ഡോക്ടര്‍മാര്‍ നേരത്തേ മടങ്ങുന്നു; കുമ്പളയില്‍ രോഗികള്‍ക്ക് ദുരിതം

Posted on: 14 Sep 2015കുമ്പള: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും നേരത്തേ മടങ്ങുന്നതായി ആക്ഷേപം. വൈകിട്ട് മൂന്നുവരെ സാമൂഹികാരോഗ്യ കേന്ദ്രത്തിലുണ്ടാവേണ്ട ഡോക്ടര്‍മാര്‍ 12.30ന് മടങ്ങുന്നതായാണ് വിവരം. ദൂരസ്ഥലങ്ങളില്‍നിന്ന് ഡോക്ടറെ കാണാനായി ഇവിടെയെത്തുന്ന രോഗികള്‍ക്ക് ഉച്ചകഴിഞ്ഞാല്‍ തിരിച്ചുപോകേണ്ട അവസ്ഥയാണ്. പുത്തിഗെ, കുമ്പള, മൊഗ്രാല്‍-പുത്തൂര്‍, പൈവളികെ തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നുള്ളവര്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തെയാണ്. 300 മുതല്‍ 400 വരെ ആളുകള്‍ ഇവിടെ ദിവസവും ഒ.പി.യില്‍ എത്തുന്നുണ്ട്. രോഗികള്‍ക്ക് ആവശ്യത്തിന് മരുന്നും ഇവിടെനിന്ന് കിട്ടാറില്ലെന്ന് പരാതിയുണ്ട്.
ലക്ഷങ്ങള്‍ ചെലവിട്ട് ശസ്ത്രക്രിയാ തിയേറ്ററും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. അനസ്തറ്റിസ്റ്റിനെ നിയമിക്കാത്തതാണ് തിയേറ്റര്‍ തുറക്കാതിരിക്കുന്നതിനുള്ള കാരണം. നൂറുകണക്കിന് നിരാലംബരായ രോഗികള്‍ക്ക് ഉപകാരപ്രദമാകേണ്ട ഉപകരണങ്ങളും മറ്റും ഇവിടെ നശിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ പ്രസവചികിത്സയ്ക്കായി ധാരാളം സ്ത്രീകളെത്തിയിരുന്നു. അന്നുണ്ടായിരുന്ന സ്ത്രീരോഗവിദഗ്ധ സ്ഥലംമാറിപ്പോയതോടെ പ്രസവചികിത്സയും മുടങ്ങി.
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ നാല് ഡോക്ടര്‍മാരാണുള്ളത്. ഇവരുടെ താമസത്തിനാവശ്യമായ ക്വാര്‍ട്ടേഴ്‌സുകളും ഇവിടെ പണിതിട്ടുണ്ട്. പക്ഷെ, പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന പലരും പെട്ടെന്നുതന്നെ സ്ഥലംമാറിപോവുകയാണ്. ഇവിടെ ജോലിചെയ്യുന്നതിന് ഡോക്ടര്‍മാര്‍ക്ക് താത്പര്യമില്ലായെന്ന മറുപടിയാണ് അധികൃതരില്‍നിന്ന് ലഭിക്കുന്നത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 22-ന് കേന്ദ്രത്തിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.

More Citizen News - Kasargod