നിത്യവൃത്തിക്ക് വഴികാണാത്ത കുടുംബത്തിന് സഹായസാന്ത്വനവുമായി 'മേവ' എത്തി
Posted on: 13 Sep 2015
നീലേശ്വരം: രോഗംമൂലം ദുരിതമനുഭവിക്കുന്ന ഗൃഹനാഥന്റെ ചികിത്സയും പട്ടിണയുമായി കഴിയുന്ന കുടുംബത്തിന് സ്നേഹസ്വാന്ത്വനവുമായി ഗള്‍ഫ് കൂട്ടായ്മ. 'നിത്യവൃത്തിക്ക് വഴികാണാതെ ഒരു കുടുംബം' എന്ന മാതൃഭൂമിയുടെ വാര്‍ത്തയാണ് യു.എ.ഇ.യിലെ സുമനസ്സുകളുടെ കൂട്ടായ്മയായ 'മേവ' നീലേശ്വരം കണിച്ചിറയിലെ ചുമട്ടുതൊഴിലാളിയായ കോട്ടപ്പുറം രാജന് സഹായവുമായി എത്തിയത്. പണിപൂര്‍ത്തിയാകാത്ത വീടിനുമുകളില്‍ താത്കാലികമായി ഒരുക്കിയ ഷെഡ്ഡില്‍ കഴിയുന്ന രണ്ട് വൃക്കകളും നഷ്ടപ്പെട്ട രാജന് ജോലിചെയ്യാന്‍ കഴിയാതെ വിഷമിക്കുകയാണ്. ആഴ്ചയില്‍ നടത്തേണ്ട ഡയാലിസിസിനും മരുന്നിനുമായി നല്ലൊരു തുക വേണം. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ പത്രവാര്ത്തിയിലൂടെ അറിഞ്ഞ 'മേവ' ഭാരവാഹികള്‍ സമാഹരിച്ച 25,000 രൂപയുടെ ചെക്ക് കഴിഞ്ഞദിവസം കണിച്ചിറയിലെ വീട്ടില്‍ചെന്ന് രാജന് കൈമാറി. മേവ ഭാരവാഹിയായ രാമകൃഷ്ണന് വെങ്ങാട്ടാണ് രാജന് ചെക്ക് കൈ മാറിയത്. 'മേവ' പ്രവര്‍ത്തകരായ തമ്പാന് മാണിക്കോത്ത്, കുരണന് വെങ്ങാട്, മുട്ടത്ത് ഭാസ്കരന്, ടി.വി.ദാമോദരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതുപാലെ നിരവധി രോഗികള്‍ക്കും ദുരിതംഅനുഭവിക്കുന്നവര്ക്കും സാന്ത്വനമേകുകയാണ് 'മേവ'യുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.