ഒന്നില്‍ തോറ്റ കുട്ടി
ഡോ. കെ.സി.കൃഷ്ണകുമാര്‍


പാറ്റ, പഴുതാര, പല്ലി, എട്ടുകാലി ഇങ്ങനെ ഒരുവിധ ജീവികളെയും ചെറുപ്പത്തില്‍ തീരെ പേടിയില്ലായിരുന്നു. അത് ധൈര്യം കൊണ്ടൊന്നുമല്ല. ചോറുണ്ണുമ്പോഴും കിടന്നുറങ്ങുമ്പോഴുമെല്ലം ഇതിലേതെങ്കിലും ഒരാള്‍ കൂടെയുണ്ടാവും. തൊട്ടടുത്ത ഭിത്തിയിലോ തറയിലോ മറ്റോ. സന്ധ്യയ്ക്ക് വിളക്കുകത്തിച്ചുകഴിയുമ്പോള്‍ എല്ലാവരും വരും. നാമം ചൊല്ലുന്നതിനിടയില്‍ ഇവയെയൊക്കെ നോക്കും. പല്ലി പാറ്റയെ പിടിക്കുന്നത്, പാറ്റ വിളക്കില്‍ വീണ് ചാവുന്നത്, നിലവറയില്‍ നിന്ന് ചിതലിന്റെ കിളിര്‍പ്പ് വരുന്നത്, അങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍.
ൂന്നാം ക്ലാസില്‍ പഠിക്കുന്നതുവരെ നിലത്ത് തഴപ്പായ വിരിച്ചായിരുന്നു രാത്രി ഉറങ്ങാന്‍ കിടന്നിരുന്നത്.

ഞങ്ങളുടെ വീടിന്റെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന കൈതയുടെ ഓല ചിലര്‍ വന്ന് ചെത്തിക്കൊണ്ടുപോകും. അത് നെയ്തുണ്ടാക്കുന്നതില്‍ ഒരുപായ ഞങ്ങള്‍ക്കു തരും. വലിയൊരു കുഴല്‍പോലെ ചുരുട്ടി തഴകൊണ്ടുതന്നെ കെട്ടിയാണ് കൊണ്ടുവരിക. പുത്തന്‍പായയ്ക്ക് ഒരു മണമുണ്ട്, പഴകുംതോറും അത് മറ്റൊരു മണമായിമാറും. അഴിച്ചിട്ടാലും പുത്തന്‍പായയ്ക്ക് നിവരാന്‍ വലിയ മടിയാണ്. ചുരുള്‍ നിവര്‍ത്താനായി ഒരറ്റത്ത് കാല്‍ ചവിട്ടി പായില്‍ കിടക്കും. നമ്മള്‍ എഴുനേല്‍ക്കുമ്പോള്‍ പായ വീണ്ടും ചുരുളും. അത് ഒരു കളിപോലെ തുടരും. കിടക്കുമ്പോള്‍ പുത്തന്‍പായുടെ തഴ ദേഹത്ത് കൊള്ളും. പഴയ പായില്‍ കിടക്കാനാണ് സുഖം. പക്ഷേ, പുത്തന്‍ പായില്‍ കിടക്കാനാണ് കൊതി. മിക്കദിവസവും പായും തലയണയും വെയിലത്തുണക്കും. രാത്രിയിലും ചെറിയചൂടുപോലെ എന്തോ ഒന്ന് പായില്‍ തങ്ങിനില്‍ക്കും.

കറന്റൊന്നും ഇല്ല. രാത്രി മണ്ണെണ്ണ വിളക്ക് അണച്ചാല്‍ പിന്നെ എല്ലാം ഇരുട്ടാണ്. മിക്ക ദിവസവും ഉറക്കത്തിനിടയിലേക്ക് പാറ്റ പാറി വരാറുണ്ട്. ഏതിരുട്ടിലും അറിയാം അത് പാറ്റയാണെന്ന്. കൈകൊണ്ട് തട്ടിക്കളഞ്ഞിട്ട് വീണ്ടും ഉറങ്ങും. പഴുതാരയോ മറ്റോ ആണെങ്കില്‍ ഞെട്ടിയുണരും. വിളക്കുകത്തിച്ച് അതിനെ ഓടിച്ചിട്ടേ ഉറക്കമുള്ളു. പഴുതാര ദേഹത്തുകയറിയാല്‍ ദേഹത്താകെ വല്ലാത്തൊരു കിരുകിരുപ്പാണ്. അതിനെ തട്ടിക്കളഞ്ഞ് വീണ്ടും കിടക്കുമ്പോഴും ദേഹത്ത് ഇഴയുന്നതുപോലെ തോന്നും. എട്ടുകാലി ഒരിക്കലും ഉറക്കത്തില്‍ ദേഹത്തുകയറിയിട്ടില്ല. കയറിയിറങ്ങിപ്പോയിട്ടുണ്ടോ എന്ന് അറിയുകയുമില്ല. മഴക്കാലമാവുമ്പോള്‍ പായുടെ അടിയില്‍ ചാക്കു വിരിക്കും. അപ്പോള്‍ തീരെ തണുക്കില്ല. ഈ ചാക്കിനും പായയ്ക്കും അടിയിലൊക്കെ മിക്കപ്പോഴും കാണും പാറ്റയോ പഴുതാരയോ ഒക്കെ. നെല്ലുണക്കുന്ന വലിയ ചിക്കുപായ നിവര്‍ത്തുമ്പോള്‍ ചിലപ്പോള്‍ പാമ്പുപോലും ഉണ്ടാവും. നല്ല വിഷമുള്ള ശംഖുവരയന്മാര്‍ വരെ. പാമ്പിനെയൊക്കെ പുറത്തേക്ക് തട്ടിക്കളയുകയേയുള്ളു. പത്തിവിരിച്ച് പേടിപ്പിക്കുന്ന മൂര്‍ഖനെ ചിലപ്പോള്‍ തല്ലിക്കൊല്ലും. കരിന്തേളുണ്ട്, അത് മുറിക്കകത്തൊന്നും വരാറില്ല. അരകല്ലിനടുത്താണ് അവയുടെ വാസം. അട്ടകളുടെയും ഒച്ചുകളുടെയും വീടും അരകല്ലിനും ആട്ടുകല്ലിനും അടുത്തുതന്നെ. മിക്കപ്പോഴും പാത്രങ്ങളുടെ വക്കില്‍ ഒച്ച് കയറിയിരിക്കും. അട്ടകളില്‍ ഒരു വലിപ്പക്കാരനുണ്ട്. പെരുമാളന്‍ എന്നാണ് പേര്. അത് ഇഴഞ്ഞുപോകുമ്പോള്‍ അടുത്തുചെന്നിരുന്ന് കാലുകളില്‍ നോക്കും. നാടകത്തിനും മറ്റും കെട്ടുന്ന പട്ടുതുണിയുടെ കര്‍ട്ടന്‍ കാറ്റില്‍ ഇളകുന്നതുപോലെ മുന്നില്‍നിന്ന് പിന്നിലേക്ക് ആ കാലുകള്‍ ഇളകുന്നതുകാണാന്‍ നല്ല ചേലാണ്. തീവണ്ടി കാണുമ്പോഴൊക്കെ ഞാന്‍ പെരുമാളനെ ഓര്‍ക്കും.

അങ്ങനെ നിത്യപരിചയം കൊണ്ടാണ് പാമ്പൊഴികെ ഈവക ജീവികളോടൊന്നും കാര്യമായി പേടിയില്ലാതായിപ്പോയത്. എന്റെ കൂട്ടുകാരില്‍ ചിലര്‍ക്ക് തവളയെയായിരുന്നു പേടി, ചിലര്‍ക്ക് പാറ്റയെ, ചിലര്‍ക്ക് പുളവന്‍ എന്ന നീര്‍ക്കാലിയെ, ചിലര്‍ക്ക് കടന്നലിനെ...ഒങ്ങനെ ഓരോരുത്തര്‍ക്കും പേടിയില്‍ സ്പഷ്യലൈസേഷനുണ്ട്. എനിക്ക് ഏറ്റവും പേടി പ്രാക്കിയെ ആയിരുന്നു. ആരാണ് ഈ പ്രാക്കിയെന്ന് ഇപ്പോഴും അറിയില്ല. എനിക്കെന്നല്ല, ആര്‍ക്കും! വീടിനു തെക്കുവശത്തുള്ള പുളിമരത്തിലേക്ക് ചൂണ്ടിയാണ് പ്രക്കി വരും എന്ന് പറയുന്നത്. അതോടെ എന്റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയി, ഞാന്‍ നിശ്ശബ്ദനാവും. പുളിമരത്തില്‍ നിന്ന് സന്ധ്യയാവുമ്പോള്‍ ഊംം ഊംം എന്ന ഒച്ച കേള്‍ക്കും. ആ ഒച്ച പ്രാക്കിയുടേതാണെന്നായിരുന്നു എന്റെ ധാരണ. സന്ധ്യ കഴിയുന്ന സമയത്ത് ചിലപ്പോള്‍ തിളങ്ങുന്ന കണ്ണുകളും കണ്ടിട്ടുണ്ട്. അങ്ങനെ ഞാന്‍ ഉറപ്പിച്ചു പ്രാക്കി പേടിക്കേണ്ട ഒരു സംഭവം തന്നെ എന്ന്.




എന്റെ അച്ഛന്റെ അനിയത്തിമാരില്‍ നല്ല വായനാശീലമുള്ള ഒരാണ് രാധ. ആ അപ്പച്ചിയാണ് പ്രാക്കിയുടെ സ്രഷ്ടാവ്. പ്രാക്കി എന്ന വാക്ക് എങ്ങനെ കിട്ടിയോ ആവോ? അപ്പച്ചിക്കും അതറിയില്ല, ഇപ്പോഴും. എന്റെ അച്ഛനും അമ്മയും അദ്ധ്യാപകരാണ്. അവര്‍ രാവിലെ സ്‌ക്കൂളില്‍ പോയാല്‍ ഞാന്‍ അപ്പച്ചിയുടെ പിന്നാലെ കൂടും. അച്ഛന്റെ പെങ്ങളാണെങ്കിലും ചേച്ചി എന്നാണ് വിളിച്ചു ശീലിച്ചത്. ആ വിളി മാറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ചേച്ചി എന്നെ അനുസരിപ്പിക്കാന്‍ കണ്ടുപിടിച്ച വഴിയായിരുന്നു പ്രാക്കി. ചോറുണ്ണാനും, ഒരുസ്ഥലത്ത് അടങ്ങികിടന്നുറങ്ങാനും, അങ്ങനെ ഒരുപാട് കാര്യങ്ങള്‍ക്കുള്ള ഒറ്റമൂലി. ചേച്ചി പ്രക്കിയെന്ന് ആദ്യം പറഞ്ഞപ്പോള്‍ത്തന്നെ എനിക്കെന്തൊ ഒരു പന്തികേടുതോന്നി. പ്രേതം പോലെ എന്തോ ഒന്നാണല്ലോ ഇത് എന്ന്! എന്റെ ഉള്ളിലെ പേടികള്‍ പതുക്കെപ്പതുക്കെ ആ പേരിനെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. മൂങ്ങയുടെ ഒച്ചയും തിളങ്ങുന്ന കണ്ണുകളുമൊക്കെ ഞാന്‍ അതിനു നല്‍കി. ഇത്രയും വച്ച് അതിഭീകരമായ ഒരു രൂപം മനസ്സില്‍ കടന്നുകൂടുകയും ചെയ്തു.

എന്റെ കുട്ടിക്കാല സംശയങ്ങള്‍ക്കെല്ലാം മറുപടി തന്നിരുന്നത് ചേച്ചിയായിരുന്നു. കറുത്ത പശുവിന്റെ പാലെന്താ വെളുത്തിരിക്കുന്നത്, പഴുക്കുമ്പോള്‍ ഇലയെന്തിനാ താഴെ വീഴുന്നത്, വാഴക്കൂമ്പില്‍ തേന്‍ വന്നതെങ്ങനെയാണ്, കൂണെന്തിനാ വെളുത്തിരിക്കുന്നത്, അങ്ങനെ ഒരു നൂറുകൂട്ടം സംശയങ്ങളുണ്ടായിരുന്നു. അതിനൊക്കെ എനിക്കുമനസ്സിലാകുന്ന ഉത്തരങ്ങള്‍ തരുമായിരുന്നു ചേച്ചി. പറമ്പില്‍ പശുവിനെ കെട്ടാന്‍ പോകുമ്പോഴും പാടത്ത് പുല്ലരിയാന്‍ പോകുമ്പോഴും ഒക്കെ ഞാന്‍ കൂടെയുണ്ടാവും. ഒപ്പം ഒരിക്കലും തീരാത്ത സംശയങ്ങളും. പുല്ലരിയാന്‍ സഹായിച്ചു, പശുവിനെക്കെട്ടാന്‍ സഹായിച്ചു, തുണിവിരിക്കാന്‍ സഹായിച്ചു... ഇങ്ങനെ എന്റെ അധ്വാനത്തിന്റെ കണക്ക് ഇടയ്ക്കിടെ നിരത്തുകയും ചെയ്യും ചേച്ചി.

പിന്നെ ചേച്ചിക്ക് ജോലികിട്ടി. പുന്നപ്രയിലെ ഒരു സ്‌കൂളില്‍. അധികം വൈകാതെ കല്യാണം. അതോടെ എന്റെ കാര്യം കഷ്ടത്തിലായി. കൂടെ കൊണ്ടു നടക്കാനും കാര്യങ്ങള്‍ പറഞ്ഞുതരാനും കഥവായിച്ചുതരാനും ആളില്ലാതായി. നൂലുപൊട്ടിയ പട്ടംപോലെ ഞാന്‍. ഒറ്റയ്ക്കായ ഞാന്‍ ഉറുമ്പുകള്‍ വരിയായിപോകുന്നത് നോക്കിയിരിക്കും കുറേനേരം. പിന്നെ ചാണകപ്പുഴുവിനെ ഈര്‍ക്കിലില്‍ തോണ്ടിക്കൊണ്ടുവരും. ചിലപ്പോള്‍ മത്തങ്ങയോടും വെള്ളിരിക്കയോടുമൊക്കെ സംസാരിക്കും. അതും കഴിഞ്ഞ് ശൂന്യയിലേക്കുംനോക്കി വെറുതേ കണ്ണുമിഴിച്ചിരിക്കും. വൈകുന്നേരം പടിഞ്ഞാറുവശത്തുണ്ടാവും. വീടിനടുത്തുള്ള ഒഴിഞ്ഞപറമ്പാണ് പുതുവനക്കളം. അതിനു നടുവിലൂടെ അമ്മ നടന്നു വരുന്നത് അകലെ നിന്നേ കാണാം. അച്ഛന്‍ പടിഞ്ഞാറേ വീട്ടിന്റെ മുറ്റത്തുകൂടിയാണ് വരിക. വേലിക്കരികില്‍ ഒരു കടമ്പയുണ്ട്. അതിനടുത്താണ് അച്ഛനെ കാത്തിരിക്കുക. അച്ഛന്റെ കൈയില്‍ ഒരു പൊതിയുണ്ടാവും. പരിപ്പുവടയോ, പപ്പടവടയോ, കടലമിഠായിയോ അങ്ങനെ എന്തെങ്കിലും.

പകല്‍ എന്റെ ഒറ്റയ്ക്കുള്ള ഇരിപ്പ് വലിയ പ്രശ്മായി. കുളത്തിലോ മറ്റോ ഇറങ്ങിയാല്‍ അമ്മൂമ്മ അറിയില്ല. ഒടുവില്‍ അതിനൊരു വഴി കണ്ടെത്തി. അങ്ങനെ ഒരു സ്‌ക്കൂള്‍ വര്‍ഷത്തിന്റെ പകുതിക്ക് എന്നെ ഒന്നാം ക്ലാസില്‍ കൊണ്ടുചെന്നാക്കി. അച്ഛന്റെ മറ്റൊരു പെങ്ങളായിരുന്നു ആ സ്‌ക്കൂളിലെ ഹെഡ്മിസ്ട്രസ്. അതുകൊണ്ട് വെറുതേ ഇരുത്തിയതാണ്. പക്ഷേ, വെക്കേഷന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഒന്നാം ക്ലാസില്‍ തന്നെ. അങ്ങനെ ഒന്നില്‍ തോറ്റകുട്ടി എന്നപേരും കിട്ടി. സ്‌കൂളിലെ കുട്ടികളില്‍ ചിലര്‍ ഒന്നില്‍ തോറ്റേ.. ഒന്നില്‍ തോറ്റേ... എന്ന് ഈണത്തില്‍ പാടി കളിയാക്കുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞാനും ആ പാട്ട് വെറുതേ പാടാന്‍ തുടങ്ങി. അതോടെ മറ്റുള്ളവര്‍ നിര്‍ത്തി.

സിലബസില്‍ ഉള്‍പ്പെടുത്തി പഠിക്കുന്ന വലിയ അറിവുകള്‍ക്ക് അത്ര വലിപ്പമില്ലെന്നും കുട്ടിക്കാലത്ത് മനസ്സിലാക്കുന്ന കൊച്ചുകൊച്ച് അറിവുകള്‍ അത്ര ചെറുതല്ലെന്നും ഇപ്പോഴെനിക്കറിയാം. അതുകൊണ്ടാണ് ദിവസത്തില്‍ ഒരു തവണയെങ്കിലും ചേച്ചിയെ ഓര്‍ക്കേണ്ടിവരുന്നത്. ഞാന്‍ വലുതായ ശേഷവും ചേച്ചി പ്രാക്കിക്കഥകള്‍ പറഞ്ഞ് ചിരിക്കാറുണ്ടായിരുന്നു. കളഞ്ഞുപോയ കുട്ടിക്കാലം തിരിച്ചു കിട്ടിയതുപോലെ ഞാനും. കല്യാണം കഴിഞ്ഞപ്പോള്‍ എന്റെ ഭാര്യയോടും ചേച്ചി പ്രാക്കിക്കഥകള്‍ പറഞ്ഞു . പിന്നെ മകനോടും പറഞ്ഞു, അച്ഛനെ പേടിപ്പിച്ച പ്രാക്കിയെക്കുറിച്ച്. അതുകേട്ട്, ഈ അച്ഛന്‍ വലിയൊരു പേടിത്തൊണ്ടനാണല്ലോ എന്ന മട്ടില്‍ അവന്‍ എന്നെ നോക്കി. പിന്നെ അപ്പച്ചിയോട് ഒരു ചോദ്യവൂം- ആ പ്രാക്കിയെ എനിക്കൊന്ന് കാണിച്ചുതരുമോ? എന്ന്! എന്തായാലും പ്രാക്കി ഇപ്പോഴും തെക്കേപുളിമരത്തില്‍ വിശ്രമിക്കുന്നുണ്ട്. ചേച്ചി, സ്‌കൂളില്‍ നിന്ന് റിട്ടയര്‍ചെയ്ത് സ്വന്തം വീട്ടിലും.



വര: