LATEST NEWS

Loading...

Custom Search
+ -

പ്രവാസി വോട്ടും കുടിയേറ്റത്തിന്റെ അരനൂറ്റാണ്ടും

ഫസീല റഫീഖ്‌

Posted on: 10 Apr 2011

 

ഗള്‍ഫ് കുടിയേറ്റത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന ഈ വേളയില്‍ തന്നെയാണ് ഗള്‍ഫ് പ്രവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന 'പ്രവാസി വോട്ടവകാശം' നിയമമായത്. വിധി വൈപരീത്യം എന്ന് പറയട്ടെ ഈ കാലഘട്ടത്തില്‍ തന്നെയാണ് ഗള്‍ഫ് പ്രവാസികളുടെ മനസ്സില്‍ കനലെരിയുന്ന സംഭവ വികാസങ്ങള്‍ ഈ രാജ്യത്ത് അരങ്ങേറിയതും.

ലിബിയ, ഈജിപ്ത്, ബഹ്‌റൈന്‍, യമന്‍, ഒമാന്‍ എന്നീ നാടുകളില്‍ കേട്ടറിവ് പോലുമില്ലാത്ത വിധം സമരങ്ങളും അക്രമങ്ങളും അരങ്ങേറിയത് . മലയാളികള്‍ക്ക് സുപരിചിതമായ ഹര്‍ത്താലും സമരവും അക്രമവും ഈ രാജ്യത്ത് കാണാനിടയായപ്പോള്‍ ഓരോരുത്തരുടെയുമ മനസ്സില്‍ ആശങ്കയുടെ വിത്ത് പാകിയത് സ്വാഭാവികം.

ഗള്‍ഫ് പ്രതാപവും, തൊഴില്‍ സാധ്യതയും ഇവിടെ കുറഞ്ഞിട്ടില്ല. അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് രക്ഷപ്പെടാന്‍ പഴയപോലെ പറ്റാത്ത അന്തരീക്ഷമുണ്ടെങ്കിലും അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ മേഖല ഇപ്പോഴും തുറന്ന് കിടക്കുകയാണ്. തൊഴിലെടുത്ത് സമ്പാദിച്ചതെത്രയും കച്ചവടത്തിനും മറ്റുമായി ഇവിടെത്തന്നെ നിക്ഷേപിച്ച് കുടുംബസമേതം വര്‍ഷങ്ങളായി താമസിക്കുന്നവര്‍, നാട്ടില്‍ ഒന്നും സമ്പാദിക്കാതെ 'മാന്യമായി' ഇവിടെ കഴിഞ്ഞവര്‍. ഇവര്‍ക്കൊക്കെ 'ഇരുട്ടടി' പോലെയായിരുന്നു ഈ മേഖലയില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍. തൊഴിലിന് വേണ്ടി അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ഭാവിയുടെ പുരോഗതിക്ക് വേണ്ടി ഒരു നാടിന്റെ യുവത പ്രക്ഷോഭവുമായി രംഗത്തിറങ്ങുമ്പോള്‍ നാം എന്താണ് ചെയ്യുക.

ഒമാനിലും ബഹ്‌റിനിലേയും സംഭവങ്ങള്‍ എത്രമാത്രം ആശങ്കയോടെയാണ് നാം നോക്കി കണ്ടത്. ഇവിടെയുള്ള ഭരണകര്‍ത്താക്കളുടെ സംയോജിതമായ ഇടപെടലുകള്‍ കൊണ്ട് അല്‍പം ശാന്തമായിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ ജീവിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ ഉള്ളിലെ തീ അണഞ്ഞിട്ടില്ല.

വരാന്‍ പോകുന്ന വലിയ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മ ഉറക്കത്തില്‍ പോലും ഞെട്ടലുണ്ടാക്കുന്നു. ലിബിയയില്‍ നിന്നും ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചത് പോലെ ഗള്‍ഫ് രാജ്യത്തില്‍ നിന്ന് ഒരു പറിച്ച് നടല്‍ അസാധ്യമാണ്. പരശ്ശതം പ്രവാസികള്‍ ഒരു സുപ്രഭാതത്തില്‍ നാട്ടിലെത്തിയാല്‍ 'രണ്ട് രൂപയ്ക്ക് അരി' കൊടുക്കേണ്ടി വരില്ല. ഉള്ളെടുത്ത് നിന്ന് 'എടുക്കേണ്ടി' വരും. സൈബര്‍ സിറ്റിക്കും സ്മാര്‍ട്ട് സിറ്റിക്കും കണ്ടെയിനര്‍ ടെര്‍മിനിനും തുറമുഖത്തിനും മെട്രൊ ലൈനിനും വേണ്ടി സമരം നടത്തുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി 'പട്ടിണി സമരം' നടത്തേണ്ടിവരും.

ഈ 'പാതി' നൂറ്റാണ്ടെങ്കിലും ആശങ്കപ്പെടുന്ന ഒരു സമൂഹം ഈ കടലിനപ്പുറം ജീവിക്കുന്നു. സാമ്പത്തികമാന്ദ്യത്തില്‍ പോലും ഇന്ത്യയുടെ സമ്പദ് ഘടനയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭാവനകള്‍ നല്‍കിയ കുടിയേറ്റക്കാര്‍ അടുത്ത ദിവസത്തെ നല്ല വാര്‍ത്തയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഉറ്റവര്‍ക്കും ഉടയവര്‍ക്കും അശരണര്‍ക്കും രോഗികള്‍ക്കും കല്ല്യാണത്തിനും ഉത്സവത്തിനും നേര്‍ച്ചയ്ക്കും പള്ളിക്കും അമ്പലത്തിനും സമ്മേളനങ്ങള്‍ക്കും രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കും മറ്റെല്ലാത്തിനും വാരിക്കോരി നല്‍കിയ നിങ്ങള്‍ പലപ്പോഴും വരച്ച 'കാര്‍ട്ടൂണി'ലെ പൊങ്ങച്ചക്കാരനായ 'പേര്‍ഷ്യാക്കാരന്‍' തീ തിന്നുകയാണ്.

വലിയ വ്യവസായ സമുച്ചയത്തിന് പോലും തീ കൊളുത്തിയ പ്രക്ഷോഭം ആളിപ്പടരാന്‍ ദിവസങ്ങള്‍ മതി. ആ ഉയര്‍ന്ന് പൊങ്ങിയ പുകചുരുള്‍ നാം ഓരോരുത്തരെയും ഓര്‍മ്മപ്പെടുത്തലാണ്, ആശങ്കയുടെ കരിനിഴല്‍ അന്തരീക്ഷത്തിലും മനസ്സിലും കുമിഞ്ഞ് കൂടി വരുന്നു.

ഇവിടെയുള്ള ഗവണ്‍മെന്റ് സംവിധാനം വിദേശികള്‍ക്ക് തരുന്ന സംരക്ഷണവും പരിരക്ഷയും ഒരിക്കലും മറക്കാന്‍ കഴിയില്ല. ആശങ്ക വേണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും നാം അറിയുന്നു ഇവിടെ 'ജാഡ' കാണിക്കുന്ന പലരും നാട്ടില്‍ വട്ടപൂജ്യമാണെന്ന്. ഒരു തിരിച്ച്‌പോക്ക് മുന്നില്‍ കണ്ടുള്ള എന്ത് സമീപനമാണ് നാം ചിട്ടപ്പെടുത്തേണ്ടത് അറിയില്ല. നമുക്ക് വഴി നടക്കാന്‍ മുന്നില്‍ ഒരു നിഴല്‍ പോലുമില്ല. തിരിഞ്ഞ് നോക്കിയാല്‍ നമ്മുടെ നിഴലിന് കറുത്ത ഭിമാകാരമായ വലുപ്പം മാത്രം കാണാം. ആരോടും പരിഭവമില്ല. പരിഭവിക്കാനും പാഠം പഠിക്കാനും നമ്മള്‍ പണ്ടേ ശീലിച്ചിട്ടില്ലല്ലോ.

ഇതിനിടയിലാണ് പ്രവാസികളുടെ മുറവിളികള്‍ക്കൊടുവില്‍ 'വോട്ടവകാശം' എന്ന മഹത്തായ അവകാശം വീണുകിട്ടിയത്. എന്തായിരുന്നു പുകില് വോട്ടവകാശം കിട്ടിയാല്‍ എല്ലാം തികഞ്ഞവരായി എന്ന് വരുത്തി തീര്‍ത്തവര്‍ക്ക് ആശ്വാസമായിട്ടുണ്ടാവും.

ജനം 'വോട്ട്' ആര്‍ക്കാണ് നല്‍കേണ്ടത്. നേട്ടപ്പട്ടികയില്‍പ്പെടുത്തേണ്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ മുന്നോട്ട് വെയ്ക്കാന്‍ ഇവര്‍ക്കായോ? അടുത്ത അഞ്ച് വര്‍ഷം കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും എന്ന് ഇവരാരെങ്കിലും പറഞ്ഞാല്‍ 'രണ്ട് രൂപയ്ക്ക്' 'ഒരു രൂപയ്ക്ക്' നല്‍കാമെന്ന വാഗ്ദാനം ചെയ്യുന്ന അരി വേവിക്കാനുള്ള ജലം ലഭ്യമാണോ കുടിക്കാനുള്ള ശുദ്ധജലം, കിടക്കാനുള്ള വീട്, ചികിത്സ, വിദ്യാഭ്യാസം, തൊഴില്‍ സമാധാനത്തോടെയുള്ള ജീവിതം ഇതൊന്നും മുന്നോട്ട് വെയ്ക്കാനാവാതെ ഇരുമുന്നണികളും വിഴുപ്പലക്കുന്നത് കാണുമ്പോള്‍ ചിരിയല്ല വരുന്നത്, ഒരു തരം അറപ്പാണ്. ചാനലുകളിലൂടെ, പത്രങ്ങളിലൂടെ, ദിവസേന നാം കാണുന്ന കോപ്രായങ്ങള്‍ ആരെ ബോധ്യപ്പേടുത്താനാണ്. സാക്ഷരകേരളം പ്രബുദ്ധകേരളം എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം ആവര്‍ത്തിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ചാനലിലൂടെയുള്ള വെല്ലുവിളി.

പ്രവാസിയുടെ വോട്ട് രേഖപ്പെടുത്താന്‍ കടമ്പകളേറെ. ഒറിജിനല്‍ പാസ്സ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കാകാം. സാധാരണക്കാര്‍ക്ക് വോട്ടവകാശം പോലും അന്യം. ഒരു ദിവസത്തെ ഒഴിവ് കിട്ടില്ല. ഒറിജിനല്‍ പാസ്‌പോര്‍ട്ട് മുതലാളിമാര്‍ കൊടുക്കില്ല. ഇത് രണ്ടുമായാല്‍ വാഹനസൗകര്യം ഉണ്ടാവില്ല. ഇത്രയും 'റിസ്‌ക്' എടുത്ത് വോട്ട് ചെയ്യാന്‍ നാട്ടിലാരാണ് മത്സരിക്കുന്നത്. ചില സംഘടനകള്‍ വിമാനം വഴി പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി എന്നറിഞ്ഞു. സൗദിയിലെ 'കന്തറ'പ്പാലത്തിനടിയിലും 'ഹുറുമ്പായി' നാട്ടിലെത്താന്‍ കഴിയാതെ നടക്കുന്നവര്‍ക്കും പൊതുമാപ്പിന്റെ പരിധിയില്‍ വരാത്ത 'വിസ'യില്ലാത്തവരും നാടണയാന്‍ അധികൃതര്‍ക്ക് മുന്നിലും പുനരധിവാസ ഷെല്‍ട്ടറിലും തുറന്ന ജയിലിലും നരകപ്പാടിലും കഴിയുന്നവര്‍ ഒരുപാടുണ്ട്. ഇവരെ നാട്ടിലെത്തിക്കാന്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താനോ വിമാന ടിക്കറ്റ് നല്‍കാനോ ആ തുക മാറ്റിവെച്ചെങ്കില്‍ എന്ന് ആശിക്കയാണ്. ഈ സംഘടനകള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനം വിസ്മരിച്ച്‌കൊണ്ടല്ല ഇത് പറയുന്നത്. വോട്ടവകാശത്തോടുള്ള നിഷേധം കൊണ്ടുമല്ല. വോട്ട് രേഖപ്പെടുത്തി ജയിപ്പിക്കേണ്ടവരുടെ ബയോഡാറ്റ അറിഞ്ഞത്‌കൊണ്ടാണ്.

അടുത്ത 5 വര്‍ഷത്തിന് ശേഷമുള്ള വോട്ട് പ്രവാസികള്‍ക്കെല്ലാം രേഖപ്പെടുത്താനാവും കാരണം 5 വര്‍ഷംകൊണ്ട് നാമെല്ലാം തിരിച്ച് ജ•ദേശത്തേക്ക് എടുത്തെറിയപ്പെടും. ഇവിടെ അനുദിനം കലുഷിതമാവുന്ന അന്തരീക്ഷമാണ്. ഒരു പുതു തലമുറയാണ് സമരമുഖത്തുള്ളത്. ഒരു രാജ്യത്തിന്റെ നിലനില്‍പ്പിനാധാരം അവിടെയുള്ള സമാധാനവും ഐക്യവുമാണ്. അത് നഷ്ടപ്പെടാന്‍ ഇവിടെയുള്ള ഭരണ കര്‍ത്താക്കള്‍ തയ്യാറാവില്ല. തൊഴിലവസരങ്ങള്‍ സ്വദേശിവല്‍കരിച്ചും വിദേശികളെ പുറന്തള്ളികൊണ്ടും രാജ്യത്തിന്റെ യുവ തലമുറയ്ക്ക് വഴിയൊരുക്കും. ഈ പ്രക്ഷോഭവും പ്രകടനങ്ങളും ചെന്നവസാനിക്കുന്നത് നമ്മുടെ കൂരയിലെ അടുപ്പിലെ പുകയിലാണ്. നാം ഓരോരുത്തരും ഭാണ്ഡം മുറുക്കേണ്ട സമയമായെന്ന് തോന്നുന്നു. അതിനിടയില്‍ പ്രവാസി വോട്ടെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ക്ക് സാമ്പത്തിക പിന്‍ബലവും രാഷ്ട്രീയ സപ്പോര്‍ട്ടും ഉണ്ടാവാം. സംഘടനയുടെ പോഷക ഘടനകളാവാം പക്ഷേ, എല്ലാവരും ആ ഗണത്തിലില്ല. ഭൂരിപക്ഷവും സാധാരണക്കാരാണ്. വെറും സാധാരണക്കാര്‍.

സ്വദേശിവല്‍ക്കരണം സൗദി അറേബ്യ പോലുള്ള രാജ്യത്ത് ഉടനെ നടപ്പാക്കാന്‍ പോകുന്നു. മലയാളികള്‍ ഏറെയുള്ള ഈ രാജ്യത്ത് ജോലി നഷ്ടപ്പെടുന്നവരുടെ കണക്ക് വലിയ ശതമാനാമായിരിക്കും. ഈ പ്രക്ഷോഭവും കുത്തിയിരിപ്പ് സമരങ്ങളും ഗവണ്‍മെന്റിന് പരിഹരിക്കപ്പെടാതെ വയ്യ. അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരായ യുവതിയുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയേ പറ്റൂ. അവരുടെ സമരങ്ങളും ആവശ്യങ്ങളും ന്യായമാണ്.

ഈ പ്രവാസിഭൂമിയില്‍ ഇവിടുത്തെ ജനങ്ങളും ഭരണ കര്‍ത്താക്കളും നമ്മോട് കാണിച്ച അനുകമ്പയ്ക്കും ദയയ്ക്കും എങ്ങിനെ നന്ദി പറഞ്ഞാലും മതിയാവില്ല. അത്രമാത്രം സുരക്ഷിതത്വവും സംരക്ഷണവും പരിരക്ഷയും ആണ് നമുക്ക് നല്‍കിയത്. ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ നമ്മളും പഠിച്ചു.

മേഖലകളിലാകെ അരക്ഷതത്വവും പ്രക്ഷോഭങ്ങളും നടമാടുമ്പോള്‍ നാം എങ്ങിനെയാണ് ഒരു വോട്ടവകാശത്തിന് കൃനില്‍ക്കുക. ഏത് പക്ഷക്കാര്‍ക്കാണ് നാം മുദ്ര ചാര്‍ത്തുക. ആരിലാണ് നമ്മുടെ ഭാവി സുരക്ഷിമാവുക. പരീക്ഷിച്ച് ഫലം തെളിഞ്ഞ മുന്നണികളുടെ നേതാക്ക•ാര്‍ക്ക് ചാര്‍ത്തികൊടുത്ത അലങ്കാരപദങ്ങളാണ് നാം ഇന്ന് മുദ്രാവാക്യമായി മുഴക്കുന്നത്. സ്ത്രീപീഢനം, അഴിമതി, കുംഭകോണം, ലോട്ടറി മാഫിയ, പാമോയില്‍, ശവപ്പെട്ടി, ഫ്ലൂറ്റ്, ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ ഏതെങ്കിലും ഒരു മുഖം മുന്നിലുണ്ടോ? സ്ത്രീ പീഢനവും അഴിമതിയും രാഷ്ട്രീയക്കാര്‍ക്ക് അലങ്കാരമാവുമ്പോള്‍ പടുകിഴവ•ാര്‍ക്ക് അധികാരത്തിന്റെ മത്തുപിടിക്കുമ്പോള്‍ മതവും സമുദായവും ജാതിയും ശതമാനകണക്ക് പറഞ്ഞ് വീതം വെയ്ക്കുമ്പോള്‍ ആരിലാണ് പ്രതീക്ഷ.

ഒറ്റയ്ക്ക് സ്ത്രീകള്‍ക്ക് യാത്രചെയ്യാന്‍ കഴിയാതെ, പത്ത് വയസ്സ് തികയാത്ത പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ ആവാതെ, എഴുപത് കഴിഞ്ഞ വൃദ്ധയ്ക്ക് ഒറ്റയ്ക്ക് വീട്ടില്‍ കഴിയാന്‍ പറ്റാതെ, ബധിരരും മൂകയും മാനസിക രോഗിയുമായ സ്ത്രീക്ക് ചാക്ക് തുണിയില്‍ പോലും കിടന്നുറങ്ങാന്‍ സമ്മതിക്കാതെ നമ്മുടെ സമൂഹം മാറിയില്ലേ.

കുടുംബം മുഴുവന്‍ മാനംകെട്ട് ആത്മഹത്യ ചെയ്യുന്ന നമ്മുടെ നാട്ടില്‍ ഏത് ഭരണമാണ് മാറി വരേണ്ടത്. ഏത് 'മാവേലി'യാണ് രാജ്യത്ത് ബാക്കിയുള്ളത്.

ജനായത്ത വ്യവസ്ഥിതികള്‍ അനുവദിച്ച് കിട്ടിയ അവകാശമാണെന്നറിഞ്ഞ് കൊണ്ട് തന്നെ ഒരു ഭാരത പൗരന്റെ കടമയാണെ
ന്ന് ഉത്തമ ബോധ്യം കൊണ്ട് തന്നെ തിരസ്‌കരിക്കാനും പൗരന് അവകാശമുണ്ടാവണം. ആരിലും വിശ്വാസം നഷ്ടമായ ഒരു ശതമാനം വോട്ടിന് മുന്നില്‍പുറം തിരിഞ്ഞ് നിന്നാല്‍ ഞാന്‍ അവരുടെ പക്ഷത്തായിരിക്കും.

കൊട്ടും കുരവയുമായി നാം പോളിങ്ങ് ബൂത്തിലേക്കുള്ള യാത്രയില്‍ 'പ്രവാസിവോട്ടെ'ന്ന ഉമ്മാക്കി നേട്ടമാക്കി ഘോഷിക്കുന്നവര്‍ക്ക് ആശങ്ക ഇല്ലാതിരിക്കാം. എന്നാലും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്ന പൊള്ളുന്ന വെയിലിന്റെ ഇവിടെയുള്ള 'മണല്‍മക്കള്‍ക്ക്' ഈ അരനൂറ്റാണ്ടിലും ആശങ്കയാണ്. അര് അധികാരത്തില്‍ വരും എന്ന ആശങ്കയല്ല, മറിച്ച് ഇവിടുന്ന് തിരിച്ച് പോകേണ്ടി വന്നാല്‍ കഞ്ഞിവെയ്ക്കാന്‍ എന്ത് ചെയ്യും, കിടപ്പാടമില്ലാതെ എന്ത് ചെയ്യും മക്കളുടെ പഠിപ്പ്, കല്ല്യാണം, ചികിത്സ എന്നിവയ്ക്ക് എവിടുന്ന് വഴികാണും. ഈ ആശങ്കയിലാണ് നാം കടന്ന് പോകുന്നത്. ഇതിനിടയിലാണ് പ്രവാസി വോട്ടും കുടിയേറ്റത്തിന്റെ അരനൂറ്റാണ്ടും നാം ആഘോഷിക്കുന്നത് ദൈവ നിശ്ചയം പോലെ ഇപ്പോള്‍ തന്നെയാണ്. തിരിച്ച് പോക്കിന്റെ മുദ്രാവാക്യം അന്തരീക്ഷത്തിലും തീയിട്ടതിന്റെ കറുത്ത പുകചുരുള്‍ നമ്മുടെ മനസ്സിലും കരിനിഴല്‍ വീഴ്ത്തിയതും.

ഇതെഴുതികൊണ്ടിരിക്കുമ്പോള്‍ എന്റെ കൊച്ചുമകള്‍ ടി.വി.യില്‍ കോണ്‍ഗ്രസ്സ് നേതാവ് രാമചന്ദ്രന്‍ മാസ്റ്റര്‍ പത്രക്കാരുടെ മുന്നില്‍ പൊട്ടിക്കരയുന്ന രംഗം കണ്ട് എന്നോട് ചോദിച്ചു ''എന്തിനാ ആ അങ്കിള്‍ കരയുന്നത് എന്ന്'' ഞാന്‍ പറഞ്ഞു. ''അദ്ദേഹത്തിന് മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിന്'' ഉടനെ മകള്‍ പറഞ്ഞു ''ഇന്നലെ കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കാന്‍ ഞാന്‍ വാശിപിടിച്ചപ്പോള്‍ ഉമ്മ എന്നെ തല്ലിയത് പോലെ ആരാണ് അങ്കിളിനെ തല്ലിയിട്ടുണ്ടാവുക.'' ഞാന്‍ അത്ഭുതപ്പെട്ടുപോയി. ''മകളേ, ഇവരെയൊക്കെ തല്ലാനുള്ള വടിയാണ് ഏപ്രില്‍ 13ന് നമ്മള്‍ക്ക് കിട്ടാന്‍ പോകുന്നത്. ഇവരെ തല്ലിയാല്‍ തലോടാന്‍ ആരാണുള്ളത്. എല്ലാവരും തല്ലേണ്ടവര്‍തന്നെ. അതൊരുകൂട്ടത്തല്ലാവും.'' എന്ന് ഞാന്‍ പറഞ്ഞില്ല. അവളുടെ കൊച്ചു മനസ്സില്‍ കയറാന്‍ പാകത്തില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ വളര്‍ന്നിട്ടില്ല. അവള്‍ക്ക് മനസ്സിലാവുന്ന പ്രായമെത്തുമ്പോള്‍ അറിയില്ല, അടുത്ത തലമുറ എങ്ങിനെ പ്രതികരിക്കുമെന്ന്..



(40%) (4 Votes)

 

 

Other News in this Section