മാന്ത്രിക മുത്തുമാല!
മാന്ത്രികമുത്തുമാല കാട്ടി മറ്റുള്ളവരെ അത്ഭുതപ്പെടുത്താന്‍ ഇതാ ഒരു വിദ്യ: ആദ്യമായി ഒരു മുത്തുമാല എടുത്ത് കൂട്ടുകാരെയെല്ലാം കാണിക്കുക. ആവശ്യമുള്ളവര്‍ കൈയില്‍ വാങ്ങി നോക്കട്ടെ. മേശ മേലിരിക്കുന്ന ഒഴിഞ്ഞ ഒരു കടലാസുകൂടും എല്ലാവരെയും വിശദമായി കാണിക്കണം.

എന്നിട്ട് കൈയിലുള്ള കത്രിക ഉപയോഗിച്ച് മുത്തുമാല രണ്ടായി മുറിക്കണം! പൊഴിയുന്ന മുത്തുകള്‍ ഒരു സ്ഫടിക ഗ്ലാസില്‍ ശേഖരിക്കുക. ഇവയെല്ലാം കടലാസു കൂടിലേക്ക് പകരുക. കടലാസുകൂടില്‍ മുത്തുകള്‍ കിടക്കുന്നത് കൂട്ടുകാരെയെല്ലാം തൊട്ടടുത്ത് കൊണ്ടു പോയി കാണിക്കാന്‍ മറക്കരുത്.

ഇനി കൂട് അല്‍പം ഉയര്‍ത്തിപ്പിടിച്ച് മാജിക്കിന്റെ മന്ത്രമായ 'ഹോക്കസ് പോക്കസ്, അബ്ര കഡബ്രാ' എന്നുപറയണം. പിന്നെ കൂടിനകത്ത് കൈയിട്ട് മാല പുറത്തേക്കെടുക്കുമ്പോഴല്ലേ രസം! മുത്തുകളെല്ലാം പരസ്പരം ഒരു നൂലില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു! പൊട്ടിയ മാല ഒരു കുഴപ്പവുമില്ലാതെ

അതാ മാന്ത്രികന്റെ കൈയില്‍!

രഹസ്യം


ഈ മാന്ത്രിക മുത്തുമാലയുടെ രഹസ്യം കടലാസു കൂടിനുള്ളിലാണ് ഒളിഞ്ഞിരിക്കുന്നത്.
കടലാസുകൂടിന്റെ മധ്യത്തായി കൂടിന്റെ അതേ നിറത്തിലുള്ള ഒരു കഷണം കടലാസ് വെട്ടി ഒട്ടിച്ചു വയ്ക്കുക. ഇപ്പോള്‍ കൂടിനുള്‍വശം രണ്ട് അറകളായി മാറുന്നു.
നടുവിലെ കടലാസു ഭിത്തിയെ ഒരു വശത്തേക്ക് ചായ്ച്ചുപിടിച്ചു നോക്കിയാല്‍ കൂടിന് മറ്റൊരു അറയുണ്ടെന്ന് തോന്നുകയേ ഇല്ല. ഒരു പോലുള്ള രണ്ട് മുത്തുമാലകള്‍ വാങ്ങുക. ഒരെണ്ണം ഈ രഹസ്യഅറയ്ക്കുള്ളില്‍ നിക്ഷേപിച്ചിരിക്കണം. കൂടിനുള്‍വശം ശൂന്യമാണെന്ന് കാണിക്കുമ്പോഴും ഇവന്‍ അകത്തുണ്ടാവുമെന്നറിയാമല്ലോ.

ഇനി ചിതറിയ മുത്തുകള്‍ എല്ലാവരും കാണുന്ന അറയിലേക്കു നിക്ഷേപിക്കും. ഉയര്‍ത്തിപ്പിടിച്ച് മാജിക്കിന്റെ മന്ത്രം പറയുമ്പോള്‍ നടുവിലത്തെ കടലാസിനെ എതിര്‍വശത്തേക്കു ചരിച്ചുപിടിക്കുക. ഇപ്പോള്‍ മുത്തുകള്‍ നിക്ഷേപിച്ച് അറ മറയുന്നു. പകരം കേടുപാടില്ലാത്ത മുത്തുമാലയുള്ള ഭാഗം കാണുകയും ചെയ്യും.

മാലയെടുത്ത് കാണിക്കുമ്പോള്‍ കൈയിലുള്ള കൂടിനെ സശ്രദ്ധം ചുരുട്ടി കാണികള്‍ ശ്രദ്ധിക്കാത്ത തരത്തില്‍ ഒരു സ്ഥലത്ത് നിക്ഷേപിക്കാന്‍ മറക്കല്ലേ!

സ്വന്തം മാജിക് അങ്കിള്‍