കള്ളന്‍, ചെറുതും വലുതും!
ഡോ.കെസി.കൃഷ്ണകുമാര്‍

എല്ലാ വര്‍ഷവും പുളിനിറയെ കായ്ക്കും. മരത്തില്‍കേറാന്‍ കഴിയില്ല. അത്രയ്ക്കാണ് പൊക്കം. നാട്ടിലെ ഏറ്റവും ഉയരമുള്ള മരങ്ങളില്‍ കൂടുവയ്ക്കുന്ന ഒരിനം കൊക്കുകളുണ്ട് - പകലുണ്ണാന്‍. രാത്രിയില്‍ ഇരതേടുന്ന ഇവ പകല്‍ മുഴുവന്‍ മരത്തില്‍ വിശ്രമിക്കും. സത്യത്തില്‍ പകലുണ്ണാത്തവന്‍ എന്ന പേരാണ് ഇവയ്ക്ക് ചേരുന്നത്. എപ്പോഴും പുളിമരത്തില്‍ പകലുണ്ണാന്റെ കൂട് കാണും. പുളിയോടൊപ്പം കൊക്കിന്റെ കാഷ്ഠവും വീഴും.

കുളത്തിന്റെ നടുവിലായിരിക്കും ചിലപ്പോള്‍ പുളി പൊങ്ങുക. അത് എടുക്കാന്‍ ഒരു നാട്ടുവിദ്യയുണ്ട്, പഴയ ചിരട്ടത്തവി. പണ്ടൊക്കെ അടുക്കളയില്‍ ചിരട്ടത്തവികളുണ്ടായിരുന്നു. ചെത്തിമിനുക്കിയ ചിരട്ടയുടെ അരിക് തുളച്ച് ഒരു കമ്പ് കടത്തും. കവുങ്ങിന്റെ അലക് ചീകിയെടുത്താണ് ഇതിന് ഉപയോഗിക്കുക. സാമ്പാറും കാളനും മോരുമൊക്കെ ഈ തവികൊണ്ട് വിളമ്പും. ഒരു തുള്ളിപോലും ചോര്‍ന്നുപോകില്ല. അങ്ങനെ അടുക്കളയില്‍ വിളമ്പിപ്പഴകിയ ചിരട്ടത്തവിയാണ് പുളിപെറുക്കാന്‍ ഉപയോഗിക്കുക. നീണ്ട ഒരു മുളങ്കമ്പില്‍ തവി വച്ചുകെട്ടും. പിന്നെ കമ്പ് നീട്ടി കുളത്തിന്റെ നടുവില്‍നിന്നുപോലും സുഖമായി പുളി കോരിയെടുക്കാം. ഭരണിയില്‍നിന്ന് തവികൊണ്ട് രസഗുള കോരിയെടുക്കുന്നതു പോലെ.
പെറുക്കിയെടുക്കുന്ന പുളി വള്ളിക്കൊട്ടയില്‍ കൂട്ടിവയ്ക്കും. മണ്ണുവെട്ടാനും പായല്‍ വാരാനും പുളിപെറുക്കാനുമൊക്കെ വള്ളിക്കൊട്ടകള്‍ തന്നെ ധാരാളം. ഇപ്പോഴത്തേതുപോലെ പ്ലാസ്റ്റിക്കിന്റെ ഉപദ്രവമില്ലായിരുന്നു. വേസ്റ്റ് ബാസ്‌ക്കറ്റ് എന്നൊരു സാധനമേയില്ല. വേസ്റ്റ് ഉണ്ടെങ്കിലല്ലേ അത് വേണ്ടൂ? അരിയും പലവ്യഞ്ജനങ്ങളുമൊന്നും പ്ലാസ്റ്റിക് കവറില്‍ കിട്ടാറില്ല. സാധങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസിനും ചണച്ചരടിനുമൊക്കെ നൂറുപയോഗങ്ങളുണ്ട്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഒരു പങ്ക് പശുവിനുള്ളതാണ്. അത് മാറ്റിവച്ചുകഴിഞ്ഞാല്‍ ഭക്ഷണത്തിനും ഇല്ല, വേസ്റ്റ്. കഞ്ഞിവെള്ളം കുടുക്കാന്‍ വേണം, ബാക്കിയുണ്ടെങ്കില്‍ പശുവിനും. അരികഴുകുന്ന വെള്ളം മുഴുവന്‍ പശുവിനു തന്നെ. പച്ചക്കറിയുടെ തോലും പശുവിന്റെ മെനുവില്‍ ഉള്‍പ്പെടും. ചേമ്പും മറ്റും ചുരണ്ടി എടുക്കുന്ന തൊലി വെണ്ടയ്ക്കും വഴുതനയ്ക്കുമൊക്കെ വളമായി ഇടും. ആ വഴിക്കും വേസ്റ്റ് ഇല്ല. അതുകൊണ്ട് വേസ്റ്റ് ബാസ്‌ക്കറ്റും ഇല്ല. പിന്നെ, ഓരോ മുറിയിലും വേസ്റ്റ് ബാസ്‌ക്കറ്റുകള്‍ വച്ച് പരിഷ്‌ക്കാരികളായപ്പോഴാണ് നമ്മുടെ നഗരങ്ങള്‍ ചീഞ്ഞുനാറാന്‍ തുടങ്ങിയത്. പതുക്കെപ്പതുക്കെ ഗ്രാമങ്ങളും.
അമ്മൂമ്മയാണ് മിക്കപ്പോഴും പുളിപെറുക്കുക. ചില ദിവസങ്ങളില്‍ കുട്ടയില്‍ പെറുക്കി വയ്ക്കുന്ന പുളി പെട്ടെന്ന് അപ്രത്യക്ഷമാവും! പുളി മാത്രമേ പോകൂ. കുട്ട അവിടെത്തന്നെയുണ്ടാവും. ആരാണ് കള്ളന്‍?ഒരു പിടിയുമില്ല. ചിലപ്പോള്‍ അമ്മൂമ്മ കുളത്തില്‍നിന്ന് പുളി എടുക്കുന്നതിനിടയില്‍ത്തന്നെ കുട്ടയിലെ പുളി കാണാതാവും. അമ്മൂമ്മയ്ക്ക് ചെവി അല്പം പതുക്കെയാണ്. ആ കുറവ് മനസ്സിലാക്കിയാണ് കള്ളന്റെ നീക്കം. മിക്കപ്പോഴും കുട്ട നിറയുമ്പോഴായിരിക്കും പുളി കാണാതാവുക. ചിലപ്പോള്‍ ഞാനും ഏട്ടനും അമ്മൂമ്മയ്ക്ക് കൂട്ടുണ്ടാവും. അപ്പോള്‍ കള്ളനില്ല. എന്നാല്‍ കള്ളന്റെ ശല്യം ഒഴിഞ്ഞുപോയതുമില്ല. തീരെ പ്രതീക്ഷിക്കാത്ത സമയങ്ങളില്‍ പുളി മോഷണം പൊയ്‌ക്കൊണ്ടിരുന്നു.

ഒരു ദിവസം അതിരാവിലെ ഞാന്‍ കുളക്കരയിലെ മാവില്‍ കയറി. ഒരക്ഷരം മിണ്ടാതെയാണ് ഇരിപ്പ്. പതിവുപോലെ അമ്മൂമ്മ വന്ന് പുളിപെറുക്കാന്‍ തുടങ്ങി. കുട്ടനിറഞ്ഞു. അമ്മൂമ്മ കുളത്തിലേക്ക് തോട്ടിനീട്ടുന്നതിനിടയില്‍ മിന്നായം പോലെ പിന്നില്‍ ഒരാള്‍ എത്തി! നിമിഷനേരം കൊണ്ട് പുളിമുഴുവന്‍ ഒരു തുണിച്ചാക്കിലേക്ക് മാറ്റി. അതേ വേഗത്തില്‍ മറയുകയും ചെയ്തു. ഞങ്ങളുടെ വീടിനടുത്തുള്ള പയ്യന്‍ തന്നെ. അവന്‍ ഇടയ്‌ക്കൊക്കെ വീട്ടില്‍ വരാറുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ സമര്‍ത്ഥമായി മോഷണം നടത്താന്‍ കഴിഞ്ഞത്.

കുടമ്പുളി പെറുക്കിയെടുത്താല്‍ പിന്നെയുമുണ്ട് ജോലികള്‍. ആദ്യം പുളി പൊട്ടിക്കും. കുരുവിനെ പൊതിഞ്ഞ് മാംസളമായ ഒരു ഭാഗമുണ്ട്. പുളിയും മധുരവും കലര്‍ന്ന സ്വാദാണ് അതിന്. പക്ഷേ, തിന്നാന്‍ സമ്മതിക്കില്ല. വയറിന് അസുഖം വരുമത്രേ! എങ്കിലും മുതിര്‍ന്നവര്‍ കാണാതെ എത്രയോ തിന്നിരിക്കുന്നു. പുറം ഭാഗമാണ് ഉണക്കിയെടുത്ത് കറികളിലും മറ്റും ചേര്‍ക്കുന്നത്. പല ഉണക്കിലുള്ള പുളി കാണും. രണ്ടാഴ്ച ഉണങ്ങിയത്, ഒരാഴ്ച ഉണങ്ങിയത്, രണ്ടുദിവസം ഉണങ്ങിയത് അങ്ങനെ. വെയിലില്ലാത്തപ്പോള്‍ അടുപ്പിനുമുകളില്‍ പരണില്‍ പുളി നിരത്തും. കവുങ്ങിന്റെ വാരികള്‍ നിരത്തി വച്ച് കയറുകൊണ്ട് കെട്ടിവരിഞ്ഞുണ്ടാക്കുന്ന തട്ടാണ് പരണ്. താഴെ അടുപ്പ് കത്തിക്കുമ്പോള്‍ പുകയേറ്റ് പുളി ഉണങ്ങും.

ചെളികൊണ്ടാണ് അടുപ്പ്. വിറകും ചിരട്ടയുമൊക്കെ വച്ച് ഊതിയൂതി കത്തിക്കണം. നിലത്ത് കുത്തിയിരുന്നു വേണം പാചകം ചെയ്യാന്‍. ഇങ്ങനെ കുത്തിയിരുന്ന് തീ ഊതിയൂതിയാവണം പണ്ടുള്ള അമ്മൂമ്മമാര്‍ക്ക് കൂന് പിടിച്ചത്. നിന്നുകൊണ്ട് പാചകം ചെയ്യാവുന്ന അടുപ്പുകള്‍ വന്നതോടെ കൂനുള്ളവരുടെ എണ്ണവും കുറഞ്ഞു. അടുപ്പില്‍ വയ്ക്കുന്ന പാത്രങ്ങള്‍ മിക്കപ്പോഴും കല്‍ച്ചട്ടിയോ മണ്‍കലമോ ഒക്കെയായിരിക്കും. രണ്ടോ മൂന്നോ അലൂമിനിയം കലങ്ങളും കാണും. പകുതിഭാഗം കരിപിടിച്ച് കറുത്ത നിറത്തില്‍, ബാക്കി പകുതി വെളുപ്പും. അങ്ങനെ ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമയായിരുന്നു അന്നത്തെ അടുക്കള.
കള്ളനെ പിടിച്ച കൊല്ലം അവസാനത്തെ ഉണക്കിനായി പുളി ചിക്കുപായില്‍ നിരത്തി. ഒരു കൊല്ലത്തെ മുഴുവന്‍ പുളിയുണ്ട്. അങ്ങനെയാണ് പതിവ്. പലപ്പോഴായി ഉണക്കിയ പുളിയെല്ലാം ഒരുമിച്ച് ഒരു ചിക്കുപായയില്‍ ഇടും. അല്പം വെളിച്ചെണ്ണ പുരട്ടി ഉപ്പും ചേര്‍ത്താണ് ഭരണിയില്‍ നിറയ്ക്കുക. പൂപ്പല്‍ പിടിക്കാതിരിക്കാനുള്ള വിദ്യയാണത്. പുളിയോടൊപ്പം ഭരണിയും വെയിലത്ത് വയ്ക്കും. ഒരു ദിവസം, വെയിലത്തിട്ടിരുന്ന പുളി ഒന്നോടെ കാണാതായി. പത്തിരുപതു കിലോ പുളിയുണ്ടായിരുന്നു. ഇത് അങ്ങനെ വിട്ടാല്‍പറ്റില്ല. ആദ്യത്തെ കള്ളന്റെ വീട്ടിലെത്തി അവന്റെ അമ്മയോട് സംസാരിച്ചുനോക്കി. അവന്‍ മോഷ്ടിക്കുക പോയിട്ട് കള്ളം പറയുക പോലുമില്ലെന്നായരുന്നു അവര്‍ പറഞ്ഞത്. അപ്പോള്‍ മുന്‍പ് പുളിമോഷ്ടിച്ച കാര്യം പറഞ്ഞു. എന്തെങ്കിലും വികൃതി കാണിച്ചതായിരിക്കും എന്നായിരുന്നു മറുപടി. ഒരു കാര്യം ഉറപ്പായിരുന്നു, അവന്‍ പുളി മോഷ്ടിച്ചിട്ടുണ്ടെങ്കില്‍, അവന്റെ അമ്മകൂടി അറിഞ്ഞിട്ടു തന്നെയാണത്. ചെറിയൊരു കള്ളനെ പിടിച്ചതുകൊണ്ട് വലിയൊരു കള്ളന്‍ ഉണ്ടാവുകയാണല്ലോ ചെയ്തത് എന്ന് ഞാനിപ്പോഴും അതിശയത്തോടെ ഓര്‍ക്കാറുണ്ട്. ചെറിയ കള്ളനും വലിയ കള്ളനും ഒരാളാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും.

കളവിന്റെ വിധങ്ങള്‍ പലതാണ്. ചിലപ്പോള്‍ കള്ളനോട് ബഹുമാനം തോന്നിപ്പോകും. അത്രയ്ക്ക് ബുദ്ധിപൂര്‍വ്വം മേഷണം നടത്തുന്നവരുണ്ട്. താറാവുകള്‍ ധാരാളമുണ്ട് കുട്ടനാട്ടില്‍. അഞ്ഞൂറും അറുനൂറും വരുന്ന കൂട്ടങ്ങള്‍. വട്ടത്തില്‍ വല കുത്തിയുറപ്പിച്ച് അതിനുള്ളിലാണ് താറാവുകളെ രാത്രി പാര്‍പ്പിക്കുക. അടുത്തുതന്നെ ഒരു മാടം കെട്ടി, താറാക്കാരനും ഉണ്ടാവും. ചിലപ്പോള്‍ പകുതി വെള്ളത്തിലും പകുതി കരയ്ക്കുമായി വല കെട്ടാറുണ്ട്. താറാവുകള്‍ക്ക് വെള്ളത്തില്‍ കിടക്കാം കരയിലും ഇരിക്കാം. രാത്രിയില്‍ പട്ടിയോ മനുഷ്യരോ ആരെങ്കിലും അടുത്തുവന്നാല്‍ അവ കൂട്ടത്തോടെ 'ക്വാക്.. ക്വാക്..' കരച്ചില്‍ തുടങ്ങും. ഉടന്‍തന്നെ താറാക്കാരന്‍ എഴുനേറ്റുവരും. അതുകൊണ്ട് താറാക്കൂട്ടത്തില്‍നിന്ന് താറാവിനെ മോഷ്ടിക്കാന്‍ ആര്‍ക്കും കഴിയില്ല.
പക്ഷേ, ചില പഠിച്ച കള്ളന്മാരുണ്ട്. അവര്‍ സന്ധ്യമയക്കത്തിന് പമ്മിയെത്തും. അപ്പോള്‍ താറാവുകള്‍ വെള്ളത്തില്‍കിടന്ന് ചിറക് കുടഞ്ഞ് ശരീരം വൃത്തിയാക്കുകയായിരിക്കും. ഒരു പപ്പരത്തണ്ടും കടിച്ചുപിടിച്ച് വെള്ളത്തിനടിയിലൂടെയാണ് കള്ളന്റെ വരവ്. പപ്പരത്തണ്ടുവഴി ശ്വസിക്കാന്‍ കഴിയുന്നതിനാല്‍ വെള്ളത്തിനടിയിലൂടെ തലപൊക്കാതെ എത്ര ദൂരത്തേക്കും പോകാം. അങ്ങനെ കള്ളന്‍ താറാക്കൂട്ടത്തിന്റെ അരികിലെത്തും. വെള്ളത്തിനു മുകളില്‍ ആകെയിള്ളത് ഒരു പപ്പരത്തണ്ടുമാത്രം. താറാവുകള്‍ പോയിട്ട് ദൈവംതമ്പുരാന്‍പോലും അത് കാണില്ല. പെട്ടെന്ന് ഒരു താറാവിന്‍ കാലില്‍ പിടിച്ച് വെള്ളത്തിനടിയിലേക്ക് ഒറ്റവലിയാണ്. ക്വാക് എന്നൊരു ഒച്ച കേള്‍പ്പിക്കാനുള്ള സമയം പോലും അതിന് കിട്ടില്ല. മറ്റു താറാവുകളും അറിയില്ല ഈ ചതി. പിന്നെയല്ലേ താറാക്കാരന്‍! താറാവിറച്ചിയും സ്വപ്‌നം കണ്ടുകൊണ്ട് പപ്പരത്തണ്ട് വെള്ളത്തിനുമുകളിലൂടെ അകന്നകന്ന് പോകും. മോഷണം നിര്‍ത്തി, മറ്റൊരു ജോലി തുടങ്ങിയ ഒരു പഴങ്കള്ള ഈ മോഷണവിദ്യ പുറത്താക്കിയത്.
ചക്ക, മാങ്ങ, തേങ്ങ, കോഴി, താറാവ്, പരമാവധി പോയാല്‍ ആട,് ഇത്രയൊക്കെ മോഷണങ്ങളേ കുട്ടനാട്ടില്‍ പതുവുണ്ടായിരുന്നുള്ളു. ഒരു തവണ മോഷണം നടന്ന വീട്ടില്‍ പിന്നെ കുറേക്കാലത്തേക്ക് കള്ളന്മാര്‍ കയറില്ല. കള്ളന്മാര്‍ക്കുമുണ്ടാവണം ചില നന്മകളൊക്കെ. അല്ലെങ്കിലും കുട്ടനാട്ടില്‍ ആര്‍ക്കും ആരോടും പക വച്ചുപുലര്‍ത്താനാവില്ല. ഏക്കറുകള്‍ പരന്നുകിടക്കുന്ന പാടങ്ങളില്‍ വെള്ളം കയറാതെ സംരക്ഷിക്കുന്നത് വെറും ചെളിവരമ്പുകളാണ്. ഒരു വരമ്പുമുറിഞ്ഞാല്‍ നൂറുകണക്കിനു പാടങ്ങള്‍ വെള്ളം കയറി പാടേ നശിക്കും. മടവീഴുക എന്നാണ് ഈ ദുരന്തത്തിന്റെ പേര്. വരമ്പില്‍ കാലൊന്ന് അമര്‍ത്തി ചവിട്ടിയാല്‍ മതി മടമുറിയാന്‍. പക്ഷേ, ഏത് ഇരുട്ടിന്റെ മറവിലും കുട്ടനാട്ടില്‍ അങ്ങനെയൊരു ചതി ആരും ചെയ്തിരുന്നില്ല. മണ്ണിനോട് മനുഷ്യര്‍ക്കും മനുഷ്യരോട് മണ്ണിനുമുള്ള വിശ്വാസമാണ് കുട്ടനാടിനെ നിലനിര്‍ത്തിയത്. കാലവര്‍ഷം കനക്കുമ്പോള്‍ ചിലപ്പോള്‍ മടവീഴും. വെള്ളത്തിനോട് പൊരുതിജീവിക്കുന്ന കുട്ടനാട്ടുകാരന്റെ കരളുറപ്പ് അപ്പോഴാണ് കാണേണ്ടത്. കണ്ടവരും കേട്ടവരും വന്നരും നിന്നവരുമെല്ലാം മടയിലേക്കിറങ്ങും. ആണും പെണ്ണും കുഞ്ഞും കുട്ടിയും ശത്രുവും മിത്രവുമൊക്കെ. എല്ലാവരും ചേര്‍ന്ന് വെള്ളത്തെ പിടിച്ചുകെട്ടും.

കാലം മാറി. കല്ലുകെട്ടിയ ബണ്ടുകള്‍ വന്നപ്പോള്‍ മനുഷ്യര്‍ക്കിടയിലെ വിശ്വാസം കുറഞ്ഞു. രാസവളങ്ങളും കീടനാശിനികളും മണ്ണിലുള്ള വിശ്വാസവും ഇല്ലാതാക്കി. രോഗങ്ങള്‍ പതിയിരിക്കുന്ന വെറുമൊരു കൃഷിഭൂമി മാത്രമാണ് ഇപ്പോള്‍ കുട്ടനാട്. വിശ്വാസങ്ങളും നന്മകളുമെല്ലാം ആരാണ് കൊയ്‌തെടുത്തത്? ഉത്തരമില്ലാത്ത ഇത്തരം കുറേ ചോദ്യങ്ങള്‍ കുട്ടനാട്ടില്‍ വിളയുന്നു. വിളവ് എത്ര മേനിയെന്ന് നിശ്ചയിക്കാനായിട്ടില്ല. അതിന് കുറച്ചുകൂടി കാത്തിരിക്കണം.
വര

നാട്ടിടവഴിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ nattidavazhi@gmail.com എന്ന വിലാസത്തില്‍ അറിയിക്കാം