LATEST NEWS

Loading...

Custom Search
+ -

സോണയില്‍ ഒരു രാത്രി

മുരളി തുമ്മാരുകുടി

Posted on: 29 Dec 2010

 

ജീവിതയാത്രയില്‍ അനുഭവിച്ച നര്‍മ്മപ്രധാനമായ മുഹൂര്‍ത്തങ്ങള്‍ മുരളി തുമ്മാരുകുടി വായനക്കാരുമായി പങ്കിടുന്നു

ത്ര മലയാളികള്‍ സോണ(sauna) എന്ന വാക്ക് കേട്ടിട്ടുണ്ട്? വളരുന്ന കാലത്ത് അതെന്റെ പദാവലിയുടെ ഭാഗമായിരുന്നില്ല. 40 വയസ്സില്‍ യൂറോപ്പില്‍ കാലൂന്നുന്നത് വരെ ഞാനത് കേട്ടിട്ടിട്ടേ ഇല്ല.



അറിയാത്തവര്‍ക്കായി സോണയെ പരിചയപ്പെടുത്താം. നീരാവി നിറഞ്ഞ പൂര്‍ണ്ണമായും അടച്ചിട്ട മുറിയാണത്, പ്രഷര്‍കുക്കറിന്റെ ഉള്ളിലിരിക്കുന്ന അവസ്ഥ എന്ന് പറയാം. സാധാരണ സോണ മുറി മരത്തിന്റെ ബര്‍ത്തുകളോടെയുള്ള തീവണ്ടി കമ്പാര്‍ട്ട്‌മെന്റ് പോലിരിക്കും. അതിനുളളില്‍ ഇരിക്കാനും കിടക്കാനും സൗകര്യമുണ്ടാകും. നീരാവി ഉണ്ടാക്കാന്‍ ചുടുക്കല്ലുകളും ശുദ്ധജലവും ഒരുക്കിയിട്ടുണ്ടാവും. ശുദ്ധമായ യൂക്കാലിപ്റ്റ്‌സ് എണ്ണ പോലുള്ള സുഗന്ധ പദാര്‍ത്ഥങ്ങളും വെള്ളത്തില്‍ ചേര്‍ക്കും..

സോണയ്ക്ക് 2000- വര്‍ഷത്തിലേറെ പഴക്കമുണ്ട്. പല യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും സോണ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഫിന്‍ലാന്റ് സോണയ്ക്ക പേര് കേട്ട സ്ഥലമാണ്. ഫിന്‍ലന്റുകാര്‍ ആര്‍മിയില്‍ പോലും സോണ ഉപയോഗിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ ഫിന്‍ലന്റില്‍ നിന്നുള്ള പട്ടാളക്കാര്‍ക്കായി അവര്‍ സോണ നിര്‍മ്മിച്ചിട്ടുണ്ടെന്ന് പറയുന്നു. നീരാവി ഇല്ലാതെ വിയര്‍ക്കാനുള്ള ഒരു പാട് സാഹചര്യങ്ങള്‍ അഫ്ഗാനിസ്ഥാന്‍ പട്ടാളക്കാര്‍ക്ക് ഉണ്ടെങ്കിലും സോണ അവര്‍ക്ക് നിര്‍ബന്ധമാണ്.

സാധാരണ സോണയുടെ കാര്യം ഇങ്ങനെയാണ്: ആദ്യം പൂര്‍ണ്ണനഗ്നനായി നിങ്ങള്‍ കുളിക്കുന്നു. പിന്നെ സോണയിലേക്ക് കയറുന്നു. മരബെഞ്ചില്‍ പത്തുപതിനഞ്ച് മിനുട്ട് ഇരിക്കുക. ശരീരം വിയര്‍ത്ത് തുടങ്ങും. വിയര്‍ത്ത് വിയര്‍ത്ത് 'ഇനി വയ്യേ' എന്ന അവസ്ഥയിലേത്തുമ്പോള്‍ നിങ്ങള്‍ പുറത്തേക്ക് ഓടും, (ആരും പറയാതെ സ്വയം ഓടും.) തണുത്ത വെള്ളത്തില്‍ വിയര്‍ത്ത ശരീരം അല്പനേരം വെച്ച് കൊടുക്കണം. വീണ്ടും സോണയിലേക്ക് ഓടെടാ ഓട്ടം. ഈ വട്ടം ചുറ്റല്‍ മതിയോവോളം ചെയ്യാം. സമയമുണ്ടെങ്കില്‍ എത്ര നേരം വേണമെങ്കിലും.

ഫിന്‍ലാന്റില്‍ തടാകങ്ങള്‍ക്കരികിലായാണ് സോണകള്‍ നിര്‍മ്മിക്കുക, ശൈത്യകാലത്ത് വെള്ളം കട്ടിയാകും. സോണയില്‍ പൊള്ളിനീറുമ്പോള്‍ മഞ്ഞുമുറിച്ചുണ്ടാക്കിയ ദ്വാരങ്ങളിലൂടെ തടാകത്തിലേക്ക് ചാടും. വീണ്ടും തണുപ്പില്‍ കരുത്ത് തിരിച്ച് പിടിച്ച് സോണയിലേക്ക് തിരിച്ച് നടന്ന് ഇതാ ഞാന്‍ വേവാന്‍ തയ്യാറായിരിക്കുന്നു എന്ന് മസില് പിടിക്കുകയും ചെയ്യാം.

യൂറോപ്പില്‍ കുടുംബം ഒന്നിച്ചാണ് സേണയിലിരിക്കുക. പൊതുവായ സോണകളുമുണ്ട്. പരിചിതര്‍ക്കും അപരിചിതര്‍ക്കം കുടുംബങ്ങള്‍ക്കും ഒന്നിച്ചിരിക്കാം, ആവി പിടിക്കാം. 2004-ലാണ് ഇത്രയും കാര്യങ്ങള്‍ ഞാനറിയുന്നത്. പക്ഷേ സോണയെ അറിഞ്ഞനുഭവിക്കാനുള്ള ഭാഗ്യം എനിക്ക് കൈവന്നിരുന്നില്ല. വരാന്‍ പോകുന്നത് വഴിയില്‍ തങ്ങില്ലല്ലോ..!

2005-ല്‍ ഞാന്‍ മാനേജ്‌മെന്റ് ട്രെയിനിംഗിനായി സ്വിറ്റ്‌സര്‍ലന്റിലെ ഹില്‍സ്‌റ്റേഷനായ സെര്‍മാറ്റില്‍ പോയി. ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നുള്ള മുപ്പതോളം ആളുകള്‍ അവിടെ വന്നിരുന്നു. മലമുകളിലെ റിസോര്‍ട്ടിലായിരുന്നൂ താമസം. വൈകുന്നരം ബ്ലാബ്ലാ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കൂട്ടത്തില്‍ നിന്ന് ഒരാള്‍ പറഞ്ഞു; ഇവിടെ ഒരു സോണയുണ്ട്. ഉടനെത്തനെ വോറൊരു ദേഹം ഒത്തുപിടിച്ച് മലയുയര്‍ത്തി: നമുക്കവിടെ പോകണം.

ഞാന്‍ പറഞ്ഞല്ലോ,ഞാനിത് വരെ സോണ കണ്ടിട്ടില്ല, ഒത്തിരിയൊത്തിരി കേട്ടറിവ് മാത്രമേയുള്ളൂവെന്ന്.ഞങ്ങള്‍ മുപ്പത് പേരില്‍ പകുതിയോളം സ്ത്രീകളായത് കൊണ്ട് പോകണമെന്നുള്ള തീരുമാനം ഉയര്‍ന്നപ്പോള്‍ സോണയെ കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ എന്നില്‍ താഴെ പറയുന്ന നാല് കനത്ത നെഞ്ചിടിപ്പുകള്‍ തീര്‍ത്തു:

1.ഞാന്‍ പൂര്‍ണ്ണനഗ്നനായല്ലേ പോകേണ്ടിവരിക?
2.സോണയ്ക്കകത്ത് വെളിച്ചമുണ്ടാകുമോ?
3.ഞാന്‍ പരിഹസിക്കപ്പെടുമോ?
4.എനിക്ക് ചുറ്റും നിരന്നു നിരങ്ങിയും നില്ക്കുന്ന പൂര്‍ണ്ണനഗ്നരായ സ്ത്രീശരീരങ്ങള്‍ കാണുംനേരം യോഗിയുടെ ലക്ഷണങ്ങള്‍ തീരെയില്ലാത്ത എന്റെ ശരീരം എങ്ങനെയാവും പ്രതികരിക്കുക,എന്റെ ദൈവമേ..?

റിസ്‌ക് എടുക്കുന്ന കാര്യത്തില്‍ ഞാന്‍ പണ്ടേ സ്വര്‍ണ്ണമെഡല്‍ ജേതാവാണ്. ഷെയര്‍ വാങ്ങുന്ന കാര്യമോ റോളര്‍ കോസ്റ്ററിന്റെയുള്ളില്‍ കയറാനോ മുതല മാംസം തിന്നുന്നതോ എന്തുമായിക്കൊള്ളട്ടെ കിട്ടുന്ന അവസരം കളഞ്ഞുകളിക്കാതെ അപ്പോള്‍ തന്നെ ഉപയോഗിക്കുക എന്നതാണ് എന്റെ പോളിസി. സമയം പോകുന്തോറും നിങ്ങള്‍ മരണത്തിലേക്കുള്ള സമയം കുറയ്ക്കുകയാണെന്നുള്ളത് തത്വചിന്ത മാത്രമല്ല, സത്യം കൂടിയാണ്. ഞാന്‍ സോണയില്‍ വേവാന്‍ തീരുമാനിക്കുന്നു. 25 പേര്‍ റിസോര്‍ട്ടുടമയോട് കാര്യം ആവശ്യപ്പെടുന്നു, അയാള്‍ സമ്മതിക്കുന്നു.സോണ പ്രവര്‍ത്തിച്ച് തുടങ്ങുന്ന രാത്രി 11 മണിക്ക് വരാന്‍ അയാള്‍ പറയുന്നു.

റിസോര്‍ട്ടിന് താഴെയായിരുന്നൂ സോണ. സോണയിലേക്കിറങ്ങാനായി ഒരു പിരിയന്‍ ഗോവണിയിണ്ടായിരുന്നു.മൂന്ന് പേര്‍ക്കിരിക്കാന്‍ കഴിയുന്ന നാല് ബെര്‍ത്തുകളിലായി പന്ത്രണ്ട് ആളുകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം സോണയ്ക്കുണ്ടായിരുന്നു. സോണയുടെ ഇരുവശങ്ങളിലുമായി രണ്ട് ബോര്‍ത്തും അവയ്ക്ക് മുകളിലായി ഓരോന്നും എന്ന രീതിയിലായിരുന്നൂ സോണയുടെ കിടപ്പും മട്ടും. ഇതൊക്കെ ഞാന്‍ പിന്നീടറിഞ്ഞതാകുന്നു,ഇപ്പോള്‍ ഞാന്‍ സോണയിലേക്കിറങ്ങാനുള്ള പിരിയന്‍ ഗോവണിയ്ക്കരികെ നില്ക്കുകയാണ്.

എന്റെ നേര്‍മുന്നില്‍ ജെര്‍മ്മനിയില്‍ നിന്നുള്ള സ്വര്‍ണ്ണമുടിക്കാരിയും സുന്ദരിയും സുശീലയുമായ ക്ലൗഡിയ ആണ്. അവള്‍ ഒരു മാനേജ് മെന്റ് സ്ഥാപനത്തിലാണ് ജോലി നോക്കുന്നത്. പൊതുസ്വകാര്യയിടങ്ങളിലെ നേതൃത്ത്വപാടവത്തെക്കുറിച്ച് വാതോരാതെ ഞങ്ങള്‍ സംസാരിച്ചിുന്നു. എന്റെ പിറകില്‍ എന്റയത്ര പ്രായമുള്ള ലണ്ടന്‍കാരിയായ ജാക്കിയാണ്. അവള്‍ ഷിപ്പിംഗ് ഏജന്‍സിയിലാണ് ജോലി നോക്കുന്നത്.അതുകൊണ്ട് തന്നെ അന്ന് പകല്‍ ഞാന്‍ അവളോട് പുതിയ കപ്പലുകളെക്കുറിച്ചും അടിക്കടി മാറികൊണ്ടിരിക്കുന്ന ജലസൗകര്യങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. വാക്കുകള്‍ക്കാണോ പഞ്ഞം...

ഉറുമ്പുകളുടെ ചലനം പോലെ വരി നീങ്ങുന്നു. ഇപ്പോള്‍ ഞാന്‍ സോണയുടെ പുറം വാതില്‍ കാണുന്നു. അതിനപ്പുറത്ത് കുളിമുറിയുടെ വാതിലും കാണാം. ഇപ്പോള്‍ ഞങ്ങള്‍ വാതിലിന് മുന്നിലായിരിക്കുന്നു. ക്ലോഡിയയക്ക് സംസാരിക്കാനുള്ള ഒരേയൊരു സാദ്ധ്യത ഞാന്‍ മാത്രമാകുന്നു...
'നിങ്ങള്‍ പറയുന്നത് കമ്പിനിയിലേക്ക് തിരഞ്ഞെടുക്കും മുമ്പേ ഷെല്‍ ആളുകളുടെ കഴിവും അഭിരുചിയും കൃത്യമായി തിരിച്ചറിഞ്ഞിരിക്കുമെന്നാണോ.. ?' ഞങ്ങള്‍ നേരത്തെ സംസാരിച്ച വിഷയം അവള്‍ പൊടിതട്ടിയെടുക്കുകയാണ്.

ഉത്തരം പറയാനായി അവളിലേക്ക് കണ്ണുകള്‍ തുറക്കുമ്പോള്‍ ഞാന്‍ കാണുന്നൂ, അവള്‍ ടീ ഷര്‍ട്ട് ഊരിമാറ്റുന്നു, ബ്രായില്‍ നിന്ന് മോചനം നേടുന്നു. പാന്‍സും പാന്റീസും ഊരിമാറ്റി സ്വാതന്ത്യം പ്രഖ്യാപിക്കുന്നു. ഇതാ ഇപ്പോള്‍ പിറന്ന് വന്നത് പോലെ പൂര്‍ണ്ണനഗ്നയായി ഇടതുകൈയ്യില്‍ വസ്ത്രവുമായി ക്ലോഡിയ എന്റെ മുന്നില്‍ നില്ക്കുകയാണ്്.

അവള്‍ ചര്‍ച്ച തുടരാനായി കാതു കൂര്‍പ്പിച്ച് കണ്ണ് മുഴുക്കെ തുറന്ന് എന്നെ നോക്കുയാണ്. എവിടെ നോക്കി സംസാരിക്കണമെന്ന് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. എങ്ങനെ ചര്‍ച്ച തുടരുമെന്നറിയതെ എന്റെ തൊണ്ടയില്‍ മാര്‍ച്ച് മാസവെയില്‍ വീണ് കിടന്നു.

എങ്ങനെ അവര്‍ ആളുകളെ തിരഞ്ഞെടുക്കുന്നു..?
അവള്‍ വീണ്ടും ചോദിക്കുന്നു,നോട്ടം പിന്‍വലിക്കാന്‍ ഒരു സാദ്ധ്യതയും അവള്‍ കല്പ്പിക്കുന്നില്ല.

രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ വലയില്‍പെട്ട ഒരു മുയല്‍ക്കുഞ്ഞായി ഞാന്‍. എനിക്ക് മുന്നില്‍ പത്തോളം ആളുകള്‍ പിരിയന്‍ ഗോവണിയുടെ ഓരോ പടിയിലും നില്പ്പുണ്ട്. തിരിഞ്ഞോടാന്‍ ഒരു രക്ഷയുമില്ല.രക്ഷയില്ല ശിവനേ,രക്ഷയില്ല...

സത്യത്തിന്റെ നിമിഷങ്ങള്‍ ഇതാ ഇവിടെ,ഇവിടെ. ധൈര്യസംഭരീതനായി ഞാന്‍ അവളുടെമുഖത്തേക്ക് നോട്ടമുറപ്പിച്ചു. താഴോട്ട് അണുകിട വ്യതിചലിക്കില്ല എന്ന് ഭീഷ്മശപഥം പോലെ ഞാന്‍ മനസ്സിനെ ബലരാമനാക്കി.

'ഷെല്ലിന് പൊട്ട്യന്‍ഷ്യല്‍ തിരിച്ചറിയാനുള്ള ഒരു പ്രത്യേക സെറ്റഅപ്പ് ഉണ്ട്. അത് വെച്ച് അവര്‍ ഇന്റര്‍വ്യൂവിന് വരുന്ന ആളുകളെ മനസ്സിലാക്കും. ''ഞാന്‍ പറഞ്ഞു.
ഹൊ,ഇതെങ്ങെനെയെങ്കിലും തീര്‍ന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അവളുടെ അടുത്ത ചോദ്യം:'ആര് എങ്ങനെയാണാ പൊട്ടന്‍ഷ്യല്‍ കണക്കുകൂട്ടുന്നത്..?' ഞാന്‍ വെട്ടിലായി.
പരഗതിയില്ലാതെ അവളുടെ മുഖത്ത് നോട്ടം ശീതികരിച്ച് ഞാന്‍ എ ടു സെഡ്ഡ് വിസ്തരിച്ചുപറയാന്‍ തുടങ്ങി..അഞ്ച് മിനുട്ടാവുമ്പോള്‍ ആരോ ഒരാള്‍ സോണയില്‍ നിന്ന് പുറത്തേക്ക് വാലിന് തീ പിടിച്ച കുരങ്ങിനെപ്പൊലെ ഇറങ്ങിയോടി.ക്ലോഡിയ കുളിമുറിയിലേക്ക് കയറി. ഹൊ,ആശ്വാസം എന്ന് നിമന്ത്രിക്കുമ്പോള്‍ അടുത്ത വെട്ട്, ഞാന്‍ ആണ് ഇപ്പോള്‍ മുന്നില്‍...അമ്മേ...

ഞാന്‍ എന്റെ ടീ ഷര്‍ട്ട് ഊരുന്നു,പാന്റ്‌സ് ,അടിവസ്ത്രം അഴിക്കുന്നു. ഞാനിപ്പോള്‍ തൂവലുകള്‍ കൊഴിഞ്ഞ ഒരു പക്ഷിയാകുന്നു...
ഞാന്‍ തറയിലേക്ക് കാഴ്ചയുറപ്പിച്ച് അങ്ങനെ നിന്നു.

എനിയെന്ത്...?
ഞാന്‍ നോക്കി,അവിടെ ജാക്കി...
ഷിപ്പ് ചര്‍ച്ച പൂര്‍വ്വാധികം ശക്തിയോടെ ഞങ്ങള്‍ പുനരാരംഭിക്കുന്നു...!!!

(തുടരും)
(http://www.muraleethummarukudy.com)

 

(64.23%) (52 Votes)

 

 

Other News in this Section