തെളിനീരോര്‍മ്മകള്‍
ഡോ.കെസി.കൃഷ്ണകുമാര്‍

നാട്ടിന്‍പുറത്തായാലും നഗരത്തിലായാലും ഇപ്പോള്‍ മഴയോടൊപ്പം ചില പേടികളും എത്തും. രോഗങ്ങളെക്കുറിച്ചും വെള്ളപ്പൊക്കത്തെക്കു

ഞങ്ങളുടെ കുട്ടിക്കാലത്തൊന്നും മഴക്കാലം ഇതുപോലെ പേടിപ്പെടുത്തുന്നതായിരുന്നില്ല. ഇടിയും മിന്നലും വരുമ്പോള്‍ ചെറുതായൊന്ന് പേടിച്ചാലായി. വലിയ മഴയത്ത് പെരുമ്പാമ്പോ മറ്റോ ഒഴുകി വന്നാലും പേടിക്കും. പനിയൊന്നും ഇല്ലെന്നല്ല. ചെറിയൊരു പനിയൊക്കെ എല്ലാ മഴക്കാലത്തും വരും. പക്ഷേ, അത് വെറും പനിയാണ്. അതിന് മറ്റു പേരുകളൊന്നുമില്ല. പനി വന്നാല്‍ കാട്ടുതൃര്‍ത്താവിന്റെ ഇല പറിച്ചിട്ട് ആവിയുണ്ടാക്കിത്തരും. മഴക്കാലത്ത് ആവിപിടിക്കാന്‍ നല്ല സുഖമാണ്. കടുത്ത പനിയാണെങ്കില്‍ കിരിയാത്ത് കഷായം വച്ചുതരും. ലോകത്ത് ഏറ്റവും കയ്പ്പുള്ള വസ്തു കിരിയാത്താണെന്നായിരുന്നു അന്ന് എന്റെ വിശ്വാസം. ഇപ്പോഴും ആ വിശ്വാസത്തിന് മാറ്റം വന്നിട്ടില്ല.
പനിച്ചുകിടക്കുമ്പോള്‍ കഴിക്കാന്‍ തരുന്നത് റൊട്ടിയാണ്. മൊരുമൊരാന്നിരിക്കുന്ന ആ റൊട്ടി കട്ടന്‍ കാപ്പിയില്‍ മുക്കിതിന്നും. പനിയുള്ളപ്പോഴും പനിയില്ലാത്തപ്പോഴും റൊട്ടിക്ക് വെവ്വേറെ രുചിയാണ്. പിന്നെ ഉപ്പിട്ട കഞ്ഞിയും ചുട്ട പപ്പടവും. രണ്ടുദിവസം കൊണ്ട് പനിമാറും. പനി മാറിയാല്‍ ചൂടു വെള്ളത്തില്‍ കുളിക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പനി കഴിയുമ്പോള്‍മാത്രമാണ്. അല്ലാത്തപ്പോഴൊക്കെ ഏതു തണുപ്പത്തും കുളത്തിലോ, തോട്ടിലോ എടുത്ത് ചാടുകയാണ് പതിവ്.

പനിവരുമ്പോള്‍ ഏറ്റവും വലിയ പ്രശ്‌നം മൂക്കൊലിപ്പാണ്. ശ്വാസം വിടാനുള്ള ബുദ്ധിമുട്ടു മാത്രമല്ല, മൂക്കള ഇടയ്ക്കിടെ മൂക്കില്‍ നിന്ന് ഒലിച്ചു താഴോട്ടുവരും. അല്ലാത്തപ്പോള്‍ ഒലിച്ചു വരുന്നുവെന്ന് വെറുതേ തോന്നിക്കൊണ്ടിരിക്കും. അത് ചീറ്റിക്കളയലൊക്കെ വലിയ മിനക്കേടാണ്. കണ്ടുനില്‍ക്കുന്നവര്‍ക്കുകൂടി അസ്വസ്ഥത തോന്നും. മൂക്കടപ്പുള്ളപ്പോള്‍ മണങ്ങളൊന്നും തിരിച്ചറിയില്ല. ആകെ അറിയുന്നത് അമൃതാഞ്ജനത്തിന്റെയും വിക്‌സിന്റെയും മണം മാത്രം. അതുകൊണ്ട് ഇപ്പോഴും അമൃതാഞ്ജനവും വിക്‌സും എടുക്കുമ്പോള്‍ കുട്ടിക്കാലത്തെ പനി ഓര്‍മ്മവരും.
അന്നൊക്കെ മഴക്കാലത്തും വേനല്‍ക്കാലത്തും കുളത്തിലെ വെള്ളമായിരുന്നു കുടിച്ചിരുന്നത്. കുടിക്കാനും കുളിക്കാനും വെവ്വേറെ കുളങ്ങള്‍ ഉണ്ട്. കുളങ്ങള്‍ എല്ലാവര്‍ഷവും ചെളിയൊക്കെ കോരിക്കളഞ്ഞ് മണ്ണൊക്കെ വെട്ടിക്കയറ്റി വൃത്തിയാക്കും. കുളം വെട്ടുന്നത് കണ്ടുനില്‍ക്കാന്‍ നല്ല രസമാണ്. ചെളി തേകിയൊഴിക്കുമ്പോള്‍ അതില്‍ മീനുകളുണ്ടാവും. ചെളിയിലിറങ്ങി മീനുകളെ പിടിച്ച് കലത്തിലിടും. മീനുകള്‍ എല്ലാംകൂടി കലത്തില്‍ കിടന്ന് കുത്തിമറിയുന്നത് കാണാന്‍ നല്ല രസമാണ്. ചെമ്പല്ലിയും വരാലും പരലും ഒക്കെ ഒരുമിച്ച്. കുറച്ചുസമയം കഴിയുമ്പോള്‍ പരലുകളൊക്കെ ചത്തുപോകും.

കുടിക്കുന്ന കുളം വെട്ടിക്കഴിഞ്ഞാല്‍ അതില്‍ കുമ്മായവും ചിരട്ടക്കരിയുമൊക്കെ ഇടും. പുറമേനിന്ന് വെള്ളം ഒലിച്ചിറങ്ങാത്ത വിധത്തില്‍ കുളത്തിന്റെ വക്കുകളില്‍ മണ്ണ് ഉയര്‍ത്തിവയ്ക്കും. കുടിക്കുന്ന കുളത്തില്‍ എല്ലാവരേയുമൊന്നും ഇറങ്ങാന്‍ സമ്മതിക്കില്ല. വെള്ളം എടുക്കാന്‍ മാത്രമേ ആരെങ്കിലും ഇറങ്ങൂ. നീര്‍ക്കോലിയും ആമയും മീനും പായലുമൊക്കെയുള്ള ആ കുളത്തിലെ വെള്ളെംകുടിച്ചാണ് ഞാന്‍ വളര്‍ന്നത്. എന്നിട്ടും വെള്ളത്തിലൂടെ പകരുന്ന ഒരുരോഗവും ഞങ്ങള്‍ക്കൊന്നും വന്നില്ല. കുപ്പിവെള്ളത്തെക്കുറിച്ചൊന്നും അക്കാലത്ത് കേട്ടുകേഴ്‌വി പോലുമില്ലായിരുന്നു. പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് ഞങ്ങളുടെ വീട്ടില്‍ കിണറു കുഴിച്ചത്. പക്ഷേ, കിണറ്റിലെ വെള്ളത്തെക്കാള്‍ രുചിയുള്ള വെള്ളമായിരുന്നു കുളത്തിലേത്! പിന്നീട് പഞ്ചായത്തിന്റെ കുഴല്‍വെള്ളമെത്തി. അതോടെ കുളത്തിലെ വെള്ളവും കിണറ്റിലെ വെള്ളവുമൊക്കെ കുടിക്കാന്‍ കൊള്ളാത്തതാണെന്ന് എല്ലാവരും വിശ്വസിക്കാനും തുടങ്ങി.

പൂവില്ലാത്ത കാലത്തും താമരയോടുള്ള ഇഷ്ടത്തിന് കുറവൊന്നുമില്ല. ഇലയില്‍ വെള്ളത്തുള്ളികള്‍ വീണുകിടക്കുന്നത് കണ്ടുനിന്നാല്‍ മതിവരില്ല. ചിലപ്പോള്‍ അത് മുത്തുപോലെ ഉരുട്ടിക്കളിക്കും. അന്നൊക്കെ താമരയിലയിലാണ് ചോറുണ്ണുക. പപ്പടം പോലെ നല്ല വട്ടത്തിലാണ്

കുളിക്കുന്ന കുളത്തില്‍ ഇറങ്ങുന്നതിന് നിയന്ത്രണമൊന്നുമില്ല. മരക്കൊമ്പിലൊക്കെ കയറിയിരുന്ന് നേരേ അതിലേക്ക് എടുത്തുചാടാം. എത്രസമയം വേണമെങ്കിലും കുത്തിമറിഞ്ഞ് കുളിക്കാം. വേനലാവുമ്പോള്‍ ഇക്കളിയൊന്നും നടപ്പില്ല. അപ്പോള്‍ കഷ്ടിച്ച് മുട്ടറ്റം വെള്ളമേ കാണൂ കുളത്തില്‍. പിന്നെപ്പിന്നെ അതും വറ്റാന്‍ തുടങ്ങി. പ്രായമായപ്പോള്‍ അമ്മൂമ്മയ്ക്ക് ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളു- മഴക്കാലത്ത് മരിക്കണമെന്ന്. ഉണക്കുകാലത്ത് മരിച്ചാല്‍ പിണ്ഡം മുങ്ങാന്‍ കുളത്തില്‍ വെള്ളമുണ്ടാവില്ല എന്നതായിരുന്നു അമ്മൂമ്മയുടെ പേടി. ജലദൗര്‍ലഭ്യത്തെക്കുറിച്ച് ഇത്ര സത്യസന്ധമായ ഒരു ഭയം ഞാന്‍ വേറേ കണ്ടിട്ടില്ല. എന്തായാലും അമ്മൂമ്മ നല്ല മഴക്കാലത്ത് തന്നെയാണ് മരിച്ചത്. ഞങ്ങള്‍ ചാടിമറിഞ്ഞ് കുളിച്ചിരുന്ന ആ കുളത്തില്‍ അച്ഛന്‍, അമ്മൂമ്മയ്ക്കായി സമര്‍പ്പിച്ച പിണ്ഡവുമായി മുങ്ങിനിവര്‍ന്നു.
ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ഒരു കുളത്തിലെ വെള്ളവും ആരും കുടിക്കുന്നില്ല. കിണറുകളിലുമില്ല നല്ലവെള്ളം. കുട്ടനാടു നിറയെ വെള്ളമുണ്ട്. ആ കലക്കവെള്ളത്തിനടിയിലെവിടെയോ കിടപ്പുണ്ടാവും തെളിഞ്ഞ വെള്ളത്തിന്റെ ഓര്‍മ്മകള്‍. തെളിനീരു കണ്ട അവസാന തലമുറയായിരിക്കുമോ ഞങ്ങളുടേത്? ആര്‍ക്കറിയാം!
വര:
