മാതൃഭൂമി വാര്‍ത്ത തുണയായി; കുരുന്നുകള്‍ അനാഥരാവില്ല
Posted on: 15 Sep 2015
സഹായ-സംരക്ഷണ സമിതി രൂപവത്കരണം ഇന്ന്
ചെറുവത്തൂര്‍: പിലിക്കോട് മട്ടലായിലെ മൂന്ന് കുരുന്നുകളുടെ ഭാവി സുരക്ഷിതമാക്കാന്‍ നന്മ നിറഞ്ഞ മനസ്സുകള്‍ ഇന്ന് ഒത്തുകൂടും. അമ്മയെ നഷ്ടമാവുകയും അച്ഛന് ജീവനൊടുക്കുകയും ചെയ്തതോടെ അനാഥരായ മട്ടലായിലെ ദീപു രാജ്, ദിലീപ് രാജ്, ദിലീഷ് രാജ് സഹോദരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് സഹായസമിതി രൂപവത്കരിക്കും.
ഉത്രാടത്തലേന്നായിരുന്നു കുട്ടികളുടെ ഏക പ്രതീക്ഷയായിരുന്ന അച്ഛന് രാജന് ജീവനൊടുക്കിയത്. ഓണവും ആഘോഷങ്ങളൊന്നുമില്ലാതെ കഴിഞ്ഞ കുട്ടികളുടെ ദയനീയാവസ്ഥ ഞായറാഴ്ച മാതൃഭൂമിയില്‍ വാര്‍ത്തയായതോടെ വിവിധ മേഖലകളില്‍ നിന്ന് സഹായ വാഗദാനമെത്തി ത്തുടങ്ങി. കുട്ടികളുടെ പഠനം, ജീവിതചെലവുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധ സംഘടനകളും ആഗ്രഹം അറിയിച്ചെത്തി.
എല്ലാ മേഖലകളില്‍ നിന്നുമുള്ള സഹായങ്ങള്‍ ഏകോപിപ്പിച്ച് പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശ്രീധരനാണ് 15-ന് യോഗം വിളിച്ചത്. വൈകിട്ട് അഞ്ചിന് മട്ടലായിയില്‍ നടക്കുന്ന സഹായ സംരക്ഷണ കമ്മിറ്റി രൂപവത്കരണത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടി, യുവജനസംഘടന, സന്നദ്ധസംഘടന, കുടുംബശ്രീ, സ്വയംസഹായ സംഘം ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 9495460525.