മൂന്നുപേരെ താക്കീതുനല്കി വിട്ടയച്ചു; തീവണ്ടിയില്‍ വീണ്ടും വിദ്യാര്‍ഥിസംഘട്ടനം
Posted on: 13 Sep 2015
* മംഗലാപുരം-കണ്ണൂര്‍ പാസഞ്ചറില്‍ പോലീസുകാരുടെ സുരക്ഷ പേരിനുമാത്രം
* രണ്ടുദിവസങ്ങളില്‍ തുടര്‍ച്ചയായി അടിപിടി; ആക്രമിക്കാന്‍ പുറത്തുനിന്നുള്ളവരും
കാസര്‍കോട്: പ്ലാറ്റ്ഫോമിലും തീവണ്ടിയിലും വീണ്ടും വിദ്യാര്‍ഥികളുടെ സംഘട്ടനം. വെള്ളിയാഴ്ച വൈകിട്ട് മംഗലാപുരം-കണ്ണൂര്‍ പാസഞ്ചറിലാണ് വിദ്യാര്‍ഥികള്‍തമ്മില്‍ ഏറ്റുമുട്ടിയത്. അതിന്റെ തുടര്‍ച്ചയായി ശനിയാഴ്ച രാവിലെ ഉപ്പള റെയില്‍വേ പ്ലാറ്റ്ഫോമിലും വിദ്യാര്‍ഥികള്‍തമ്മില്‍ ഏറ്റുമുട്ടി. എന്നാല്‍, പിടിയിലായ വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുക്കാതെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ താക്കീതുനല്കി വിടുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 4.35-ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട പാസഞ്ചറിലെ വിദ്യാര്‍ഥികളാണ് നേത്രാവതിപ്പാലം മുതല്‍ ഏറ്റുമുട്ടിയത്. സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാരുടെ നടുവില്െവച്ചാണിത്. വണ്ടി മഞ്ചേശ്വരത്തെത്തിയപ്പോഴും അടി തുടര്‍ന്നു. തീവണ്ടിയില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന റെയില്‍വേ പോലീസ് മഞ്ചേശ്വരം പോലീസില്‍ സംഭവം അറിയിച്ചു. പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഒരു വിദ്യാര്‍ഥിയെ പോലീസ് പിടിച്ച് മഞ്ചേശ്വരം പോലീസിന് കൈമാറി. ഈ വിദ്യാര്‍ഥിയെയും പിന്നീട് വിടുകയായിരുന്നു. ഇടയ്ക്ക് വണ്ടിയുടെ ചെയിന്വലിച്ചതായും യാത്രക്കാര്‍ പറഞ്ഞു.
ഈ സംഘട്ടനത്തിന്റെ തുടര്‍ച്ചയായി ശനിയാഴ്ച രാവിലെ ഉപ്പള പ്ലാറ്റ്ഫോമില്‍ വിദ്യാര്‍ഥികള്‍തമ്മില്‍ സംഘട്ടനമുണ്ടായി. സംഘട്ടനത്തില്‍ പുറത്തുനിന്നുള്ള മുതിര്‍ന്നവരും ഇടപെട്ടിരുന്നു. കണ്ണൂര്‍-മംഗലാപുരം പാസഞ്ചര്‍ വരുന്നതിന് അഞ്ചുമിനിട്ട് മുമ്പായിരുന്നു അടി നടന്നത്. ആരുടെയുംപേരില് കേസെടുത്തിട്ടില്ല.
മംഗലാപുരത്തുനിന്ന് തുടങ്ങിയ സംഘര്‍ഷം തീവണ്ടിയിലും നീണ്ടത് നിരവധിതവണയായിരുന്നു. കഴിഞ്ഞവര്‍ഷം സംഘട്ടനത്തെത്തുടര്‍ന്ന് സീറ്റിലും വശങ്ങളിലും ചോരക്കറ പറ്റിയിരുന്നു. സീറ്റിലെ രക്തപ്പാട് വിദ്യാര്‍ഥികള്‍ കഴുകി വൃത്തിയാക്കിയിരുന്നു. പല സ്ത്രീയാത്രക്കാരും പേടിച്ച് കക്കൂസില്‍ ഒളിക്കുകയായിരുന്നു. മംഗലാപുരം ശ്രീനിവാസ കോളേജിലെ രണ്ടാംവര്‍ഷ ഇന്റീരിയര്‍ വിദ്യാര്‍ഥിയും കുമ്പള മാവിനക്കട്ട സ്വദേശിയുമായ മുഹമ്മദ് ഇര്‍ഷാദിന് സാരമായി മുറിവേറ്റതും തീവണ്ടിയില്െവച്ചാണ്. മംഗലാപുരം കോളേജിലെ വിദ്യാര്‍ഥിയും ഉപ്പള സ്വദേശിയുമായ ധനരാജിനെ ഒരുസംഘമാളുകള്‍ കല്ലുകൊണ്ട് കുത്തിപ്പരിക്കേല്പിച്ചത് പാസഞ്ചര്‍ തീവണ്ടില് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടനെയായിരുന്നു.
പാസഞ്ചറില്‍ പേരിനുമാത്രം പോലീസ്
കാസര്‍കോട്: തീവണ്ടിയിലെ വിദ്യാര്‍ഥികളുടെ ചോരക്കളി തടയാന്‍ പാസഞ്ചറിലുള്ളത് മൂന്ന് പോലീസുകാര്‍മാത്രം. കണ്ണൂര്‍ ആര്.പി.സ്റ്റേഷനില്‍നിന്നുള്ള മൂന്നുപേര്‍മാത്രമാണ് 15-ലധികം കോച്ചുകളുടെ സുരക്ഷ നോക്കുന്നത്. മംഗലാപുരത്തുനിന്നുള്ള ഒരു ആര്.പി.എഫ്. അംഗം തീവണ്ടിയിലുണ്ടെങ്കിലും വനിതാ കമ്പാര്‍ട്ട്മെന്റിലെ സുരക്ഷയാണ് ഇവര്‍ നോക്കുന്നത്. രാവിലെ കണ്ണൂരില്‍നിന്നുള്ള മംഗലാപുരം പാസഞ്ചറില്‍ കാസര്‍കോട്ടുനിന്ന് രണ്ട് പോലീസുകാര്‍മാത്രമാണ് സുരക്ഷയ്ക്കായുള്ളത്. ഇവര്‍ ജില്ലാ അതിര്‍ത്തിയായ മഞ്ചേശ്വരംവരെ മാത്രമാണ് യാത്രചെയ്യുന്നത്.
വിദ്യാര്‍ഥികളുടെ ചോരക്കളി തടയാന്‍ കഴിഞ്ഞവര്‍ഷം കാസര്‍കോട് പോലീസ്മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം 10 പോലീസുകാര്‍ പാസഞ്ചറില്‍ യാത്രതുടങ്ങിയിരുന്നു. സുരക്ഷയ്ക്കായി തീവണ്ടിയില്‍ യാത്രചെയ്യുന്ന പോലീസുകാരെ കൂടാതെയാണിത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും വിദ്യാര്ഥിസുരക്ഷയ്ക്കായി പാസഞ്ചറിലുണ്ടായിരുന്നു. എന്നാല്‍, പിന്നീട് സുരക്ഷ പേരിനുമാത്രമായി ചുരുങ്ങി. പോലീസുകാര്‍ ഇല്ലാതിരുന്നപ്പോള്‍ വിദ്യാര്‍ഥികള്‍ വീണ്ടും സംഘട്ടനം ആരംഭിച്ചു.
മഞ്ചേശ്വരംമുതലാണ് പലപ്പോഴും പോലീസ് കാവലിനായി വണ്ടിയില്‍ ഉണ്ടായിരുന്നത്. പോലീസുകാര്‍ മഞ്ചേശ്വരത്തുനിന്ന് കയറുംമുമ്പാണ് വിദ്യാര്‍ഥികള്‍ പലപ്പോഴും കൂട്ടയടി നടത്തിയത്. ഇത് ഒഴിവാക്കാന്‍ ആര്.പി.എഫും റെയില്‍വേ പോലീസും മംഗലാപുരംമുതല്‍ കാസര്‍കോടുവരെ യാത്രചെയ്യാന്‍ തീരുമാനിച്ചെങ്കിലും വിജയിച്ചില്ല.