അമ്മൂമ്മയും സ്വാതിതിരുനാളും
ഡോ.കെസി.കൃഷ്ണകുമാര്‍


അമ്മയുടെ അമ്മ നൂറ്റിമൂന്നാം വയസിലാണ് മരിച്ചത്, നാലഞ്ചുകൊല്ലം മുന്‍പ്. ചെറുപ്പത്തില്‍ അമ്മവീട്ടില്‍ പോകാന്‍ വലിയ ഉത്സാഹമായിരുന്നു. അതിനൊരു കാരണം കഥകളാണ്. അമ്മൂമ്മ പറയുന്ന കഥകള്‍. രാമായണകഥകള്‍, മഹാഭാരതകഥകള്‍, പിന്നെ തീരാത്തത്ര നാടന്‍ കഥകളും. എത്ര പറഞ്ഞാലും പിന്നെയും ബാക്കിയുണ്ടാവും അമ്മൂമ്മയുടെ പക്കല്‍ കഥകള്‍. അമ്മുമ്മ മരിച്ചിട്ടും കഥകള്‍ മരിച്ചില്ല, ഒരുപാട് മനസ്സുകളില്‍ ഇപ്പോഴും ജീവിക്കുന്നു.

നടുമുറ്റമുള്ള നാലുകെട്ട് പുരയാണ്് അമ്മവീട്. നടുമുറ്റത്ത് മഴപെയ്യും. വെയിലും വരും. നടുമുറ്റത്തിന്റെ തെക്കുപടിഞ്ഞാറേകോണിലാണ് അമ്മൂമ്മയുടെ കട്ടില്‍. കാഞ്ഞിരത്തടിയില്‍ ഉണ്ടാക്കിയ കറുത്ത കട്ടില്‍. അലകും പടിയും മാത്രമല്ല, കിടക്കുന്ന ഭാഗത്തെ പലകയും കാഞ്ഞിരം തന്നെ. മിക്കപ്പോഴും അമ്മൂമ്മ കട്ടിലില്‍ തഴപ്പായ വിരിച്ചാണ് കിടക്കുക. പഞ്ഞിക്കിടക്ക കട്ടിലിനടിയില്‍ ചുരുട്ടിവച്ചിട്ടുണ്ടാവും. കുട്ടികളാരെങ്കിലും ചെല്ലുമ്പോള്‍ കിടക്കഎടുത്ത് വിരിക്കും. വെയിലത്തുണക്കിയ പഞ്ഞിക്കിടക്കയുടെ പതുപതുപ്പില്‍കിടന്നാണ് ഞങ്ങള്‍ കഥകേട്ടുറങ്ങുക.

മഴക്കാലത്ത് അമ്മൂമ്മയുടെ കട്ടിലില്‍ കിടന്നാല്‍ കഥയും കോള്‍ക്കാം മഴയും കാണാം. ഇടിമിന്നല്‍ വരുമ്പോഴാണ് പ്രശ്‌നം. വെളിച്ചം നേരിട്ടുവന്ന് പേടിപ്പിക്കും. അപ്പോള്‍ അമ്മൂമ്മ അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍... എന്നിങ്ങനെ നാമം ജപിക്കാന്‍ പറയും. അത് ജപിച്ചുകഴിഞ്ഞാല്‍ പേടി മാറുമെന്നാണ് അമ്മൂമ്മ പറയുക. അമ്മൂമ്മ പറഞ്ഞാല്‍ തെറ്റില്ലല്ലോ. ജപം കഴിയുമ്പോഴേക്കും പേടിയും പോകും.

അമ്മവീടിന്റെ വടക്കുപടിഞ്ഞാറെക്കോണില്‍ ഒരു ആഞ്ഞിലി മരമുണ്ട്. അമ്മൂമ്മയെക്കാള്‍ പ്രായമുണ്ട് അതിന്. അതിന്റെ മുകളില്‍കയറിനിന്നാല്‍ അറബിക്കടല്‍ കാണാമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പക്ഷേ, അതിന്റെ മുകളറ്റം വരെ ആരും കയറിയതായി അറിവില്ല. പണ്ടൊക്കെ പുളിയും ആഞ്ഞിലിയും അമ്പഴവുമൊക്കെ സ്ഥാനം നോക്കിയേ നടുകയുള്ളു. പുളി തെക്ക്, അമ്പഴം വടക്ക്, അങ്ങനെ ഓരോന്നിനും സ്ഥാനമുണ്ട്. ഏറ്റവും നല്ലസ്ഥാനത്താണ് ആഞ്ഞിലി നില്‍ക്കുന്നതെന്ന് അമ്മൂമ്മ ഇടയ്ക്കിടെ പറയും. അതുകൊണ്ട് ഒരു കാര്‍ന്നോരോടുള്ള ബഹുമാനം ആഞ്ഞിലിയോടും തോന്നിയിരുന്നു.

ആഞ്ഞിലിച്ചക്കയുണ്ടാകുന്ന കാലത്ത് കിളികളേയും അണ്ണാറക്കണ്ണന്മാരെയും പോലെ ഞങ്ങള്‍ കുട്ടികളും ആഞ്ഞിലിച്ചുവട്ടില്‍നിന്ന് മാറില്ല. പ്ലാവിലുണ്ടാകുന്ന ചക്കയുടെ കൊച്ചുപതിപ്പാണ് ആഞ്ഞിലിച്ചക്ക. ഉണ്ട മിഠായിയെക്കാള്‍ ചെറുതാണ് അതിന്റെ ചുളകള്‍. ഓരോന്നായി അടര്‍ത്തിയെടുത്താല്‍ മഞ്ഞമുത്തുപോലെ തോന്നും. പുളിപ്പുകലര്‍ന്ന മധുരം. എത്രതിന്നാലും കൊതി തീരില്ല. പക്ഷേ, ആഞ്ഞിലിച്ചക്ക ഒരുപാട് കഴിക്കാന്‍ അമ്മൂമ്മ സമ്മതിക്കില്ല. വയറിന് കുഴപ്പമാണേത്രേ. ചക്ക നിലത്തുവീണ്് പൊട്ടിപ്പോകാതിരിക്കാന്‍ ഒരു വിദ്യയുണ്ട്. രണ്ടുപേര്‍ ഒരു തോര്‍ത്തമുണ്ട് വിടര്‍ത്തിപ്പിടിക്കും. ഒരാള്‍ വലിയ തോട്ടികൊണ്ട് ചക്കപറിച്ച് താഴേക്കിടും. നേരേ തോര്‍ത്തിലേക്ക്. ഒരു ചളുക്കവും പറ്റാതെ പഴുത്തചക്ക കൈയിലെത്തും. താഴെവീണാല്‍ ചക്ക പൊട്ടിച്ചിതറിപ്പോകും.

വിഷുക്കാലത്തും ആഞ്ഞിലിയോട് വലിയ സ്‌നേഹമാണ്. ആഞ്ഞിലിയുടെ തിരി പൊഴിഞ്ഞ് മണ്ണില്‍ വീണുകിടക്കും. ചക്കയാവുന്നതിനു മുന്‍പുള്ള രൂപമാണ് തിരി. ചക്കത്തിരി എന്നാണ് നാട്ടുപേര്. അത് വെയിലത്തുണക്കി അറ്റം കത്തിച്ചാല്‍ ചന്ദനത്തിരി കത്തുന്നതുപോലെ കത്തും. ഈ തിരി ഉപയോഗിച്ചാണ് വിഷുവിന് പടക്കം ഓരോന്നാരോന്നായി കത്തിക്കുന്നത്. പേടിയുള്ളവര്‍ ഒരു വടിയുടെ അറ്റത്ത് ചക്കത്തിരി കെട്ടിവയ്ക്കും. എന്നിട്ട് വടി നീട്ടി പടക്കത്തിന് തീകൊളുത്തും. ഇപ്പോഴത്തേതുപോലെ തമിഴ് പേപ്പറുകളില്‍ പൊതിഞ്ഞ പടക്കമായിരുന്നില്ല. കൈതഓലയും പനയോലയുമൊക്കെ വരിഞ്ഞുമുറുക്കിക്കെട്ടിയ പടക്കം. ശരിക്കും ഓലപ്പടക്കം! ഭിത്തിയിലും മറ്റും എറിഞ്ഞു പൊട്ടിക്കാവുന്ന ഏറുപടക്കങ്ങളും അക്കാലത്തുണ്ടായിരുന്നു. എള്ളുണ്ടയുടെ അത്ര വലിപ്പമുള്ള ഒരു കടലാസുപൊതി. ഭിത്തിയിലോ, മരത്തിലോ ഒക്കെ എറിഞ്ഞാല്‍ അത് ശബ്ദത്തോടെ പൊട്ടും. പിന്നീട് അത്തരം പടക്കങ്ങള്‍ നിരോധിച്ചു.ഇനിയുമുണ്ട്, ആഞ്ഞിലിസ്‌നേഹത്തിന് ഒരു കാരണം-ആഞ്ഞിലിക്കുരു! ചക്കക്കുരുപോലെയുള്ള കുഞ്ഞിക്കുരുക്കള്‍ വറുത്തെടുക്കും. ചീനച്ചട്ടിയില്‍ മണ്ണിന്റെകൂടെയിട്ടാണ് വറുക്കുക. ചൂടാറിയാല്‍ കപ്പലണ്ടി കൊറിക്കുന്നതുപോലെ കൊറിക്കാം. നല്ല മഴപെയ്യുമ്പോള്‍ അമ്മൂമ്മയുടെ കട്ടിലിലിരുന്ന് ആഞ്ഞിലിക്കുരു കൊറിക്കും. കഥയും കേള്‍ക്കും. അങ്ങനെ മഴയും കഥയും മനസ്സില്‍ നിറയും.

ഞാന്‍ വളര്‍ന്നപ്പോള്‍ അമ്മൂമ്മയോട് സംസാരിച്ചിരുന്നത് പഴയകാലത്തെ സംഭവങ്ങളെക്കുറിച്ചായിരുന്നു. തിരുവിതാംകൂര്‍ രാജാവിനെ നേരില്‍ കണ്ടത്, പുന്നപ്ര വയലാര്‍ സമരകാലത്തെ പേടിപ്പിക്കുന്ന അനുഭവങ്ങള്‍, ഗാന്ധിജി കേരളത്തില്‍ വന്നത്, 1947 ലെ സ്വാതന്ത്ര്യദിനം... അങ്ങനെ ചരിത്രപുസ്തകത്തില്‍ വായിച്ചുമാത്രം അറിഞ്ഞ പലതിനെക്കുറിച്ചുമുള്ള നേര്‍വിവരണങ്ങള്‍. തിരുവിതാംകൂറിലെ പ്രജയായിരുന്നു അമ്മൂമ്മ. രാജഭരണത്തില്‍ കഴിഞ്ഞ ആള്‍. രാജാവിനെക്കുറിച്ച് പൊന്നുതമ്പുരാന്‍ എന്നേ അമ്മൂമ്മ പറയുമായിരുന്നുള്ളു.
ഒരിക്കല്‍ അമ്മൂമ്മയെ സ്വാതിതിരുനാള്‍ സിനിമ കാണിക്കാന്‍ കൊണ്ടുപോയി. കളര്‍ ടെലിവിഷന്‍ വന്നു തുടങ്ങുന്നതേയുള്ളു.

അപ്പച്ചിയുടെ വീട്ടിലാണ് ആദ്യം കളര്‍ ടിവി കൊണ്ടുവന്നത്. വലിയ ആവേശത്തോടെ അമ്മൂമ്മ സിനിമ കാണാന്‍ ഇരുന്നു. സ്വാതിതിരുനാള്‍ സ്‌ക്രീനില്‍ വന്നപ്പോള്‍ അമ്മൂമ്മ വേഗം എഴുനേറ്റു. ഭക്തിയോടെ തൊഴുതുനിന്നു. പിന്നെ ഞങ്ങള്‍ ഒരുപാട് നിര്‍ബന്ധിച്ച ശേഷമേ കസേരയില്‍ ഇരുന്ന് സിനിമ കണ്ടുള്ളു. രാജാവിന് മുന്‍പില്‍ ഇരുന്നതില്‍ വലിയ വിഷമവും ഉണ്ടായിരുന്നു. അമ്മൂമ്മയുടെ കാലത്തെ തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയായിരുന്നു. അതിനും എത്രയോ കാലം മുന്‍പുള്ള രാജാവാണ് സ്വാതിതിരുനാള്‍. എന്നിട്ടും അമ്മൂമ്മയുടെ രാജഭക്തിക്ക് ഒരു കുറവുമില്ല.

ആളറിയാതെയുള്ള ബഹുമാനമല്ല ഇത്. അത് സിനിമയാണെന്ന്് അറിയാത്തതുകൊണ്ടല്ല അമ്മൂമ്മ ഇങ്ങനെയൊക്കെ ചെയ്തത്. തിരുവിതാം കൂറിലെ എല്ലാ രാജാക്കന്മാരുടെയും ചരിത്രവും കാലവുമൊക്കെ അമ്മൂമ്മയ്ക്ക് നന്നായി അറിയാം. ധര്‍മ്മരാജാവിന്റെയൊക്കെ കഥകള്‍ എത്രയോ പറഞ്ഞുതന്നിരിക്കുന്നു. പക്ഷേ, എന്നിട്ടും സ്വാതിതിരുനാളിനു മുന്‍പില്‍ അമ്മൂമ്മ എഴുനേറ്റു!

പഴയ പത്താം ക്ലാസുകാരിയാണ് അമ്മൂമ്മ. ദിവസവും പത്രം വായിക്കും. കിട്ടിയാല്‍ ഇംഗ്ലീഷ് പത്രവും. വെള്ളെഴുത്ത്് രണ്ടു വര്‍ഷത്തോളം വായന മുടക്കി. പിന്നെ തനിയേ കാഴ്ച തെളിഞ്ഞു. മരിക്കുന്നതിന് തലേദിവസം വരെ മുടങ്ങാതെ പത്രവായന തുടര്‍ന്നു. സിനിമയെക്കുറിച്ചൊക്കെ അമ്മൂമ്മയ്ക്ക് നന്നായി അറിയാം. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ 3-ഡി കണ്ണട വച്ച് കണ്ട ആളാണ്. പക്ഷേ, സിനിമയാണെങ്കിലും രാജാവ് രാജാവുതന്നെയല്ലേ? എന്നാണ് അമ്മൂമ്മ ചോദിച്ചത്. ദൈവങ്ങളുടെ പടത്തില്‍ ചവിട്ടില്ലല്ലോ? അതുപോലെ സിനിമയാണെങ്കിലും രാജാവിനെ ബഹുമാനിക്കണം എന്ന്്. അതോടെ ഞങ്ങളുടെ എല്ലാ വാദങ്ങളും പൊളിഞ്ഞു. ഭരണാധികാരിയും പ്രജയും തമ്മിലുള്ള ആഴമേറിയ ആ ബന്ധം ഞങ്ങള്‍ക്ക് മനസ്സിലാവില്ലായിരുന്നു. അനുഭവിച്ചറിഞ്ഞവര്‍ക്കു തന്നെയാണല്ലോ അതേക്കുറിച്ച് പറയാന്‍ അവകാശം. ജനാധിപത്യസംവിധാനം മോശമാണെന്ന് അമ്മൂമ്മ ഒരിക്കല്‍പ്പോലും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ജനാധിപത്യത്തിനും രാജഭരണത്തിനുമിടയില്‍ ഞങ്ങള്‍ക്കു മനസ്സിലാവാത്ത എന്തോ ഒന്നുണ്ടെന്നു മാത്രം മനസ്സിലായി.

നാലഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍ ഞാന്‍ അമ്മൂമ്മയോട് പറയുമായിരുന്നത്രേ, ഇതുപോലെ എന്റെ മകനെക്കൂടി മടിയിലിരുത്തിയിട്ടേ അമ്മൂമ്മ മരിച്ചുപോകാവൂ എന്ന്. കുട്ടികളുടെ വാക്ക് തട്ടിക്കളയാന്‍ അമ്മൂമ്മമാര്‍ക്ക് കഴിയില്ലല്ലോ. അതുകൊണ്ട് അമ്മൂമ്മ വാക്ക് പാലിച്ചു. ഒന്നരവയസ്സുള്ള എന്റെ മകന്‍ അമ്മൂമ്മയുടെ മടിയിലിരുന്ന് തകര്‍ത്ത് ചിരിക്കുന്ന ഒരു ഫോട്ടോയുണ്ട്. ഞാന്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഒന്ന്. ഒരുപാടുതവണ ആവശ്യപ്പെട്ടിട്ടും എന്റെ മകനെ പത്തുദിവസത്തിലധികം അവന്റെ അമ്മൂമ്മമാരുടെ അടുത്ത് നിര്‍ത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ല! ഈ നിസിസഹായതയ്ക്കായിരിക്കണം ഇംഗ്ലീഷില്‍ 'ജനറേഷന്‍ ഗ്യാപ്' എന്നു പറയുന്നത്.

വര: