പച്ചോന്തിനെ ഓര്‍ക്കുമ്പോള്‍...
ഡോ.കെ.സി. കൃഷ്ണകുമാര്‍


കള്ളുചെത്തുന്നത് കണ്ടല്ല, കേട്ടാണ് അറിയുക. മരംകൊത്തി മരത്തില്‍ കൊത്തുന്നതു പോലെ ഒരു ഒച്ചയുണ്ട്. ചൊട്ടയില്‍ എല്ലു കൊണ്ടടിക്കുന്ന ഒച്ച. അതുകേള്‍ക്കുമ്പോള്‍ തെങ്ങിന്റെ മുകളില്‍ ആളുണ്ടെന്ന് ഉറപ്പിക്കാം. ചെത്തുതെങ്ങ് കണ്ടാലറിയാം. ഒന്നുരണ്ടടി അകലത്തില്‍ തെങ്ങിന്‍തടിയില്‍ തൊണ്ട് വച്ച് കെട്ടിയിട്ടുണ്ടാവും. അതില്‍ ചവിട്ടിയാണ് ചെത്തുകാരന്‍ കയറുന്നതും ഇറങ്ങുന്നതും. കയറില്‍ കെട്ടിയ ചുരയ്ക്കാ പാത്രം, അരയില്‍ ഉറപ്പിച്ച പലകയില്‍ തിരുകിവച്ച വീതിയുള്ള കത്തി, പിന്നെ ചെറിയൊരു പാത്രത്തില്‍ ചെളി ഇതൊക്കെയായിരുന്നു പണ്ട് കള്ള് ഊറ്റിയെടുക്കുന്നതിനുള്ള സാമഗ്രികള്‍. തെങ്ങിന്റെ മുകളില്‍ കള്ളുവീണാല്‍ തെങ്ങ് നശിച്ചുപോകുമെന്നാണ് വിശ്വാസം. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു മാത്രമേ ചൊട്ടയില്‍ കമഴ്ത്തി വച്ചിരിക്കുന്ന കുടത്തിലെ കള്ള് പാത്രത്തിലേക്ക് മാറ്റുകയുള്ളു. കള്ളുപാത്രം അരയില്‍ തൂക്കിയിട്ടുകൊണ്ട്് ചെത്തുകാര്‍ തെങ്ങില്‍ നിന്ന് ഇറങ്ങും, ഒരുതുള്ളി കള്ളുപോലും തുളുമ്പിപ്പോകാതെ. തെങ്ങിന്‍ മുകളിലിരിക്കുമ്പോള്‍ ചെത്തുകാരന്‍ ദൈവത്തെപ്പോലെയാണ്. നമുക്ക് കാണാനാവാത്തത് പലതും അയാള്‍ക്ക് കാണാം. കൂട്ടം തെറ്റിയ താറാവിനെയും എരുമയെയുമൊക്കെ അയാള്‍ കാണിച്ചു കൊടുക്കും. മടവീഴാറായ വരമ്പും ചിലപ്പോള്‍ അയാളായിരിക്കും ആദ്യം കാണുക.

കള്ളുകുടിയന്മാര്‍ മാത്രമല്ല, കള്ളുമോഷ്ടാക്കളുമുണ്ടായിരുന്നു. തെങ്ങിന്‍ മുകളിലെ കലത്തില്‍ നിന്ന് മോഷ്ടിക്കും. മാട്ടം ഊറ്റുക എന്നാണ് ഈ മോഷണത്തിന്റെ പേര്. കുറച്ച് കള്ള് ഊറ്റിയെടുത്താല്‍ അറിയില്ലെന്നാണ് കള്ളന്മാരുടെ വിചാരം. പക്ഷേ, നല്ല ചെത്തുകാര്‍ക്ക് ചെത്തുതെങ്ങില്‍ വേറൊരാള്‍ തൊട്ടാല്‍പ്പോലും അറിയാമത്രേ. കള്ള് മോഷണത്തെക്കുറിച്ച് സംശയം തോന്നിയാല്‍, അവര്‍ ചില പൊടികൈകള്‍ ഒപ്പിക്കും. കള്ളുകുടത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു അടയാളമിട്ട് അത് ഒരു പ്രത്യേക ദിശയിലാക്കി വയ്ക്കും. ഇതറിയാതെ കള്ളന്മാര്‍ കുടം എടുക്കുകയും തിരിച്ചു വയ്ക്കുകയും ചെയ്യുന്നതോടെ കള്ളന്‍ കയറിയെന്ന് ഉറപ്പാവും. ചില പെരുങ്കള്ളന്മാര്‍ കുടത്തിലെ അടയാളം നോക്കി അതുപോലെ തിരിച്ചുവയ്ക്കാറുമുണ്ട്. മോഷണം സ്ഥിരമായാല്‍ ചെത്തുകാര്‍ ചില കടുംകൈ പ്രയോഗങ്ങളിലേക്ക് നീങ്ങും. കള്ളില്‍ നായ്കുരണപ്പൊടി കലക്കുകയാണ് ഒന്നാമത്തേത്. ആ കള്ളു കുടിച്ചാല്‍ കുടിക്കുന്നവന്‍ ശരീരം ചൊറിഞ്ഞുചൊറിഞ്ഞ് അവശനാവും. പിന്നൊരു വിദ്യ തടകെട്ടിയ തൊണ്ടില്‍ ഒന്നിന്റെ കയര്‍ പകുതി അഴിച്ചു വയ്ക്കലാണ്. കള്ളക്കയറ്റക്കാരന്‍ ഇതില്‍ ചവിട്ടുന്നതോടെ കയര്‍ അഴിഞ്ഞ് കാലുതെറ്റി താഴെ വീഴും!

അക്കാലത്ത് കുടിയന്മാര്‍ രണ്ടു തരക്കാരുണ്ടായിരുന്നു. കള്ളുകുടിയന്മാരും ചാരായം കുടിയന്മാരും. കള്ളുകുടിയന്മാര്‍ പൊതുവെ അപകടം കുറഞ്ഞ വര്‍ഗ്ഗമാണ്. ചാരായം കുടിയന്മാരായിരുന്നു കൂടുതല്‍, അപകടകാരികളും. കള്ളു ഷാപ്പും ചാരായ ഷാപ്പും വേറേവേറേയുണ്ട്. കുറേ സ്ഥിരം കുടിയന്മാരും. കള്ളു കുടിച്ചാല്‍ ഇംഗ്ലീഷ് മാത്രം പറയുന്നവര്‍, കരയുന്നവര്‍, തമാശ പറയുന്നവര്‍, ഒന്നും മിണ്ടാതാവുന്നവര്‍ അങ്ങനെ ഒരുപാട് വെറൈറ്റി കുടിയന്മാര്‍. എന്റെ നാടിനടുത്ത് ഒരു സ്‌ക്കൂള്‍ മാസ്റ്ററുണ്ടയിരുന്നു. രാവിലെ കുളിച്ച് അമ്പലത്തിലൊക്കെപോയി മിടുക്കനായി സ്‌ക്കൂളിലെത്തും. സ്‌ക്കൂളിലെ കാര്യങ്ങളെല്ലാം വളരെ ചിട്ടയോടെയാണ്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വലിയ ഇഷ്ടം. പക്ഷേ, വൈകുന്നേരം കഥമാറും. കള്ളുകുടിച്ച് ഒരു വെളിവും വെളിച്ചവുമില്ലാതെയാണ് മാഷുടെ വരവ്്. ആര്‍ക്കും ഒരു ശല്യവുമില്ല, പട്ടികള്‍ക്കൊഴിച്ച്. കള്ള് തലയ്ക്കുപിടിച്ചാലുടന്‍ മാഷ് പട്ടിയെ പഠിപ്പിക്കാന്‍ തുടങ്ങും, ഇംഗ്ലീഷും കണക്കും സയന്‍സുമൊക്കെ. വിചിത്രമായ ഒരു ചിട്ട കൂടിയുണ്ട് ഇതിന്. പട്ടിയെ മുണ്ടുടുപ്പിച്ച ശേഷമേ പഠിപ്പ് ആരംഭിക്കൂ. മാഷിന്റെ മുണ്ടുരിഞ്ഞ് പട്ടിയെ ഉടുപ്പിക്കാനാണ് ശ്രമം. പിന്നെപ്പിന്നെ പട്ടികളൊക്കെ മാഷിനെ കണ്ടാല്‍ ഓടി ഒളിക്കാന്‍ തുടങ്ങി. സ്‌ക്കൂളില്‍ പോകാന്‍ മടിയുള്ള കുട്ടികളെപ്പോലെ. പിറ്റേന്ന് രാവിലെ ഒരു പ്രശ്‌നവുമില്ല, അമ്പലവും സ്‌ക്കൂളും ഉപദേശവുമൊക്കെ തുടരും. ഈ സമയമത്രയും മാഷിന് പട്ടികളെ വലിയ പേടിയാണ്. പട്ടികള്‍ക്കാവട്ടെ, രാവിലെയും വൈകിട്ടുമെല്ലാം മാഷിനെ പേടിതന്നെ. എന്നെ ഇപ്പോഴും അതിശയിപ്പിക്കുന്ന കാര്യമുണ്ട്. ഇത്ര വിചിത്രമായ രീതികള്‍ ഉണ്ടായിരുന്നിട്ടും ആ മാഷിന് ഒരു ഇരട്ടപ്പേര് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടായിരിക്കും മാഷിനെ ഇരട്ടപ്പേര് ഇല്ലാതെ പോയത്? ഇത്രയും വിചിത്രമായ സ്വഭാവത്തിന് പറ്റിയ ഒരു ഇരട്ടപ്പേര് കണ്ടുപിടിക്കാന്‍ കഴിയാഞ്ഞിട്ടല്ല എന്ന് ഉറപ്പ്. മാഷ് മരിച്ചുപോയിട്ടും ഇപ്പോഴും ആ സംശയം ബാക്കി.
കുട്ടനാട്ടിലെ ചില ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കള്ളുകുടിക്ക് ചില നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തും. കള്ളുകുടി വലിയ തെറ്റാണെന്ന സാമൂഹിക ബോധംകൊണ്ടൊന്നുമല്ല ഇത്. അവരുടെ വീട്ടിലേക്കുള്ള വഴിയാണ് പ്രശ്‌നം. കഷ്ടിച്ച് അരയടിമാത്രം വീതിയുള്ള ചെളിവരമ്പാണ് അത്. വൈകിട്ടൊന്ന് മിനുങ്ങിയാണ് വരുന്നതെങ്കില്‍ ചെളി വരമ്പില്‍ വഴുതി പാടത്തു കിടക്കും. ആരും കണ്ടില്ലെങ്കില്‍ നേരം വെളുക്കുന്നതുവരെ നീര്‍ക്കോലി, തവള, ഞണ്ട്, ഞാഞ്ഞൂല് എന്നിവയോടൊപ്പം പാടത്തെ ചെളിയില്‍ സുഖമായി കിടക്കാം. അതുകൊണ്ട് അത്തരം കുടിയന്മാര്‍ മിക്കപ്പോഴും ഷാപ്പ് അടയ്ക്കുമ്പോഴും ഇറങ്ങിക്കൊടുക്കാന്‍ തയാറാവില്ല. ഇനി അഥവാ ഷാപ്പില്‍ നിന്ന് ഇറങ്ങിയാലും വഴിയില്‍ കാണുന്നവരോടൊക്കെ വഴക്കിടും. അടികൊണ്ട്് വഴിയില്‍ വീണാല്‍ കരയ്ക്ക് കിടക്കാമല്ലോ.

വര:
