നിത്യാനന്ദ പോളിടെക്നിക്കിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു
Posted on: 15 Sep 2015
കാഞ്ഞങ്ങാട്: വിക്രം സാരാഭായി സ്പേസ് സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ ഡോ. ശിവാനന്ദ്, ഡോ. നാരായണന് നമ്പൂതിരി, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വി.സുരേഷ്കുമാര്‍, എല്‍ ആന്‍ഡ് ടി കമ്പനിയിലെ ഡെപ്യൂട്ടി മാനേജര്‍ പി.പി.രാജേന്ദ്രന്, മില്‍മ സീനിയര്‍ മാനേജര്‍ കെ.എം.വിജയകുമാര്‍, വിദേശത്തെ അറിയപ്പെടുന്ന കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരും കാഞ്ഞങ്ങാട്ട് ഒത്തുകൂടി. കുടുംബത്തോടൊപ്പം സമ്മേളിച്ച അവര്‍ക്ക് പറയാനുണ്ടായിരുന്നു, ജീവിതത്തില്‍ ഉന്നതിയിലെത്താന്‍ പഠിപ്പിച്ച കാഞ്ഞങ്ങാട് കുശാല്‍നഗറിലെ സാങ്കേതികവിജ്ഞാനകലാലയത്തിലെ ചിതലരിക്കാത്ത ഓര്‍മകള്‍. ഇവരെല്ലാം പഠിച്ചത് കുശാല്‍നഗറിലെ നിത്യാനന്ദ പോളിടെക്നിക്കിലായിരുന്നുവെന്നത് ഈ ഒത്തുകൂടല്‍ നടന്നപ്പോഴാണ് ഇപ്പോഴത്തെ അധ്യാപകര്പോലുമറിയുന്നത്. 21 മുതല്‍ 51 വര്‍ഷം വരെയുള്ള കാലയളവില്‍ പോളിയില്‍നിന്ന് പഠിച്ചിറങ്ങിയവരാണ് രണ്ടുദിവസത്തെ ഒത്തുചേരലിനായി കാമ്പസില്‍ സംഗമിച്ചത്. ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്നവര്‍ പരസ്പരം കെട്ടിപ്പുണരുമ്പോള്‍, സ്നേഹം പങ്കുവെച്ച് പഴയ കളിക്കൂട്ടുകാരായി മാറിയപ്പോള്‍...വൈകാരിക നിമിഷങ്ങള്‍ക്കെല്ലാം അവരുടെ കുട്ടികള്‍തന്നെ സാക്ഷിയായി. 14 ബാച്ചുകളെ പ്രതിനിധാനംചെയ്ത് കാമ്പസില്‍ 14 വൃക്ഷത്തൈകള്‍ നട്ടാണ് എല്ലാവരും വിടപറഞ്ഞത്.
കേന്ദ്ര സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് പി.പി.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. കര്‍ണാടക മുന്‍ മന്ത്രി നാഗരാജ ഷെട്ടി, നിത്യാനന്ദാശ്രമം വര്‍ക്കിങ് ചെയര്മാന് കെ.ദിവാകര്‍ ഷെട്ടി, മുന്‍ പ്രിന്‍സിപ്പല്‍മാരായ ഗണേഷ് ഷേണായി, കെ.പി.ഭരതന്, കെ.ബാലകൃഷ്ണന് നമ്പ്യാര്‍, പി.വി.ചന്ദ്രന്, എ.കുഞ്ഞിക്കണ്ണന് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി