സെല്‍ഫോണില്‍ ചാലിച്ച 'ജലച്ചായം'

posted on:

06 Jul 2010

സെല്‍ഫോണ്‍ ക്യാമറകളെച്ചൊല്ലി നാടെങ്ങും വിവാദങ്ങള്‍ ഉയരുകയാണ്. എന്നാല്‍ സെല്‍ഫോണില്‍നിന്ന് വിരിഞ്ഞിറങ്ങിയ അതിധീരമായ ഒരു കലാപരീക്ഷണം ശ്രദ്ധേയമാവുന്നു. 'നോക്കിയ എന്‍ 95' മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച ഒന്നര മണിക്കൂറുള്ള സമ്പൂര്‍ണ ഡിജിറ്റല്‍ സിനിമയാണ് 'ജലച്ചായം'. സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ച ഈ ചിത്രം അടുത്തിടെ തൃശ്ശൂരില്‍ ആദ്യ പ്രദര്‍ശനം നടത്തി.
സതീഷ് കളത്തിലാണ് സംവിധായകന്‍. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് സുജിത് ആലുങ്ങല്‍. സ്റ്റാന്‍ഡില്‍ ഉറപ്പിച്ച മൊബൈല്‍ ഫോണിലൂടെ ചിത്രീകരണം നടത്തിയത് പ്രമോദ് വടകര. ഇവരുള്‍പ്പെടെയുള്ള യുവസംഘമാണ് സിനിമയ്ക്കു പിന്നില്‍. ആധുനിക സാങ്കേതികവിദ്യയുടെ ത്രസിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളൊന്നുമില്ലെങ്കിലും ഒരു നല്ല സിനിമ കണ്ട അനുഭൂതിയാണ് 'ജലച്ചായം' സമ്മാനിക്കുന്നത്. മൊബൈല്‍ ക്യാമറാ ലെന്‍സിന്റെ പരിമിതികള്‍ ചിലയിടത്ത് അനുഭവപ്പെടുന്നുണ്ടെങ്കിലും സിനിമയുടെ ആകത്തുകയെ അത് ബാധിക്കുന്നില്ല. പുറംവാതില്‍ ചിത്രീകരണത്തില്‍ വെളിച്ചത്തിന്റെ അതിപ്രസരം, അകത്തുള്ള ചിത്രീകരണത്തിലെ വെളിച്ചക്കുറവ്, വിദൂരദൃശ്യങ്ങളിലെ മങ്ങല്‍ എന്നിവ ഇടയ്ക്കിടെ ആസ്വാദനത്തിന്റെ ശ്രദ്ധ തെറ്റിക്കുന്നുണ്ട്.

ഒരു ചിത്രകാരന്‍ ചതിക്കപ്പെടുന്നതാണ് ജലച്ചായത്തിന്റെ പ്രമേയം. സംഭാവനയായി കിട്ടിയ ഫോണ്‍ ആണ് യുവസംഘം സിനിമയ്ക്കുപയോഗിച്ചത്. പ്രമുഖ ചിത്രകാരന്‍ ഡോ. കെ.ജി. മോഹന്‍ ചിത്രത്തിലേക്കുള്ള പെയിന്റിങ്ങുകള്‍ നല്‍കി. മറ്റു ചെലവുകളെല്ലാം സുഹൃത് സംഘത്തിന്റെ സംഭാവനയായിരുന്നു. മൊത്തം നിര്‍മാണച്ചെലവ് മൂന്നു ലക്ഷമാണ്. വെറും കൗതകമല്ല, ഈ പരീക്ഷണചിത്രത്തിന്റെ പ്രേരണ എന്നതാണ് 'ജലച്ചായ'ത്തെ വേറിട്ടുനിര്‍ത്തുന്നത്. സിനിമയെന്ന കല സാധാരണക്കാരന്റെ കൈയിലൊതുങ്ങുന്നതെങ്ങനെ എന്ന ചിന്തയും അതിനുവേണ്ടിയുള്ള ഗൗരവമായ കൂട്ടായ്മയുമാണ് ഈ ചിത്രത്തെ വേറിട്ടുനിര്‍ത്തുന്നത്.