LATEST NEWS

Loading...

Custom Search
+ -

ഇടുക്കിപ്പട്ടി

മുരളി തുമ്മാരുകുടി

Posted on: 24 Feb 2011

 

നിന്റെ പുളുവടി കുറച്ച് കൂടുന്നുണ്ട്.. അവസാനപ്രവശ്യം അമ്മാവന്‍ എന്നെ കണ്ടപാടെ പറഞ്ഞത് ഇതാണ്. കാര്യം എന്റെ വെബ്‌സൈറ്റിനെക്കുറിച്ചാണ്.



എനിക്കമ്മാവനെ കുറ്റം പറയാന്‍ പറ്റില്ല. എന്റെ മാതാവിന്റെ ബന്ധുക്കള്‍ വളരെ ഗൗരവതരക്കാരായ ആളുകളാണ്. എനിക്ക് പുളുവടിക്കാനുള്ള കഴിവ് കിട്ടാന്‍ പ്രേരണയാകുന്നത് അച്ഛനാണ്.

എന്റെയച്ഛന്‍ വളരെ നല്ലൊരു കഥ പറച്ചിലുകാരനായിരുന്നു. എന്റെ കുട്ടിക്കാലത്ത് ടെലിവിഷനോ കമ്പ്യൂട്ടറോ റേഡിയമോ എന്തിന് കഥാപുസ്തകങ്ങളോ ഉണ്ടായിരുന്നില്ല. അക്കാലത്ത് നേരംകളയാനുള്ള തുരുപ്പ്ചീട്ടുകളായിരുന്നൂ അച്ഛന്‍ പറഞ്ഞ് തന്ന കഥകള്‍.

അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത് പോലെ വെറുതേ കഥ പറഞ്ഞുപോകുമായിരുന്നില്ല അച്ഛന്‍. അദ്ദേഹം വീട്ടിലെത്തുമ്പോള്‍ എന്റെ കസിന്‍സും അയല്‍വീട്ടിലെ കുട്ടികളും കഥകള്‍ കേള്‍ക്കാന്‍ അച്ഛനെ പൊതിയും.

അച്ഛന്‍ ശരിക്കുമൊരു പുളവടി വീരനൊന്നുമായിരുന്നില്ല കേട്ടോ. രാമായണത്തിലേയും മഹാഭാരതത്തിലേയും ഐതീഹ്യമാലയിലേയും കണ്ട തമിഴ്‌സിനിമകളുടെ കഥകളുമാണ് അച്ഛന്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്. അച്ഛന്റെ അച്ഛന്‍ പറഞ്ഞ് തന്ന കഥകളുടെ അടങ്ങാത്ത ശേഖരവുമുണ്ടായിരുന്നു അച്ഛന്റെ മനസ്സ്‌വശം. വളരെ ദരിദ്രരായ പാപ്പിയമ്മയുടെയും കൃഷ്ണന്‍നായരുടേയും കഥ അത്തരത്തിലുള്ള ഒന്നാണ്. അവര്‍ക്ക് ഒരു മുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ ബുദ്ധിമാനായ ചുക്കുവെള്ളക്കുട്ടിയുടെ ഒരു കഥയുണ്ട്. കഠിന പരിശ്രമത്താലും ബുദ്ധിസാമര്‍ത്ഥ്യം കൊണ്ടും ഉന്നതനിലയിലെത്തിയ ചുക്കുവെള്ളക്കുട്ടിയുടെ കഥ പോലുള്ള ഒരു പാട് കഥകള്‍ അച്ഛന് സ്വന്തമായുണ്ടായിരുന്നു.ഇതൊന്നും ഒരിടത്തും രേഖപ്പെടുത്തപ്പെട്ടതാണെന്ന് എനിക്കറിവില്ല. ഒരു ദിവസം എനിക്ക് ഇതൊക്കെ എഴുതിവെയ്ക്കണം.

അച്ഛന്‍ കഥകള്‍ പറയുമെങ്കിലും എന്റെ റോള്‍ മോഡല്‍ അച്ഛന്റെ ബന്ധുവായ ഗോപാലന്‍ ചേട്ടനായിരുന്നു. പുളവടിയുടെ അപ്പോസ്തലന്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹം ജീവിതം മുന്നോട്ട് നയിച്ചത് തന്നെ നാവ് കൊണ്ടായിരുന്നു. ആളുകളെ നാവിലെടുത്തമ്മാനാമാടാന്‍ ഗോപാലേട്ടന് കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ വിക്രമന്‍ ചേട്ടന്‍ എന്റെ വീട്ടില്‍ താമസിച്ചിരുന്നു.

വര്‍ഷത്തിലൊരിക്കലേ അദ്ദേഹം വീട്ടിലേക്ക് വരാറുള്ളൂ. പ്രഭാതം പൊട്ടിവിടര്‍ന്ന് കഴിഞ്ഞ് ഉദ്ദേശം 11 മണിയോടെയാണ് അദ്ദേഹം വീട്ടിലെത്താറ്. ചിലപ്പോള്‍ അദ്ദേഹം അമ്മാവനുമായി സംസാരിച്ചിരിക്കും .അത് കഴിഞ്ഞാല്‍ ഞങ്ങള്‍ക്കൊപ്പം ഉച്ചയൂണ് ശാപ്പിടും. അപ്പോഴാണ് അദ്ദേഹം അദ്ദേഹത്തിന്റെ ഭാണ്ഡത്തിന്റെ കയറഴിച്ച് വിടുക.(അദ്ദേഹത്തിന്റെ സന്തതസഹചാരിയായി ശരിക്കും ഒരു ഭാണ്ഡം എപ്പോഴുമുണ്ടാവും.) അതില് എന്തെങ്കിലും വ്യത്യസ്തമായ ഗോപാലന്‍ ചേട്ടന്‍ ടച്ച് ഉണ്ടാവുമെന്ന് ഉറപ്പാണ്. അച്ഛന് ചില സമ്മാനങ്ങള്‍ തരാമെന്ന് വാഗ്ദാനം ചെയ്യും. അച്ഛനത് നിരസിക്കും. വൈകുന്നേരമാവുമ്പോള്‍ കെട്ടുംകെട്ടി അദ്ദേഹം തിരിച്ച് പോകും .അച്ഛന്‍ വഴിച്ചെലവ് വകയില്‍ കുറച്ച് കാശ് കൊടുക്കും. അദ്ദേഹം പോകുമ്പോള്‍ എനിക്ക് വല്ലാതെ വിഷമം തോന്നും. കുറച്ച് നേരം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ച് പോകും.

1970-കളിലെ ഒരു പതിനൊന്നിന് അദ്ദേഹം വന്നത് വലിയ സുന്ദരക്കുട്ടപ്പനായ ഒരു പട്ടിയേയും കൊണ്ടായിരുന്നു. അതിനെ അദ്ദേഹം വീട്ടിലെ തളത്തില്‍ കെട്ടിയിട്ടു. (തളം എന്ന വാക്ക് നമ്മുടെ ഭാഷയില്‍ ഇപ്പോള്‍ കാണാറില്ല.)

ഞങ്ങളെയൊന്ന് നോക്കുക പോലും ചെയ്യാതെ അദ്ദേഹം നേരെ അമ്മാവന്റെ മുറിയിലേക്ക് നടന്നു. പട്ടിയെക്കുറിച്ചറിയാനുള്ള ജിജ്ഞാസ കൊണ്ട് ഞങ്ങളും അങ്ങോട്ടേക്ക് നടന്നു. അച്ഛനും ഞങ്ങള്‍ക്കൊപ്പം നടന്നു.

രാമാ, ഞാന്‍ വല്ല്യൊരു കുഴപ്പത്തില്‍ പെട്ടിട്ടുണ്ട്... ഗോപാലേട്ടന്‍ തുടങ്ങുന്നു.

എന്ത് പറ്റീ ചേട്ടാ... അച്ഛന്‍ ചോദിച്ചു.

നിങ്ങള്‍ക്കെല്ലാമറിയില്ലേ, കഴിഞ്ഞ ഒരു വര്‍ഷമായിട്ട് ഇടുക്കിയില്‍ ഈ സായിപ്പിന്റെ കുക്കാണ് ഞാനെന്ന്. (ഇടുക്കി ഡാമിന്റെ പണി നടക്കുന്ന സമയമാണന്ന്. കാനഡയില്‍ നിന്ന് ഒരു പാട് എഞ്ചിനിയര്‍മാര്‍ അവിടെവന്ന് ജോലി ചെയ്യുന്നുണ്ടായിരുന്നു. എല്ലാ വെളുത്ത വിദേശവാസികളും സായിപ്പന്മാരാണല്ലോ, അന്നും ഇന്നും മലയാളികള്‍ക്ക്! )

ഇതാ സായിപ്പിന്റെ പട്ടിയാണ് ... ഗോപാലേട്ടന്‍ തുടരുന്നു. സായിപ്പ് സ്വന്തം മകനേക്കാള്‍ സ്‌നേഹത്തില്‍ ഈ നായിന്റമോനെ സ്‌നേഹിച്ചിരുന്നു. സായിപ്പ് തിന്നുന്നതേ ഇതും തിന്നൂ. ഇംഗ്ലീഷേ മനസ്സിലവാത്തമുള്ളൂ... പ്രൊജക്ട് തീര്‍ന്നു. സായിപ്പ് തിരിച്ച് പോവേണ്ടതുമുണ്ട്. സായിപ്പിന് പട്ടിയെ കൂടെക്കൂട്ടണമെന്ന് കൊണ്ട് പിടിച്ച ആഗ്രഹം...

അതിന് പട്ടിയെ ആരെങ്കിലും വിമാനത്തില്‍ കയറ്റുമോ...? ഞാന്‍ ചോദിച്ചു.

അതല്ലേ മോനേ കുഴപ്പം.. അദ്ദേഹം തുടര്‍ക്കഥ തുടരുന്നു. അത് കൊണ്ട് സായിപ്പ് തോക്കെടുത്ത് ഇതിനെയങ്ങ് കൊല്ലാന്‍ തീരുമാനിച്ചു. രാജാവിനെപ്പോലെ ഇത്രയും കാലം ജീവിച്ച അത് നമ്മെപ്പോലുള്ള കണ്‍ട്രിമനുഷ്യര്‍ക്കും കണ്‍ട്രിനായകള്‍ക്കും ഒപ്പം ദരിദ്രജീവിതം നയിക്കേണ്ടിവരുമല്ലോയെന്നുള്ള സങ്കടത്തിലാണ് ഇങ്ങനെയൊരു സങ്കടതീരുമാനം അദ്ദേഹം കൈകൊണ്ടത്.

എന്റെ രാമാ, കാര്യം പട്ടി സായിപ്പിന്റെയാണെങ്കിലും ഇതിന് തീറ്റ കൊടുത്തതും കുളിപ്പിച്ചതും ഒക്കെ ഞാനാണ്. അതിനെ വെടിവെക്കാന്‍ പോയപ്പോ തോക്ക് എന്റെ ചങ്കിന് വെയ്ക്കുന്നത് പോലെയാ തോന്നിയത്.

ഗോപാലേട്ടന്‍ പറഞ്ഞത് കറക്ട്. ആര്‍ക്കാണെങ്കിലും വിഷമമുണ്ടാകും. - എന്റെ സഹോദരി മൊഴിയുന്നു.

അപ്പോള്‍ രാമാ, ഞാന്‍ ഒരു വാക്ക് പറഞ്ഞുപോയി. ഗോപാലേട്ടന്‍ ഒന്ന് ശ്വാസമെടുത്തു. ഇതിനെ എനിക്ക് തന്നേര്, ഞാന്‍ പൊന്ന് പോലെ നോക്കാമെന്ന് ഞാന്‍ പറഞ്ഞു.

സായിപ്പിനറിയാം എനിക്കിതിനെ പോറ്റാനുള്ള പാങ്ങില്ല എന്ന്. അതുകൊണ്ട് അദ്ദേഹം എന്നോട് ചോദിച്ചു. നീ ഇതിനെ എന്ത് ചെയ്യും...

കുറേ ദൂരെ എറണാകുളത്ത് എന്റെ ഒരനിയന്‍ ഉണ്ട്. അവന്‍ നല്ല നിലയില്‍ ആണ്. ഞാന്‍ അവന് കൊണ്ടോയിക്കൊടുക്കും.. ഞാന്‍ പറഞ്ഞു.

അതിനവിടെ ഇംഗ്ലീഷ് പറയുന്ന ആളുകള്‍ ഇല്ലല്ലോ എന്ന് സായിപ്പ് സംശയമുണര്‍ത്തി.

അപ്പോ ഞാന്‍ പറഞ്ഞു. അവന്റെ പിള്ളേരൊക്ക നന്നായി പഠിക്കും. അവന്റെ മോള്‍ എംഎയ്ക്കാണ് പഠിക്കുന്നത്. (ആ സമയം ചേച്ചി BSc പോലും എത്തിനോക്കിയിട്ടില്ല.)

അത് കേട്ട് സായിപ്പിന് തൃപ്തിയായി. ശരി, നീ പറഞ്ഞത് കൊണ്ട് മാത്രം ഞാന്‍ ഇതിനെ തരാം. പക്ഷേ ഇതിനെ നന്നായി നോക്കണം. പറ്റിയില്ലെങ്കില്‍ കൊന്ന് കളഞ്ഞേര്..

സായിപ്പ് 100 രൂപയും തന്ന് നായയെ എന്നെയേല്പിച്ചു. (ആറാംതമ്പുരാനില്‍ ഒടുവില്‍ പറയുന്ന പോലെ, അന്നത്തെ നൂറ് രൂപ എന്നാല്‍....)

ഞങ്ങള്‍ അദ്ഭുതം കൂറി. അപ്പോള്‍ ഗോപാലേട്ടന്‍ ഞങ്ങള്‍ക്കായി നായയെ കൊണ്ട് വന്നിരിക്കുകയാണ്. സഹോദരി കം ഹിയര്‍..എന്ന് ആജ്ഞ കൊടുത്തുപാടെ നായ ഒരു ചുവട് മുന്നോട്ട് വെച്ചു. അമ്മാവന്‍ പോലും ഉത്തേജിതനായിപ്പോയി.

ആ സമയമാണ് ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും ഗോപാലേട്ടന്റെ നിര്‍ദ്ദേശത്തിനും മേലെ അച്ഛന്‍ തിരസ്‌കാരത്തിന്റെ തണുത്തവെള്ളം കോരിയൊഴിച്ചത്.

ഇവിടെ ഒരു പട്ടിയുടേയും ആവശ്യം ഇല്ല ചേട്ടാ.. ഇംഗ്ലീഷ് അറിയാവുന്നവരുടെ വീട് വേറെയുമുണ്ടല്ലോ.. ചേട്ടന്‍ അവിടെ ആര്‍ക്കെങ്കിലും കൊടുത്ത് നോക്കൂ..

രാമാ, അത് മാത്രം പറയരുത്. ഞാന്‍ സായിപ്പിന് വാക്ക് കൊടുത്തതാണ്. നിനക്ക് പറ്റില്ലെങ്കില്‍ പിന്നെ ഇതിനെയങ്ങ് കൊന്നേക്കാം... ഗോപാലേട്ടന്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് അച്ഛനോട് വല്ലാത്ത ദേഷ്യം വന്നു. ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല.

എന്താണെങ്കിലും ചേട്ടന്‍ ഊണ് കഴിക്കൂ.. എന്റെയമ്മ പറഞ്ഞു.
അദ്ദേഹം ഭക്ഷണത്തിന് കയറി.

ഞങ്ങള്‍ ദയയോടെ നായയെ നോക്കിയിരുന്നു. അച്ഛന്റെ കാലില്‍ വീണെങ്കിലും നോ,രക്ഷ...നായയെ ഗോപാലേട്ടന്‍ കൊല്ലുമെന്നുറപ്പായി. എന്റെ നെഞ്ച് പട പട...

ഒടുവില്‍ അതിന്റെ ദുരന്തവിധി കണ്ട് ദൈവം എന്റെ മറ്റമ്മയുടെ (അമ്മയുടെ ചേച്ചി) രൂപത്തിലെത്തി. അവര്‍ ഞങ്ങളുടെ തൊട്ടടുത്തായിരുന്നു താമസം. പട്ടിയുടെ കുര കേട്ടിങ്ങോട്ട് വന്നതായിരുന്നു. കഥയെല്ലാം കേട്ടപ്പോള്‍ മറ്റമ്മ പറഞ്ഞു.

എടാ, ഈ പട്ടിയെ എനിക്ക് തന്നേര്.. ഞങ്ങള്‍ നോക്കിക്കൊള്ളാം.

അത് വേണ്ട ചേച്ചീ... അത് ശരിയാവില്ല. സായിപ്പെങ്ങാനും അറിഞ്ഞാല്‍. ഹം, അത് വേണ്ട..

പൈസ വേണമെങ്കില്‍ ഞാന്‍ തരാം... അവര്‍ പറഞ്ഞു. ഏതാണെങ്കിലം നീ ഇവിടെ വരെ കൊണ്ട് വന്നതല്ലേ...

പൈസ അല്ല കാര്യം.. ചേച്ചീടെ വീട്ടില്‍ ഇംഗ്ലീഷ് പറയുന്ന ആരെങ്കിലും ഉണ്ടോ...
ഗോപാലേട്ടന്‍ ചോദിച്ചു.

പിന്നെയില്ലാതെ..എന്റെ മക്കളും കോളേജില്‍ പഠിക്കുന്നുണ്ട്..

എന്നാപ്പിന്നെ അങ്ങനെ ആവട്ടെ. ഈ മിണ്ടാപ്രാണിയെ കൊല്ലേണ്ടല്ലോ. പക്ഷേ മൂന്ന് മാസം കഴിയുമ്പോള്‍ ഞാന്‍ വരും. അപ്പോള്‍ കുഴപ്പം വല്ലതും ഉണ്ടെങ്കില്‍ ഞാന്‍ അപ്പോള്‍ തന്നെ വിഷം കൊടുത്ത് കൊല്ലും. പറഞ്ഞേക്കാം...
അദ്ദേഹം വീണ്ടും തന്റെ ഭാണ്ഡം അഴിക്കാന്‍ തുടങ്ങി.

കാരാര്‍ ഒപ്പ് വെയ്ക്കപ്പെട്ടു. എല്ലാം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു.
നായയ്ക്ക് ജീവിതം തിരിച്ച് കിട്ടി.
ഞങ്ങള്‍ക്ക് സമാധാനമായി.

നായയുടെ പേര് റെക്‌സ് എന്നായിരുന്നെങ്കിലും ഞങ്ങളതിനെ ഇടുക്കിപ്പട്ടി എന്ന് വിളിച്ച് പോന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങളതിനെ മലയാളം പഠിപ്പിച്ചു.
ഞങ്ങള്‍ അതിനോടൊപ്പം കളിക്കാന്‍ തുടങ്ങി. ഞങ്ങളതിന് നല്ല ഭക്ഷണം കൊടുത്തു.

ഒരു ദിവസം, നായ ആരോടും പറയാതെ അപ്രത്യക്ഷമായി.

ഞങ്ങള്‍ ദു:ഖാര്‍ത്തരായി. ചോറ് പോലും നേരെ ഇറങ്ങുന്നില്ല. മാറ്റമ്മ ഗോപാലന്‍ ചേട്ടന്റെ വരവിനെയോര്‍ത്ത് ഉല്‍കണ്ഠാകുലയായി.

ദിവസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം എന്റെ കസിന്‍ അമ്മുച്ചേച്ചി വീട്ടിലേയ്ക്ക് വന്നു. വര്‍ത്തമാനം പറഞ്ഞ് കാണാതെയായ നായയും സംസാരത്തില്‍ ചാടിവന്നു. മുഴുവന്‍ കഥ പറഞ്ഞില്ലെങ്കിലും പട്ടി ചാടിപ്പോയത് മാത്രം പറഞ്ഞു.

അത് പേടിക്കേണ്ട ചേച്ചീ...ഈ പട്ടി എന്ന് പറയുന്ന സാധനം എവിടെപ്പോയാലും തിരിച്ചുവരും...അവര്‍ പറഞ്ഞു.
ഞങ്ങള്‍ക്കും ഒരു പട്ടി ഉണ്ടായിരുന്നു. പിള്ളേര്‍ക്ക് വലിയ കാര്യമായിരുന്നു. പക്ഷേ പിള്ളേര്‍ സ്‌കൂളില്‍ പോയാലുടനെ അടുത്തുള്ള ഇറച്ചിക്കടയുടെ വായില്‍ നോക്കിയിരിക്കും അത്. അയാളുടെ കണ്ണൊന്ന് തെറ്റേണ്ട താമസം, ഇറച്ചിയും കട്ട് കൊണ്ട് സ്വാഹാ...!

പട്ടിയെ നോക്കിയില്ലെങ്കില്‍ ഞാന്‍ വല്ല വിഷവും കൊടുക്കും... ഷോപ്പ് കീപ്പര്‍ ഭീഷണിപ്പെടുത്തി.

പട്ടി ചത്താല്‍ പിള്ളേര്‍ക്കെല്ലാം വിഷമം വരും. വീട്ടിലിരുന്നാലോ ഇറച്ചിക്കടക്കാരന്റെ ചീത്ത മുഴുവന്‍ കേള്‍ക്കേണ്ടി വരും.

അപ്പോഴാണ് ആ ഗോപാലന്‍ ചേട്ടന്‍ ആ വഴി വന്നത്. പിള്ളേര് സ്‌കൂളില്‍ പോയ സമയം. ഞാന്‍ ഒരു പത്ത് രൂപയും കൊടുത്ത് പറഞ്ഞൂ, ദൂരെയെങ്ങാനും കൊണ്ടുപോയിക്കള, ഇവിടെ സൗര്യമില്ല..

ഒരു മാസം കഴിഞ്ഞില്ല.. ദേ, പട്ടി പിന്നേം തിരിച്ചെത്തി...

അതുകൊണ്ട് ചേച്ചി പേടിക്കേണ്ട പട്ടി വരും....

കുത്തുകള്‍ മുഴുവനായി യോജിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് മാറ്റമ്മ ചോദിച്ചു. ഏത് ഗോപാലേട്ടന്‍...?

ആ ഏടത്തലയിലെ ഗോപാലന്‍ ചേട്ടന്‍ ഇല്ലേ.. വിക്രമന്റെ അച്ഛന്‍...........


മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 


(62.67%) (15 Votes)

 

 

Other News in this Section