സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ശക്തമാക്കും; ചൊവ്വാഴ്ച മുതല്‍ ബഹിഷ്കരണം
Posted on: 15 Sep 2015
നീലേശ്വരം: കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ചൊവ്വാഴ്ച മുതല്‍ ശക്തമാക്കും. ആസ്പത്രിക്ക് പുറത്തുള്ള എല്ലാ പരിപാടികളും ബഹിഷ്കരിക്കും. മെഡിക്കല്‍ ക്യാമ്പുകള്‍, യോഗങ്ങള്‍, പരിശീലനം, വി.ഐ.പി. ഡ്യൂട്ടി തുടങ്ങി പുറമെയുള്ള പരിപാടികള്‍ ബഹിഷ്കരിക്കും. അതേസമയം രോഗികള്‍ക്ക് അസൗകര്യം ഉണ്ടാകുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാകില്ല. കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇല്ലാത്തതിനാലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ അറുപതോളം താലൂക്കാസ്പത്രികളില്‍ കാഷ്വാലിറ്റി സൗകര്യം ഏര്‍പ്പെടുത്തുക, ജില്ലാ, താലൂക്ക് ആസ്പത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ അനിശ്ചിതകാലസമരം തുടങ്ങിയത്. ഡോക്ടര്‍മാരുടെ സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്ന് കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ. വി.സുരേശന് അഭ്യര്‍ഥിച്ചു.