LATEST NEWS

Loading...

Custom Search
+ -

ചില ജപ്പാന്‍ കഥകള്‍

മുരളി തുമ്മാരുകുടി

Posted on: 16 Mar 2011

 

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ജപ്പാനിലാണ്. ഏറെ വിഷമിപ്പിക്കുന്ന കാഴ്ചകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവിടേക്ക് പോകുന്നില്ലെങ്കിലും കാര്യങ്ങള്‍ അപ്പോഴപ്പോള്‍ വിലയിരുത്തുന്നുണ്ട്. എല്ലാവരേയും പോലെ ജപ്പാന്റെ ദുരന്തത്തില്‍ ഞാനും പങ്ക് ചേരുന്നു, പ്രാര്‍ത്ഥിക്കുന്നു. ആത്മാര്‍ത്ഥതയും ഏത് ദുരന്തത്തേയും നേരിടാനുള്ളമനോധൈര്യവും കൊണ്ട് ഈ ദുരന്തവും അവര്‍ അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.



1997-ലാണ് ഞാന്‍ ജപ്പാനില്‍ ആദ്യമായി പോകുന്നത്. പിന്നീട് പല തവണ പോയിട്ടുണ്ട്. അപൂര്‍വ്വമായ സ്വഭാവൈശിഷ്ട്യവും ശാന്തതയും കൊണ്ട് ജപ്പാനിലെ ജനങ്ങള്‍ നിങ്ങളെ അമ്പരിപ്പിക്കുക തന്നെ ചെയ്യും. മറ്റ് രാജ്യങ്ങളുമായി പൂര്‍ണ്ണമായും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്ന ഈ രാജ്യം ഇപ്പോഴും അഗാധമായസാംസ്‌കാരികത്തനിമ നിലനിര്‍ത്തുന്നു എന്ന അല്‍ഭുതം എനിക്കുണ്ട്. ജപ്പാനില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ (പ്രധാന നഗരമായ ടോക്കിയോവില്‍ പോലും) വളരെ കുറവാണ്. വഴി തെറ്റിപ്പോയാല്‍ നിങ്ങള്‍ നടുക്കടലില്‍ ഒറ്റപ്പെട്ട തോണി പോലെയാവും....! ഭാഷയിലുള്ള പിടുത്തമില്ലായ്മ അവര്‍ അപാരമായ സഹായസന്നദ്ധത കൊണ്ട് പരിഹരിക്കും. ആദ്യത്തെ പ്രവശ്യം ഞങ്ങള്‍ ജപ്പാനിലെത്തുമ്പോള്‍ രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു. റെസ്‌റ്റോറന്റ് അടച്ചിരുന്നു. റിസപ്ഷനില്‍ ചെന്ന് റെസ്റ്റോറന്റിലേക്കുള്ള വഴി ചോദിച്ചു. എവിടെയാണ് റെസ്‌റ്റോറെന്റെന്ന് റിസപ്ഷനിസ്റ്റിന് ഞങ്ങളോട് വിവരിച്ച് തരാന്‍ കഴിഞ്ഞില്ല. അവസാനം അയാള്‍ എന്നോടൊപ്പം വരികയും 200 മീറ്റര്‍ അകലത്തായുള്ള റെസ്റ്റോറന്റ് കാട്ടിത്തരികയുമുണ്ടായി. ഒരിക്കലങ്ങനെ സംഭവിച്ചു എന്ന് വെച്ചിട്ട് എല്ലായ്‌പ്പോഴും അങ്ങനെ സംഭവിക്കുമോ എന്ന് സംശയിക്കുന്നവരോട് ഒരിക്കലല്ല, എല്ലായ്‌പ്പോഴും ജപ്പാന്‍കാര്‍ അങ്ങനെയാണെന്ന് ഞാന്‍ പറയും. 2004-ല്‍ ക്യോട്ടോ അമ്പലം എവിടെയാണെന്ന് ഒരു സ്‌കൂള്‍ കുട്ടിയോട് ചോദിച്ചപ്പോള്‍ വീട്ടില്‍ പോക്ക് ഒഴിവാക്കി അമ്പലത്തിലേക്ക് കൊണ്ട് പോയി എല്ലാ ഭാഗങ്ങളും കാട്ടിത്തന്നു. അന്നവന് വീട്ടിലേക്കുള്ള ബസ് കിട്ടിയില്ല. വേറൊരു വഴിക്കാണവന്‍ വീട്ടിലെത്തിയത്.

ജപ്പാനുമായി ബന്ധപ്പെട്ട് ഒരു പാട് ഓര്‍മ്മകള്‍ എനിക്കുണ്ട്. എന്നാലും രണ്ട് കാര്യങ്ങളാണ് ജപ്പാനെക്കുറിച്ചോര്‍മ്മിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഇപ്പോഴും ആദ്യം കടന്നുവരുന്നത്.

അവരുടെ ദിനജീവിതം ടെക്‌നോളജിയുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് സൂചിപ്പുക്കുന്നതാണ് ആദ്യകഥയെങ്കില്‍ സാങ്കേതികപുരോഗതി ഏറെയുണ്ടായിട്ടും അവര്‍ എത്രമാത്രം യാഥാസ്ഥിതകാരണവരെന്ന് രണ്ടാമത്തെ സംഭവം ചുണ്ടിക്കാട്ടുന്നു.

1997-ല്‍ ഒസാക്ക ഏയര്‍പോര്‍ട്ടില്‍ വിമാനം വരുന്ന് കാത്തിരിക്കുന്ന സമയം. ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കുന്നതിനായി ഞങ്ങള്‍ ഒരു റെസ്റ്റോറന്റില്‍ കയറി. ഒരു യുവതി വന്ന് ഓര്‍ഡര്‍ എടുത്തു. അതിന് ശേഷം അവള്‍ അടുത്ത ടേബിളില്‍ പോയി ഓര്‍ഡര്‍ എടുത്തു,പിന്നെയടുത്ത ടേബിള്‍, അതിനടുത്തെ, അതിനടുത്തടുത്തെ...അടുക്കളയിലേക്ക് പോകുന്നേയില്ല..ഫ്ലൈറ്റ് വരാന്‍ സമയമാകുന്നു. യുവതി ഇപ്പോഴും ടേബിളുകളോട് ടേബിളുകള്‍. ഞാനവളെ വിളിച്ച് കാര്യം പറയാനൊരുങ്ങവെ അതാ വരുന്നൂ മറ്റൊരു യുവതി. ഞാന്‍ പറഞ്ഞ എല്ലാ വിഭവങ്ങളും ടേബിളില്‍ നിരന്നു. ആദ്യത്തെ യുവതി അടുക്കളയില്‍ പോവുകയോ സ്ലിപ്പ് ആര്‍ക്കും കൈമാറുകയോ ചെയ്തിട്ടില്ല..പിന്നെ ഇതെങ്ങനെ സംഭവിച്ചു എന്ന അമ്പരപ്പിലായി ഞാന്‍. പിന്നെയാണ് മനസ്സിലായത്, അവളുടെ കൈയ്യിലെ വളരെ ചെറിയ ഒരു വയര്‍ലെസ്സ് ഗാഡ്ജറ്റ് കിച്ചണിലെ ഗാഡ്ജറ്റിലേക്ക് സന്ദേശം നല്കിയതാണ്.

2011-ല്‍ വെയിറ്റര്‍മാരും അടുക്കളയും തമ്മിലുള്ള വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ ഒരു വിഷയമേയല്ല. ഡെല്‍ഹിയിലെയടക്കമുള്ള മക് ഡൊണാള്‍ഡ് ഷോപ്പുകളില്‍ ഈ രീതി സാര്‍വ്വത്രികമായിട്ടുണ്ട്. നിങ്ങള്‍ കൗണ്ടറിലെത്തും മുമ്പേ വയര്‍ലെസ്സുള്ള ആരെങ്കിലും നിങ്ങളില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിച്ചിട്ടുണ്ടാവും. കൗണ്ടറിലെത്തുമ്പോള്‍ നിങ്ങളുടെ ഓര്‍ഡര്‍ റെഡിയായിട്ടുണ്ടാവും- ഇതാണല്ലോ മക് ഡൊണാള്‍ഡ് ഷോപ്പുകളിലെ രീതി. പക്ഷേ 1997-ല്‍ ഇതൊക്കെ ഒരു നോവലിലെ കഥയാണെന്നേ ആളുകള്‍ വിശ്വസിക്കൂ. ആളുകള്‍ മാനത്ത് കാണുന്നത് ജപ്പാനിലുള്ളവര്‍ മുന്നില്‍ കണ്ടു. ശബരിമല പ്രസാദം വിതരണം ഈയൊരു ടെക്‌നിക് പ്രകാരം ചെയ്യാത്തതെന്തേ എന്ന് ഞാന്‍ പലപ്പോഴം ആലോചിക്കാറുണ്ട്. വളണ്ടിയര്‍ വന്ന് ഓര്‍ഡര്‍ എടുക്കുന്നു, കൗണ്ടറില്‍ എത്തുമ്പോള്‍ ഭക്തര്‍ക്ക് പ്രസാദം കിട്ടുന്നു. തിരക്ക് എത്രമാത്രം ഒഴിവാക്കാം.

ജപ്പാന്‍കാരുടെ നെല്‍കൃഷിയാണ് രണ്ടാമത്തേത്. നഗരമധ്യത്തിലും, രണ്ട് കെട്ടിടങ്ങളുടെ ഇടുങ്ങിയ സ്ഥലത്ത്, തീരെ ചെറിയയിടങ്ങളില്‍ പോലും നെല്ല് വിതച്ചിട്ടുണ്ടാകും. തീ പിടിച്ച വിലയുള്ള സ്ഥലങ്ങളില്‍ ഇങ്ങനെ നെല്ല് വിതച്ച് കളയുന്നതെന്താണെന്നോര്‍ത്ത് എനിക്കല്‍ഭുതം തോന്നി. ജപ്പാനിലെ ജനങ്ങള്‍ എത്ര മാത്രം യാഥാസ്ഥിതികരും പ്രകൃതിജീവിതത്തോട് ഏറെയടുത്ത ബന്ധമുള്ളവരുമാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. നെല്‍കൃഷി അവരുടെ പ്രാഥമികപരിഗണനയില്‍ വന്നതങ്ങനെയാണ്. തായ്‌ലന്റില്‍ നിന്ന് അവര്‍ അരി ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഏത് തരം നെല്‍വിത്താണ് തായ്‌ലന്റുകാര്‍ വിതയ്‌ക്കേണ്ടതെന്നും ഏത് സമയത്ത് വെള്ളം നിറയ്ക്കണമെന്നും ഏത് സമയത്ത് കൊയ്യേണ്ടതെന്നും ജപ്പാന്‍കാരാണ് തീരുമാനിക്കുക. അങ്ങനെയായായല്‍ മാത്രമേ അവര്‍ക്ക് തൃപ്തിയാവുകയുള്ളൂ.

സാങ്കേതികവിദ്യയില്‍ ലോകത്തിന് ഒരു കിലോമീറ്ററോളം മുന്നില്‍ നില്ക്കുന്ന ഒരു രാഷ്ട്രം യാഥാസ്ഥിതകതയുടെ കാര്യത്തിലും ഒരു കിലോമീറ്ററോളം മുന്നില്‍ നില്ക്കുന്നു എന്നതാണ് വൈരുദ്ധ്യം.

അരിക്ക് മാത്രമല്ല, എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളെ സംബന്ധിച്ചും കൃത്യമായ ഒരു മുന്‍ധാരണ ജപ്പാന്‍കാര്‍ വെച്ച് പുലര്‍ത്തുന്നുണ്ട്. മലേഷ്യയില്‍ വളര്‍ത്തുന്ന ചെമ്മീനുകള്‍ വിളവെടുത്ത് എട്ടുമണിക്കൂറിനകം ജീവനോടെ ടോക്യോ മാര്‍ക്കറ്റില്‍ എത്തിച്ച് ഇരട്ടിവിലക്ക് വില്‍ക്കുന്നവര്‍ ഉണ്ട്.

ജപ്പാനിലേക്കുള്ള എന്റെ അവസാനയാത്ര 2008-ലായിരുന്നു. അന്നും ജപ്പാനിലെ ടെക്‌നോളജി വികാസത്തിന് അനുഭവസാക്ഷ്യമുണ്ടായി എനിക്ക്. ഒസാക്കയ്ക്കടുത്തുള്ള ഷിഗായിലെ ഒരു സാധാരാണ റെസ്‌റ്റോറന്റിലായിരുന്നൂ ഞാന്‍. റെസ്റ്റോറന്റിലെ ഭക്ഷണമേശകള്‍ക്ക് ചുറ്റിലുമായി ഒരു കണ്‍വെയര്‍ ബെല്‍ട്ട് കറങ്ങുന്നുണ്ടാവും. വിഭവങ്ങള്‍ അതിന് മുകളിലുണ്ടാവും. നിങ്ങള്‍ക്ക് തന്നിരിക്കുന്ന മെനുവില്‍ നോക്കി വേണ്ടുന്ന വിഭവം കണ്‍വെയര്‍ബെല്‍ട്ടില്‍ നിന്നെടുക്കാം. ജപ്പാനീസ് വിഭവങ്ങളെക്കുറിച്ചറിയാവുന്നവര്‍ക്കറിയാം, അവ ചെറിയ അളവില്‍ മാത്രമേ വരികയുള്ളൂ. ലഭിക്കുന്ന ചോറ്(സുഷി അഥവാ സാഷിമി എന്ന് ജപ്പാനില്‍) ഒരു ഉരുളയോളമേ ഉണ്ടാവൂ (ഒരു മുഴുവന്‍ ഊണിന്റെ വിലയുണ്ടാവുമെന്നത് വേറെക്കാര്യം.) അത് കൊണ്ട് തന്നെ അരവയറെങ്കിലും നിറയണമെങ്കില്‍ നിങ്ങള്‍ ഒരു ഡസണോളം വാങ്ങേണ്ടി വരും. (സാമാന്യം നല്ല പണക്കാരന് മാത്രമേ ജപ്പാനില്‍ ഒരു ഫുള്‍ ഭക്ഷണം കഴിക്കാന്‍ പറ്റുകയുള്ളൂ എന്നത് പകല്‍ പോലെ സത്യം.)

അങ്ങനെ ഞങ്ങള്‍ നാല് പേര്‍ കണ്‍വെയര്‍ ബെല്‍ട്ടില്‍ നിന്ന്് ഭക്ഷണം എടുത്ത് കഴിക്കാനിരിക്കുകയാണ്. ഒരു മണിക്കൂറെടുത്ത് ഞങ്ങള്‍ ഞങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയാക്കി. ചെറുപ്പക്കാരിയായ ഒരു യുവതി വന്ന് പാത്രങ്ങള്‍ എടുത്ത് വെച്ച് ഞങ്ങള്‍ക്ക് നന്ദി അറിയിച്ചു. പിന്നെ ബില്ലിനായി കാത്തിരുന്നു, ആരും വന്നില്ല. ഞങ്ങള്‍ എന്താണ് കഴിച്ചതെന്ന് നോക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞല്ലോ, എനിക്കതശമായി, ഇവരെങ്ങനെ ബില്ലെഴുതും..? അവസാനം ഞങ്ങള്‍ വെയിറ്ററെ വിളിച്ച് ബില്ല് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

കൗണ്ടറില്‍ നേരെ പോയി ബില്ല് പേ ചെയ്യാം സാര്‍... അവള്‍ പറഞ്ഞു. (ടിപ്പ് സിസ്റ്റം ജപ്പാനില്‍ ഇല്ല. ഒരിക്കല്‍ ഭക്ഷണം കഴിച്ച് ബില്ലിനൊപ്പം ടിപ്പ് വെച്ച് പുറത്തിറങ്ങി. ഒരു അഞ്ച് മിനുട്ട് കഴിഞ്ഞ് കാണണം, റെസ്റ്റോറന്റില്‍ നിന്ന് 200 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുണ്ടായിരുന്നു, റെസ്റ്റോറന്റില്‍ നിന്ന് ഒരാള്‍ പിറകെ ഓടിവന്ന് പൈസ മടക്കിത്തന്നു.)

അങ്ങനെ ഞങ്ങള്‍ കൗണ്ടറിനടുത്തെത്തി. അവിടെ ഞങ്ങള്‍ കഴിച്ച കൃത്യമായ വിഭവങ്ങള്‍ എഴുതിവെച്ച ബില്ലുണ്ടായിരുന്നു. ഞങ്ങള്‍ എന്തൊക്കെ കഴിച്ചു എന്ന് നിങ്ങള്‍ എങ്ങനെയാണ് അറിയുന്നത്- ഞാന്‍ കൗതുകത്തോടെ ചോദിച്ചു. അറിയാപ്പിള്ളകളായ ഞങ്ങള്‍ക്ക് കൗണ്ടറലെ യുവതി വിശദീകരിച്ചു തന്നു.

കണ്‍വെയര്‍ബെല്‍ട്ടില്‍ നിന്നെടുക്കുന്ന ഭക്ഷണമടങ്ങിയ എല്ലാ പ്ലേറ്റിന്റേയും അടിവശത്തായി ഒരു ആര്‍എഫ്‌ഐഡി(ഞഎകഉ) ടാഗുണ്ടായിരിക്കും. ആര്‍എഫ്‌ഐഡി ടാഗില്‍ ഐറ്റം നമ്പറും പൈസയും അടയാളപ്പെടുത്തിയിട്ടുണ്ടാവും.(ആര്‍എഫ്‌ഐഡി ടാഗിനെക്കുറിച്ച് അപരിചതരായവര്‍ ഇതൊരു തരം ബാര്‍ കോഡാണെന്ന് കരുതുക.) പെണ്‍കുട്ടി പാത്രം വൃത്തിയാക്കുന്നതിനായ വന്ന നേരം, അവളുടെ അരയില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു പോര്‍ട്ടബിള്‍ ആര്‍എഫ്‌ഐഡി ടാഗ റീഡര്‍ ഓട്ടോമാറ്റിക്കലായി പ്ലേറ്റില്‍ നിന്ന് സിഗ്നലുകള്‍ പിടിച്ചെടുക്കും. അത് കാഷ്യരിലേക്ക് എത്തും. ദുബായിയിലേയും ബ്രിട്ടനിലേയും നിരത്തുകളിലെ ടോള്‍ പിരിക്കല്‍ രീതിക്ക് സമാനമാണിത്. ചായക്കടയില്‍ പോലും ജപ്പാന്‍കാര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ജപ്പാനില്‍ മാത്രമല്ല മിക്ക വികസിത രാജ്യങ്ങളിലും ഒരു റെസ്റ്റോറവന്റ് നടത്തുമ്പോള്‍ ഏറ്റവും ചെലവ് സ്റ്റാഫുകളുടെ കാര്യത്തിലാണ്. യുഎസിലും യൂറോപ്പിലും പുറംരാഷ്ട്രങ്ങളിലെ ആളുകളെയും പഠിക്കാനായി വന്ന കുട്ടികളെ പാര്‍ട്ട് ടൈം ആയും (നിയമങ്ങള്‍ അനുസരിച്ച് വന്നവരും അല്ലാത്തവരും അതിലുണ്ടാവും.) ചെറിയ ശമ്പളത്തില്‍ നിയമിച്ച് ഇയൊരു പ്രശ്‌നം പരിഹരിക്കുമ്പോള്‍ ജപ്പാന് അത് സാധ്യമല്ല. കുട്ടികളുടെ പാര്‍ട്ട് ടൈം ജോലി എന്നത് അനുവദനീയമല്ല. ദ്വീപായത് കൊണ്ട് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ അതീവകര്‍ശനമാണ്. അതുകൊണ്ട് പുറംനാട്ടുകളിലെ ആളുകളെ നിയമിക്കാനുള്ള സാദ്ധ്യത തുലോംകുറവാണ്. അതുകൊണ്ട് ചിലവ് നിയന്ത്രിക്കാന്‍ അവര്‍ യന്ത്രങ്ങളെ ആശ്രയിക്കുന്നു. ഒരു റെസ്‌റ്റോറന്റ് നിയന്ത്രിക്കാന്‍ പത്തിലധികം ആളുകള്‍ വേണ്ടയിടത്ത് ടെക്‌നോളജി കൊണ്ട് മൂന്നോ നാലോ പേരെ കൊണ്ട് സാദ്ധ്യമാകുന്നു.


കേരളത്തിലും അവശ്യത്തിന് ആളുകളെ കിട്ടാത്തത് വലിയ പ്രശ്‌നമാണെന്ന് എനിക്കറിയാം. വെങ്ങോലയിലെ രണ്ട് ചായക്കടകളില്‍ പണിയെടുക്കാന്‍ ആളെ കിട്ടാത്തത് കൊണ്ട് ഒന്ന് അടച്ചുപൂട്ടി, രണ്ടാമത്തേത് പൂട്ടല്‍ വഴിക്കാണ്.

അന്ന് രാത്രി ഞാന്‍ ഒരു സ്വപ്‌നം കണ്ടു: ശങ്കരന്‍ പിള്ളയുടെ ചായക്കടയില്‍ ഇരിക്കുന്ന എനിക്കടുത്തേക്ക് കണ്‍വെയര്‍ബെല്‍ട്ടില്‍ ആര്‍എഫ്‌ഐഡി ബില്ലിംഗ് സംവിധാനത്തോടെ പരിപ്പുവടയും സുഖിയനും വരികയാണ്. എനിക്കറിയില്ല എന്നാണത് യാഥാര്‍ത്ഥ്യമാകുന്നതെന്ന്. എന്നാല്‍ ശബരിമലയില്‍ വയര്‍ലെസ്സ് ഓര്‍ഡര്‍ പ്രസാദം വരുന്നതിന് മുന്‍പ് ശങ്കരപ്പിള്ളയുടെ കടയില്‍ ആര്‍എഫ്‌ഐഡി വരുമെന്നാണെന്റെ വിശ്വാസം.

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 

(54.29%) (7 Votes)

 

 

Other News in this Section