സഹോദരങ്ങള്‍ക്കൊപ്പം കുഞ്ഞു മൊഹ്സാദിനും കളിക്കണം, പക്ഷെ...
Posted on: 14 Sep 2015
ചെര്‍ക്കള: വീട്ടുമുറ്റത്ത് കളിക്കുന്ന സഹോദരങ്ങള്‍. അവര്‍ക്കൊപ്പം കളിചിരികൂടാന് നാലുവയസ്സുകാരന് മൊഹ്സാദിനും ആഗ്രഹമുണ്ട്. പക്ഷെ, കിടക്കപ്പായയില്‍നിന്ന് ഒന്നെഴുന്നേല്ക്കാന്പോലുമാകാതെ വിധി നല്കിയ വേദന കടിച്ചമര്‍ത്തുകയാണ് ഈ കുരുന്ന്.
രണ്ടു വയസ്സാകുമ്പോഴേക്കും മൊഹ്സാദിന്റെ ഇരുവൃക്കകളും തകരാറിലാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ചെങ്കള ചൂരിപ്പള്ളം പാറക്കുന്നിലെ സി.പി.നൂറുദ്ദീന്റെയും സുബൈദയുടെയും ഇളയമകനാണ് ആരിലും നൊമ്പരമുണര്‍ത്തുന്നത്.
ഇതിനകം ചികിത്സയ്ക്കായി 20 ലക്ഷത്തിലധികം രൂപ ചെലവായി. സ്വന്തമായുണ്ടായിരുന്ന പത്തുസെന്റ് സ്ഥലവും വീടും ഇതിനകം നൂറുദ്ദീന്‍ മകന്റെ ചികിത്സാച്ചെലവിനായി വില്പന നടത്തി. വാടകവീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും കടംവാങ്ങിയും ചികിത്സനടത്തി. വിദഗ്ധ ചികിത്സയാണ് മൊഹ്സാദിന്റെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഇതിനും ലക്ഷങ്ങള്‍ ചെലവുവരും.
നെല്ലിക്കട്ട-പൈക്ക റോഡില്‍ ചെറിയ സൈക്കിള്‍ റിപ്പയറിങ് കടയില്‍നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കുഞ്ഞിന്റെ ചികിത്സയ്ക്കായി മാസത്തില്‍ 22 ദിവസം മംഗലാപുരത്തെ ആസ്പത്രിയില്‍ പോകേണ്ടിവരുന്നതിനാല്‍ കടയും തുറക്കാന്‍ കഴിയുന്നില്ലെന്ന് നൂറുദ്ദീന്‍ പറഞ്ഞു. ഇവരുടെ മറ്റു മക്കളായ പത്തു വയസ്സുകാരി നാസിറ എടനീര്‍ ഗവ. സ്കൂളിലും എട്ടും അഞ്ചും വയസ്സുള്ള മുഹമ്മദ് റാഷിദും മുഹമ്മദ് സിനാനും പൈക്ക എ.യു.പി. സ്കൂളിലുമാണ് പഠിക്കുന്നത്. മാതാപിതാക്കള്‍ അനിയനെയുമെടുത്ത് ആസ്പത്രിയിലേക്ക് പോകുമ്പോള്‍ ഈ കുഞ്ഞുങ്ങളുടെ കണ്ണുകളും ഈറനണിയുന്നു. നിത്യജീവിതം തള്ളിനീക്കാന്പോലുമാകാതെ ബുദ്ധിമുട്ടുന്ന കുടുംബം മകന്റെ തുടര്‍ച്ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്.
വിജയബാങ്കിന്റെ കാസര്‍കോട് ബ്രാഞ്ചില്‍ നൂറുദ്ദീന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍-201501011002167. ഐ.എഫ്.എസ്.സി. കോഡ്-വി.ഐ.ജെ.ബി 0002015. ഫോണ്‍: 9946579435.