ഗുളികപ്രേതവും ചെകുത്താന്‍തീയും!
ഡോ.കെസി.കൃഷ്ണകുമാര്‍



പഴയ നാട്ടിന്‍ പുറത്തെ വീടുകളില്‍ മനുഷ്യര്‍ക്ക് മാത്രമായിരുന്നില്ല അവകാശം. പശു, പട്ടി, പൂച്ച, കോഴി തുടങ്ങി നൂറുകൂട്ടം ജീവികള്‍. പിന്നെ കീരി, മരപ്പട്ടി, പെരുച്ചാഴി, അണ്ണാന്‍ തുടങ്ങി ചിലര്‍. ഇതിലൊന്നും പെടാത്ത ഭൂതപ്രേതേപിശാചുകള്‍ വേറേയും. എല്ലാവരും കൂടി ഇണങ്ങിയും പിണങ്ങിയും അങ്ങനെയങ്ങ് കഴിയും. ഇക്കൂട്ടത്തില്‍ ഭൂതപ്രേതങ്ങളെ മാത്രം കാണാന്‍ കിട്ടില്ല. നാട്ടിന്‍ പുറത്തെ കണിയാന്‍ പറഞ്ഞാണ് അവയുടെ എണ്ണവും തരവുമൊക്കെ ഉറപ്പിക്കുന്നത്. ചിലപ്പോള്‍ ചില്ലറ വഴിപാടുകളും മന്ത്രവാദവുമൊക്കെ വേണ്ടിവരികയും ചെയ്യും ഇവയെ അടക്കിനിര്‍ത്താന്‍.

ഒരിക്കല്‍ എന്റെ വീട്ടിലും വിചിത്രമായ ഒരു അവകാശിയുണ്ടെന്ന് കണ്ടെത്തി - ഒരു ഗുളികപ്രേതം. അത് എന്തുതരം പ്രേതമാണെന്ന് ഇന്നും എനിക്കറിയില്ല. എന്തായാലും ഗുളികപ്രേതമെന്ന പേര് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പ്രേതമാണെങ്കിലും ഇതങ്ങനെ പേടിക്കേണ്ട പുള്ളിയൊന്നുമല്ലന്ന് ഒരു തോന്നല്‍. അന്നൊക്ക ചെറിയൊരു കുപ്പിയില്‍ അച്ഛന്‍ വായുഗുളിക കൊണ്ടുവരുമായിരുന്നു. ഒട്ടുമിക്ക അസുഖങ്ങള്‍ക്കും ആ ഗുളികയാണ് തരുന്നത്. ഉള്ളം കൈയിലിട്ടുതരുന്ന ഉരുണ്ട ഗുളികപോലെ എന്തോ ഒരു സാധനമാണ് ഗുളികപ്രേതവുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ, ഗുളികപ്രേതം ആളത്ര നിസ്സാരക്കാരക്കാരനായിരുന്നില്ല. അതിന്റെ കളികൊണ്ടാണ് കറുമ്പിരപ്പശു ചത്തുപോയതെന്നാണ് കണിയാന്‍ പറഞ്ഞത്. അടുത്തവീട്ടിലും ഞങ്ങളുടെ വീട്ടിലുമായി മാറിമാറി കളിക്കുകയാണത്രേ ആ ഗുളികന്‍. പിന്നെ ചില വഴിപാടുകളൊക്കെ നടത്തിയതോടെ ഗുളികപ്രേതം അടങ്ങി.

അടുത്തുള്ള കൂട്ടുകാരൊക്കെ വീട്ടില്‍ കളിക്കാന്‍ വരുമ്പോള്‍ ഞാന്‍ ഗുളികപ്രേതത്തിന്റെ കഥകള്‍ പറയും. ആളൊരു വലിയ പുള്ളിയാണെന്നാണ് തട്ടി വിട്ടത്. കറുമ്പിപ്പശു ചത്തകാര്യം എല്ലാവര്‍ക്കും അറിവുള്ളതുകൊണ്ട് കഥകളൊക്കെ യാഥാര്‍ത്ഥ്യം പോലെ അവര്‍ വിശ്വ സിച്ചു. അവരുടെ പേടി കണ്ടപ്പോള്‍ എനിക്ക് ആവേശമായി. അന്ന് ഞങ്ങള്‍ താമസിക്കുന്ന പഴയ വീടിന് അറയും നിലവറയുമൊക്കയുണ്ട്. ചായ്പ്പിലും അറയിലും നിലവറയിലുമൊക്കെ പകല്‍പോലും നല്ല ഇരുട്ട്്. ഞാന്‍ സൂത്രത്തില്‍ അറയ്ക്കുള്ളില്‍ കയറി പത്തായത്തിന്റെ അരികില്‍ ഒളിച്ചിരുന്ന് നിലത്തുതട്ടി ഒച്ചയുണ്ടാക്കും. തടികൊണ്ടുള്ള അറയായതിനാല്‍ നല്ല മുഴങ്ങുന്ന ഒച്ചപൊങ്ങും. ഇതുകേട്ട് കളിക്കാന്‍ വന്നവരൊക്കെ പേടിച്ചുപായും. ഗുളികപ്രേതത്തിന്റെ ഒച്ചയല്ലേ നേരിട്ട് കേള്‍ക്കുന്നത്. ഞാനാണ് ആ ഒച്ചയുണ്ടാക്കിയതെന്ന് പിന്നീട് എത്ര പറഞ്ഞിട്ടും വിശ്വാസിക്കാതെ ഗുളികപ്രേതത്തെ തന്നെ വിശ്വസിച്ചിരുന്ന ചിലരും ഓടിയ കൂട്ടത്തിലുണ്ട്.
ഇരുട്ടാണെങ്കിലും നിലവറയില്‍ കയറാന്‍ എനിക്ക് വലിയ കൊതിയാണ്.

അവിടെ താളിയോലയില്‍ എഴുതിയ ചില ഗ്രന്ധങ്ങളുണ്ട്, ഓട്ടുകിണ്ടിയും ഉരുളിയും വിളക്കുകളുമുണ്ട്. പിന്നെ മൂന്നുനാല് വലിയ ഭരണികളും. ഇതില്‍ വലിയൊരു ഉപ്പുമാങ്ങാ ഭരണി പുറത്തെടുക്കാനാവില്ല. നിലവറയുടെ വാതിലിനെക്കാള്‍ വലുതാണത്. ഭരണി ഉള്ളില്‍ വച്ച ശേഷമായിരിക്കണം നിലവറ പണിഞ്ഞത്. നിലവറയിലെ ചെറിയ ഭരണികളിലൊന്നിലാണ് മാങ്ങ ഉപ്പിലിടുക. തീരെ വലിപ്പമില്ലാത്ത നാട്ടുമാങ്ങയേ ഉപയോഗിക്കൂ. അതിന് പ്രത്യേകം മാവുണ്ട്. മാങ്ങനിറയുമ്പോള്‍ കൊമ്പ് തനിയെ ഒടിഞ്ഞു വീഴുന്ന ഒരു നാട്ടുമാവ്. പഴയ ആ നാട്ടുമാവ് ഉണങ്ങി വീണുപോയി. അതിന്റെ മകളാണ് ഇപ്പോഴുള്ളത്. അതിലും മാങ്ങനിറയുമ്പോള്‍ കൊമ്പ് ഒടിഞ്ഞു വീഴും. കൊമ്പിന് താങ്ങാനാവാത്തവിധം പെട്ടിക്കുലകളായാണ് മാങ്ങ പിടിക്കുക. ഉപ്പുമാങ്ങാ ഭരണിയില്‍ മാങ്ങയിട്ടുനിറച്ചാല്‍ മുകളില്‍ എണ്ണത്തുണിയിട്ട്, കുറച്ച് വിനാഗരിയും ഒഴിക്കും. തോലുപോലെയുള്ള എന്തോ ഒരു സാധനം ഭരണിയിടെ വായ്ത്തലയ്ക്കല്‍ വച്ച് കയറുകൊണ്ട് വരിഞ്ഞ് കെട്ടും. ചെളികൊണ്ട് ഭരണിയുടെ വായും അരികും പൊതിയും. അതോടെ സംഗതി ക്ലീന്‍. പിന്നെ അതിനകത്തേക്ക് ഗുളികപ്രേതത്തിനുപോലും കടക്കാനാവില്ല, പിന്നെയല്ലേ കൃമിയും പുഴുവും.

രാത്രിയില്‍ മാത്രമേ ഭരണി തുറക്കൂ, അതും ഒന്നുരണ്ട് ആഴ്ച കഴിഞ്ഞ്. എണ്ണവിളക്ക് കത്തിച്ചുകൊണ്ടാണ് പോകുക. ഭരണിയുടെ വായ്കത്തലയ്ക്കല്‍ വിളക്ക് പിടിച്ചുകൊണ്ട് മൂടി മാറ്റും. വെള്ളമോ, ഉപ്പോ വേണമെങ്കില്‍ ചേര്‍ക്കും. എണ്ണത്തുണിമാറ്റി മറ്റൊന്നിടും. ചിലപ്പോള്‍ നാലഞ്ച് പച്ചമുളകും. കര്‍ക്കിടക മാസത്തില്‍ പെരുമഴയത്ത് ഉപ്പുമാങ്ങാ കൂട്ടി കഞ്ഞി കുടിക്കുന്നതിന്റെ രുചി. അതോര്‍ക്കുമ്പോഴാണ് ഭരണിയും നിലവറയുമൊക്കെ പോയതിന്റെ സങ്കടം കൂടുതല്‍ നിറയുന്നത്. കൊച്ചുമാങ്ങാ പിടിക്കുന്ന മാവുമാത്രം പതിവുതെറ്റിക്കാതെ ഇപ്പോഴും കായ്ക്കുന്നു. കുലനിറഞ്ഞ് കമ്പൊടിഞ്ഞ് വീഴുന്നു.

ഗുളികപ്രേതത്തെ എനിക്കത്ര പേടിയില്ലാതെ പോയതിന് ഒരു കാരണം കൂടിയുണ്ട്. അതിലും വലിയ പുള്ളിയായ യക്ഷിയുടെ കേന്ദ്രആപ്പീസ് ഞങ്ങളുടെ പറമ്പിലായിരുന്നു. വഴിയരികില്‍ നില്‍ക്കുന്ന വലിയൊരു കരിമ്പനയില്‍. ഓര്‍മ്മ വച്ച കാലം മുതല്‍ കാണുന്നതാണ് ആ കരിമ്പന. അതിലുള്ള യക്ഷിയെ പേടിക്കാനാണെങ്കില്‍ വീട്ടിലിരിക്കുന്ന സമയത്തു മുഴുവന്‍ പേടിക്കണം, പ്രത്യേകിച്ച് രാത്രിയില്‍. പക്ഷേ, പനയും അതില്‍ താമസക്കാരുണ്ടെങ്കില്‍ അവരും ഞങ്ങള്‍ക്ക് കുടുംബക്കാരെപ്പോലെ സ്വന്തം. സ്വന്തക്കാരെ പേടിക്കേണ്ട കാര്യമില്ലല്ലോ. പക്ഷേ, നാട്ടുകാരില്‍ പലര്‍ക്കും ആ വഴി നടക്കാന്‍ വലിയ പേടിയായിരുന്നു. സന്ധ്യ മയങ്ങിയാല്‍ പിന്നെ ആ വഴിപനയുടെ അടുത്തുകൂടി പോകുന്നവരൊക്കെ വലിയ പാട്ടുകാരാണ്. പേടിമാറ്റാനാണ് പാടുന്നതെന്ന് ആരും സമ്മതിക്കുകയുമില്ല. കരിമ്പനയില്‍ കാറ്റ് ആഞ്ഞടിക്കുമ്പോള്‍ ഒരു ഒച്ചയുണ്ട്. പ്രേതസിനിമയില്‍ കരിമ്പന കാണിക്കുമ്പോള്‍ കേള്‍ക്കുന്ന അതേ ഒച്ച! ആ ച്ചകേട്ടാല്‍ ആരായാലും പേടിച്ചുപോകും. കാറ്റടിക്കുന്ന സമയത്ത് ചിലരൊക്കെ പേടിച്ചോടി ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. അവര്‍ക്ക് മോരും വെള്ളമൊക്കെ കൊടുത്ത് ഒട്ടൊന്ന് സമാധാനിപ്പിച്ച് പറഞ്ഞു വിടും.

എന്റെ അച്ഛന്റെ രണ്ട് അനിയന്മാരില്‍ ഒരാള്‍ക്ക് ആരോഗ്യ വകുപ്പിലായിരുന്നു ജോലി. വെള്ളയും വെള്ളയും യൂണിഫോം ഇടണം. ജോലികഴിഞ്ഞ് വരുമ്പോള്‍ വളരെ വൈകും. അങ്ങനെ രാത്രിയില്‍ പനയുടെ അടുത്ത്് വെള്ളായം കണ്ട് എത്രയോ പേര്‍ പേടിച്ച് നിലവിളിച്ചു പാഞ്ഞിരിക്കുന്നു. പേടിച്ചോടിയവരെ കാണുമ്പോള്‍ കൊച്ചച്ചന്‍ പിറ്റേന്ന് വെളുക്കെ ചിരിക്കും. ഇപ്പോള്‍ പനയുമില്ല കൊച്ചച്ചനുമില്ല. വീടു പുതുക്കിയപ്പോള്‍ കഴുക്കോലിനും പട്ടികയ്ക്കുമൊക്കെവേണ്ടിയാണ് പന വെട്ടിയത്. പക്ഷേ, ഉള്ളില്‍ ചോറ് തിങ്ങിയ പയായിരുന്നു. നല്ല വലിപ്പമുണ്ടായിരുന്നെങ്കിലും ഒരു കുഴല്‍ പോലെ പുറം ഭാഗത്തിനു മാത്രമേ കട്ടിയുണ്ടായിരുന്നുള്ളു. അകം മുഴുവന്‍ പതുപതാന്ന് ഉറപ്പില്ലാത്ത അവസ്ഥ. അതിന്റെ തടി ഒന്നിനും കൊള്ളാതെ മണ്ണില്‍ കിടന്ന് ദ്രവിച്ചുപോയി. പാവം, അതില്‍ താമസതക്കാരാരെങ്കിലുമുണ്ടായിരുന്നെങ്കില്‍ അവരുടെ കിടപ്പാടം പോയതു മിച്ചം. പക്ഷേ, നാട്ടുകാരില്‍ പലര്‍ക്കും ആശ്വാസമായി. ഇനി ഊരൊറപ്പിച്ച് ആ വഴി നടക്കാമല്ലോ. ഇനിയൊരു പന അത്രയും വലുതായി വരണമെങ്കില്‍ നൂറു വര്‍ഷമെങ്കിലും വേണം. അതുകണ്ട് പേടിക്കാനും പാട്ടുപാടാനുമൊന്നും അന്ന് ആരും ഉണ്ടാവുമെന്നും തോന്നുന്നില്ല.

കണ്ടാല്‍ ശരിക്കും പേടിച്ചുജീവന്‍ പോകുന്ന ഒരു ചെകുത്താനുണ്ട് ഞങ്ങളുടെ നാട്ടില്‍. ചെകുത്താന്‍തീ എന്നാണ്് പേര്. ചെറുപ്പം മുതല്‍ ചെകുത്താന്‍തീയുടെ പേടിപ്പിക്കുന്ന പല കഥകളും കേട്ടിട്ടുണ്ട്. കണ്ടത് ഒരേയൊരു തവണ മാത്രം. ഒരിക്കല്‍ കൊയ്ത്തുകഴിഞ്ഞ കാലത്താണെന്ന് തോന്നുന്നു. ഒരുദിവസം രാത്രി തകഴിയില്‍ പോയി. ഞങ്ങള്‍ നാലുപേരുണ്ട്. കൂട്ടുകാരെ ആരെയോ ആസ്പത്രിയില്‍ കാണാന്‍ പോയതാണ്. അവിടെയെത്തിപ്പോള്‍ ഡിസ്ചാര്‍ജ്ജ് ചെയ്തു വീട്ടില്‍ പോയി എന്നറിഞ്ഞു. പിന്നെ തിരക്കിപ്പിടിച്ച് വീട്ടിലേക്ക്. മടങ്ങിവന്നപ്പോഴേക്കും അവസാന ബസ് പോയി. അന്ന് തകഴിയില്‍ പാലമില്ല. തകഴികടവുവരെയേ ബസുള്ളു. അവസാന വസ് പോയാല്‍ കുടുങ്ങിയതുതന്നെ. അങ്ങനെ ഞങ്ങളും കുടുങ്ങി. രാത്രിയില്‍ ഓട്ടോറിക്ഷയോ മറ്റു വാഹനങ്ങളോ ഒന്നും കിട്ടില്ല. തിരിച്ചു നടക്കുകതന്നെ. വെളിച്ചമില്ലാത്ത റോഡിലൂടെ ഞങ്ങള്‍ നാലുപേര്‍.

മാടന്‍, മറുത, അറുകൊല അങ്ങനെ പേടിപ്പിക്കുന്ന സകല ഗുലുമാലുകളെക്കുറിച്ചും ഞങ്ങള്‍ പറയുന്നുണ്ടായിരുന്നു. ചെളിയില്‍ താഴ്ന്ന് മരിച്ചുപോയ ആനയുടെ പ്രേതമായ ആനമറുതയെക്കുറിച്ചും ഞങ്ങള്‍ പറഞ്ഞു. വഴിയരികില്‍ കെട്ടിയിരുന്ന പോത്തും എരുമയുമൊക്കെ തുറിച്ചു നോക്കിയപ്പോള്‍ എല്ലാവരുടെ ഉള്ളിലും പേടി തവപൊക്കി നോക്കി. പക്ഷേ, ആരുമാരും അത് പുറത്തു കാണിച്ചില്ല. ധൈര്യം നടിക്കാനായി കൂടുതല്‍ പ്രേതകഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. കരുമാടിക്കുട്ടന്റെ അടുത്തെത്തുന്നതിനുമുന്‍പായി പാടത്തിനു നടുവില്‍ നിന്ന് ഒരു തീ ഉയര്‍ന്നു പൊങ്ങി! പേടിച്ചു വിറച്ച് ഞങ്ങള്‍ അനങ്ങാന്‍ പോലുമാവാതെ നിന്നു. എന്തായാലും നാലുപേരുണ്ടല്ലോ, പരസ്പരം ധൈര്യം പകര്‍ന്ന് ഞങ്ങള്‍ അങ്ങനെ നിന്നു. പിന്നെ പാടത്ത് ഒരു അനക്കവുമില്ല. കൊയ്ത്തും മെതിയും കഴിഞ്ഞ പാടത്ത് മുഷ്യര്‍ പോയിട്ട് കന്നുകാലികള്‍ പോലും കാണില്ല എന്നുറപ്പാണ്. ഒടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു, അത് ചെകുത്താന്‍തീ തന്ന.




പേടിയുടെ പാരമ്യത്തില്‍ തോന്നിയ ഒരു മായക്കഴ്ചയായിരുന്നില്ല അത്. കൊയ്ത്തു കഴിഞ്ഞ പാടത്ത്, നെല്‍ച്ചെടിയുടെ അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ കിടന്ന് ചീയും. മീഥെയ്ന്‍, ഫോസ്ഫറസ് എന്നിവ പോലെ തീപിടിക്കുന്ന ചില വാതകങ്ങളാണേ്രത ഇതില്‍ നിന്ന് ഉണ്ടാവുന്നത്. ഇങ്ങനെയുണ്ടാവുന്ന വാതങ്ങളില്‍ ചിലപ്പോള്‍ തീയാളിക്കത്തും. അതാണ് ഈ ചെകുത്താന്‍തീ. എന്തായാലും ഈ തീക്കളിക്ക് ചെകുത്താന്റെ പേരു തന്നയാണ് ഏറ്റവും ചേരുന്നത്. ട്രില്ലറും ട്രാക്ടറും കൊണ്ട് നിലമുഴാന്‍ തുടങ്ങിയതോടെ ചെകുത്താന്‍ തീ കാണാനില്ലത്രേ. ഏതു ചെകുത്താനായാലും യന്ത്രങ്ങളെ പേടികാണില്ലേ. വലിയ വിളവും പത്രാസുമൊക്കെ തരുന്ന ഈ യന്ത്രങ്ങളും രാസവളവും കീടനാശിനിയുമൊക്കെ ഇനിയെന്തു ചെകുത്താനാണാവോ? കാത്തിരുന്നു കാണാം!

വര