ഉണ്ട്.

ഞാന്‍ പഠിച്ച സ്‌ക്കൂളില്‍ കര്‍ക്കിടകമാസത്തില്‍ ഒരു പ്രത്യേകത ഉണ്ടിയരുന്നു. ഉച്ചകഴിഞ്ഞുള്ള ക്ലാസുകളില്‍ അധ്യാപകര്‍ ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയാത്തവരെ പതിവുപോലെ എഴുന്നേറ്റ് നിര്‍ത്തും. എന്നിട്ട് ചൂരല്‍ പ്രയോഗം നടത്തുന്നതിനു മുന്‍പ് ചോദിക്കും

''ഇതില്‍ ആരൊക്കെ ഇന്ന് ഉച്ചയ്ക്ക് ചോറു കഴിച്ചു''
അന്ന് സ്‌ക്കൂളില്‍ സൗജന്യഉച്ചഭക്ഷണം ഇല്ല. കര്‍ക്കടകത്തില്‍ പകുതിയിലും കൂടുതല്‍ കുട്ടികള്‍ ഉച്ചയ്ക്ക് ഭക്ഷണം കൊണ്ടുവരാറില്ല. അവരെ ശിക്ഷിക്കുന്നത് ശരിയല്ല എന്നതോന്നല്‍ അദ്ധ്യാപകര്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ഉത്തരം പറയാത്തവരില്‍ ചോറുകൊണ്ടുവരാത്തവരെയെല്ലാം ഇരുത്തി ബാക്കിയുള്ളവര്‍ക്കാണ് അടികൊടുത്തിരുന്നത്.

1974-ല്‍ ആണെന്നാണ് എന്റെ ഓര്‍മ്മ കേരളത്തില്‍ അരിക്ക് രൂക്ഷമായ ക്ഷാമം ഉണ്ടായി. ഒരു കര്‍ക്കടകമാസത്തില്‍ പട്ടിണി കൊണ്ട് നട്ടം തിരിയുന്ന ആളുകളോട് അടുത്തെവിടെയെങ്കിലും വിളഞ്ഞ കപ്പത്തോട്ടം ഉണ്ടെങ്കില്‍ അതില്‍ ബലമായി കയറിപ്പറിച്ചെടുക്കാന്‍ ആഹ്വാനം ചെയ്തു. അതുകേട്ട് എന്റെ അമ്മാവന്‍ ചെയ്ത കാര്യം ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്നു. ആ കപ്പ മുഴുവന്‍ പറിച്ച് വില്‍ക്കുകയോ വാട്ടി വെയ്ക്കുകയോ ചെയ്യുന്നതിനു പകരം അമ്മാവന്‍ തോട്ടത്തില്‍ കൂറേ തൂമ്പകള്‍ കൊണ്ടുപോയി വച്ചു.

''പറിക്കാന്‍ വരുന്നവര്‍ വലിച്ചുപറിച്ചു ബുദ്ധിമുട്ടേണ്ടല്ലോ'' എന്നതായിരുന്നു അമ്മാവന്റെ ചിന്ത.

കര്‍ക്കിടകം പട്ടിണിയുടെ മാത്രമല്ല രോഗങ്ങളുടെയും ഒരു പരിധിവരെ മരണങ്ങളുടേയും സമയം ആയിരുന്നു. മഴ കനക്കുകയും മഴക്കാലത്തു വരുന്ന രോഗങ്ങള്‍ പടരുകയും ചെയ്യുന്നത് ഒരു വഴിക്ക്. പട്ടിണികൊണ്ട് ശരീരത്തിന്റെ പ്രതിരോധശക്തികുറയുന്നതും മരുന്നായി തുളസിവെള്ളം അല്ലാതെ മറ്റൊന്നും ഇല്ലാത്തത് മറുവശത്ത്. അങ്ങനെ വരുമ്പോള്‍ പ്രായമായ ആളുകള്‍ക്ക് മരിക്കാനുള്ള സാധ്യത ഉള്ള സമയവും ആയിരുന്നു കര്‍ക്കിടകം.

പഴയ കാലത്തെ വാഴ്ത്തുക എന്നതാണല്ലോ വയസ്സാവുന്നതിന്റെ പ്രധാന ലക്ഷണം. എന്റെ ചെറുപ്പത്തിലെ പഞ്ഞമാസം മാറി അതിപ്പോള്‍ പുണ്യമാസം ആയതില്‍ എനിക്ക് അതീവ സന്തോഷമേ ഉള്ളു. മരുന്നുകഞ്ഞി കമ്പനിക്കാരും ടൂര്‍ ബസ് ഓപ്പറേറ്റര്‍മാരും സ്‌പെഷ്യല്‍ പാക്കേജ് ഉണ്ടാക്കിയോ അമിത ചാര്‍ജ് വാങ്ങിയോ ആളുകളെ പറ്റിച്ചോട്ടെ. അതിനെല്ലാം ചിലവാക്കാനും സ്റ്റാന്‍ഡേര്‍ഡ് എന്നോ സ്‌പെഷ്യല്‍ എന്നോ നോക്കാതെ ഊണു കഴിക്കാനും മലയാളികള്‍ക്ക് പറ്റുന്നുണ്ടല്ലോ. അപ്പോള്‍ ഇത് പുണ്യമാസം തന്നെ.

ജനാധിപത്യ പ്രക്രിയകളോയും നേതാക്കളേയും കുറ്റം പറയുന്നതാണല്ലോ ഇപ്പോഴത്തെ ഫാഷന്‍. എന്നാലും ഒരു പഞ്ഞമാസം പട്ടിണിയില്ലാതായി തീര്‍ന്നത് ജനാധിപത്യത്തിന്റെ പുണ്യം (Democrate dirident) ആണെന്നു വിശ്വസിക്കാനാണ് അമര്‍ത്ത്യസെന്നിനേപ്പോലെ എനിക്കും ഇഷ്ടം.

തുമ്മാരുകുടി കഥകള്‍
 
(65.71%) (7 Votes)

 

 

Other News in this Section