വൈരജാതന് ചിട്ടി തട്ടിപ്പ്: ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ കോടതിയില്‍ കീഴടങ്ങി
Posted on: 16 Sep 2015
നീലേശ്വരം: കോളിളക്കംസൃഷ്ടിച്ച നീലേശ്വരത്തെ വൈരജാതന് ചിട്ടിതട്ടിപ്പ് കേസിലെ പ്രതി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യില്‍ കീഴടങ്ങി. അമ്പലത്തറ പുല്ലൂരിലെ ബാലചന്ദ്രനാണ് (45) കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്ചെയ്തു. വൈരജാതന് ചിട്ടിതട്ടിപ്പ് കേസിലെ പ്രതിയും ചിട്ടിനടത്തിപ്പുകാരനുമായിരുന്ന നീലേശ്വരം വൈനിങ്ങാലിലെ സി.വി.കൃഷ്ണന്റെ മകളുടെ ഭര്‍ത്താവാണ് ബാലചന്ദ്രന്.
കോടികളുടെ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി െബംഗളൂരുവില്‍ ഒളിവില്‍കഴിയുകയായിരുന്ന ബാലചന്ദ്രന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍, ജാമ്യം നിഷേധിച്ച കോടതി കോടതിയില്‍ കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. നീലേശ്വരം, കാഞ്ഞങ്ങാട്, ചന്തേര, ചീമേനി എന്നീ പോലീസ് സ്റ്റേഷനുകളിലായി ബാലചന്ദ്രനെതിരെ ഇരുന്നൂറോളം കേസുകള്‍ റജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് നേരിട്ടും കോടതിനിര്ദേശപ്രകാരവും നിരവധി കേസുകള്‍ ബാലചന്ദ്രനെതിരെ നിലവിലുണ്ട്. നീലേശ്വരം പുതുക്കൈ വൈരജാതന് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വൈരജാതന് ചിട്ടിതട്ടിപ്പ് കേസിലെ മുഖ്യപ്രതി പുതുക്കൈയിലെ സി.വി.കൃഷ്ണനാണ്. ഒളിവിലായിരുന്ന കൃഷ്ണന് നേരത്തെ പിടിയിലായിരുന്നു. ചിട്ടിപ്പണംകൊണ്ട് വൈനിങ്ങാലില്‍ ലക്ഷങ്ങള്‍ചെലവഴിച്ച് വൈരജാതന് ക്ഷേത്രംനിര്മിച്ചുവരുന്നതിനിടയിലായിരുന്നു ചിട്ടി പൊട്ടിയത്.
ലക്ഷങ്ങള്നഷ്ടപ്പെട്ട നൂറുകണക്കിനാളുകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും മാനഹാനിഭയന്ന് പരാതി നല്കാത്തവര് നിരവധിയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറോളം ഏജന്റുമാരായിരുന്നു പണംപിരിച്ചിരുന്നത്. ഏജന്റുമാര്‍ പിരിച്ചതുകയില്‍ മുഴുവനും ചിട്ടിയില്‍ അടക്കാത്തതും ചിട്ടിപൊട്ടാന് കാരണമായിരുന്നു. ചിട്ടിപൊട്ടുന്നതിനുമുമ്പായി സമര്‍ഥമായി പണം തിരികെവാങ്ങിയവരുമുണ്ടായിരുന്നു.