കുപ്പിയില്‍ ഒരു 'ഷോ'
Posted on: 24 Feb 2014
ഒരാള്‍ പൊക്കത്തില്‍ നീണ്ടുനിവര്‍ന്നൊരു കുപ്പി. മുകളിലായി അരികുകടഞ്ഞെടുത്ത മൂടി. കുപ്പിക്കഴുത്തിലായി ഒരു പിടിത്തം. താഴെയായി ചില്ലില്‍ തീര്‍ത്ത കിളിവാതിലുകള്‍. അവിടെയാണ് ഗുട്ടന്‍സ്. വീടുകളിലെ ഷോ കേസുകള്‍ക്ക് പുതിയൊരപരന്‍ ഇതാ എത്തിയിരിക്കുന്നു- ബോട്ടില്‍ ഷോ കേസ്. സമ്മാനങ്ങളും ക്രിസ്റ്റല്‍ ശില്‍പ്പങ്ങളും സൂക്ഷിക്കാന്‍ രസികന്‍ ഒരു കുപ്പി അലമാര.അനുദിനം മുഖം മിനുക്കുന്ന ഫര്‍ണിച്ചര്‍ വിപണിയിലെ പുതിയ ട്രെന്‍ഡാണ് ഈ ബോട്ടില്‍ ഷോ കേസ്. തേക്കുകൊണ്ട് മെനഞ്ഞെടുത്ത ഈ കുപ്പിക്കാര്യം ഇപ്പോള്‍ ട്രെന്‍ഡായിരിക്കുകയാണ്. ആകര്‍ഷകമാം വിധം സാധനങ്ങള്‍ സൂക്ഷിക്കാന്‍ കുപ്പിക്കഴുത്തിലും താഴെയുമായി മൂന്ന് തട്ടുകളാണ് ഇതിലുള്ളത്. ഇന്തോനേഷ്യയില്‍ നിന്നാണ് ഇറക്കുമതി. അഞ്ചരയടിയും ആറടിയും ഏഴടിയോളവും പൊക്കമുള്ളവ വിപണിയിലുണ്ട്. 30 മുതല്‍ 50 കിലോ വരെയാണ് ഇവയുടെ ഭാരം.
ഹോട്ടലുകളിലെ ബാര്‍ കൗണ്ടറുകള്‍, ലോബികള്‍, വീടുകളില്‍ അടുക്കള മൂലകള്‍, ഡൈനിങ്ങ് ഹാള്‍, അലങ്കാരം, വിസിറ്റേഴ്‌സ് റൂം എന്നിവിടങ്ങള്‍ക്ക് അനുയോജ്യമായതാണിത്. നികുതിയുള്‍പ്പെടെ 33,000 മുതല്‍ 38,500 രൂപവരെയാണ് പല വലിപ്പത്തിലിറങ്ങുന്ന ഇവയുടെ വിലനിലവാരം. കലൂര്‍-കടവന്ത്ര റോഡിലുള്ള എ.ജി.പി. ഹോം സെന്ററില്‍ വ്യത്യസ്തതയുടെ പര്യായമായി നിലയുറപ്പിച്ചിട്ടുണ്ട് ഈ കുപ്പി വീരന്‍.
Stories in this Section



