ദേശീയപാതയിലെ ഡിവൈഡര്‍ ഉദ്യാനം മോടികൂട്ടി
Posted on: 13 Sep 2015
നീലേശ്വരം: ദേശീയപാതയിലെ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലെ ഡിവൈഡറില്‍ ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ ഒരുക്കിയ ഉദ്യാനം മോടികൂട്ടി. ഉദ്യാനത്തില്‍ പക്ഷിമൃഗാദികളുടെ രൂപങ്ങള്‍ സ്ഥാനംപിടിച്ചു. മാര്‍ക്കറ്റ് ജങ്ഷനിലെ പടിഞ്ഞാറ് ഭാഗത്തുള്ള ഡിവൈഡറിനകത്താണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഉദ്യാനം ഒരുക്കിയത്. പനിനീരും ചെമ്പരത്തിയും ചെത്തിയും ഉള്‍പ്പെടെ നിരവധി ചെടികള്‍ ഇതിലുണ്ട്.
ഈ ഉദ്യാനത്തിലാണ് ഇപ്പോള്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച പക്ഷി മൃഗാദികളുടെ ശില്പങ്ങള് സ്ഥാനംപിടിച്ചത്. ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കും ഇവിടെ എത്തുന്നവര്‍ക്കും ഡിവൈഡര്‍ ഉദ്യാനം ആനന്ദം പകരും. മാര്‍ക്കറ്റ് ജങ്ഷനിലെ ഏതാനും ഓട്ടോറിക്ഷാഡ്രൈവര്മാരാണ് ഉദ്യാനം നിര്‍മിച്ചതും പരിപാലിക്കുന്നതും. നേരത്തേ ഡിവൈഡറിനകത്ത് രാഷ്ട്രീയസംഘടനകളുടെയും മറ്റും സമ്മേളനം നടക്കുമ്പോള്‍ പതാകകള്‍ സ്ഥാപിക്കുക പതിവായിരുന്നു. പതാകകള്മാത്രം അഴിച്ചെടുക്കുന്ന സംഘാടകര്‍ അവിടെ സ്ഥാപിച്ച മരക്കമ്പുകള്‍ മാറ്റാറില്ല. ബസ്സുകളിലും മറ്റും കയറാന്‍ ഡിവൈഡര്‍ മുറിച്ചുകടക്കുന്ന യാത്രക്കാരില്‍ പലരും മരക്കമ്പുകളില്‍ തട്ടിവീഴുന്നത് പതിവായി. ഇത് ഒഴിവാക്കാനാണ് ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ ഉദ്യാനമൊരുക്കിയത്. റിക്ഷയില്‍ ചെമ്മണ്ണുംമറ്റും കൊണ്ടുവന്ന് ഡിവൈഡര്‍ വൃത്തിയാക്കി ഉദ്യാനം ഒരുക്കി. നഴ്സറികളില്‍ നിന്നും വീടുകളില്‍നിന്നും ചെടികള്‍ സുലഭമായി എത്തിയതോടെ പൂന്തോട്ടവും തയ്യാറായി.