ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്പിച്ച സംഭവം: പ്രതി അറസ്റ്റില്‍
Posted on: 16 Sep 2015
മംഗളൂരു: മാര്‍ക്കറ്റ് റോഡില്‍ ഓട്ടോഡ്രൈവറെ കുത്തി പ്പരിക്കേല്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാവൂര്‍ മരക്കടയ്ക്കടുത്ത ദേവന്റഗുഡ്ഡയിലെ പുനീത് സാല്യന് (24) ആണ് അറസ്റ്റിലായത്. പഞ്ചിമൊഗറുവിലെ ഗോപാലകൃഷ്ണ ഷെട്ടി(48)യെയാണ് രണ്ടുദിവസം മുമ്പ് രൂപവാണി തിയേറ്ററിന് സമീപം പുനീത് കുത്തിപ്പരിക്കേല്പിച്ചത്.
പ്രവേശനം നിരോധിച്ച റോഡിലൂടെ ഇരുചക്ര വാഹനത്തില്‍ വന്ന പുനീത് സാല്യനെ ഗോപാലകൃഷ്ണ ഷെട്ടി തടഞ്ഞതാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പുനീതിന്റെ വാഹനം ഗോപലകൃഷ്ണ ഷെട്ടി ഓട്ടോ കുറുകെയിട്ട് തടഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30-നാണ് സംഭവം. വെല്ലുവിളിയുമായി സംഭവസ്ഥലത്തുനിന്ന് മടങ്ങിയ പുനീത് വീണ്ടും തിരികെവന്ന് തന്റെ താക്കോല്കൂട്ടത്തിലുണ്ടായിരുന്ന കത്തികൊണ്ട് ഷെട്ടിയെ കുത്തി പരിക്കേല്പിക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പുനീത് വഴിയില്‍ ഇരുചക്രവാഹനം ഉപേക്ഷിച്ച് ഒളിവില്‍പ്പോയി. പുനീതിനെ കോടതി റിമാന്‍ഡ് ചെയ്തു.