ടെലിവിഷന്‍ മലയാളിയുടെ പൊതുജീവിതംതന്നെ -സി.എസ്.വെങ്കിടേശ്വരന്‍

Posted on: 14 Sep 2015നീലേശ്വരം: മുഴുവന്‍സമയ വാര്‍ത്താചാനലുകള്‍ നമ്മുടെ പൊതുജീവിതത്തെയും രാഷ്ട്രീയ അജണ്ടകളെയും സ്വാധീനിക്കുന്നുണ്ടെന്നും മലയാളിക്ക് ടെലിവിഷന്‍ പൊതുജീവിതംതന്നെയായി മാറിയിട്ടുണ്ടെന്നും സി.എസ്.വെങ്കിടേശ്വരന്‍ പറഞ്ഞു. കണ്ണൂര്‍ ആകാശവാണി നിലയവും കണ്ണൂര്‍ സര്‍വകലാശാല മലയാളവിഭാഗവും ചേര്‍ന്ന് നടത്തുന്ന 'മാധ്യമം സമൂഹം രാഷ്ട്രീയസംസ്‌കാരം' എന്ന പ്രഭാഷണ പരമ്പരയില്‍ 'വാര്‍ത്താ ടെലിവിഷന്റെ സാംസ്‌കാരിക രാഷ്ട്രീയം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിനിമയും സിനിമാധിഷ്ഠിത പരിപാടികളുമാണ് നമ്മുടെ ടെലിവിഷന്‍ കൈയടക്കിയിരിക്കുന്നത്. എന്നാല്‍, ആവേശത്തോടെ വാര്‍ത്തകള്‍ക്കുവേണ്ടി കണ്ണോര്‍ക്കുന്ന ഒരു സമൂഹത്തെയും ടെലിവിഷന്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഡോക്യുമെന്ററി സംവേദനത്തിന്റെ കല' എന്ന വിഷയത്തില്‍ ദൂരദര്‍ശന്‍ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ സേതുമാധവന്‍ മച്ചാട്ട് പ്രസംഗിച്ചു. 'മാധ്യമങ്ങള്‍ വികസനത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ ജി.സാജനും 'സിനിമ കല, സാങ്കേതികത, സംസ്‌കാരം' എന്ന വിഷയത്തില്‍ എ.സഹദേവനും തിങ്കളാഴ്ച പ്രഭാഷണം നടത്തും. പരമ്പര ചൊവ്വാഴ്ച സാമാപിക്കും. കെ.ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ടി.അശോകന്‍ ഉദ്ഘാടനം ചെയ്യും. ബാബു ചാത്തോത്ത്, പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

More Citizen News - Kasargod