വിനായകചതുര്‍ഥി ആഘോഷത്തിന് നാടൊരുങ്ങി
Posted on: 15 Sep 2015
കാഞ്ഞങ്ങാട്: ഗണേശോത്സവത്തിന് ജില്ല ഒരുങ്ങി. നിമജ്ജനംചെയ്യാനുള്ള ഗണപതിവിഗ്രങ്ങളുടെ അവസാന മിനുക്കുപണി തിങ്കളാഴ്ചയോടെ പൂര്‍ത്തിയായി. 17-നാണ് വിനായകചതുര്‍ഥി. കേരളത്തിലെ മറ്റ് ജില്ലകളില്‍ ഗണേശോത്സവം നടത്തിയത് കഴിഞ്ഞമാസമായിരുന്നു. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയിലെ ആചാരംകൂടി കണക്കിലെടുത്താണ് ചതുര്ഥിദിനാഘോഷം ഈ മാസത്തേക്ക് മാറിയത്. ശകവര്‍ഷത്തിലെ ഭദ്രപദമാസത്തിലാണ് വിനായകചതുര്‍ഥി കൊണ്ടാടുന്നത്. എല്ലാവര്‍ഷവും മലയാളമാസത്തിലെ ചിങ്ങത്തില്ത്തന്നെയാണ് ഭദ്രപദമാസവും ഒത്തുവരുന്നത്. ഇത്തവണ ശകവര്‍ഷത്തില്‍ അധികമാസമുണ്ട്. അതുകൊണ്ടുതന്നെ ഈ വര്‍ഷം ഭദ്രപദമാസം വരുന്നത് മലയാളത്തിലെ കന്നിയിലാണ്. മൂന്നുമുതല്‍ ഏഴുദിവസംവരെ നീളുന്ന ആഘോഷങ്ങളാണ് ജില്ലയില്‍ ഗണേശോത്സവത്തിന്റെ ഭാഗമായി നടക്കുക. കാഞ്ഞങ്ങാട്ടെ ഗണേശോത്സവ സമിതിയുടെ ആഘോഷം മൂന്നുദിവസത്തെ ആഘോഷമാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സാര്‍വജനിക ഗണേശോത്സവസമിതി പ്രസിഡന്റ് കൃഷ്ണന്, ജനറല്‍ സെക്രട്ടറി എച്ച്.ആര്.ശ്രീധരന് എന്നിവര്‍ അറിയിച്ചു. 17-ന് രാവിലെ കാഞ്ഞങ്ങാട് ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്ന് പുതിയകോട്ട അമ്മനവര്‍ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര പുറപ്പെടും. 10 മണിക്ക് അമ്മനവര്‍ ക്ഷേത്രത്തില്‍ ഗണപതിഹോമവും കുട്ടികളുടെ ഗണപതിചിത്രരചനയും വൈകിട്ട് സര്വൈശ്വര്യവിളക്കുപൂജയും നടക്കും. തായമ്പകയും തുടര്‍ന്ന് ശാസ്ത്രീയനൃത്തവും അരങ്ങേറും. 18-ന് സാംസ്കാരികസഭയും 19-ന് മഹാഗണപതിഹോമവും നടക്കും. 3.30-ന് ഘോഷയാത്രയായി ഗണപതിവിഗ്രഹങ്ങളെ ഹൊസ്ദുര്‍ഗ് കടപ്പുറത്തെത്തിച്ച് നിമജ്ജനം ചെയ്യും.