ജൈവ ചേനക്കൃഷിയില്‍ നൂറുമേനി വിളവ്
Posted on: 14 Sep 2015
നീലേശ്വരം: നീലേശ്വരം കൃഷിഭവന്റെ സംയോജിത മാതൃകാ കൃഷിത്തോട്ടം പദ്ധതിയില്‍ ചേനക്കൃഷിയില്‍ നൂറുമേനി വിളവ്. പൂര്‍ണമായും ജൈവവളം മാത്രം ഉപയോഗിച്ച് കടിഞ്ഞിമൂലയിലെ പി.വി.ദിവാകരന്റെ 10 സെന്റ് കൃഷിയിടത്തിലാണ് ചേന കൃഷിചെയ്തത്. വെള്ളം കെട്ടിനില്‍ക്കുന്ന തീരദേശമേഖലകള്‍ ചേനക്കൃഷിക്ക് അനുയോജ്യമല്ലെന്ന കണ്ടെത്തലിനുള്ള മറുപടികൂടിയാണ് വെള്ളക്കെട്ടുള്ള പ്രദേശത്ത് നടത്തിയ ചേനക്കൃഷി. ചേനവിത്ത് കൃഷിഭവനാണ് നല്‍കിയത്. 200-ഓളം ചേനത്തൈകളാണ് നട്ടത്. വെണ്ട, ചീര, പയറ്, മുളക് എന്നിവയും കൃഷിചെയ്യുന്നുണ്ട്. കുംഭമാസത്തില്‍ നട്ട ചേനയാണ് ഇപ്പോള്‍ വിളവെടുത്തത്. കൃഷി അസി. ഡയറക്ടര്‍ എസ്.സുനില്‍കുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം കെ.വി.അമ്പാടി, കൃഷി ഓഫീസര്‍ പി.വി.ആര്‍ജിത, എ.കെ.നാരായണന്, എ.കെ.രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. ആത്മപദ്ധതി പ്രകാരം കാര്‍ഷിക പ്രമുഖരായി തിരഞ്ഞെടുക്കപ്പെട്ട ദിവാകരന് നൂതന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്.