പാറമടയുടെ പ്രവര്‍ത്തനം; ആദിവാസികുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍

Posted on: 15 Sep 2015കാസര്‍കോട്: വനമേഖലയ്ക്കുള്ളിലെ ക്വാറി-ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആദിവാസി കുടുംബങ്ങള്‍ക്ക് ദുരിതമാകുന്നു. ബളാല്‍ പഞ്ചായത്തിലെ പടയംകല്ല് കുണ്ടുപള്ളിയില്‍ സര്‍വേനമ്പര്‍ 146/4എ2ല്‍ പെട്ട 120 ഏക്കറോളം സ്ഥലത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. നേരത്തെ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയ ക്വാറിയാണ് കഴിഞ്ഞ ഒരുമാസമായി വീണ്ടും പ്രവര്‍ത്തനം തുടങ്ങി ജനജീവിതത്തിന് ഭീഷണിയായിരിക്കുന്നത്.
രണ്ട് കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാലാണ് ക്വാറിയില്‍ എത്താനാകുക. 30 ആദിവാസി കുടുംബങ്ങള്‍ പടയംകല്ല് മേഖലയില്‍ താമസിക്കുന്നുണ്ട്. ക്വാറിയുള്ള പ്രദേശത്തോട് ചേര്‍ന്നാണ് ആദിവാസി കോളനി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്ന് തവണ മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ പ്രദേശത്താണ് ഇപ്പോള്‍ പരിസ്ഥിതിക്ക്തന്നെ ദോഷം ചെയ്യുന്ന തരത്തില്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്. ആനത്താരയെയുള്‍പ്പെടെ ഇല്ലാതാക്കിക്കൊണ്ടാണ് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ക്രഷര്‍ പ്രവര്‍ത്തനം.
ക്വാറിക്കെതിരെ നാട്ടുകാര്‍ സംഘടിച്ച് ചോലമല സംരക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. നിരവധി തവണ ബളാല്‍ പഞ്ചായത്തധികൃതര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും പിന്നെ ഹൈക്കോടതിയില്‍ നിന്നാണ് സംരക്ഷണസമിതിക്ക് അനുകൂലമായ വിധി ലഭിച്ചതെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ നല്‍കിയ നിര്‍ത്തല്‍ നിര്‍ദേശത്തെ അവഗണിച്ചാണ് ഒരിടവേളയ്ക്കുശേഷം ക്വാറി പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. ഇപ്പോള്‍ ക്രഷര്‍ എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഖനനം ഉള്‍പ്പെടെ പ്രദേശത്ത് നടക്കുന്നുണ്ട്. വനത്തിനകത്തേക്ക് വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വന്ന വാഹനങ്ങളെ ജനങ്ങള്‍ തടഞ്ഞെങ്കിലും പോലീസ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രദേശത്ത് നിന്ന് ഒരു കിലോമീറ്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പുഞ്ച എല്‍.പി. സ്‌കൂളിലെ കുട്ടികളുടെ സുരക്ഷിതത്വത്തിനും ക്വാറിയുടെ പ്രവര്‍ത്തനം ഭീഷണി സൃഷ്ടിക്കും. ക്വാറി പ്രവര്‍ത്തനത്തിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനും ചോലമല സംരക്ഷണസമിതി തീരുമാനിച്ചിട്ടുണ്ട്. ക്വാറി പ്രവര്‍ത്തനം നിര്‍ത്തുന്നതിന് അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ ജനപ്രതിനിധികളെ കൂടി ഉള്‍ക്കൊള്ളിച്ച് ശക്തമായ ജനകീയസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സപ്തംബര്‍ 30 മുതല്‍ അനിശ്ചിതകാല സായാഹ്ന ധര്‍ണ ആരംഭിക്കുമെന്നും ചോലമല സംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു.

More Citizen News - Kasargod