മലയാളം ക്ലാസിക്കല്‍ ഭാഷയാണോ?
മുരളി തുമ്മാരുകുടി വര:മദനന്‍
Posted on: 07 Jul 2011

മലയാളം ക്ലാസിക്കല്‍ ഭാഷ ആണോ അല്ലയോ എന്നൊരഭിപ്രായം പറയാന്‍ എനിക്ക് ഒരറിവുമില്ല. മലയാളം ക്ലാസിക്കല്‍ ഭാഷയായി അംഗീകരിച്ചാല്‍ എന്താണ് ഒരു ഗുണം എന്നും എനിക്കറിയില്ല. നമുക്ക് കുറെ പണം കിട്ടുമോ അതോ ഒരു മലയാളം സര്‍വകലാശാല തന്നെ ഉണ്ടാകുമോ?
ഇതു രണ്ടും അറിയില്ലെങ്കിലും മലയാളം ക്ലാസിക്കല്‍ ഭാഷ ആക്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്നാമത്തത് കുശുമ്പ്. തമിഴും തെലുങ്കും കന്നടയും ക്ലാസിക്കല്‍ ആയി തെളിഞ്ഞ് മുന്‍ബെഞ്ചില്‍ ഇരിക്കുമ്പോള്‍ നമ്മുടെ അമ്മ മലയാളം എന്തിന് കൈയും കെട്ടി പിന്നില്‍ നില്‍ക്കണം?
പക്ഷേ സീരിയസായി പറഞ്ഞാല്‍ ഈ ആവശ്യത്തില്‍ കഴമ്പുണ്ടെന്നു ഞാന്‍ വിശ്വസിച്ചത് ഒ.എന്‍.വി. സാര്‍ അതിനുവേണ്ടി വാദിക്കുന്നതു കണ്ടപ്പോഴാണ്. ആയിരക്കണക്കിന് ശാസത്രശാഖകളുള്ള ഈ ലോകത്ത് എല്ലാ കാര്യത്തേയും സ്വയം അറിഞ്ഞ് ബോധ്യപ്പെട്ട് തീരുമാനം എടുക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ആപ്പിള്‍ താഴോട്ടുവീഴുന്നത് ഗുരുത്വാകര്‍ഷണം കൊണ്ടാണെന്ന് ഞാന്‍ ന്യൂട്ടന്റെ പേരിലും കാലാവസ്ഥാവ്യതിയാനങ്ങള്‍ മനുഷ്യന്റെ ഇടപെടലും കൊണ്ടാണെന്ന് ഞാന്‍ ഐ.പി.സി.സി.യുടെ പേരിലും വിശ്വസിക്കുന്നതുപോലെ മലയാളം ക്ലാസിക്കല്‍ ഭാഷയാണെന്ന് ഞാന്‍ ഒ.എന്‍.വി. സാറിന്റെ പേരില്‍ വിശ്വസിക്കുന്നു. ഇതില്‍ ഏതെങ്കിലും കാര്യത്തില്‍ സംശയമുള്ളവര്‍ എന്നോടു ചോദിക്കാതെ ന്യൂട്ടനോടോ (അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതിനാല്‍ എന്നെയിത് പഠിപ്പിച്ച ശാലേം സ്‌കൂളിലെ ഫിസിക്‌സ് ടീച്ചര്‍ ചെറിയാന്‍ സാറിനോടോ) പച്ചൂരിയോടോ ഒ.എന്‍ .വി സാറിനോടോ ചോദിക്കാം.
മലയാളം പോലെയുള്ള പ്രാദേശിക ഭാഷകളില്‍ പഠിച്ച് വന്ന എന്നെപ്പോലെുള്ളവര്‍ക്ക് പല പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ട്. ഉദാഹരണത്തിന് പ്രീഡിഗ്രിക്ക് ശങ്കരാകോളേജില്‍ ചെന്ന എനിക്ക് സമഭുജത്രികോണം ആണോ സമപാര്‍ശ്വ ത്രികോണം ആണോ Equilateral triangle എന്ന് എന്നും സംശയം ആയിരുന്നു. അക്കാലത്ത് എന്‍ട്രന്‍സ് ഇല്ലാത്തതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു. ഇക്കാലത്തെ ഒരു കുട്ടിയാണെങ്കില്‍ ഇങ്ങനെ ഒരു കണ്‍ഫ്യൂഷന്റെ പേരില്‍ ഒബജക്ടീവ് ടെസ്റ്റ് ഉള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുവാങ്ങി റാങ്ക് രണ്ടായിരമോ മൂവായിരമോ കുറയാം. അതുകൊണ്ടാണ് എല്ലാ പരീക്ഷകളും മാതൃഭാഷയില്‍ ആക്കണമെന്ന ആവശ്യത്തേയും ഞാന്‍ പിന്താങ്ങുന്നത്. ഇക്കാര്യം സ്വാമി രാംദേവും പറഞ്ഞുവെന്നും ഗവണ്‍മെന്റ് അംഗീകരിച്ചു എന്നും എന്റെ സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. സത്യമാണെങ്കില്‍ നല്ലത്.
അങ്ങനെ പ്രാദേശിക ഭാഷകള്‍ക്കും മലയാളത്തിനും വേണ്ടി സ്വാമിമാര്‍ മുതല്‍ മുഖ്യമന്ത്രിവരെ നിവേദനം കൊടുക്കുന്ന സമയമാണല്ലോ. വിദേശ മലയാളികള്‍ക്കു വേണ്ടി എനിക്കുമുണ്ടൊരു നിവേദനം. കഴിഞ്ഞ മാസം അവസാനം ഞാന്‍ കേരളത്തില്‍ വന്നിട്ട് രാത്രി രണ്ടു മണിക്ക് ദോഹയിലേക്കുള്ള വിമാനത്തിനായി നെടുമ്പാശ്ശേരിയില്‍ വന്നു. ചെക്കിങ് കഴിഞ്ഞ് എമിഗ്രേഷന്‍ ഫോം പൂരിപ്പിക്കുന്ന എന്റെ അടുത്തേക്ക് ഒരാള്‍ വന്നു.
''സാറേ ഈ ഫോം ഒന്നു പൂരിപ്പിച്ചു തരാമോ, എന്നെ അവര്‍ (ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍) പറഞ്ഞുവിട്ടു''
സമയം ഉണ്ടായതുകൊണ്ടും ഗള്‍ഫിലായിരുന്ന സമയത്ത് വിമാനത്തില്‍ ഇതു പതിവായതിനാലും ഞാന്‍ അത് പൂരിപ്പിക്കാന്‍ തുടങ്ങി. അതു ചെയ്തു തീരുന്നതിനു പിറകേ മറ്റൊരാള്‍ .പിന്നെ വേറെ, പിറകെ വേറൊരാള്‍ . ഇതില്‍ പകുതിപ്പേരും അരമണിക്കൂര്‍ എങ്കിലും ക്യൂ നിന്നതിനുശേഷം മടക്കി വിടപ്പെടുന്നവര്‍ ആണ്. ഒന്നുകില്‍ ഫോറം പൂരിപ്പിച്ചിട്ടില്ല. അല്ലെങ്കില്‍ ചെയ്തതു ശരിയായില്ല.
ഞാനിവിടെ പുളു അടിക്കുക ആണെന്നും അതിശയോക്തികാരനാണെന്നും പലരും പരാതി പറയാറുണ്ട്. പക്ഷേ രണ്ടരമണിക്ക് ഞാന്‍ തുടങ്ങിയ ഫോറം പൂരിപ്പിക്കല്‍ നിര്‍ത്തിയത് മൂന്നരയോടെയും പ്ലെയിന്‍ പോവാറായതുകൊണ്ടും ആണ്. ഇതില്‍ സംശയം ഉള്ളവര്‍ ഏതെങ്കിലും ദിവസം കൊച്ചിയില്‍ ഫെഡറല്‍ ബാങ്കിനടുത്ത് ഒരു ഫോറം പൂരിപ്പിച്ചു കൊടുക്കാന്‍ തയ്യാറായി ഇരുന്നു നോക്കിയാല്‍ മതി.
ഫോറം പൂരിപ്പിക്കാന്‍ വന്ന എല്ലാവരോടും ഞാന്‍ ഒരു കാര്യം ചോദിച്ചു.
''ചേട്ടന്/അനിയന് മലയാളം എഴുതാന്‍ അറിയുമോ''
ഒന്നൊഴിയാതെ എല്ലാവരും മലയാളം എഴുതാനറിയാവുന്നവര്‍ തന്നെ. ഇംഗ്ലീഷ് ആണിവിടെ പ്രശ്‌നം.
ഫ്രഞ്ചു സംസാരിക്കുന്ന ജനീവയില്‍ ജീവിക്കുന്ന എനിക്ക് അവരുടെ നിസ്സഹായാവസ്ഥ മനസ്സിലാകും. ആഴ്ചയില്‍ ഒരിക്കലെങ്കിലും എനിക്ക് ഫ്രഞ്ചില്‍ ഒരു ബില്ലോ എഴുത്തോ കിട്ടും. പിന്നെ അതുമായി ആരെയെങ്കിലും കണ്ടുപിടിക്കണം എന്താണെന്നു മനസ്സിലാക്കാന്‍. മലയാളം ക്ലാസിക്കല്‍ ഭാഷ ആക്കുന്നതിനു മുമ്പോ പിമ്പോ ഇമിഗ്രേഷന്‍ ഫോം ഒന്നു മലയാളത്തിലാക്കാന്‍ നമുക്ക് സാധിക്കില്ലേ?
ഇമിഗ്രേഷന്‍ പോലെ സുപ്രധാനമായ ഒരു കാര്യം ഇംഗ്ലീഷിലേ നടക്കൂ എന്ന് വിചാരിക്കുന്നവര്‍ ഉണ്ടാകാം. അവരുടെ അറിവിലേക്കായി ഞാന്‍ പറയാം. അമ്പതില്‍ ഏറെ രാജ്യങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. അവിടെ പലതിലും (ഉദാഹരണം ചൈന, ജപ്പാന്‍ എന്തിന് ശ്രീലങ്കയില്‍ പോലും) അവരുടെ ഭാഷയില്‍ ഫോം പൂരിപ്പിക്കാം. കുറെ രാജ്യങ്ങളില്‍ ആകട്ടെ ഈ ഫോറം എന്ന പരിപാടി പോലും ഇല്ല. (ഉദാഹരണം സ്വിറ്റ്‌സര്‍ലാന്റ്).
അതുകൊണ്ട് സര്‍ അടുത്തതവണ ക്ലാസിക്കല്‍ നിവേദനവുമായി ഡല്‍ഹിക്കു പോകുമ്പോള്‍ ഈ കാര്യം കൂടി ഒന്നു പറഞ്ഞുനോക്കണം.
പോയാല്‍ ഒരു വാക്ക്, കിട്ടിയാലോ?
തുമ്മാരുകുടി കഥകള്‍
(48%) (5 Votes)
Explore Mathrubhumi
Other News in this Section





