വിദ്യാനഗര്‍-കടയങ്കല്ലടുക്കം റോഡില്‍ ദുരിതയാത്ര !!
Posted on: 14 Sep 2015
ചെര്‍ക്കള: ചെളിയും വെള്ളവും മുട്ടോളം ഉയര്‍ന്നു നില്ക്കുന്ന വിദ്യാനഗര്‍-കടയങ്കല്ലടുക്കം റോഡിലെ ദുരിതയാത്രയ്ക്ക് ഇനിയും അറുതിയായില്ല. ദേശീയപാതയില്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തുനിന്ന് വിദ്യാനഗര്‍ എരുതുംകടവ് റോഡിലേക്ക് ചേരുന്ന 400 മീറ്റര്‍ റോഡാണ് അഞ്ചുവര്‍ഷത്തോളമായി ചെളിയും വെള്ളവും കെട്ടിനിന്ന് യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്.
നായന്മാര്മൂല തന്ബീഹുല് ഇസ്!ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തുകൂടെ കടന്നുപോകുന്ന റോഡ് നൂറുകണക്കിന് വിദ്യാര്‍ഥികളും നിരവധി കുടുംബാംഗങ്ങളും ആശ്രയിക്കുന്നതാണ്. സമരങ്ങളെയും മറ്റും തുടര്‍ന്ന് കലക്ടറേറ്റിന് സമീപം റോഡ് തടസ്സമുണ്ടാകുമ്പോള്‍ കല്ലക്കട്ട-മുണ്ട്യത്തടുക്ക ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ദേശീയപാതയിലേക്ക് എത്തുന്നതിന് ഈ റോഡാണ് ആശ്രയിക്കുന്നത്.
വര്‍ഷങ്ങളായി മഴവെള്ളം ഒഴുകിപ്പോകുന്ന തോടുകള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലം അടുത്തകാലത്തായി വാങ്ങിയ വ്യക്തികള്‍ മണ്ണിട്ട് നികത്തിയതാണ് റോഡില്‍ വെള്ളം കെട്ടിനില്ക്കാനിടയാക്കിയത്. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൊതുകിന്റെ കൂത്താടികളും പെറ്റുപെരുകിയതായി സമീപവാസിയായ സി.കെ.മനു പറഞ്ഞു.