വൈകിയെത്തിയ പൂക്കൈതയാറ്
ഡോ.കെസി.കൃഷ്ണകുമാര്‍


എന്റെ കുട്ടിക്കാലം പറ്റിപ്പിടിച്ചു കിടക്കുന്ന വഴികളാണ് അതൊക്കെ. തോട്ടു വക്കിലൂടെയുള്ള ഈ വഴിക്ക് പണ്ട് രണ്ടോ മൂന്നാ അടി വീതിയേ ഉണ്ടായിരുന്നുള്ളു. കോഴിയും താറാവും ആടും പൂച്ചയും പട്ടിയും പശുവുമൊക്കെ കൈവശാവകാശക്കാരായി ഉണ്ടാവും. അതിനിടയിലൂടെ വേണം പോകാന്‍. അന്നൊക്കെ സൈക്കിളിലായിരുന്നു യാത്ര. പ്രായത്തിനനുസരിച്ച് പലതരം സൈക്കിളുകളൊന്നുമില്ല. വലിയ സെക്കിളും മുക്കാല്‍ സൈക്കിളും മാത്രം. ചുവന്ന നിറമുള്ള മുക്കാല്‍ സൈക്കിളായിരുന്നു എന്റേത്.
തോട്ടു വക്കിലെ വഴിയിലൂടെയുള്ള യാത്ര ഒരു സര്‍ക്കസ്സാണ്. വഴിയുടെ കൈവശാവകാശക്കാരെ മുട്ടാതെനോക്കണം. എതിരെ ആളു വ

തോട്ടിന്‍കരയില്‍ വല വീശുന്നവരുണ്ടാവും. വല വട്ടത്തില്‍ കറക്കി വിരിച്ചുവീശുന്നതു കാണാന്‍ നല്ല രസമാണ്. വെള്ളത്തില്‍ നിന്ന് വല വലിച്ചു കയറ്റുമ്പോള്‍ പരലും പള്ളത്തിയുമൊക്കെ പിടയ്ക്കും. വലക്കാരനോട് കൊച്ചുവര്‍ത്തമാനവും പറഞ്ഞ് പിടയ്ക്കുന്ന മീനിനെയൊക്കെ പെറുക്കി കൂടയിലിട്ടുകൊടുക്കും. മണ്ണുപറ്റാത്ത മീനുകളെ കൈയില്‍ വച്ച് നോക്കും, ഓരോ മീനിനും ഓരോ മുഖഛായയാണ്.
കുറച്ചു മുതിര്‍ന്ന ശേഷം ഒരിക്കല്‍ ഞാന്‍ വല വീശാന്‍ ശ്രമിച്ചു. ആദ്യം കരുതി കുറേ പ്രാവശ്യം ചെയ്യുമ്പോള്‍ ശരിയാകുമെന്ന്. പറ്റാതെ വന്നപ്പോള്‍ വാശിയായി. വലവീശാനറിയാത്ത കുട്ടനാട്ടുകാരനെന്നു പറഞ്ഞാല്‍ നാണക്കേടല്ലേ? പിന്നെയും പിന്നെയും ശ്രമിച്ചു. മൂന്നുനാലുമണിക്കൂര്‍ ശ്രമിച്ചിട്ടും എനിക്ക് ഒറ്റത്തവണ പോലും ശരിയായി വല വീശാന്‍ കഴിഞ്ഞില്ല. അതില്‍പ്പിന്നെ വല വീശുന്നവരെ കാണുമ്പോള്‍ വലിയ ബഹുമാനം തോന്നാറുമുണ്ട്.

പണ്ട് തോട്ടു വക്കത്ത് നിറയെ മരങ്ങളായിരുന്നു. മാവും ആഞ്ഞിലിയുമായിരുന്നു കൂടുതല്‍. മാവുകള്‍ മിക്കതും തോട്ടിലേക്ക് ചാഞ്ഞാണ് വളരുക. ചിലത് വെള്ളത്തില്‍ മുട്ടിനില്‍ക്കും. ചാഞ്ഞുകിടക്കുന്ന മാവില്‍ കയറി വെള്ളത്തിലേക്ക് കാലുമിട്ട് ഇരിക്കാന്‍ നല്ല രസമാണ്. കാലില്‍ മുട്ടിയുരുമ്മി പരല്‍മീനുകള്‍പായുമ്പോള്‍ ഇക്കിളിയാവും. ചാഞ്ഞു കിടക്കുന്ന മാവും ഇടവഴിയും തോടും വള്ളവും കോഴിയും താറാവും ഒക്കെ ചേരുമ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമ പോലെ, മനസ്സില്‍ ചില്ലിട്ടു സൂക്ഷിക്കാവുന്ന ഒരു ഫ്രെയിം.
നന്നേ പുലര്‍ച്ച മുതല്‍ നേരമിരുട്ടുന്നതുവരെ തോട്ടു വക്കില്‍ ആളുകള്‍ ഉണ്ടാവും. മീന്‍ കഴുകുന്നവര്‍, തുണിയലക്കുന്നവര്‍, കുളിക്കുന്നവര്‍, അങ്ങനെ ധാരാളം പേര്‍. തോട്ടിലൂടെ വള്ളങ്ങള്‍ പോകുന്നുണ്ടാവും. ഇഷ്ടികയും ചരലും തേങ്ങയും വാഴക്കുലയുമൊക്കെ വള്ളങ്ങളില്‍ നീങ്ങും. കച്ചവടസാധനങ്ങളുമായി വരുന്ന ചില വള്ളങ്ങളുമുണ്ട്. അലുമിനിയം പാത്രങ്ങളാണ് പ്രധാനം. പിന്നെ വീട്ടില്‍ വേണ്ട പലതും. കോഴി, താറാവ്, മുട്ട, വാഴക്കുല, തേങ്ങ ഇവയൊക്കെ കൊടുത്തിട്ടാണ് സാധനങ്ങള്‍ വാങ്ങുക. സാധനങ്ങള്‍ വിറ്റുകഴിയുമ്പോള്‍ ആ വള്ളം ഒരു കൊച്ച് കുട്ടനാടായി മാറും. കോഴിയും താറാവും ആടുമൊക്കെ ഒരു വഴക്കുമില്ലാതെ ആ വള്ളത്തില്‍ കിടക്കും. അവയുടെ കാലുകള്‍ കെട്ടിയിട്ടുണ്ടെന്ന കാര്യം കരയില്‍ നിന്ന് നോക്കുന്നവര്‍ക്ക് മനസ്സിലാവുകയേയില്ല.

ചില കെട്ടുവള്ളങ്ങളുണ്ട്. നല്ല വലിപ്പമാണവയ്ക്ക്. ദീര്‍ഘദൂരസര്‍വ്വീസുകള്‍ക്കാണ് ഈ വമ്പന്‍ വള്ളങ്ങള്‍. ചങ്ങനാശ്ശേരി ചന്തയില്‍നിന്ന് സാധനങ്ങള്‍ കൊണ്ടു വരാനും മറ്റും. വീടുപോലെ കെട്ടി വളച്ച ഒരു ഭാഗമുണ്ട് ഈ വള്ളത്തില്‍. അതിനുള്ളില്‍ സാധനങ്ങളൊക്കെ നനയാതെ സൂക്ഷിക്കാം. വള്ളക്കാര്‍ക്ക് കിടക്കാനുള്ള സൗകര്യവും അതിലുണ്ട്. രണ്ടറ്റങ്ങളിലും ആളുകള്‍നിന്ന് വലിയ മുളകൊണ്ട് ഊന്നിയാണ് വള്ളം മുന്നോട്ട് നീക്കുക. മുന്നിലും പിന്നിലും നീളമുള്ള രണ്ടു പലകയുണ്ട്. അതിലൂടെ നടന്ന് കഴുക്കോല്‍ ചെളിയില്‍ കുത്തി ഉറപ്പിക്കും. പിന്നെ എതിര്‍ദിശയിലേക്ക് നടക്കും. അങ്ങനെ വള്ളം മുന്നോട്ട്...
രാത്രിയില്‍ വെളിച്ചത്തിനായി റാന്തല്‍ തൂക്കിയിടും. സന്ധ്യമയക്കത്തില്‍ കായല്‍ത്തീരത്ത് റാന്തല്‍ കത്തിച്ച വള്ളങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടാല്‍ ഏതൊക്കെയോ സിനിമാപ്പാട്ടുകള്‍ ഓര്‍മ്മവരും.
ആഞ്ഞിലിത്തടി കൊണ്ടാണ് വള്ളം ഉണ്ടാക്കുക. തടി നീളത്തില്‍ ചെത്തിയൊരുക്കും. അവ ചേര്‍ത്തുവച്ച് അരികില്‍ തുളയിട്ട് കയറുകൊണ്ട് കെട്ടി ഉറപ്പിക്കും. പേറ്റന്റ ് എടുക്കേണ്ട നിര്‍മ്മാണ വിദ്യയാണിത്. കെട്ടുവള്ളങ്ങളുടെ ഉള്ളില്‍ താഴെത്തട്ടില്‍ കുറച്ചു വെള്ളം ഉണ്ടാകും. അതിനു മുകളിലാണ്് പലകയിട്ട് തട്ടുറപ്പിക്കുക. വള്ളത്തില്‍ മിക്കപ്പോഴും ഒരു കുട്ടിയുണ്ടാവും. വള്ളക്കാരുടെ മക്കളോ ബനന്ധുക്കളോ ആരെങ്കിലും. അത്യാവശ്യ സഹായങ്ങള്‍ക്കാണ് ഇവര്‍. കുട്ടികള്‍ വള്ളത്തിനരികിലിരുന്ന് ചൂണ്ടയിട്ട് മീന്‍ പിടിക്കും. വള്ളത്തിന്റെ തട്ടിനടിയിലെ വെള്ളത്തിലാണ് ഈ മീനുകളെ ജീവനോടെ സൂക്ഷിക്കുക. ദിവസങ്ങളോളം അവ അതില്‍ കിടന്നോളും. ഭക്ഷണം പാകം ചെയ്യേണ്ടപ്പോള്‍ ഇവയെ പിടിച്ചെടുക്കുകയും ചെയ്യാം.
ഇപ്പോള്‍ തോട്ടുവക്കിലെ പല വഴികളും ടാറു ചെയ്തിട്ടുണ്ട്. വീതി കുറവാണെങ്കിലും കാറൊക്കെ പോകും. റോഡിന്റെ അധികാരികളായി ആടും കോഴിയും താറാവുമൊക്കെ ഇപ്പോഴുമുണ്ട്. ബൈക്ക്‌യാത്രയ്ക്കിടയില്‍ പഴയ കാഴ്ചകളുടെ റീമേക്ക് എന്നപോലെ എല്ലാം ഞാന്‍ വിശദീകരിച്ചുകൊടുക്കുന്നുണ്ടായിരുന്നു. വള്ളവും വഴിയും തോടും ആമ്പലുമൊക്കെ.

നെല്‍പ്പാടത്തിനും തെങ്ങിന്‍ തോപ്പിനും ഇടയിലൂടെ വണ്ടിഓടിച്ച് ഞങ്ങള്‍ കഞ്ഞിപ്പാടം എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. പൂകൈതയാറിന്റെ തീരത്തുകൂടിയാണ് ആ വഴി. അതോടെ എല്ലാ നിയന്ത്രണവും വിട്ട് ഭാര്യ എന്നോട് പിണങ്ങി. നിങ്ങളൊരു ദുഷ്ടനാ! ഇത്രേം ഭംഗിയുള്ള ഒരു സ്ഥലം ഞാനിതുവരെ കണ്ടിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് എത്രകാലമായി? ഇതുവരെ എന്താ ഇവിടെ കൊണ്ടുവരാതിരുന്നത്? അങ്ങനെ നീണ്ടുപോയി സങ്കടവും ദേഷ്യവും നിരാശയുമൊക്കെ.
ഇത്ര കഠിനമായ ഒരു പ്രതികരണം ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് യാത്രചെയ്തിട്ടുള്ള എത്രയോ സ്ഥലങ്ങള്‍. സൗന്ദര്യത്തിന് പേരും പെരുമയും നേടിയവ. അവയൊക്കെയാണ് ഈ പൂക്കൈതയാറിന്റെ തീരത്ത് തോല്‍വിസമ്മതിക്കുന്നത്. ഓര്‍മ്മ വച്ച കാലം മുതല്‍ കാണുന്ന ഇടമായതിനാല്‍ ആറ്റുതീരമൊന്നും ഞങ്ങള്‍ കുട്ടനാട്ടുകാര്‍ക്ക് കാണാനുള്ള ഇടമേയല്ല. വീട്ടില്‍ നിന്ന് നാലഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളു അവിടേക്ക്. ഞാന്‍ ഒന്നൂകൂടി കണ്ണടച്ചുതുറന്നിട്ട് നോക്കി. ശരിയാ, വല്ലാത്തൊരു സൗന്ദര്യമുണ്ട്.

കഞ്ഞിപ്പാടമെന്ന സ്ഥലത്തിന് രാജഭരണകാലത്തുതന്നെ വലിയ പ്രാധാന്യമുണ്ടായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന നമ്പൂതിരി രാജവംശമാണ് ചെമ്പകശ്ശേരി. ഇപ്പോള്‍ അമ്പലപ്പുഴയെന്നറിയപ്പെടുന്ന പ്രദേശത്തായിരുന്നു ഈ രാജവംശത്തിന്റെ ആസ്ഥാനം. അവിടുത്തെ രാജാക്കന്മാര്‍ ദേവനാരായണന്‍ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെട്ടത്. ചെമ്പരശ്ശേരി രാജാവിന് കഞ്ഞി വയ്ക്കാനുള്ള മികച്ച അരി വിളയിച്ച പാടങ്ങളാണ് ഇവിടുത്തേത്. അങ്ങനെയാണത്രേ കഞ്ഞിപ്പാടം എന്ന പേരുവന്നത്. രാജാവും രാജഭരണവുമൊക്കെ പോയിട്ടും കഞ്ഞിപ്പാടത്തെ അരിയുടെ സ്വാദ് മാത്രം കുറഞ്ഞില്ല. നാളികേരം ചുട്ടരച്ച ചമ്മന്തിയും കനലില്‍ ചുട്ട പപ്പടവും ഇത്തിരി കണ്ണിമാങ്ങാ അച്ചാറും കൂട്ടി ചൂടോടെ കുറച്ചു കഞ്ഞി കുടിച്ചാല്‍ കഞ്ഞിപ്പാടം പിന്നെ മനസ്സില്‍നിന്ന് മായില്ല.
എന്തായാലും കോന്നിയിലെ ആനക്കൂട് കാണാന്‍ ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, പിന്നീട് ഞങ്ങള്‍ എപ്പോഴെങ്കിലും കോന്നിയെക്കുറിച്ച് പറഞ്ഞാല്‍ ആ സംസാരം എത്തുന്നത് കഞ്ഞിപ്പാടത്തും പൂക്കൈതയാറിന്റെ തീരത്തുമൊക്കെയാണ്. ഏറ്റവും ഒടുവില്‍ ഭാര്യയുടെ വക ഒരു സങ്കടവും-എന്നാലും അത്രയും കാലം നിങ്ങളെന്നെ അവിടെ കൊണ്ടുപോയില്ലല്ലോ എന്ന്!
വര:
