കത്താത്ത വിളക്ക്...കത്തിപ്പടര്‍ന്ന് കൗണ്‍സില്‍ യോഗം

Posted on: 15 Sep 2015കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പട്ടണത്തിലെ കത്താത്ത വഴിവിളക്കും പരസ്യക്കാര്‍ക്ക് തീറെഴുതിക്കൊടുത്ത ഡിവൈഡറുമെല്ലാം നഗരസഭായോഗത്തില്‍ ഗൗരവമുള്ള ചര്‍ച്ചയായി. തെരുവുവിളക്കുകള്‍ കത്താതിരിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നും ഇനിയും അങ്ങനെ സംഭവിച്ചാല്‍ കരാര്‍ റദ്ദുചെയ്യുമെന്നും യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ പറഞ്ഞു. 'കാഞ്ഞങ്ങാട് പട്ടണം രാത്രി ഇരുട്ടില്‍' എന്ന തലക്കെട്ടോടെ തിങ്കളാഴ്ച മാതൃഭൂമിയില്‍ വന്ന വാര്‍ത്തയാണ് കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കിയത്. പ്രതിപക്ഷ കക്ഷിനേതാവ് സി.പി.എമ്മിലെ രവീന്ദ്രന്‍ പുതുക്കൈയാണ് വിഷയം ആദ്യമുന്നയിച്ചത്. ഇപ്പോള്‍ ലൈറ്റ് കത്തിച്ചില്ലെങ്കില്‍ ഇനി ഇലക്ഷന്‍ കാലം കഴിയുന്നതുവരെ പട്ടണം ഇരുട്ടിലാകുമെന്ന് ബി.ജെ.പി.യിലെ എച്ച്.ആര്‍.ശ്രീധരന്‍ പറഞ്ഞു. ഒരുമാസമായി കരാറുകാരോട് ഇക്കാര്യം പറയാന്‍ തുടങ്ങിയിട്ടെന്നും ഫ്യൂസ് കളവുപോകുന്നതാണ് വെളിച്ചമില്ലാത്തതിനു കാരണമെന്നും ചെയര്‍പേഴ്‌സണ്‍ ദിവ്യ പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഫ്യൂസിടാന്‍ കച്ചവടക്കാരെ ഏല്പിച്ചാല്‍ മതിയല്ലോ എന്ന നിര്‍ദേശം എച്ച്.ആര്‍.ശ്രീധരന്‍ മുന്നോട്ടുവച്ചു. ഡിവൈഡറിലെ പരസ്യത്തിനുള്ള കാലാവധി ഒക്ടോബര്‍ 31 വരെയാണ് കരാറുകാര്‍ക്ക് നല്കിയതെന്ന് അധ്യക്ഷ വ്യക്തമാക്കി. അപ്പോഴേക്കും ഈ കൗണ്‍സിലിന്റെ കാലാവധിയും തീരുമെന്നായിരുന്നു മുസ്ലിം ലീഗിലെ ഖദീജ ഹമീദിന്റെ കമന്റ്.
വിവിധ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാത്തതില്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയും കൗണ്‍സിലര്‍മാര്‍ സംസാരിച്ചു. കാടുവെട്ടിത്തെളിച്ചതിന്റെ പ്രതിഫലം നല്കാത്തതിനെച്ചൊല്ലി ചില കൗണ്‍സിലര്‍മാര്‍ ക്ഷുഭിതരായി. കാഞ്ഞങ്ങാട് ശ്രീകൃഷ്ണക്ഷേത്രം റോഡില്‍ കുടിവെള്ളവിതരണം തടസ്സപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നഗരസഭയുടെ ശ്രദ്ധ പതിയണമെന്നും എച്ച്.ആര്‍.ശ്രീധരന്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാര്‍ തീരുമാനിക്കുന്നതൊന്നും ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നായിരുന്നു മുസ്ലിം ലീഗിലെ ടി.അബൂബക്കര്‍ ഹാജിയുടെ കുറ്റപ്പെടുത്തല്‍

പരസ്യപ്പലക നീക്കണം


കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട് പട്ടണത്തിന്റെ മനോഹാരിത കെടുത്തിയ പരസ്യപ്പലകകള്‍ നീക്കണമെന്ന് സി.പി.എമ്മിലെ പ്രദീപന്‍ മരക്കാപ്പ് കടപ്പുറം ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. ഫ്യൂസ് കളവുപോകുന്നതൊന്നുമല്ല, കേടായതിനാലാണ് വിളക്ക് കത്താത്തതെന്ന് പ്രദീപന്‍ പറഞ്ഞു. പരസ്യക്കമ്പനി ലാഭമുണ്ടാക്കിയപ്പോള്‍ തെരുവുവിളക്കുകളെ മറന്നുപോയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. കുറച്ചുദിവസം അനുവദിക്കുക, അതിനകം വിളക്കുകള്‍ നന്നാക്കുന്നില്ലെങ്കില്‍ പരസ്യപ്പലകകള്‍ ഒന്നൊന്നായി നിക്കംചെയ്യുക. ഇതാണ് കൗണ്‍സിലര്‍മാര്‍ മുന്നോട്ടുവച്ച നിര്‍ദേശം

More Citizen News - Kasargod