എങ്ങുമെത്താതെ തെരുവുനായ വന്ധ്യംകരണം; 16 മൃഗഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു
Posted on: 12 Sep 2015
നായകള്‍ നാടുവാഴുന്നു
കാസര്‍കോട്: പിഞ്ചുകുഞ്ഞുങ്ങളുള്പ്പടെ തെരുവുനായകളുടെ കടിയേറ്റ് കരയുമ്പോഴും സര്‍ക്കാരിന്റെ പദ്ധതികള്‍ എങ്ങുമെത്തിയില്ല. ഈ വര്‍ഷം ജില്ലയിലിതുവരെ തെരുവുനായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം 1500-ന് അടുത്തെത്തി. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങള്‍ തെരുവുനായ വന്ധ്യംകരണത്തിന് തുക നീക്കിവെക്കുന്നുണ്ടെങ്കിലും പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതിയായിട്ടില്ല.
നിലവിലെ അവസ്ഥയില്‍ ഒരുമാസമെങ്കിലും കഴിയാതെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നത് തുടങ്ങാനാവില്ലെന്നാണ് സൂചന.
ജില്ലയില്‍ 43 വെറ്ററിനറി ഡോക്ടര്‍മാരുടെ തസ്തികകളാണുള്ളത്. ഇതില്‍ 16 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. മറ്റു ജില്ലകളില്‍ വെറ്ററിനറി താലൂക്ക് ആസ്ഥാനങ്ങളായി മൂന്നിലധികം വെറ്ററിനറി പോളിക്ലിനിക്കുള്ളപ്പോഴും കാസര്‍കോട്ട് ഒന്നുപോലുമില്ല. കാഞ്ഞങ്ങാട്ട് ഒന്ന് തുടങ്ങാന്‍ പദ്ധതിയുണ്ടെങ്കിലും നിര്‍മിതി കേന്ദ്രത്തില്‍നിന്ന് ആളെത്തി എസ്റ്റിമേറ്റെടുത്ത് പോയിട്ടേയുള്ളൂ. ജില്ലയില്‍ നിയമനംലഭിച്ചുവരുന്ന ഡോക്ടര്‍മാരെല്ലാം ഉടനടി സ്ഥലംമാറ്റംവാങ്ങി പോകുന്നതാണ് പ്രശ്നത്തിനുകാരണം. കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍പോലും ഡോക്ടര്‍മാരെ കിട്ടാത്ത സ്ഥിതിയാണ്. പ്രതിമാസം 20,470 രൂപയാണ് കരാര്‍ ഡോക്ടര്‍മാരുടെ ശമ്പളം. ഡോക്ടര്‍മാരില്ലാതെ എങ്ങനെ വന്ധ്യംകരണപദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് മൃഗസംരക്ഷണവകുപ്പിനും അറിയില്ല.
നിലിവില്‍ ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുള്ള 9000 എണ്ണവും വളര്‍ത്തുനായ്ക്കളാണ്. ജില്ലാ വെറ്ററിനറി കേന്ദ്രം അണങ്കൂരേയ്ക്ക് മാറ്റുന്നത് പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍മാത്രമേ വന്ധ്യംകരണശസ്ത്രക്രിയ നടക്കൂ. തെരുവുനായ്ക്കളെ പിടിക്കാനും ആളെക്കിട്ടില്ലെന്ന അവസ്ഥയാണുള്ളത്. നായ്ക്കളെ ജീവനോടെപിടിക്കുന്നതിനേക്കാള് എളുപ്പം കൊല്ലുകയാണെന്നാണ് പട്ടിപിടുത്തക്കാര് പറയുന്നത്. ഇതിനാകട്ടെ നിയമം അനുവദിക്കുന്നുമില്ല.
സര്‍ക്കാരിന്റെ പുതിയ പദ്ധതിയനുസരിച്ച് തെരുവുനായ വന്ധ്യംകരണത്തിന് പഞ്ചായത്തുകള്‍ രണ്ടുലക്ഷം രൂപ, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവ ഏഴുലക്ഷം രൂപ, ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക നീക്കിവെക്കേണ്ടത്. ഈ കണക്കുപ്രകാരം 1.30 കോടി രൂപ സ്വരൂപിക്കാന്‍ കഴിയും. എന്നാല്‍, ഇതുസംബന്ധിച്ച അന്തിമ സര്‍ക്കാര്‍ നിര്‍ദേശം ഇതുവരെ എത്തിയിട്ടില്ലെന്നാണ് സൂചന.
അലക്ഷ്യമായ മാലിന്യനിക്ഷേപമാണ് തെരുവുനായ ശല്യം രൂക്ഷമാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാലിന്യസംസ്കരണത്തിന് ഫലപ്രദമായ സംവിധാനമൊരുക്കുകയാണ് വേണ്ടതെന്ന് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അറവുശാലകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും വീടുകളില്‍നിന്നും പുറംതള്ളുന്ന മാംസാഹാരവശിഷ്ടങ്ങളാണ് അക്രമസ്വഭാവമുള്ള തെരുവുനായകളെ സൃഷ്ടിക്കുന്നത്. തെരുവുനായ്ക്കള്‍ വന്‍ സംഘമായി വിഹരിക്കുന്നതും മാംസാഹാരവശിഷ്ടങ്ങള് സ്ഥിരമായി ലഭിക്കുന്ന പ്രദേശങ്ങളിലാണ്. ഇതുകിട്ടാതെ വരുമ്പോഴാണ് വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാന്‍ തുനിയുന്നത്.