യാമസുക്രോയിലെ ബസ്ലിക്ക
മുരളി തുമ്മാരുകുടി വര:മദനന്‍
Posted on: 20 Jul 2011

''അപ്പോ ചേട്ടന്‍ ആഫ്രിക്കയില്‍ ഒന്നും പോകാറില്ലേ?, അല്ല ഈ കഥകള്‍ മുഴുവന്‍ യൂറോപ്പിലും ഒബാമയിലും കിടന്നു കറങ്ങുന്നത് കണ്ടിട്ടു ചോദിച്ചെന്നേ ഉള്ളൂ''
ഫേസ്ബുക്കില്‍ എന്നോടൊരാള്‍ ചോദിച്ച ചോദ്യം ആണ്.
സത്യത്തില്‍ മറ്റുള്ള നാടുകളേക്കാള്‍ ഞാന്‍ സഞ്ചരിക്കുന്നത് ആഫ്രിക്കയില്‍ ആണ്. സമയവും സന്ദര്‍ഭവും വരാത്തതുകൊണ്ട് പറഞ്ഞില്ല എന്നേ ഉള്ളു. ഇപ്പോള്‍ ചോദിച്ചതുകൊണ്ടു പറയാം.
ഐവറി കോസ്റ്റ് എന്ന രാജ്യത്തെപ്പറ്റി മലയാളികള്‍ അധികം കേട്ടിട്ടുണ്ടാവില്ല. ഇതൊരു ഫ്രഞ്ച് കോളനി ആയിരുന്നതിനാല്‍ പണ്ടു മലയാളികള്‍ അങ്ങോട്ടു കുടിയേറി പാര്‍ത്തിട്ടില്ല. കാലാകാലമായി ആഭ്യന്തര യുദ്ധം നടക്കുന്നതിനാല്‍ മറ്റു തൊഴില്‍ അവസരങ്ങളും ഇല്ല. മലയാളികള്‍ക്ക് ഈ സ്ഥലത്തെപ്പറ്റി അറിയാത്തതിന് അവരെ കുറ്റപ്പെടുത്തേണ്ട.
പക്ഷെ മലയാളികള്‍ ഒരു കാര്യം കൊണ്ട് ഐവറി കോസ്റ്റിനെ ഓര്‍ക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ആണ്. 1970-കളുടെ അവസാനത്തില്‍ മലയാളി കര്‍ഷകരെ മോഹിപ്പിച്ച കോക്കോയുടെ ഏറ്റവും പ്രധാന കൃഷിസ്ഥലവും വിപണനകേന്ദ്രവും ആണ് ഐവറി കോസ്റ്റ്. ലോക വിപണിയില്‍ കൊക്കോയുടെ വില നിശ്ചയിക്കുന്നത് അവിടുത്തെ വിളവും രാഷ്ട്രീയ സാഹചര്യവും ആണ്. വെങ്ങോലയിലെ കൊക്കൊകായ കൊച്ചുകുഞ്ഞിന്റെ കടയില്‍ കൊടുക്കണോ അണ്ണാന് തിന്നാല്‍ വിടണമോ (തീരെ വിലയില്ലാത്തതിനാല്‍) എന്ന് അമ്മാവന് തീരുമാനിക്കേണ്ടി വന്നത് ഐവറികോസ്റ്റിലെ ആഭ്യന്തരയുദ്ധം മൂലമാണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത.്
സൃഹൃത്തുക്കളെ, എന്റെ ഈ ആഴ്ചത്തെ കഥ നടക്കുന്നത് ഐവറികോസ്റ്റില്‍ ആണ്. എന്റെ കഥയുടെ പേരാണ്
''യാമസുക്രോയിലെ ബസ്ലിക്ക''
എന്റമ്മോ, അതെന്തു കുന്ത്രാണ്ടം?.
ഏതാണു മനസ്സിലാവാത്തത്. യാമസുക്രോയോ ബസ്ലിക്കയോ?.
ആദ്യം ഞാന്‍ ബസ്ലിക്കയെപ്പറ്റി പറായാം.
ഞാന്‍ പഠിച്ചത് ഒരു പള്ളിവക പള്ളികൂടത്തിലാണെങ്കിലും കൃസ്ത്യന്‍ പള്ളികള്‍ക്ക് ചാപ്പല്‍ , പള്ളി, കത്തിഡ്രല്‍ , ബസ്ലിക്ക എന്നിങ്ങനെ പേരുകള്‍ ഉണ്ടെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അതു സണ്‍ഡേ സ്‌ക്കുളില്‍ ആയിരിക്കണം പഠിപ്പിച്ചിരുന്നത്.
നാട്ടില്‍ പക്ഷേ ചെറിയ പള്ളി, പള്ളി, വലിയ പള്ളി എന്നിങ്ങനെ മൂന്നുതരം പള്ളികള്‍ ഉള്ളതായി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ അതു തമ്മിലുള്ള വ്യത്യാസവും എനിക്കു മനസ്സിലായിട്ടില്ല. കോതമംഗലത്തെ ചെറിയ പള്ളി ഞാന്‍ കണ്ടിട്ടുള്ള പല പള്ളികളേക്കാള്‍ വലുതാണ്. വെങ്ങോലയിലെ ഞങ്ങളുടെ ഇടവക ആയ പള്ളി ആകട്ടെ ഇപ്പോള്‍ വല്യപള്ളി എന്നാണ് അറിയപ്പെടുന്നത്. പള്ളിയുടെ വലിപ്പം കൂട്ടിയിട്ടും ഇല്ല, അടുത്ത ഭാഗം അതിലും ചെറിയ പള്ളി ഉണ്ടായിട്ടും. നല്ല കര്‍ത്താവേ, കണ്‍ഫ്യൂഷന്‍ ആയല്ലോ. ചേട്ടന്‍ പുളു അടിക്കാതെ കഥപറ. ഛഗ, ഛഗ പറയാം.
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിന്റെ തലസ്ഥാനമാണ് യാമസുക്രോ. പണ്ടും ഇപ്പോഴും ഇത് ഐവറികോസ്റ്റിലെ പ്രധാന നഗരം അല്ല. അത് അബിജാന്‍ ആണ്. എന്നാല്‍ , ഫ്രഞ്ചുകാരില്‍ നിന്നും സ്വതന്ത്ര്യം കിട്ടിയതിനു ശേഷം മരണം വരെ ഐവറികോസ്റ്റ് ഭരിച്ച പ്രസിഡന്റ് ഫെലിക്‌സ് ജനിച്ചത് ഈ നഗരത്തില്‍ ആണ്. അതുകൊണ്ടുതന്നെ അവിടം തലസ്ഥാനം ആക്കുന്നത് ഒരു നല്ല ഐഡിയ ആയി അദ്ദേഹത്തിനു തോന്നി. അദ്ദേഹത്തിന് അതുമാത്രം അല്ല തോന്നിയത് കോണ്‍കോര്‍ഡ് എന്ന പണ്ടത്തെ പ്രശസ്തമായ വിമാനത്തിനു വരെ ഇറങ്ങാന്‍ പറ്റുന്ന ഒരുവിമാനത്താവളം പിന്നെ ലോകത്തില്‍ ഏറ്റവും വലിയ കൃസ്ത്യന്‍ പള്ളി.
എന്നിട്ടോ?.
കല്പന കല്ലേ പിളര്‍ക്കും എന്നല്ലേ.
യാമസുക്രോ തലസ്ഥാനം ആയി, വലിയ വിമാനത്താവളം വന്നു. അതിവിശാലവും അതിമനോഹരവും ആയ ഒരു പള്ളിയും അവിടെ ഉണ്ടായി.
18000 പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കാന്‍ പറ്റുന്ന 322917 ചതുരശ്ര അടിയില്‍ പരന്നു കിടക്കുന്ന റോമിലെ സെക്കന്റ് പീറ്റേര്‍സ് ബസ്ലിക്കയോട് അതിശയകരം ആയ രൂപസാദൃശ്യം ഉള്ള ഒരു പള്ളി. ആയിരം കോടിയിലും അധികം രൂപ ചിലവായി. അന്നത്തെമാര്‍പാപ്പ ആയിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ ആണ് പള്ളി വിശ്വാസികള്‍ക്കായി പ്രാര്‍ത്ഥിച്ച് തുറന്നു കൊടുത്തത്.
അതീവ സുന്ദരമായ രൂപവും നിര്‍മ്മാണവും, ഇറ്റാലിയില്‍ നിന്നുള്ള മാര്‍ബിള്‍ ഫ്രാന്‍സില്‍ നിന്നും വന്ന പെയിന്റു ചെയ്ത ചില്ലു ജാലകങ്ങള്‍ എന്നിങ്ങനെയായി ഈ ബസ്ലിക്ക യാമസുക്രോയിന്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
പക്ഷെ പ്രസിഡന്റ് ഫെലിക്‌സിന്റെ മരണശേഷം കാര്യങ്ങള്‍ പലതും മാറി. രണ്ടു പതിറ്റാണ്ടോളം ആഭ്യന്തരയുദ്ധം കഴിഞ്ഞ് കഴിഞ്ഞമാസം ആണ് പുതിയ ഗവണ്‍മെന്റ് അംഗീകാരത്തില്‍ എത്തുന്നത്. പ്രസിഡന്റും പാര്‍ലമെന്റും എല്ലാം അബിജാനിലേക്കു തിരിച്ചുപോയി. യുദ്ധഭൂമി ആയതിനാല്‍ സന്ദര്‍ശകര്‍ വരാന്‍ മടികാണിച്ചു. അങ്ങനെ വലിപ്പം ഏറെ ഉണ്ടെങ്കിലും സന്ദര്‍ശകര്‍ ഇല്ലാതെ കിടക്കുകയാണ് യാമസുക്രോയിലെ ബ്ലസിക്ക.
പുതിയ ഗവണ്‍മെന്റ് വരികയും സമാധാനം പുന:സ്ഥാപിക്കുകയും ചെയ്യുന്നതോടെ ലോകം എമ്പാടുമുള്ള വിശ്വാസികളും സന്ദര്‍ശകരും യാമസുക്രോയിലേക്ക് എത്തുമെന്നാണ് അവിടുത്തുകാരോടൊപ്പം ഞാനും പ്രതീക്ഷിക്കുന്നത്.
തുമ്മാരുകുടി കഥകള്‍
(30%) (4 Votes)
Explore Mathrubhumi
Other News in this Section





