സ്കാനിങ് ഫീസിന് ഏകീകരണമില്ല; രാത്രിയായാല്‍ അധിക ചാര്‍ജ്
Posted on: 16 Sep 2015
കാഞ്ഞങ്ങാട്: രോഗികളെ ചൂഷണംചെയ്ത് സ്കാനിങ് സെന്ററുകളുടെ ഫീസ് ഈടാക്കല്‍. കാഞ്ഞങ്ങാട്ടെ സെന്ററുകളുടെ സ്കാനിങ് ഫീസ് കേട്ടാല്‍ ആരും ആശ്ചര്യപ്പെടും. മറ്റിടങ്ങളിലൊന്നുമില്ലാത്ത തുകയാണ് ഇവിടെ ഈടാക്കുന്നതെന്നാണ് പൊതുജനത്തിന്റെ പരാതി. ഓരോ സെന്ററിലും ഓരോ ചാര്‍ജ്. റേഡിയോളജിയില്‍ പോസ്റ്റ് ഗ്രജ്വേഷന് എടുത്തവര്‍ക്ക് മാത്രമേ സ്കാന്‍ ചെയ്യാന്‍ പാടുള്ളൂ. ഇവിടത്തെ പല സ്കാനിങ് സെന്ററുകളിലും യോഗ്യരായവരില്ലെന്ന പരാതിയുമുണ്ട്. യോഗ്യതയുള്ള സ്കാനിങ് വിദഗ്ധരുണ്ടാകുമെന്നതിനാല് മിക്ക ആളുകളും സ്കാന്ചെയ്യാന് സ്വകാര്യ ആസ്പത്രികളെ തേടിപ്പോകുന്നു. പല ഡോക്ടര്‍മാരും കുറിപ്പെഴുതി കൊടുക്കുന്നതും സ്വകാര്യ ആസ്പത്രികളിലേക്കാണ്. ഫീസിനത്തിലുള്ള അറവ് അവിടെയും കുറവല്ല. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞെത്തുന്നവരോട് അധികഫീസ് വാങ്ങുന്ന സ്വകാര്യ ആസ്പത്രികളുമുണ്ട്. ഇതേക്കുറിച്ച് ചോദിച്ചാല്‍ എമര്‍ജന്‍സി ചാര്‍ജ് ആണെന്ന് ആസ്പത്രി അധികാരികള്‍ പറയും. എന്താണ് ഈ എമര്‍ജന്‍സി ചാര്‍ജ് എന്ന് ചോദിക്കരുത്. അങ്ങനെ ചോദിക്കുന്നവരോട് മംഗളൂരു ആസ്പത്രികളിലെ ഡോക്ടര്‍മാരുടെ ഫീസുവരെ ചൂണ്ടിക്കാട്ടി മറുപടി പറഞ്ഞുകളയും ഇക്കൂട്ടര്‍. രാത്രിയായാലാണ് എമര്‍ജന്‍സി ഫീസ് ഈടാക്കുന്നതെന്ന വിശദീകരണവുമുണ്ട്. അഞ്ചുമണി കഴിഞ്ഞാല്‍ രാത്രിയാകുമോ എന്നും ചോദിേക്കണ്ട. അതൊക്കെ നിശ്ചയിക്കുന്നത് തങ്ങളാണെന്ന മറുപടി കേള്‍ക്കേണ്ടിവരും. സ്വകാര്യ സ്കാനിങ് സെന്ററുകളിലെ ചൂഷണത്തിന് നിയന്ത്രണം വേണമെന്നും പക്ഷെ ആരോഗ്യവകുപ്പിന് നേരിട്ട് ഇടപെടനാകില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിനേശ്കുമാര്‍ പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ കനത്ത പ്രതിഷേധമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രേഖപ്പെടുത്തുന്നത്. കൈയും കണക്കുമില്ലാതെ സ്കാനിങ് ഫീസ് വാങ്ങുന്നതിനെതിരെ പലപ്പോഴും ശബ്ദിക്കുന്നത് ഐ.എം.എ. മാത്രമാണ്. കളക്ടറടക്കം ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.