രോഗാവസ്ഥയില്‍ ഇ.എസ്.ഐ. ആസ്പത്രി
Posted on: 14 Sep 2015
കാസര്‍കോട്: ജില്ലയിലെ ഏക ഇ.എസ്.ഐ. ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തില്‍. അണങ്കൂരിലെ ഡിസ്പെന്സറിയിലാകട്ടെ സൗകര്യങ്ങളുടെ പരിമിതിയുമേറെ. ഡോക്ടറുള്‍പ്പെടെയുള്ള ജീവനക്കാറുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവാണ് ഇ.എസ്.ഐ. ആസ്പത്രിയിലെ പ്രധാന പരിമിതി.
കാസര്‍കോട് നഗരത്തില്‍നിന്ന് ഒരുകിലോമീറ്ററിനുള്ളിലാണ് ഇ.എസ്.ഐ. ഡിസ്പെന്‍സറി. വാടകക്കെട്ടിടത്തില്‍ സൗകര്യങ്ങളൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നുമാത്രമല്ല മേല്‍ക്കൂരയിലേക്ക് ബന്ധപ്പെട്ടവര്‍ നോക്കാറുണ്ടോ എന്നുപോലും സംശയമാണ്. തുരുമ്പിച്ച കോണ്‍ക്രീറ്റ് കമ്പികള്‍ പുറത്തേക്കെത്തിനോക്കുന്നു. പലയിടത്തും കോണ്‍ക്രീറ്റില്‍ വിള്ളല്വീണിട്ടുണ്ട്. കാലവര്‍ഷത്തില്‍ പേടിയോടെമാത്രമേ ഇവിടെവരാന്‍ സാധിക്കൂവെന്നാണ് രോഗികള്‍ പരാതിപ്പെട്ടത്.
ഡോക്ടറും നഴ്സും ഫാര്‍മസിസ്റ്റും അറ്റന്ഡറുമുള്പ്പെടെ ആറ് ജീവനക്കാരാണ് ഇവിടെയുള്ളത്. ദിവസവും 50 മുതല്‍ 60 വരെ രോഗികള്‍ ഇവിടെയെത്തുന്നുണ്ട്. എന്നാല്‍, രോഗികള്‍ക്ക് വിശ്രമിക്കാന്‍പോലും സൗകര്യമില്ല. ഒരു കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ആസ്പത്രി പ്രവര്‍ത്തിക്കുന്നത്. തീരെ അവശരായെത്തുന്നവര്‍ക്ക് ഇവിടെ ഡോക്ടറെകാണാന്‍ പടികള്‍ കയറിയിറങ്ങേണ്ടുന്ന അവസ്ഥയാണ്. ആസ്പത്രിപ്രവര്ത്തിക്കുന്ന മുകള്‍നിലയില്‍ വിശാലമായ സ്ഥലമുണ്ടെങ്കിലും മുറികള്‍ വേര്‍തിരിച്ചിട്ടില്ല. മരുന്നുമുറിയും ഡോക്ടറുടെ മുറിയുമെല്ലാം തട്ടികള്കൊണ്ട് മറച്ചിരിക്കുന്നു.
ലാബ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇനിയും അതിന് നടപടിയായിട്ടില്ല. രോഗികള്‍ക്ക് മറ്റുപരിശോധനകള്‍ ആവശ്യമാണെങ്കില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. പ്രാഥമിക ചികിത്സമാത്രമേ കാസര്‍കോട്ടെ ഡിസ്പെന്‍സറിയില്‍നിന്ന് ലഭിക്കുകയുള്ളൂ. കിടത്തിച്ചികിത്സയുള്പ്പെടെ ആവശ്യമാണെങ്കില്‍ കണ്ണൂര്‍ തോട്ടടയിലെ ഇ.എസ്.ഐ. ഡിസ്പെന്സറിയിലേക്കയക്കും. ഇ.എസ്.ഐ. സ്കീമില്‍പ്പെടുന്ന ആളുകള്‍ പലപ്പോഴും മെച്ചപ്പെട്ട ചികിത്സകള്‍ക്കായി സ്വകാര്യആസ്പത്രികളെയാണ് ആശ്രയിക്കുന്നത്.
നിലവില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് കാസര്‍കോട്ടെ ഡിസ്പെന്സറിയിലെത്തണമെങ്കില് മണിക്കൂറുകള്‍ യാത്രചെയ്യേണ്ട അവസ്ഥയാണ്. അതിനാല്‍, ജില്ലയില്‍ മറ്റുമേഖലകളില്‍ കൂടി ഇ.എസ്.ഐ. ഡിസ്പെന്‍സറികള്‍ ആരംഭിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.