'ന്റെ മോള്‍ക്ക് ചുട്ടു പൊള്ളുന്നു; നമ്മ എങ്ങിനെ പോകും'
Posted on: 14 Sep 2015
കാസര്‍കോട്: 'ഈ വണ്ടി എപ്പൊഴാ പോവുക. ന്റെ മോള്‍ക്ക് ചുട്ടു പൊള്ളുന്നു; നമ്മ എന്താക്കും'..പനി മൂലം ചുട്ടുപൊള്ളുന്ന രണ്ടരവയസ്സുകാരി സഫാഫാത്തിമയെ മാറോട് ചേര്‍ത്ത് പിതാവ് ഹമീദ് തീവണ്ടിയിലെ റെയില്‍വേ അധികൃതരോട് ചോദിച്ച ചോദ്യത്തിന് ആര്‍ക്കും മറുപടി ഉണ്ടായില്ല. എന്ജിന് തകരാറിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെട്ട ചെന്നൈ-മാംഗ്ലൂര്‍ മെയില്‍ പെരുവഴിയിലായപ്പോഴാണ് യാത്രക്കാര്‍ ദുരിതത്തിലായത്.
പനി കൂടുതലായതിനെ തുടര്‍ന്ന് മംഗലാപുരം ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഈ കുട്ടിയെ. കണ്ണൂരില്‍ നിന്ന് ചെന്നൈ മെയിലില്‍ കയറിയ ഹമീദും കുടുംബവും വണ്ടി പള്ളിക്കരയില്‍ നിന്നപ്പോള്‍ മുതല്‍ വേവലാതിയിലായി. ഒരു മണിക്കാണ് ഡോക്ടര്‍ ഇവര്‍ക്ക് സമയംകൊടുത്തത്. ടി.ടി.ഇയോട് പലവട്ടം ചോദിച്ചിട്ടും കൃത്യമായ ഉത്തരം ലഭിച്ചില്ല. വണ്ടി പെരുവഴിയില്‍ രണ്ട് മണിക്കൂര്‍ പിടിച്ചിട്ടപ്പോള്‍ റോഡ് മാര്‍ഗം പോകാനാകാതെ ഇവര്‍ കുഴങ്ങി. റോഡിലെത്തണമെങ്കില് കിലോമീറ്റര്‍ നടക്കണം. ഇതിനിടയില്‍ ഡോക്ടറുടെ സമയം നീട്ടി വാങ്ങാന്‍ ഫോണ്‍ വിളിച്ചെങ്കിലും നടന്നില്ല. വണ്ടി രണ്ട് മണിക്കൂര്‍ വൈകി പുറപ്പെട്ടപ്പോള്‍ ഏതെങ്കിലും ഡോക്ടറെ കാണാമെന്ന ആശയിലായിരുന്നു ഹമീദ്. എന്നാല്‍ വണ്ടി വീണ്ടും ഉപ്പളയില്‍ നിന്നപ്പോള്‍ അവരുടെ ചങ്ക് പൊട്ടി. ഉപ്പളയിലിറങ്ങി അവര്‍ ബസ്മാര്‍ഗം മംഗലാപുരത്തേക്ക് പുറപ്പെട്ടു.
ഇതുപോലെ നൂറുകണക്കിന് യാത്രക്കാരാണ് മംഗലാപുരത്തെ ആസ്പത്രികളില്‍ പോകാനാകാതെ റെയില്‍വേയുടെ ക്രൂരതയ്ക്ക് ഇരയായത്. മാലോം സ്വദേശി രാജന്ജോസിന്റെ പത്ത് മാസം പ്രായമായ കുഞ്ഞ് മംഗലാപുരത്തെ ആസ്പത്രിയില്‍ കൃത്യസമയത്ത് എത്താനാകാതെ വിഷമിച്ചു. ഡോക്ടര്‍മാര്‍ നല്കിയ സമയം കഴിഞ്ഞതിനാല്‍ നിരവധിപേര്‍ ഉപ്പളയില്‍ ഇറങ്ങി ബസ്മാര്‍ഗം നാട്ടിലേക്ക് തിരിച്ചുപോയി. റിസര്‍വേഷനില്‍ കയറിയ കുടുംബത്തിന് ടി.ടി.ഇ. പിഴ ഈടാക്കിയതിനാല്‍ തിരിച്ചുപോകാന്‍ പണമില്ലാതെ വിഷമിച്ചതിനാല്‍ യാത്രക്കാര്‍ പിരിവെടുത്ത് നല്കി. രോഷാകുലരായ യാത്രക്കാര്‍ ടിക്കറ്റ് എക്സാമിനറെ അന്വേഷിച്ചുപോയെങ്കിലും കാണാത്തതിനാല്‍ സംഘര്‍ഷം ഒഴിവായി.