കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച കൂട്ട അവധിയെടുത്ത് നടത്തിയ സമരം ജില്ലയില്‍ പൂര്‍ണം. ജില്ലാ ആസ്പത്രിയിലും ജനറല്‍ ആസ്പത്രിയിലും താലൂക്ക് ആസ്പത്രികളിലും ഒ.പി. ചികിത്സ പൂര്‍ണമായും നിലച്ചു. കാഷ്വാലിറ്റികള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഒ.പി. നടന്നില്ല.
പണിമുടക്കിയ ഡോക്ടര്‍മാര്‍ കാഞ്ഞങ്ങാട് മിനി സിവില്‍സ്റ്റേഷനുമുന്നില്‍ പ്രതിഷേധയോഗം നടത്തി. ഗവ. ഡോക്ടര്‍മാര്‍ക്ക് പി.ജി. പഠനത്തിന് അനുവദിച്ചിരുന്ന ഡെപ്യൂട്ടേഷന് അലവന്‍സ് പുനഃസ്ഥാപിക്കുക, പുതിയ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കുക, മരുന്നുപരിശോധനയ്ക്ക് അതത് ജില്ലകളില്‍ ലാബ് സംവിധാനമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന സമരത്തില്‍ ഉന്നയിക്കുന്നത്.
കാഞ്ഞങ്ങാട്ട് നടന്ന യോഗം കെ.ജി.എം.ഒ.എ. സംസ്ഥാന കമ്മിറ്റിയംഗം ഡോ. ജമാല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. വി.സുരേശന് അധ്യക്ഷത വഹിച്ചു. ഡോ. ബി.ജി.രമേശ് സംസാരിച്ചു.