LATEST NEWS

Loading...

Custom Search
+ -

ആബ്‌സെന്റ് മൈന്റഡ് പ്രൊഫസേര്‍സ്‌

മുരളി തുമ്മാരുകുടി

Posted on: 15 Jan 2011

 

ഇത് വെറുമൊരു തമാശയല്ല, അങ്ങനെ തോന്നിയേക്കാമെങ്കിലും. ഞാന്‍ പഠിപ്പിച്ചിരുന്ന ഒരു കലാലയത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നതാണ്.

അതൊരു റെസിഡന്‍ഷ്യല്‍ ക്യാമ്പസായിരുന്നു. മിക്കവരും എന്നെപ്പോലെ യുവാക്കളായിരുന്നു. ഓഫീസിന് തൊട്ടടുത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്. അതുകൊണ്ട് ഏത് നേരവും പോയി ജോലി ചെയ്യാന്‍ കഴിയുമായിരുന്നു.




ലിഫ്റ്റ് സൗകര്യമില്ലാത്ത നാല് നിലകളടങ്ങുന്ന കെട്ടിടമായിരുന്നു ഞങ്ങളുടെ താമസസ്ഥലം.

ഒരേ പ്രായമുള്ള (30 വയസ്സിനടുത്ത്) രണ്ട് പേര്‍ ഒരേ ബ്ലോക്കില്‍ താമസിച്ചിരുന്നു. ഒന്നാമന്‍ ഭാര്യയുമൊന്നിച്ച് മൂന്നാംനിലയിലും രണ്ടാമത്തെയാള്‍ നാലാം നിലയില്‍ സഹോദരിക്കൊപ്പവും. നാലാംനിലയിലെ ഡോ.മിശ്ര എന്ന് പേരുള്ള മനുഷ്യന്‍ ഉത്തരേന്ത്യനായിരുന്നെങ്കില്‍ മൂന്നാം നിലയിലെ ഡോ.റാവു ദക്ഷിണേന്ത്യക്കാരനായിരുന്നു. ഡോ.മിശ്ര അവിവാഹിതനായിരുന്നു. കൂടെയുള്ള സഹോദരി സര്‍പ്പസുന്ദരിയായിരുന്നു(കാമ്പസില്‍ കാല്പനികവര്‍ത്തമാനങ്ങളില്‍ അവള്‍ വരാറുണ്ടെന്ന് പറയേണ്ടതില്ലല്ലോ..)

ഇപ്പോള്‍ കഥാപാത്രപരിചയം പൂര്‍ത്തിയാകുന്നു, ഇനി കഥയിലേക്ക്...

ഒരു ദിവസം വൈകുന്നേരം 5 മണിയോടെ ഡോ.റാവു വീട്ടിലേക്ക് പോകുകയായിരുന്നു. എന്തൊക്കെയോ കാര്യങ്ങളോര്‍ത്ത് കൊണ്ട് അദ്ദേഹം മുകള്‍ നിലയിലേക്ക് പതുക്കെ നടക്കുകയാണ്. വിചാരം മൂത്തുനരച്ചപ്പോള്‍ അദ്ദേഹം മൂന്നാംനില മറന്ന് നാലാം നിലയിലേക്ക് കയറിപ്പോയി.

അദ്ദേഹം കോളിംഗ് ബെല്‍ ഞെക്കി.

ഒരുത്തരവുമില്ല. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഉള്ളിലുണ്ട്, പുറത്തുപോകുന്ന കാര്യമൊന്നും സൂചിപ്പിച്ചിരുന്നുമില്ല, വീണ്ടും കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. ഒരു പ്രതികരണവുമില്ല, ഡോ.റാവുവിന് വിഷമവും ആധിയും ഒന്നിച്ച് വന്നു.

അദ്ദേഹം വാതിലില്‍ ശക്തിയിലിടിച്ചു. ഇല്ല,ഉത്തരമില്ല...

ഈ സമയം ഡോ.മിശ്ര ഷവറിന് കീഴേയിരുന്ന് കുളിക്കുകയായിരുന്നത് കൊണ്ട് കോളിംഗ് ബെല്‍ റിംഗ് ചെയ്യുന്നത് കേട്ടെങ്കിലും മൈന്റ് ആക്കിയില്ല. ഈ സമയം ആരും തന്നെ കാണാന്‍ വരാനില്ലെന്ന് ഡോ.മിശ്രയ്ക്കുറപ്പായിരുന്നു. സഹോദരി രാത്രി വൈകിയേ വരൂ. ഫ്ലറ്റുടമയോ അനാവശ്യക്കാരായ ആരെങ്കിലുമോ ആയിരിക്കുമെന്ന് വിചാരിച്ച് അദ്ദേഹം കുളിമുറിക്കാര്യത്തില്‍ പൂര്‍ണ്ണനിമഗ്നനായി.

പക്ഷേ വാതിലില്‍ മുട്ട് പൂര്‍വ്വാധികം ശക്തമായി. ഇനി എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചിരിക്കുമോ, വല്ല തീപ്പിടുത്തമോ മറ്റോ...! ഈശ്വരാ...
അദ്ദേഹം ബാത്ത് ടവ്വല്‍ കൊണ്ട് തോര്‍ത്തുചുറ്റി കുളിമുറിയില്‍ നിന്ന് പുറത്തേക്കോടി.
വാതില്‍ വലിച്ച് തുറന്നു.

കോപത്തിന്റെ G8 ഉച്ചകോടിയിലെത്തപ്പെട്ടിരുന്നൂ ഈ സമയം ഡോ.റാവു.
വാതില്‍ തുറയ്ക്കപ്പെട്ടു. അര്‍ദ്ധനഗ്നനായി,നനഞ്ഞൊട്ടി ഒരു ടവ്വല്‍ മാത്രമുടുത്ത് ഡോ.മിശ്ര അയാള്‍ക്ക് മുന്നില്‍ നില്ക്കുന്നു.

ദേഷ്യം കൊണ്ട് ചുവന്നുതുടുത്ത് തക്കാളിപ്പഴം പോലെയായി ഡോ.റാവു. ഈ തെണ്ടിക്കെന്താണ് എന്റെ വീട്ടില്‍ കാര്യം, പാതിനനഞ്ഞ്, തോര്‍ത്ത് മാത്രമുടുത്ത്..? റാവുവില്‍ ബള്‍ബ് കത്തി, കിടപ്പുമുറിയിലേക്ക് കൂടുതല്‍ തെളിവിനായി അദ്ദേഹം കുതിച്ചുപാഞ്ഞു.

ഡോ.മിശ്രയിലും കലി തുള്ളിയുറഞ്ഞു. എന്ത് അധികാരത്തിലാണ് ഇവനെന്റെ വീട്ടിലേക്കതിക്രമിച്ച് കയറിയത്, എന്റെ സഹോദരിയുടെ കിടപ്പുമുറിയിലേക്കേതിക്രമിച്ചുകയറാന്‍ ഇവനെന്തധികാരം...?

മിശ്ര ഉത്തരേന്ത്യന്‍ ചുവയില്‍ ഒരു പച്ചത്തെറിയങ്ങ് ചാര്‍ത്തിക്കൊടുത്തൂ നമ്മുടെ റാവുവിന്.
പറയേണ്ടതല്ലില്ലോ, പിന്നെ എല്ലാം ചരിത്രമാണ്...

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്
(60%) (20 Votes)

 

 

Other News in this Section