കൂട്ടുമരങ്ങള്‍
എല്ലാ മരങ്ങളേയും പ്രത്യേകം പേരു ചേര്‍ത്തായിരുന്നു ചെറുപ്പത്തില്‍ വിളിച്ചിരുന്നത്. തെക്കുവശത്തെ പുളി, കിഴക്കുവശത്തെ പ്ലാവ്, വടക്കുവശത്തെ അമ്പഴം, മുളഞ്ചോട്ടിലെ മാവ്, കപ്പത്തെങ്ങ് ഇങ്ങനെ എല്ലാമരത്തിനുമുണ്ട് പേരുകള്‍. മാവുകള്‍ക്കാണെങ്കില്‍ കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, പുളിച്ചി, കോട്ട, ചക്കരച്ചി, തുടങ്ങി ഇനം തിരിച്ചാണ് പേര്്. വല്ലപ്പോഴും കായ്ക്കുന്ന മാവ് മടിച്ചി, ഒരിക്കലും കായ്ക്കാത്ത പ്ലാവ് മച്ചിയും.

വേലികെട്ടുമ്പോള്‍ അയല്‍പക്കത്തെ വീട്ടിലേക്കുപോകാനുള്ള വഴിയില്‍ ഒരു കടമ്പയുണ്ടാക്കും. മുട്ടൊപ്പം പൊക്കത്തില്‍ വേലിപ്പത്തലുകള്‍ മുറിച്ചുമാറ്റിയതാണ് കടമ്പ. ഏറ്റവും മുകളില്‍ കവുങ്ങിന്‍പാള കമഴ്ത്തിവച്ച് കെട്ടും. പത്തലിന്റെ അറ്റം കാലില്‍ കൊള്ളാതിരിക്കാനാണ് ഈ വിദ്യ. ഹര്‍ഡില്‍സിലെപ്പോലെ മിക്കപ്പോഴും കടമ്പയ്ക്കു മുകളിലൂടെ ഒറ്റച്ചാട്ടമാണ്, അത്യാവശ്യമൊന്നുമില്ലെങ്കിലും. പടിഞ്ഞാറേ കടമ്പയ്ക്കല്‍ ഒരു ഉദിയുണ്ട്. അതിന്റെ ഏറ്റവും ചുവട്ടിലായി വലിയൊരു മുഴയും. ഈ മുഴയില്‍ സുഖമായി ചാരിയിരിക്കാം. വൈകുന്നേരം അച്ഛന്‍ വരുന്നതും നോക്കയിരിക്കുന്നത് അവിടെയാണ്. ഉദിയില്‍ കായ പിടിക്കുന്ന സമയത്ത് മുകളില്‍ നിറയെ കിളികള്‍ കാണും. കലപിലകൂട്ടുന്ന അവയെ നോക്കിയിരിക്കുന്നതിനിടയില്‍ അച്ഛന്‍ വരും.

ഓരോ മരത്തിനോടും വെവ്വേറെ ഇഷ്ടങ്ങളുണ്ട്. പശുത്തൊഴുത്തിനടുത്തുനിന്ന ചക്കരച്ചിമാവിനോടായിരുന്നു കൂടുതല്‍ ഇഷ്ടം. അവധിക്കാലത്ത് അതിന്റെ ചുവട്ടിലാണ് കളിവീടുണ്ടാക്കുന്നത്. ചെറിയ കമ്പും ഓലയുമൊക്കെ വച്ച് ശരിക്കും ഒരു കൊച്ചുവീട്. നാലഞ്ചുപേര്‍ക്ക് സുഖമായി അതിനകത്തിരുന്ന് കളിക്കാം. കളിച്ചുമടുക്കുമ്പോള്‍ ചാക്കുവിരിച്ച് അതിനുള്ളില്‍തന്നെ കാറ്റുംകൊണ്ട് കിടന്നുറങ്ങാം. പക്ഷേ, അത് ഒരിക്കലും ഉണ്ടാവില്ല. കളിമടുത്തിട്ടുവേണ്ടേ? നേരം ഇരുട്ടിത്തുടങ്ങുമ്പോള്‍ ഓരോരുത്തരുടെയും ഉടമസ്ഥര്‍ വന്ന് ബലമായി പിടിച്ചുകൊണ്ടുപോകുകയാണ് പതിവ്. അങ്ങനെ അവസാനത്തെയാളും പോകുമ്പോഴും കളി ബാക്കി കിടക്കും.

ഓര്‍മ്മവച്ചകാലം മുതല്‍ ചക്കരച്ചിക്ക് ഒരേ പൊക്കമാണ്. വളര്‍ന്നുവളര്‍ന്ന് വളര്‍ച്ച തീര്‍ന്നതുപോലെ! പക്ഷേ, പുതിയ തളിരും ഇലയുമൊക്കെ പതിവുപോലെ വരും. നിറയെ പൂക്കും. വിളഞ്ഞു പഴുത്ത് നല്ല തേനിന്റെ സ്വാദുള്ള മാങ്ങപൊഴിച്ചുതരും. ഒരിക്കലും ചക്കരച്ചി പൂക്കാതിരുന്നിട്ടില്ല. കണ്ണിമാങ്ങയാവുമ്പോള്‍ മുതല്‍ പൊഴിയാന്‍ തുടങ്ങും. കണ്ണിമാങ്ങ പൊട്ടിച്ച് ഉപ്പും കൂട്ടി തിന്നും. അതിന് ഭയങ്കര അടിയാണ്. എല്ലാവര്‍ക്കും വേണം ഒരേ മാങ്ങയുടെ കഷ്ണം. പത്തിരുപതു പേരുണ്ടെങ്കില്‍ ഓരോ കണ്ണിമാങ്ങയും അത്രയും കഷ്ണമാക്കും. അപ്പോഴും വലിപ്പം കൂടി, കുറഞ്ഞു എന്നുപറഞ്ഞ് തര്‍ക്കമാണ്. ഇനി രണ്ടായി പൊട്ടിച്ചാലും ഈ തര്‍ക്കത്തിന് കുറവൊന്നുമില്ല. അടുത്തമാങ്ങ പൊട്ടിക്കുന്നതുവരെയാണ് തര്‍ക്കം. അതു കഴിഞ്ഞാല്‍ പുതിയ മാങ്ങയെക്കുറിച്ചായി തര്‍ക്കം.

കണ്ണിമാങ്ങയ്ക്കുള്ളിലെ മൂപ്പെത്താത്ത മാങ്ങയണ്ടിയാണ് കുതിര! ഇത് രണ്ടു വിരലുകള്‍ക്കിടയില്‍ വച്ച് അമര്‍ത്തി ദൂരേക്ക് തെറിപ്പിക്കും. അങ്ങനെ കുതിരയെ കൂടുതല്‍ ചാടിക്കുന്ന ആളിന് വലിയ ഗമയാണ്. അത് കുറച്ചു സമയത്തേയ്‌ക്കേയുള്ളു എന്നുമാത്രം. ഒറ്റയ്ക്കാണ് മാഞ്ചുവട്ടില്‍ പോയതെങ്കിലോ? എത്ര കണ്ണിമാങ്ങ വീണുകിടന്നാലും തിരിഞ്ഞുനോക്കില്ല. അടികൂടി പങ്കുവയ്ക്കാന്‍ ആളില്ലെങ്കില്‍ പിന്നെ കണ്ണിമാങ്ങ എന്തിനാ? പട്ടിയെ എറിയാന്‍ പോലും കൊള്ളാത്ത പാഴ്‌വസ്തുവാണ് അപ്പോഴത്. മാങ്ങ പഴുക്കുന്ന കാലമാവുമ്പോഴേക്കും മഴക്കാലം തുടങ്ങാറാവും. കാറ്റടിച്ച് ചക്കരമാങ്ങ ഒന്നൊന്നായി വീഴും. മാവ് ഞങ്ങളുടേതാണ്. പക്ഷേ, മാങ്ങയുടെ അവകാശം ചുറ്റുവട്ടത്തുള്ള കുട്ടികള്‍ക്കെല്ലാം ഒരുപോലെ. ആദ്യം ഓടിയെത്തുന്നവര്‍ക്ക് കിട്ടും. ചെത്തിപ്പൂളിയൊന്നുമല്ല, കുരങ്ങന്‍ തിന്നുന്നതുപോലെ കടിച്ചുതിന്നും.



അച്ഛന്റെ ഒരു അനുജന്‍ മധ്യവയസ്‌കനായിരിക്കെ മരിച്ചുപോയി. കരളിനെ ബാധിച്ച അസുഖമായിരുന്നു കാരണം. കൊച്ചച്ഛനെ വാതില്‍ക്കല്‍ തെക്കുവടക്ക് കിടത്തിയിരിക്കുകയാണ്. ഞാന്‍ അവിടെയും പുറത്തുമൊക്കെയായി നടക്കുന്നു, ഒരു കാര്യവുമില്ലാതെ. അപ്പോഴാണ് ചക്കരച്ചിമാവിന്റെ അടുത്ത് ആളുകള്‍ നിന്ന് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടത്. കൊച്ചച്ഛനെപ്പോലെ ചക്കരച്ചിമാവും മരിക്കാന്‍പോകുകയാണെന്ന് എനിക്കുമനസ്സിലായി. ഞാന്‍ മാവിന്റെ അടുത്ത് ചെന്നു. കുറച്ചുനേരം അതിനെ തൊട്ടുനിന്നു. പിന്നെ കുറേ ദൂരെ മാറിനിന്ന് നോക്കി. മാവിന്‍ചോട്ടിലെ കളികളുടെ ഓര്‍മ്മകളും കൊച്ചച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളും കൂടിക്കുഴഞ്ഞു. അപ്പോഴേക്കും മാവിന്റെ കൊമ്പുകള്‍ വെട്ടാന്‍തുടങ്ങി. മാവ് വെട്ടുന്നതും നോക്കി അനങ്ങാതെ നിന്നു. മാവിന്‍ചോട്ടിലെ തണലും കളിയും മാങ്ങയുടെ സ്വാദും ഒക്കെ ഒറ്റയടിക്ക് പോകുകയാണ്. ഞാന്‍ കരഞ്ഞു, ആദ്യം മാവിനെനോക്കി, പിന്നെ അകത്തുപോയി കൊച്ചച്ഛനെ നോക്കിയും.



കരച്ചിലടങ്ങിയപ്പോള്‍ വീണ്ടും പുറത്തേക്കിറങ്ങി. വെട്ടിയിട്ട മാവിന്‍തടിയില്‍ തൊട്ടുനോക്കി. മാവിന്റെ കറയില്‍ കൈ പറ്റിപ്പിടിച്ചു. കൈ തിച്ചെടുക്കാന്‍ പറ്റാത്തപോലെ. 'ജോലിചെയ്യാന്‍ സനമ്മതിക്കില്ലേ', എന്ന മട്ടില്‍ മരംവെട്ടുന്നയാള്‍ നോക്കിയപ്പോള്‍ കൈ വലിച്ചെടുത്ത് പിന്‍വാങ്ങി. പക്ഷേ, മീന്‍ വെട്ടുന്നിടത്ത് പൂച്ചനില്‍ക്കന്നതുപോലെ ഞാന്‍ അവിടെത്തന്നെ ചുറ്റിക്കറങ്ങി. മാവിന്റെ വലിയ തടി കൊച്ചച്ഛന്റെ നീളത്തില്‍ വെട്ടിപ്പിളര്‍ത്തുന്നതു കണ്ടപ്പോള്‍ വീണ്ടും കരഞ്ഞു. പിന്നെ മാവും കൊച്ചച്ഛനും ഒരുമിച്ച് കത്തിത്തീര്‍ന്നു.



വീടിനു നേരേ മുന്‍പിലാണ് കപ്പത്തെങ്ങ് ആകാശംമുട്ടെ വളര്‍ന്നുനിന്നത്. തേങ്ങയ്ക്ക് ഒരു ഫുട്‌ബോളിന്റെ വലിപ്പം. ഈ തെങ്ങില്‍നിന്നാണ് മിക്കപ്പോഴും കരിക്കിട്ടു തരുന്നത്. വാസുപിള്ളചേട്ടനായിരുന്നു ഞങ്ങളുടെ വീട്ടില്‍ തെങ്ങുകയറാന്‍ വന്നിരുന്നത്. കപ്പത്തെങ്ങിലെ കരിക്ക് കൈയില്‍ പിടിച്ചുകൊണ്ട് വാസുപിള്ളച്ചേട്ടന്‍ ഇറങ്ങിവരും. അത്രയും പൊക്കത്തില്‍ നിന്നു താഴെ വീണാല്‍ കരിക്ക് പൊട്ടിച്ചിതറിപ്പോകും. കരിക്കിന്റെ മുഖം ചെത്തിയാണ് തരിക. കുറേ ചെത്തിക്കഴിയുമ്പോള്‍ കരിക്കിന്റെ കണ്ണ് കാണാന്‍ കഴിയും. തുളയ്ക്കാതെ അത് കൈയില്‍ വാങ്ങിക്കും. എന്നിട്ട് അടുക്കളയില്‍നിന്ന് പിച്ചാത്തിയെടുത്ത്് ഒറ്റക്കുത്താണ്. കിശ്.. എന്ന് കരിക്കിന്‍വെള്ളം മുഖത്തേക്ക് തെറിക്കും! എന്തൊരു രസമാണതിന്. ചുണ്ടില്‍ പറ്റിയ മധുരം നക്കിയെടുക്കും. പിന്നെയൊരു കരിക്കുകുടിയാണ്്. സോഡയിലെപ്പോലെ ചെറിയൊരു ഗ്യാസുണ്ട് കപ്പത്തെങ്ങിലെ കരിക്കിന്. അപ്പോള്‍ അമ്മൂമ്മ പറയും അതേ, തെങ്ങിന് എപ്പോഴും ചാരം ഇട്ടുകൊടുക്കുന്നതുകൊണ്ടാണെന്ന്. പിന്നീട് കുഞ്ഞിരാമന്‍നായരുടെ കവിത വായിക്കുമ്പോഴൊക്കെ കപ്പത്തെങ്ങിലെ കരിക്കും ഓര്‍മ്മ വരുമായിരുന്നു.

കപ്പത്തെങ്ങിന്റെ ചുവട്ടിലെ വേരുകള്‍ പൊങ്ങിപ്പൊങ്ങിയാണ് വളര്‍ന്നിരുന്നത്. അത് വീടിനുമുകളിലേക്ക് വീഴുമോ എന്ന സംശയം പെരുകിപ്പെരുകി, ഒടുവില്‍ കപ്പത്തെങ്ങ് വെട്ടി. കുറേ കരിക്ക് കിട്ടി. കപ്പത്തെങ്ങിലെ അവസാത്തെ കരിക്കുകള്‍! തെങ്ങിന്‍ തടി വെട്ടിയിടുമ്പോള്‍ മുറിപ്പാടില്‍നിന്ന് ഇളം ചുവപ്പ് നിറത്തില്‍ ഒരു ദ്രാവകം ഊറിവരും. ഊറക്കള്ള് എന്നാണ്് ഇതിന്റെ പേര്. ഇത് തുണിയില്‍ അരിച്ചെടുത്താല്‍ കുടിക്കാം. കരിക്കിന്‍ വെള്ളത്തിന്റെയും തേങ്ങാവെള്ളത്തിന്റെയും രുചിയല്ല, ചവര്‍പ്പും മധുരവും ഒക്കെ കലര്‍ന്ന ഒരു സ്വാദ്! പക്ഷേ, കപ്പത്തെങ്ങുവെട്ടിയതില്‍ വലിയ സങ്കടമൊന്നും തോന്നിയില്ല. ഉറക്കത്തിനിടയിലെങ്ങാനും അത് വീടിനുമേലേയ്ക്ക് വീഴുമോ എന്ന പേടി, സങ്കടത്തിനെക്കാള്‍ വലുതായിരുന്നു.

കപ്പത്തെങ്ങിന്റെ ഒരു തൈത്തെങ്ങ് കിഴക്കേചിറയില്‍ വളര്‍ന്നു വലുതായി നില്‍പ്പുണ്ട്. പിന്നീട് അതിന്റെയും വേരുകള്‍ മുകളില്‍ കാണാന്‍ തുടങ്ങി. അത് ആ തെങ്ങിന്റെ സ്വഭാവമാണെന്ന് അപ്പോഴാണ്് മനസ്സിലായത്, അല്ലാതെ മറിഞ്ഞുവീഴാന്‍ പോകുന്നതിന്റെ സൂചനയല്ല. കപ്പത്തെങ്ങ് വെട്ടിയപ്പോള്‍ മരം വെട്ടുകാരും അതുതന്നെ പറഞ്ഞിരുന്നു. ഒരു അന്‍പതു വര്‍ഷം കഴിഞ്ഞാലും ഈ തെങ്ങ് വീഴില്ലായിരുന്നു എന്ന്.

വീടിന്റെ കിഴക്കുവശത്ത് ഒരു കൂനന്‍പ്ലാവുണ്ട്. ആനയെപ്പോലെ വളഞ്ഞ് വളര്‍ന്ന പ്ലാവ്. മിക്കപ്പോഴും അതിലിരുന്നാണ് പുസ്തകം വായന. ഞാന്‍ വളര്‍ന്നു വലുതായിട്ടും ആ പ്ലാവ് വളര്‍ന്നില്ല. എത്രയോ കാലം അത് അങ്ങനെ നിന്നു. പിന്നീടെപ്പോഴോ അതിന്റെ ആനപ്പുറം പോലെ വളഞ്ഞ കമ്പ് ആരോ മുറിച്ചുകളഞ്ഞു. പിന്നീട് നാട്ടില്‍ ചെന്നപ്പോഴാണ് കണ്ടത്. കുട്ടിക്കാലം മുതല്‍ സൂക്ഷിച്ചുവച്ചിരുന്ന എന്തോ വിലപിടിച്ച ഒരു സാധനം നഷ്‌പ്പെട്ടതുപോലെ തോന്നി. കമ്പുമുറിച്ചതോടെ ആ പ്ലാവ് വളര്‍ന്ന് വലുതായി. ഇപ്പോള്‍ അതിന് കുറച്ച് തടിയും പൊക്കവുമൊക്കെയുണ്ട്. ഇടയ്ക്കിടെ നിറയെ ചക്കപിടിക്കും. നല്ല ഉണ്ടചക്ക! പക്ഷേ, ഇപ്പോഴും ആ പ്ലാവിന് എന്തോ ഒരു കുറവുണ്ടെന്ന തോന്നലാണ് എനിക്ക്. അത് എന്റേതുമാത്രമായ തോന്നലായിരിക്കണം.

വിടിന്റെ കിഴക്കേപറമ്പിലുമുണ്ട് വലിയൊരു പ്ലാവ്, ഒരു മച്ചിപ്ലാവ്. ഒരിക്കല്‍ വീണുപോയിട്ട് കമ്പിവലിച്ചുകെട്ടി ഉയര്‍ത്തിവച്ചതാണ് അതിനെ. ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുന്നസമയത്ത് ഞങ്ങളുടെ വഴിയിലുണ്ടായിരുന്ന ചെമ്പിന്റെ കറന്റുകമ്പി മാറ്റി അലൂമിനിയത്തിന്റേതാക്കി. കമ്പി വലിക്കാന്‍ വന്ന പണിക്കാരിലൊരാള്‍ പ്ലാവില്‍നിന്ന് കുറച്ച് തൂപ്പ് ഒടിച്ചോട്ടേ എന്നു ചോദിച്ചു. ആടിന് കൊടുക്കാനാണെന്ന് എനിക്കറിയാം. ഞാന്‍ സമ്മതിച്ചു. അയാള്‍ കുറച്ചധികം തൂപ്പ് വെട്ടിയെടുത്ത് സൈക്കിളിന്റെ പിന്നില്‍ വച്ചുകൊണ്ടുപോയി. പ്ലാവിന്റെ തടിയിലും ചുവട്ടിലുമൊക്കെ വെളുത്തകറ ഒഴുകി വീണിരിക്കുന്നതുനോക്കി ഞാന്‍ രസിച്ചങ്ങനെ നിന്നു.



അച്ഛന്‍ വന്നപ്പോഴാണ് പ്രശ്‌നം. പ്ലാവിന്റെ തൂപ്പ് വെട്ടിയാല്‍പിന്നെ കായ്ക്കില്ലത്രേ! അക്കാര്യം എനിക്കറിയില്ലായിരുന്നു. ഇതുവരെ കായ്ച്ചിട്ടില്ലെങ്കിലും അത് എപ്പോഴെങ്കിലും കായ്ക്കാനാണല്ലോ എല്ലാവരും കാത്തിരുന്നത്. എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ കാരണം പാവം പ്ലാവ് കായ്ക്കാതായിപ്പോകുമോ എന്നായിരുന്നു സങ്കടം. പിന്നെ വളരെ സങ്കടത്തോടെ എന്നും ഞാന്‍ ആ പ്ലാവിനെ നോക്കുമായിരുന്നു. ഇടയ്ക്ക് ചാണകവും ചാരവുമൊക്കെ അതിന്റെ ചുവട്ടില്‍ കൊണ്ടുചെന്നിടും. അങ്ങനെ വെട്ടിക്കളഞ്ഞകമ്പുകളൊക്കെ വീണ്ടും കിളിര്‍ത്തു.

അടുത്തവര്‍ഷമാണ് അതിശയം സംഭവിച്ചത്. മച്ചിപ്ലാവില്‍ ചക്കയ്ക്ക് തിരിപൊട്ടി. നല്ല നീളമുള്ള വമ്പന്‍ മൂന്നു ചക്കകള്‍ വിളഞ്ഞു. പഴുത്ത് മുറിച്ചപ്പോള്‍ വെളുവെളാ വെളുത്ത ചുളകള്‍. നല്ല തേനിന്റെ മധുരം. വെള്ളചക്കരച്ചിയാണെന്ന് അമ്മ പറഞ്ഞു. ഞങ്ങള്‍ കിഴക്കേ പറമ്പിലാണ് പുതിയ വീടുവച്ചത്. അപ്പോള്‍ വീടിന്റെ തൊട്ടരുകിലായി ഈ പ്ലാവ്. പക്ഷേ, അത് മുറിച്ചുമാറ്റിയില്ല. സിറ്റൗട്ടിനെ മുട്ടി, മുട്ടിയില്ല എന്നവിധം ഇപ്പോഴും അത് അങ്ങനെ നില്‍ക്കുന്നുണ്ട്. ഏഴെട്ടുകൊല്ലം കൂടുമ്പോഴോ മറ്റോ, പ്രതീക്ഷിക്കാതെ ആ പ്ലാവ് കായ്ക്കും. മച്ചിയല്ലെന്ന് ഓര്‍മിപ്പിക്കാനായി. അപ്പോള്‍ കല്യാണത്തിനും മറ്റും പോകുന്നതുപോലെ ഞങ്ങള്‍ കോഴിക്കോട്ടുനിന്ന് നാട്ടിലെത്തും. മച്ചിപ്ലാവിലെ ചക്കയുടെ ഒരു ചുളയെങ്കിലും കഴിക്കാന്‍, കുട്ടിക്കാലത്തിന്റെ മധുരം നുണയാന്‍. പഴകും തോറും മധുരം കൂടുന്ന തേനാണല്ലോ കുട്ടിക്കാലം.

വര


നാട്ടിടവഴിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ nattidavazhi@gmail.com എന്ന വിലാസത്തില്‍ അറിയിക്കാം