കപ്പല്‍ കൊട്ടാരവും ആടുന്ന കൊട്ടാരവും

മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് ഇത്തവണ നമ്മള് എത്തിയിരിക്കുന്നത്. വിന്ധ്യ പര്‍വ്വതത്തിന്റെ അരികിലുള്ള ഈ പ്രദേശത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രമുണ്ട്. വിചിത്രമായ മാതൃകകളില്‍ നിര്‍മ്മിച്ചിരിക്കുന്ന നിരവധികൊട്ടാരങ്ങളാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

മാണ്ഡുവില്‍ എത്തുമ്പോള്‍ ആദ്യം നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത് റോഡില്‍ പലഭാഗങ്ങളിലുള്ള കവാടങ്ങളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇത്തരം പന്ത്രണ്ട് കവാടങ്ങള്‍ ഇവിടെയുണ്ട്. ജഹാജ് മഹല്‍ ആണ് മാണ്ഡുവിലെ ഏറ്റവും പ്രധാന കാഴ്ച. ഒറ്റനോട്ടത്തില്‍ ഈ കൊട്ടാരം കപ്പലാണെന്നു തോന്നും. തടാകത്തിനു നടുവില്‍ വീതികുറഞ്ഞ ചിറപോലെയുള്ള ഭാഗത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതിമനോഹരമായ കുളങ്ങളും ഈ കൊട്ടാരത്തിലുണ്ട്. വെള്ളം ഒഴുകി ചെറിയ കുളങ്ങളിലെത്തുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന ചാലുകളും മനോഹരമായ കാഴ്ചയാണ്.

മാണ്ഡുവിലെ മറ്റൊരു വലിയ നിര്‍മ്മിതിയാണ് ജാമി മസ്ജിദ്. അറേബ്യന്‍ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മസ്ജിദില്‍ വലിയ നാലു മകുടങ്ങളും 58 ചെറിയ മകുടങ്ങളുമുണ്ട്. ഇവിടെ ഇനിയും ചെറിയചെറിയ കൊട്ടാരങ്ങളും സ്മാരകങ്ങളുമൊക്കെ ധാരാളമുണ്ട്. നേരം ഇരുട്ടുന്നതിനുമുന്പ് അതില്‍ ചിലതുകൂടി കണ്ടിട്ട് നമുക്കു മടങ്ങാം.
സ്നേഹത്തോടെ പിക്കും നിക്കും