ഭൂമിയുടെ അവകാശികളും ഞാനും
ഡോ.കെസി.കൃഷ്ണകുമാര്‍

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭൂമിയുടെ അവകാശികള്‍' വായിക്കുന്നത്. പിന്നീട് ഒരുപാടുതവണ വായിച്ചു. ഇനിയും വായിക്കും. ബഷീറിന്റെ ഏറ്റവും നന്മയുള്ള രചന അതാണെന്നാണ് എന്റെ വിശ്വാസം. ബഷീറിന്റെ കഥ വായിക്കുന്നതിനു മുന്‍പുതന്നെ ഭൂമിയുടെ അവകാശത്തെക്കുറിച്ചുള്ള ചില ധാരണകള്‍ എനിക്കുണ്ടായിരുന്നു. വേലിക്കിടയിലൂടെ കീരിയും പാമ്പുമൊക്കെ പായുന്നത് പലതവണ കണ്ടിട്ടുണ്ട്. എന്റെ വീട്ടിലെ കിളിച്ചുണ്ടന്‍ മാങ്ങയും അടുത്ത വീട്ടിലെ മൂവാണ്ടന്‍ മാങ്ങയും കൊത്തിയത് ഒരേ തത്ത തന്നെ.
വവ്വാലുകള്‍ കൊണ്ടിടുന്ന വിത്തുകള്‍ വീണ്് നാട്ടിലെല്ലായിടത്തും പുതിയ മരങ്ങള്‍ വളര്‍ന്നു. അടുത്തവീട്ടിലെ സര്‍പ്പക്കാവിന്റെ മുകളില്‍ കൂടുകൂട്ടിയിരുന്ന കൊക്കുകള്‍ കിഴക്കേ പാടത്ത്് ഇരതേടി. നീലചിറകും ചുവന്ന ചുണ്ടുമുള്ള മീന്‍കൊത്തി എന്റെ വീട്ടിലെ വേലിക്കമ്പില്‍ വിശ്രമിച്ച,് അടുത്തവീട്ടിലെ കുളത്തില്‍ നിന്ന് മീന്‍ പിടിച്ചു. പുതുമഴപെയ്യുമ്പോള്‍ ചാടിവരുന്ന വരാലിനും ചെമ്പല്ലിക്കുമൊന്നും അതിര്‍ത്തികള്‍ പ്രശ്‌നമായില്ല. അങ്ങനെ മനുഷ്യനൊഴിച്ച് മറ്റുപലതിനും ഭൂമിയിലെവിടെയും അവകാശമുണ്ടെന്ന് എനിക്ക് ചെറുപ്പത്തില്‍ത്തന്നെ തോന്നിയിരുന്നു. പക്ഷേ, ഉറപ്പില്ല. എവിടെ പോകുമ്പോഴും ഇക്കാര്യം ഉറപ്പിക്കാനായി ഞാന്‍ പാടത്തും പറമ്പിലും ആകാശത്തുമൊക്കെ നോക്കും.

ആ വീടിന്റെ വരാന്തയില്‍ പടര്‍ന്നു കിടക്കുന്ന പാഷന്‍ഫ്രൂട്ട് വള്ളിക്കിടയില്‍ മിക്കപ്പോഴും കാണും ഒരു തൂക്കണാംകുരുവിക്കൂട്. കുരുവികള്‍ ഒരുപേടിയും കൂടാതെ കൂട്ടിലേക്ക് പറന്നു വരും തിരുച്ചുപോകുും വീണ്ടും വരും. ഒക്കെ ഞാന്‍ തൊട്ടടുത്തുനിന്ന് കണ്ടു, തികഞ്ഞ അതിശയത്തോടെ.



അങ്ങനെ, ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെക്കുറിച്ച് ചെറുതല്ലാത്ത ധാരണയോടെയാണ് ഞാന്‍ ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ വായിച്ചത്. ഹോ, അന്ന് ബഷീറിനോട് എനിക്കുതോന്നിയ സ്‌നേഹം! അത് ഇമ്മിണി ബലുതുതന്നെ! ബഷീറിനൊപ്പം പലപ്പോഴും ഞാന്‍ കൃഷ്ണന്‍കുട്ടിമാമനെയും ഓര്‍ക്കും. അവര്‍ രണ്ടുപേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടുമുട്ടിയിരുന്നെങ്കില്‍, അയല്‍ക്കാരായി താമസിച്ചിരുന്നെങ്കില്‍ എന്നൊക്കെ സങ്കല്പിക്കും. പക്ഷേ, മാമനും ബഷീറും ഇല്ലാത്ത ലോകത്ത് സങ്കല്പങ്ങള്‍മാത്രം ബാക്കി.
കൃഷ്ണന്‍കുട്ടിമാമന് ഒരു വിചിത്രശേഖരമുണ്ടായിരുന്നു, കല്യാണകത്തുകളുടെ ശേഖരം. വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള കത്തുകള്‍ മുതല്‍ ഇപ്പോഴുള്ളവ വരെ ഏതാണ്ട് ഒരു അലമാര നിറയെ കത്തുകള്‍. പൊതുവെ ബന്ധുക്കളെ നേരിട്ടു ചെന്ന് വിവാഹം ക്ഷണിക്കുമ്പോള്‍ കത്ത് കൊടുക്കാറില്ല. പക്ഷേ, മാമന്‍ എല്ലാവരോടും കത്ത് ചോദിച്ചുവാങ്ങും. എന്റെ കല്യാണത്തിന് ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ഞാനും കരുതിയിരുന്നു ഒരു കത്ത്. സ്റ്റാമ്പ് ശേഖരണംപോലെ കിട്ടുന്ന കത്തുകളെല്ലാം തേടിപ്പിടിച്ച് സൂക്ഷിക്കലായിരുന്നില്ല, മാമന്റെ രീതി. മാമനെ ക്ഷണിക്കുന്ന കല്യാണത്തിന്റെ കത്തുകള്‍മാത്രമേ സൂക്ഷിക്കൂ.

അക്കാലത്ത് വായിച്ച പുസ്തകങ്ങളില്‍ എന്നെ ഏറെ അതിശയിപ്പിച്ചത് ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികള്‍' ആണ്. ഗ്രന്ഥശാലയില്‍ നിന്ന് ആ പുസ്തകമെടുത്തപ്പോള്‍ ആരോ പറഞ്ഞു, ഇത് റഫറന്‍സ് ഗ്രന്ഥമാണ്. മുഴുവന്‍ വായിക്കാനുള്ളതല്ല. പക്ഷികളെക്കുറിച്ച് എന്തെങ്കിലും സംശയം വരുമ്പോള്‍ നോക്കിയാല്‍മതി. എന്തായാലും ഒന്നു നോക്കട്ടെ എന്നു പറഞ്ഞ് ഞാന്‍ പുസ്തകവുമായി പോയി. പുസ്തകം തുറന്ന് വായന തുടങ്ങിയപ്പോഴോ? പക്ഷികളുടെ അത്ഭുതലോകം. തുടക്കതിതല്‍ തന്നെയുണ്ടായിരുന്നു ഞെട്ടിപ്പിക്കുന്ന ഒരു വിവരം. നാട്ടിന്‍ പുറത്തുകാണുന്ന കഴുത്തില്‍ കറുപ്പുള്ള കാക്കയും കഴുത്തില്‍നേരിയ വെളുപ്പുള്ള കാക്കയും ആണും പെണ്ണുമല്ല, രണ്ടുജാതി കാക്കകളാണ്. പേനക്കാക്കയും ബലിക്കാക്കയും. പക്ഷികളെക്കുറിച്ചുള്ള അറിവില്ലായ്മയുടെ അളവ് അപ്പോള്‍ത്തന്നെ മനസ്സിലായി.
പിന്നെ ഊണും ഉറക്കവുമില്ലാതെയുള്ള വായനയായിരുന്നു. പകലാണെങ്കില്‍ കൂനന്‍പ്ലാവിന്റെ മുകളിലിരുന്നാണ് വായന. ഇതിനിടെ പലപ്പോഴും ഞാന്‍ ഇന്ദുചൂഡനെ സ്വപ്‌നം കാണാറുണ്ടായിരുന്നു. ഒരിക്കല്‍ കണ്ട സ്വപ്‌നം ഇങ്ങനെ. കൂനന്‍ പ്ലാവിലുരുന്ന് ഞാന്‍ പുസ്തകം വായിക്കുകയാണ്്. അടുത്ത് ധാരാളം കിളികള്‍. ഞാന്‍ വായിക്കുന്ന പുസ്തകത്തിലേക്കുനോക്കിയാണ് അവയുടെ ഇരിപ്പ്. ചില പക്ഷികള്‍ എനിക്കുചുറ്റും പറന്നുകളിക്കുന്നുമുണ്ട്. ഇടയ്ക്ക് എപ്പോഴോ അടുത്തിരുന്ന പക്ഷികളിലൊന്നിനെ സൂക്ഷിച്ചുനോക്കിയ ഞാന്‍ അതിശയിച്ചുപോയി. ആ പക്ഷിക്ക് ഇന്ദുചൂഡന്റെ മുഖമായിരുന്നു! സന്തോഷത്തില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു, കിളികളെല്ലാം പറന്നുപോയി. മുതിര്‍ന്നപ്പോള്‍ ഇന്ദുചൂഡനെ സ്വപ്‌നം കാണാനുള്ള കഴിവ് എനിക്കു നഷ്ടമായി. എങ്കിലും മുത്തങ്ങയിലും മസിനഗുഡിയിലും പാമ്പാടുംചോലയിലും നെല്ലിയാമ്പതിയിലുമൊക്കെ അലയുമ്പോള്‍ കെ.കെ. നീലകണ്ഠന്‍ എന്ന ഇന്ദുചൂഡനെ ഞാന്‍ ഓര്‍ക്കാറുണ്ട്, കാണാറുമുണ്ട്!
വര:

നാട്ടിടവഴിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ nattidavazhi@gmail.com എന്ന വിലാസത്തില്‍ അറിയിക്കാം