LATEST NEWS

Loading...

Custom Search
+ -

രാജാക്കന്‍മാര്‍ എങ്ങനെ കാര്യം സാധിച്ചു?

മുരളി തുമ്മാരുകുടി വര:മദനന്‍

Posted on: 06 Apr 2011

 

''മാമന്‍ ഈ തറക്കഥ ഒക്കെ എഴുതാതെ ലോകത്തിലെ നല്ല വല്ല കാര്യങ്ങളും എഴുതിക്കൂടെ'' എന്റെ മരുമകന്റേതാണ് ചോദ്യം. എന്റെ സോണയും മറ്റു കഥകളും കണ്ടപ്പോള്‍ ഇതെവിടെ പോയി നില്‍ക്കുമെന്ന് അവന്‍ സംശയിച്ചു.



''മാമന്‍ തറ തന്നെയാണല്ലോ'' എന്ന് ഞാന്‍ പറഞ്ഞില്ല. മരുമക്കള്‍ക്ക് വിഷമം ഉണ്ടാക്കേണ്ട എന്നു കരുതി. പക്ഷേ ജാത്യാല്‍ ഉള്ളതു തൂത്താല്‍ പോവില്ലല്ലോ. അതുകൊണ്ട് ഈ തവണ ഒരു കക്കൂസ് കഥയാണ്. മരുമക്കള്‍ ക്ഷമിക്കുക.

ഐ.ഐ.ടി.യില്‍ ഞാന്‍ പഠിക്കുമ്പോള്‍ എന്റെ ഇരട്ടപ്പേര് വേസ്റ്റ് എന്നായിരുന്നു. ദുബായില്‍ ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥനായ സന്തോഷ് (അന്ന് 'താടി', 'പിള്ളേച്ചന്‍') ആണ് ആ പേരിട്ടത്. അതിന് ഒരു കാരണം ഉണ്ട്. ഐ.ഐ.ടി.യിലെ കക്കൂസിന് പിന്നിലെ ഓടയില്‍ ഇറങ്ങി 'അപ്പി'യുടെ ഒരു സാമ്പിള്‍ ഞാന്‍ എടുക്കുന്നത് പിള്ളേച്ചന്‍ കണ്ടു.

വാസ്തവത്തില്‍ ഓടയില്‍ ഇറങ്ങാനും അപ്പി വാരാനും ഒന്നും അല്ല ഞാന്‍ ഐ.ഐ.ടി.യില്‍ പോയത്. 'എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗി'ല്‍ ഇങ്ങനെ ഒരു ചതിക്കുഴി ഉണ്ടെന്നാരറിഞ്ഞു?

ഏതാണെങ്കിലും ആ പേര് അറംപറ്റി. പിന്നെ വീണത് വിദ്യയാക്കാം എന്നു കരുതി ഞാന്‍ കക്കൂസുകളെപ്പറ്റിയുള്ള പഠനം എന്റെ ഒരു 'Speciality' ആക്കി.

സംഗതി നാറ്റക്കേസാണെങ്കിലും ലോകത്തില്‍ എന്നും എവിടെയും ആവശ്യമുള്ള ഒരു കാര്യം ആണല്ലോ കക്കൂസ്. എന്റെ ചെറുപ്പക്കാലത്ത് വീട്ടില്‍ കക്കൂസ് ഇല്ലായിരുന്നു. എന്റെ വീട്ടിലെന്നല്ല കേരളത്തിലെ ഭൂരിഭാഗം വീട്ടുകളിലും 1960-കളില്‍ ഇന്നത്തെപ്പോലെയുള്ള കക്കൂസ് ഉണ്ടായിരുന്നില്ല. 'വെളിക്കിറങ്ങുക' എന്നാണല്ലോ മലയാളത്തില്‍ മലവിസര്‍ജനത്തിനു പറഞ്ഞിരുന്നത് തന്നെ. പിന്നെങ്ങനെയാണ് ചെറുപ്പത്തില്‍ കാര്യം സാധിച്ചിരുന്നതെന്ന് ചോദിക്കരുത്. ഞാന്‍ വിസ്തരിക്കും. പിള്ളേര്‍ക്ക് വിഷമം ആകും. ഒന്നുമാത്രം പറയാം. ദുരന്ത മേഖലകളിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന എനിക്ക് അന്നത്തെ പരിചയവും പരിശീലനവും ഒരു അനുഗ്രഹം തന്നെ ആണ്.

അതുപോട്ടെ. ഒരു വിഷയത്തില്‍ നമുക്ക് താല്പര്യം ഉണ്ടെങ്കില്‍ നമ്മള്‍ അത് എവിടെ ചെന്നാലും അന്വേഷിക്കും. ഉദാഹരണത്തിന് ഏതു രാജ്യത്തെ ഏതുവീട്ടില്‍ ചെന്നാലും ഞാന്‍ അവിടുത്തെ കക്കൂസിന്റെ വലിപ്പം, പൊസിഷന്‍, ഉപകരണങ്ങള്‍ എല്ലാം ശ്രദ്ധിക്കും. വെള്ളം ഒഴിക്കുന്നതും, ഒഴിക്കാത്തതും, വെള്ളം തുള്ളിപോലും ഇല്ലാത്തതും ആയ എത്രയോ സിംഹാസനങ്ങള്‍. ഇന്ത്യയ്ക്ക് പുറത്ത് രണ്ട് പതിറ്റാണ്ടോളം ആയെങ്കിലും 'വെള്ളം തൊടാത്ത പരിപാടി' ഇന്നും എനിക്ക് അറപ്പാണ്.

എനിക്കേറ്റവും ഇഷ്ടം ജപ്പാന്‍കാരുടെ 'സിംഹാസനം' ആണ്. അവിടെ കാര്യം സാധിച്ചു കഴിഞ്ഞാല്‍ സൈഡില്‍ ഉള്ള ഒരു ബട്ടണ്‍ പ്രസ് ചെയ്യുക. ഒരു നേര്‍ത്ത സ്‌പ്രേ നമ്മുടെ പിന്‍ഭാഗം മുഴുവന്‍ കഴുകി വൃത്തിയാക്കിത്തരും. ''കൈ നനക്കാതെ മീന്‍ പിടിക്കാന്‍ പറ്റിയില്ലെങ്കിലും ഈ കാര്യം സാധിക്കാം. സത്യം.

സിംഹാസനത്തെപ്പറ്റി പറഞ്ഞപ്പോഴാണ് രാജാക്കന്‍മാരുടെ കാര്യം ഓര്‍ത്തത്. യാത്രയുടെ ഭാഗം ആയിട്ടും ജോലിയുടെ ഭാഗം ആയിട്ടും രണ്ട് ഡസനിലധികം രാജകൊട്ടാരങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ കൊട്ടാരം ആയ ബ്രൂണൈ സുല്‍ത്താന്റെ 'ഇസ്താന' മുതല ആളുകള്‍ രാജാവിനെ ഇറക്കിവിട്ട കാഠ്മണ്ഡുവിലെ നാരായണ്‍ഹിതി കൊട്ടാരം വരെ ഉണ്ട്. രാജാക്കന്‍മാര്‍ പണ്ടുപയോഗിച്ചുകൊണ്ടിരുന്ന റെഡ്‌ഫോര്‍ട്ട് മുതല്‍ വെര്‍സായിലെ കൊട്ടാരം വരെ വേറെയും.

ഏത് കൊട്ടാരത്തില്‍ എത്തിയാലും രാജാവിന്റെ മുറിയുടെ ഏറ്റവും അടുത്ത കക്കൂസ് ഞാന്‍ കണ്ടുപിടിക്കാന്‍ നോക്കും. അങ്ങനെയാണ് ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. മഹാനായ അക്ബര്‍ ചക്രവര്‍ത്തി മുതല്‍ ലോകത്തെ വിറപ്പിച്ച നെപ്പോളിയന്‍ വരെയുള്ളവര്‍ക്ക് സ്വന്തമായി ഒരു കക്കൂസ് ഇല്ലായിരുന്നു. അവരുടെ കൊട്ടാരങ്ങളില്‍ കക്കൂസ് എന്ന ഒരൈറ്റം ഇല്ല. സത്യം. എന്നെ വിശ്വസിക്കൂ... പ്ലീസ്...

പക്ഷേ, പ്രകൃതി നിയമങ്ങള്‍ക്ക് വലിപ്പചെറുപ്പം ഇല്ലല്ലോ. കാര്യം അവര്‍ക്കും സാധിക്കണ്ടേ?
പക്ഷേ രാജാവിന് 'വെളിക്കിറങ്ങാന്‍ പറ്റില്ലല്ലോ?'
പിന്നെങ്ങനെ?
'തോറ്റോ' എന്നാല്‍ ഞാന്‍ ഉത്തരം പറയാം.

ഇതിന്റെ ഉത്തരം ഞാന്‍ കണ്ടുപിടിച്ചത് അലിഗഡില്‍ എന്റെ കൂട്ടുകാരന്റെ വീട്ടില്‍ പോയപ്പോഴാണ്. അലിഗഡിനു സമീപമുള്ള ഗോമത് എന്ന ഗ്രാമത്തിന്റെ അധിപനാണ് അദ്ദേഹത്തിന്റെ അച്ഛന്‍ .സഹോദരന്‍മാരും ബന്ധുക്കളും ഒക്കെ ആയി 80 കുടുംബങ്ങള്‍ (500 ഓളം ആളുകള്‍) അദ്ദേഹത്തിന്റെ ഒറ്റ 'ഹവേലി'യില്‍ ആണ് താമസം. ചുറ്റും വലിയകോട്ട, കോട്ടവാതില്‍ , ഉള്ളില്‍ 80 കുടുംബങ്ങള്‍ക്കും പ്രത്യേക വീട്, മുറ്റം അമ്പലം എല്ലാം, കക്കൂസ് മാത്രം ഇല്ല.

ഹോളി ആഘോഷിക്കാന്‍ ചെന്ന ഞാന്‍ പിറ്റേന്നു രാവിലെ എന്തു ചെയ്യണം എന്നറിയാതെ വയറും തിരുമ്മി നിന്നു. അപ്പോള്‍ എന്റെ കൂട്ടുകാരന്‍ എന്നെ അവരുടെ കക്കൂസിനടുത്തേക്ക് കൊണ്ടുപോയി.

അടുപ്പുകൂട്ടി വെച്ചിരിക്കുന്നതുപോലെ നിരനിരയായി കല്ലുകള്‍. ഇടയില്‍ അരഭിത്തി, നമ്മള്‍ അതിന്റെ മുകളില്‍ ഇരിക്കുക, കാര്യം സാധിക്കുക. കഴുകാനായി വേറെ ഒരു മൂല ഉണ്ട്. പക്ഷേ എല്ലാം വളരെ വൃത്തിയായിരിക്കുന്നു.

''ഈ 500 പേരും ഇവിടെയാണോ കാര്യം സാധിക്കുന്നത്'' ഞാന്‍ ചോദിച്ചു.
''പിന്നല്ലാതെ''
''അപ്പോള്‍ ആര് ഈ സ്ഥലം വൃത്തിയാക്കും?''

അങ്ങനെയാണ് ഞാന്‍ വടക്കേ ഇന്ത്യയിലെ 'ഭാംഗി'കളെപ്പറ്റി അറിയുന്നത്. എല്ലാ വീടുകളിലും (കൊട്ടാരങ്ങള്‍ ഉള്‍പ്പെടെ) ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കി മലം കുട്ടയിലോ പാത്രത്തിലോ തലയില്‍ ചുമന്ന് കൊണ്ടുപോയി കളയുന്ന ജോലി അവരുടെതായിരുന്നു. രാജാക്കന്‍മാര്‍ പോയിട്ടും കക്കൂസുകള്‍ വന്നിട്ടും വടക്കേ ഇന്ത്യയില്‍ ഇപ്പോഴും ഇതു തുടരുന്നതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്.

ഒരു കാലത്ത് കേരളത്തിലും 'തോട്ടികള്‍' എന്നൊരു തൊഴില്‍ ഉണ്ടായിരുന്നു. പക്ഷേ അതൊരു ജാതി അല്ലായിരുന്നു എന്നെനിക്കു തോന്നുന്നു. എറണാകുളത്ത് വീടുകളില്‍ 'പാട്ട കക്കൂസുകള്‍' ഉണ്ടായിരുന്നു. എന്നും എല്ലാ ദിവസവും തോട്ടികള്‍ വന്ന് അത് വൃത്തിയാക്കുമായിരുന്നുവെന്നും അച്ഛന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.

നമ്മുടെ കുടിവെള്ളം പാടെ അശുദ്ധമാക്കി കൊണ്ടാണെങ്കിലും കക്കൂസുകളും സെപ്റ്റിക് ടാങ്കുകളും കേരളത്തില്‍ പൂര്‍ണമായും വന്നതോടെ തോട്ടിപ്പണി കേരളത്തില്‍ ഇല്ലാതായി.

അതുകൊണ്ടാണ് നമ്മള്‍ മലയാളികള്‍ ഡോക്ടര്‍ ബിന്ദേശ്വര്‍ പാഠക്കിനെ പറ്റി കേള്‍ക്കാത്തത്. ഉത്തരേന്ത്യയിലെ സാനിറ്റേഷന്‍ സംസ്‌കാരം മാറ്റാനും, ഭാംഗികളുടെ ഉന്നമനത്തിനും വേണ്ടി അക്ഷീണം പരിശ്രമിക്കുന്ന അദ്ദേഹത്തിന് രാജ്യം 2003 ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

ഉത്തരേന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ 'സുലഭ്' കക്കൂസുകള്‍ എവിടെയും കാണാം. അതിദ്ദേഹത്തിന്റെ സംഘടന നടത്തുന്നതാണ്.

ഇനി നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ താല്പര്യം ഉണ്ടെങ്കില്‍ അദ്ദേഹം ഡല്‍ഹിയില്‍ കക്കൂസുകളുടെ ഒരു മ്യൂസിയവും തുടങ്ങിയിട്ടുണ്ട്.
ചരിത്രാതീതകാലം മുതല്‍ ഇന്നുവരെ വിവിധ ദേശത്തും കാലത്തും കുടില്‍ തൊട്ട് കൊട്ടാരം വരെ ഉള്ളവര്‍ എങ്ങനെ കാര്യം സാധിച്ചുവെന്ന് അവിടെ നിന്നറിയാം.

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 
(66.67%) (6 Votes)

 

 

Other News in this Section