ഡി.വൈ.എഫ്.ഐ. പി.ഡബ്ല്യൂ.ഡി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
Posted on: 15 Sep 2015
ചെര്‍ക്കള: പാടി-എതിര്‍ത്തോട് റോഡ് പണി ഉടന്‍ തുടങ്ങുക, കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. പാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യൂ.ഡി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ശനിയാഴ്ച രാവിലെ പത്തിന് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് മാര്‍ച്ച് തുടങ്ങും. മേഖലാ കമ്മിറ്റി യോഗത്തില്‍ എ.കെ.മണികണ്ഠന് അധ്യക്ഷതവഹിച്ചു. പി.എം.രവീന്ദ്രന്, എന്‍.പ്രമോദ്കുമാര്‍, കെ.എസ്.മനു ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
അഡൂര്‍-മണ്ടക്കോല്‍ റോഡ്
പ്രവൃത്തിഉദ്ഘാടനം ഇന്ന്
കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന ദേലംപാടി ഗ്രാമപ്പഞ്ചായത്തിലെ അഡൂര്‍-മണ്ടക്കോല്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് നാലിന് കെ.കുഞ്ഞിരാമന് എം.എല്‍.എ. നിര്‍വഹിക്കും. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി മുഖ്യാതിഥിയായിരിക്കും. പി.പ്രഭാകരന് കമ്മീഷന് ശുപാര്‍ശപ്രകാരം നടപ്പാക്കുന്ന കാസര്‍കോട് വികസന പാക്കേജില്‍ അഡൂര്‍-മണ്ടക്കോല്‍ റോഡിന് അഞ്ചുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
യാദവസഭ വാര്‍ഷികം
ബേഡഡുക്ക: അഖില കേരള യാദവസഭ ജയപുരം യൂണിറ്റ് വാര്‍ഷികത്തിന്റെ ഭാഗമായി ഉന്നതവിജയികളെ അനുമോദിച്ചു. വയലപ്രം നാരായണന് ഉദ്ഘാടനം ചെയ്തു. പി.രാമകൃഷ്ണന് അധ്യക്ഷതവഹിച്ചു. പ്രകാശന്, ബാബു കുന്നത്ത്, അരീക്കര കുഞ്ഞമ്പു, കെ.കരുണാകരന് കാമലം, രാമകൃഷ്ണന്, കമലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
വിനായകചതുര്‍ഥി ആഘോഷം
കാസര്‍കോട്: മധൂര്‍ മദനന്തേശ്വര ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷം വ്യാഴാഴ്ച നടക്കും. വിശേഷാല്‍ ഗണപതിഹോമം, പ്രസാദവിതരണം, അന്നദാനം എന്നിവ നടക്കും. വൈകിട്ട് യക്ഷഗാന ബയലാട്ടവും ഉണ്ടാകും.